ADVERTISEMENT

കർണാടകയ്ക്കു പ്രത്യേകം പതാക വേണമെന്ന് നേരത്തേ, എച്ച്.ഡി.കുമാരസ്വാമി സർക്കാർ നൽകിയ ശുപാർശ സംബന്ധിച്ചു കരുതൽ പാലിക്കാനാണു നിലവിലെ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുടെ തീരുമാനം. ഒരു രാജ്യം, ഒരു പതാക എന്ന ബിജെപി നിലപാട് ആവർത്തിച്ച് ഉറപ്പിക്കുന്നതാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പതാക ഒഴിവാക്കിയ മോദി സർക്കാരിന്റെ നടപടി. പാർട്ടി നിലപാടിനോടു ചേർന്നുനിൽക്കുമ്പോഴും കർണാടകയ്ക്കു പ്രത്യേക പതാക എന്ന ആവശ്യത്തിനെതിരെ കടുത്ത ഭാഷ പ്രയോഗിക്കാൻ യെഡിയൂരപ്പ ആഗ്രഹിക്കുന്നില്ല. കന്നഡ സംഘടനകൾ പ്രാദേശിക വികാരം ആളിക്കത്തിക്കുമെന്നതു പരിഗണിച്ചാണിത്.

കഴിഞ്ഞ വർഷം, കന്നഡ സംഘടനകളുടെ സമ്മർദം മൂലമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനു കുമാരസ്വാമി കത്തെഴുതിയത്. എന്നാൽ, 1950ൽ ഭരണഘടന പ്രാബല്യത്തിൽ വന്നതിനുശേഷം സംസ്ഥാനങ്ങൾക്കു പ്രത്യേക പതാക എന്ന ആശയത്തെ കേന്ദ്രസർക്കാർ പിന്തുണച്ചിട്ടില്ലെന്നു രാജ്‌നാഥ് മറുപടിയെഴുതി. ഇതിനൊരു അപവാദം ജമ്മു കശ്മീർ പതാക മാത്രമായിരുന്നു. 

നാഷനൽ കോൺഫറൻസ് നേതാവായിരുന്ന ഷെയ്ഖ് അബ്ദുല്ലയുടെ ഇടതുചായ്‌വു പ്രകടമാക്കി കശ്മീർപതാക ചുവപ്പു നിറത്തിലായിരുന്നു. അതു തൊഴിലിന്റെ പ്രതീകം. കുത്തനെയുള്ള മൂന്നു വരകൾ ജമ്മു, കശ്മീർ, ലഡാക്ക് എന്നീ മേഖലകളെയും സൂചിപ്പിക്കുന്നു. കൃഷിയുടെ പ്രതീകമായി കലപ്പയും.  

ഭരണഘടനയുടെ 370–ാം വകുപ്പു പ്രകാരം ഈ പതാക നെഹ്റു സർക്കാർ അംഗീകരിച്ചപ്പോൾ മുതൽ ഭാരതീയ ജനസംഘം അതിനെതിരെ പ്രക്ഷോഭം ആരംഭിച്ചു. ഒരു രാജ്യം, രണ്ടു പതാകകൾ, രണ്ടു ഭരണഘടന എന്നത് അംഗീകരിക്കാനാവില്ലെന്നു അവർ വാദിച്ചു. പതാകയ്ക്കു പുറമേ, കശ്മീരിനു പ്രത്യേക ഭരണഘടനയും അനുവദിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ആറിനു രാഷ്ട്രപതി 370–ാം വകുപ്പിലെ പ്രത്യേക വ്യവസ്ഥകൾ റദ്ദാക്കിയതോടെ ജമ്മു കശ്മീരിന്റെ പതാകയും നിലത്തിറങ്ങി. 

കർണാടകയിലെ കേന്ദ്രസർക്കാർ ജോലികൾക്കു ഹിന്ദി അടിച്ചേൽപിക്കുന്നത് ബിജെപി നേതൃത്വം എതിർക്കുന്നില്ലെന്ന ആക്ഷേപവും കന്നഡ സംഘടനകൾക്കുണ്ട്. ഏതാനും ബിജെപി എംപിമാർ ഈയിടെ ഹിന്ദിയെ പ്രശംസിച്ചു സംസാരിച്ചപ്പോൾ കടുത്ത പ്രതികരണങ്ങളാണുണ്ടായത്. ഹിന്ദി പരിചയമില്ലാത്ത യെഡിയൂരപ്പയാകട്ടെ, വൈകാരിക പ്രശ്നങ്ങളിൽ പ്രതികരിക്കരുതെന്നും വിവാദങ്ങൾ കെട്ടടങ്ങാൻ അനുവദിക്കണമെന്നും എംപിമാരോടു പറഞ്ഞു. കന്നഡ സംരക്ഷണത്തിനും പ്രചാരണത്തിനും തന്റെ സർക്കാർ മുന്നിൽത്തന്നെ നിൽക്കുമെന്നു ട്വീറ്റ് ചെയ്ത അദ്ദേഹം  കന്നഡ വികസനവകുപ്പ് മുതിർന്ന മന്ത്രി സി.ടി.രവിയെ ചുമതലപ്പെടുത്തുകയും ചെയ്തു. മുൻ സർക്കാരുകളാകട്ടെ, ഈ വകുപ്പ് ജൂനിയർ മന്ത്രിമാരെയാണ് ഏൽപിച്ചിരുന്നത്.

ഇപ്പോൾ സംസ്ഥാന പതാക ഉപയോഗിക്കുന്ന ഏക സംസ്ഥാനം സിക്കിം ആണ്. പക്ഷേ, അതു കേന്ദ്രസർക്കാർ അനുമതിയോടെയല്ല. 1970ൽ തമിഴ്‌നാട് സർക്കാർ പതാക ആവശ്യം ഉന്നയിച്ചിരുന്നു. 1967ൽ ഡിഎംകെ ആദ്യമായി അധികാരത്തിലെത്തിയതിനു ശേഷമായിരുന്നു അത്. ഇന്ദിരാഗാന്ധി സർക്കാർ ഇത് അംഗീകരിച്ചില്ല. പക്ഷേ, അതു വൈകാരിക പ്രശ്നമായതുമില്ല.

ഒരുപാടു സംസ്ഥാനങ്ങളുള്ള വലിയ രാജ്യങ്ങൾ, സംസ്ഥാനങ്ങൾക്കു പ്രത്യേക പതാക ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഉദാഹരണത്തിന് യുഎസിലെ 50 സംസ്ഥാനങ്ങൾക്കും 5 പ്രവിശ്യകൾക്കും സ്വന്തമായി പതാകയുണ്ട്. കലിഫോർണിയ പതാകയിൽ ‘റിപ്പബ്ലിക്’എന്ന പദംവരെ ചേർത്തിട്ടുണ്ട്. 

ഇന്ത്യയിലെ സായുധസേനാ വിഭാഗങ്ങൾക്കും കോസ്റ്റ് ഗാർഡിനും സ്വന്തം പതാകയുണ്ട്. 1947നും 1950നും ഇടയിൽ ചുരുങ്ങിയ കാലം ഗവർണർ ജനറലിനു (മൗണ്ട് ബാറ്റൻ, സി. രാജഗോപാലാചാരി) പ്രത്യേകം പതാകയുണ്ടായിരുന്നു. ആദ്യ രാഷ്ട്രപതിയെ നിയമിച്ചതിനു പിന്നാലെ ഈ രീതിയും അവസാനിപ്പിച്ചു. ഒളിംപിക് അസോസിയേഷൻ പോലെ സ്വകാര്യ സംഘടനകൾക്കും ചില സന്നദ്ധ സംഘടനകൾക്കും സ്വന്തം പതാകകൾ ഉണ്ടെങ്കിലും ഇവയൊന്നും കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടില്ല. 

വിവിധ സന്ദർഭങ്ങളിൽ ദേശീയപതാക ഉപയോഗം സംബന്ധിച്ചു വിശദമായ വ്യവസ്ഥകൾ നിലവിലുണ്ട്. മറ്റു രാജ്യങ്ങളിൽ ദേശീയപതാക വീശുന്നതിന്റെ ടിവി ദൃശ്യങ്ങൾ കണ്ടപ്പോൾ 2002ൽ അന്നത്തെ ആഭ്യന്തരമന്ത്രി എൽ.കെ. അഡ്വാനി സർക്കാർനയം സംബന്ധിച്ചു പുനഃപരിശോധനയ്ക്ക് ഉത്തരവിട്ടു. ദേശീയപതാക ഉപയോഗത്തിൽ ഒരുപാട് അജ്ഞതകൾ നിലനിൽക്കുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയം എത്തിച്ചേർന്ന വിലയിരുത്തൽ. തുടർന്ന്, ദേശീയപതാകയെ എങ്ങനെ ആദരിക്കണമെന്നതു സംബന്ധിച്ചു വിശദമായ പുതിയ മാർഗനിർദേശങ്ങൾ സർക്കാർ കൊണ്ടുവന്നു. പതാകയുടെ ദുരുപയോഗവും നിന്ദയും തടയുന്ന നിയമം ഇതിൽ ഉൾപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com