sections
MORE

വിവരാവകാശത്തിൽ അട്ടിമറി; അപേക്ഷകരെ വിഡ്ഢികളാക്കി ഉദ്യോഗസ്ഥർ

rti
SHARE

‘ലോക്കൽ ഫണ്ട് ഓഡിറ്റ് പൂർത്തിയാക്കിയ രേഖകൾ, മാന്വൽ ഓഫ് ഓഫിസ് പ്രൊസീജ്യറിലെ നിർദേശങ്ങൾ പാലിച്ചു നശിപ്പിച്ചതിനാൽ നൽകാൻ നിർവാഹമില്ല –’ തൃശൂർ അടാട്ട് പഞ്ചായത്തിലെ വിവരാവകാശ ഓഫിസർ മൂന്നു മാസം മുൻപ് അപേക്ഷകനു നൽകിയ മറുപടിയാണിത്. ഒരു കമ്പനിക്ക് ലൈസൻസ് നൽകിയതിന്റെ രേഖകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ നിരസിക്കാൻ വേണ്ടിയായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ ഈ കുറുക്കുവഴി. തന്ത്രം കയ്യോടെ പിടികൂടിയ സംസ്ഥാന വിവരാവകാശ കമ്മിഷൻ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി ആരംഭിച്ചു. ഒരുപടി കൂടി കടന്ന് രേഖകൾ കാണാതായതിനെക്കുറിച്ചു വിജിലൻസ് അന്വേഷണത്തിനും ഉത്തരവിട്ടു. 

വിജിലൻസ് അന്വേഷണം എവിടെയെങ്കിലും എത്തുമോ എന്നത് അവിടെ നിൽക്കട്ടെ. ലോകം കണ്ട ഏറ്റവും വിപ്ലവകരമായ നിയമം എന്നു വിശേഷിപ്പിക്കപ്പെട്ട ‘വിവരാവകാശ നിയമം 2005’ അട്ടിമറിക്കുന്നതിലെ ഏറ്റവും എളുപ്പമുള്ള മാർഗമാണ് സെക്രട്ടറി അടാട്ട് പഞ്ചായത്തിൽ നടപ്പാക്കിയത്. വെറും 10 രൂപയ്ക്ക് ഏതു പൗരനും സർക്കാർ നടപടികൾ സംബന്ധിച്ച ഏതു വിവരവും ലഭ്യമാക്കുന്ന നിയമം, കുറെ ഉദ്യോഗസ്ഥരുടെ പേനത്തുമ്പിൽ ഇത്തരത്തിൽ ‍െഞരിഞ്ഞമരുകയാണ്. വിവരാവകാശ കമ്മിഷണർമാരുടെ നിയമനവും ശമ്പളം നിശ്ചയിക്കലുമെല്ലാം കേന്ദ്രം ഏറ്റെടുത്തതോടെ നിയമത്തിന്റെ അന്തഃസത്ത തന്നെ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞെങ്കിലും, അതിനൊക്കെ വളരെ മുൻപേ അപേക്ഷകരെ വിഡ്ഢികളാക്കാനുള്ള കുറുക്കുവഴികൾ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. കമ്മിഷനു മുന്നിൽ അപ്പീലുകളും പുതിയ പരാതികളും ദിവസം തോറും കുന്നുകൂടുന്നതിന്റെ കാരണവും മറ്റൊന്നല്ല. ‌ 

‘രേഖകൾ കാണാനില്ല’ അല്ലെങ്കിൽ ‘ഈ ഓഫിസിൽ ലഭ്യമല്ല’ എന്നതാണ് വിവരങ്ങൾ നിഷേധിക്കാൻ ഉദ്യോഗസ്ഥരുടെ സ്ഥിരം മറുപടി. പ്രസ്തുത ഓഫിസിൽ രേഖകൾ ഇല്ലെങ്കിൽ, അതു ലഭ്യമാവുന്ന ഓഫിസിലേക്കു സൂചന നൽകി അവിടെനിന്നു വിവരങ്ങൾ ലഭ്യമാക്കേണ്ടതിന്റെ ഉത്തരവാദിത്തവും വിവരാവകാശ ഉദ്യോഗസ്ഥനാണെന്ന് നിയമം വ്യക്തമാക്കുന്നുണ്ട്. പക്ഷേ, തദ്ദേശ സ്ഥാപനങ്ങളി‍ൽ നിന്നുള്ള ക്രോഡീകരിച്ച വിവരം ലഭിക്കാനുള്ള അപേക്ഷ കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും അയച്ചുകൊടുത്ത്, അപേക്ഷകനു നേരിട്ടു നൽകാനാണു പതിവായി നിർദേശിക്കാറുള്ളത്. ഒരുകാലത്തും ആവശ്യമുള്ള വിവരങ്ങൾ അപേക്ഷകനു ലഭിക്കില്ലെന്ന് ഈ നീക്കത്തിലൂടെ ഉദ്യോഗസ്ഥർ ഉറപ്പാക്കുന്നു.

ഫയലിൽ രേഖയില്ലെന്ന പേരിൽ അപേക്ഷകനു വിവരങ്ങൾ നിഷേധിക്കാൻ സാധിക്കില്ലെന്ന് മുഖ്യ വിവരാവകാശ കമ്മിഷണറുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചി നഗരസഭയിൽ അംഗീകൃത ബിൽഡിങ് പ്ലാൻ ഫയലിൽനിന്നു കാണാതായതിനെക്കുറിച്ച് എ.എ.ഇസ്മായിൽ നൽകിയ അപ്പീലിലായിരുന്നു ഉത്തരവ്. ഫയൽ പുനർനിർമിക്കാൻ പ്രത്യേകസംഘത്തെ നിയോഗിക്കണമെന്നും ഇല്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും വിധിച്ച കമ്മിഷൻ, രേഖകൾ കാണാതാവുന്നതിനെക്കുറിച്ച് വിജിലൻസ് അന്വേഷണത്തിനും ശുപാർശ ചെയ്തിട്ടുണ്ട്. 

കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ നടത്താൻ അധികൃതർ ആദ്യം പ്രയോഗിക്കുന്ന തന്ത്രം ‘ഫയൽ മുക്ക’ലാണെന്ന് വിവരാവകാശ കമ്മിഷനിലെ ഉന്നതർതന്നെ വ്യക്തമാക്കുന്നു. പത്തു നില നിർമിക്കാൻ ലഭിച്ച അനുമതിയിൽ 12 – 14 നിലകൾ പണിയും. പിന്നീട് അനുമതിക്കായി സമർപ്പിച്ച ബിൽഡിങ് പ്ലാൻ മുക്കും. പണി പൂർത്തീകരിച്ചു സമർപ്പിക്കുന്ന പ്ലാൻ ഫയലിൽ ഉൾക്കൊള്ളിക്കുകയും ചെയ്യും. ഇത്തരം ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് തദ്ദേശ സ്ഥാപനങ്ങളിലെ ‘ഫയൽ മുക്ക’ലിനെക്കുറിച്ചു വിജിലൻസ് അന്വേഷണത്തിനു തന്നെ കമ്മിഷൻ ശുപാർശ ചെയ്തിരിക്കുന്നത്. അനുമതിക്കായി സമർപ്പിക്കുന്ന പ്ലാൻ നിർബന്ധമായും ഡിജിറ്റൽ രൂപത്തിൽ ശേഖരിക്കണമെന്നും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ 90% തദ്ദേശസ്ഥാപനങ്ങളിലും ആരംഭിച്ചിട്ടുണ്ടെന്ന് കമ്മിഷൻ ഉന്നതർ വ്യക്തമാക്കി. 

വിവരാവകാശ നിയമത്തെ അവഗണിച്ചതിന് 717 സർക്കാർ ഉദ്യോഗസ്ഥർക്കു പിഴ ചുമത്തിയിട്ടുണ്ടെങ്കിലും അതു ഗൗരവമുള്ള കുറ്റമായി സർക്കാർതന്നെ കാണുന്നില്ല. ഈ രീതി പരിഷ്കരിക്കണമെന്നും ഉദ്യോഗസ്ഥരുടെ വാർഷിക പ്രകടന റിപ്പോർട്ടിൽ ‘ശിക്ഷിക്കപ്പെട്ട’ വിവരങ്ങൾ ഉൾപ്പെടുത്തണമെന്നുമാണ് പ്രധാന ശുപാർശ. സർക്കാരിന് ഇക്കാര്യത്തിൽ എതിരഭിപ്രായം ഇല്ലെങ്കിലും നടപടികൾ സ്വീകരിക്കേണ്ടത് ഉദ്യോഗസ്ഥർ തന്നെയാണ്. സ്വയം കുഴിതോണ്ടുന്ന നിയമനിർമാണത്തിൽ ആർക്കു താൽപര്യമുണ്ടാകും! ഒരു പദ്ധതിയുടെ തുടക്കം മുതൽ വിവരാവകാശ നിയമത്തെ അട്ടിമറിക്കാൻ സർക്കാ‍ർതന്നെ കൂട്ടുനിൽക്കുന്ന വിചിത്രമായ രീതിയും ആരംഭിച്ചിട്ടുണ്ട്. ഫയൽനീക്കത്തിനുള്ള ഇ ഓഫിസ് സോഫ്റ്റ്‌വെയറിനു ബദൽ സംവിധാനം കണ്ടെത്തേണ്ട ടെൻഡറിൽത്തന്നെ വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കുന്ന വ്യവസ്ഥകൾ ചേർത്തതു സർക്കാർതന്നെയാണ്. വിവാദമാവുന്ന സോഫ്റ്റ്‌വെയർ കച്ചവടത്തിന്റെ ഒരു വിവരവും പുറത്തുവരാതിരിക്കാൻ പദ്ധതിയുടെ തുടക്കത്തിലേ സർക്കാർ ശ്രദ്ധിച്ചിരിക്കുന്നു. ടെൻ‍ഡർ നേടുന്ന കമ്പനിയുടെ വിവരങ്ങളും കരാർ വിവരങ്ങളും വിവരാവകാശ നിയമപ്രകാരം മൂന്നാം കക്ഷിക്കു നൽകില്ലെന്ന വിചിത്രമായ വ്യവസ്ഥ ടെൻഡറിൽ ഉൾക്കൊള്ളിച്ചതോടെ, ഈ നിയമം അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്നത് ആരാണെന്നു വ്യക്തമായിരിക്കുകയാണ്.

അപ്പീൽ/ പരാതി കണക്ക് ഇങ്ങനെ (വിവരാവകാശ കമ്മിഷനു മുൻപാകെ കഴി‍ഞ്ഞ ജൂൺ 30 വരെ ലഭിച്ചത്) 

അപ്പീലുകൾ: 29393. 

പരാതികൾ: 16641. 

തീർപ്പാക്കിയ അപ്പീലുകൾ: 21509 

തീർപ്പാക്കിയ പരാതികൾ: 13217 

തീർപ്പാക്കാനുള്ള അപ്പീലുകൾ: 7886 

തീർപ്പാക്കാനുള്ള പരാതികൾ: 3424 

ആകെ: 11310. 

664 കേസുകളിലായി വിധിച്ച പിഴത്തുക: 44,51,815. 

ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥർ: 717 

സർക്കാരിലേക്കു മുതൽക്കൂട്ടിയ തുക: 28,56,353. 

കോടതി സ്റ്റേ ചെയ്തത്: 4,88,387.‌‌ 

നിയമം പറയുന്നത് 

പൗരൻ ആവശ്യപ്പെട്ട വിവരങ്ങൾ മുഴുവനായോ ഭാഗികമായോ താനുമായി ബന്ധപ്പെട്ടതല്ലെന്നു പറഞ്ഞ് ഒരു പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്ക് നിരസിക്കാൻ സാധിക്കില്ല. ആവശ്യപ്പെട്ട വിവരങ്ങൾ മുഴുവനായി മറ്റൊരു പൊതു അധികാരിയുമായി ബന്ധപ്പെട്ടതാണെങ്കിൽ, അപേക്ഷ മറ്റേ പൊതു അധികാരിക്കു കൈമാറി അപേക്ഷകനെ വിവരമറിയിക്കണം. 

∙ നിരസിക്കാവുന്ന വിവരങ്ങൾ (നിയമം പറയുന്നത്) 

∙രാഷ്‌ട്രത്തിന്റെ സുരക്ഷയെയോ പരമാധികാരത്തെയോ അഖണ്ഡതയെയോ പ്രതികൂലമായി ബാധിക്കുന്ന വിവരങ്ങൾ. 

∙ശാസ്‌ത്രപരമോ സാമ്പത്തികമോ ആയ താൽപര്യങ്ങൾ, വിദേശരാജ്യവുമായുള്ള ബന്ധങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന വിവരങ്ങൾ.

∙ഒരു നിയമകോടതിയോ ട്രൈബ്യൂണലോ നൽകരുതെന്നു വിലക്കിയിരിക്കുന്ന വിവരങ്ങൾ. 

‌∙വ്യാപാര വ്യവസായ രഹസ്യങ്ങൾ, ബൗദ്ധികാവകാശം, വിദേശരാജ്യത്തുനിന്നു രഹസ്യമായി ലഭിച്ച വിവരങ്ങൾ. 

∙ഒരു വ്യക്‌തിയുടെ ജീവനെയോ ഭൗതിക സുരക്ഷിതത്വത്തെയോ വിവരം നടപ്പാക്കുന്ന ഉറവിടത്തെയോ അപകടത്തിലാക്കുന്ന വിവരങ്ങൾ.

∙കേസ് അന്വേഷണത്തെയോ കുറ്റക്കാരെ പിടിക്കുന്നതിനെയോ പ്രോസിക്യൂട്ട് ചെയ്യുന്നതിനെയോ തടസ്സപ്പെടുത്തുന്ന വിവരങ്ങൾ. 

∙കാബിനറ്റ് സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും നിരൂപണങ്ങൾ ഉൾപ്പെടുന്ന മന്ത്രിസഭാ രേഖകൾ. തീരുമാനമെടുക്കാൻ ആധാരമാക്കിയ വസ്തുതകളും കാരണങ്ങളും തീരുമാനം നടപ്പാക്കിയ ശേഷം പരസ്യപ്പെടുത്തണം. 

∙വ്യക്‌തിജീവിതത്തിന്റെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ. 

∙കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ഇന്റലിജൻസ്, സെക്യൂരിറ്റി സ്‌ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ. 

∙ പാർലമെന്റിന്റെയോ അസംബ്ലിയുടേയോ പദവിയെ ഹനിക്കുന്ന വിവരങ്ങൾ. ‌ഇതൊഴികെ ഭരണപരവും വികസനപരവുമായ മറ്റു വിവരങ്ങൾ നിരസിക്കാൻ അധികാരമില്ല. 

‘പാർലമെന്റിനും നിയമനിർമാണ സഭകൾക്കും നിഷേധിക്കാത്ത ഒരു വിവരവും വ്യക്‌തിക്കും നിഷേധിക്കാവുന്നതല്ല. ഔദ്യോഗിക രഹസ്യനിയമത്തിൽ എന്തെല്ലാം പ്രസ്താവിച്ചിരുന്നാലും 1–ാം ഉപവകുപ്പു പ്രകാരം എന്തൊക്കെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, വെളിപ്പെടുത്തലിലൂടെ സംരക്ഷിത താൽപര്യങ്ങൾക്കുണ്ടാകുന്ന ഹാനിയെക്കാൾ കൂടുതൽ പ്രാധാന്യം പൊതുതാൽപര്യത്തിനുണ്ടെങ്കിൽ പൊതു അധികാരി ആ വിവരം ലഭ്യമാക്കണം. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കു കൃത്യമായ പരിശീലനം ഇനിയും നൽകേണ്ടതുണ്ട്. പിഎസ്‌സി പരീക്ഷയുടെ സിലബസിൽത്തന്നെ ഇത് ഉൾപ്പെടുത്തുകയും വേണം.’– വിവരാവകാശ പ്രവർത്തകനായ അഡ്വ. കെ.ബി ബിനു പറയുന്നു. 

English Summary: Rti act is overturned

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA