ADVERTISEMENT

രാജ്യത്തു ഗതാഗത നിയമങ്ങൾ അനുസരിക്കുന്നതിലെ വീഴ്ചയും അപകടങ്ങൾ പെരുകുന്നതും കണക്കിലെടുത്ത് കേന്ദ്ര സർക്കാർ കൊണ്ടുവന്ന മോട്ടർവാഹന നിയമഭേദഗതി സംസ്ഥാന സർക്കാർ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു; ഉയർന്ന പിഴത്തുക പിരിച്ചു തുടങ്ങുന്നു; കാര്യമായ എതിർപ്പില്ലാതിരുന്നിട്ടും ഒരാഴ്ചയ്ക്കുള്ളിൽ അതേ നിയമം നടപ്പാക്കേണ്ടെന്നു തീരുമാനിക്കുന്നു.

നമ്മുടെ നാട്ടിൽ നിയമങ്ങൾ കൈകാര്യം ചെയ്യുന്ന ഇൗ രീതി കാണുമ്പോൾ പണ്ട് യുകെയിൽ പഠിച്ചപ്പോൾ ഉണ്ടായ ഒരനുഭവം ഓർത്തുപോകുന്നു. അവിടെ മഞ്ഞുകാലം തുടങ്ങി. അടുത്ത കൗണ്ടിയിൽ മഞ്ഞുവീഴ്ചയെത്തുടർന്ന് ഏതാനും മണിക്കൂർ വൈദ്യുതി പോയി എന്ന വാർത്ത പിറ്റേന്ന് അറിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന തദ്ദേശീയരായ വിദ്യാർഥികൾക്കു കടുത്ത നിരാശ. തങ്ങളുടെ ഹോസ്റ്റലിൽ വൈദ്യുതി പോയില്ലല്ലോ എന്നായിരുന്നു അവരുടെ പരിദേവനം.

കാരണം, ഏതെങ്കിലും കാരണവശാൽ വൈദ്യുതി പോയാൽ ഉയർന്ന നഷ്ടപരിഹാരം നൽകാൻ സർക്കാർ ബാധ്യസ്ഥരാണ്. ആ തുക ഉണ്ടെങ്കിൽ തങ്ങൾക്ക് ആഘോഷിക്കാം എന്നായിരുന്നു അവരുടെ ചിന്താഗതി. കാരണം, അവിടെ വൈദ്യുതി പോകില്ല. ഒരു വർഷത്തെ പഠനത്തിനിടയിൽ ഒരിക്കൽപോലും അവിടത്തെ ബൾബുകൾ ഒന്നു ചിമ്മുന്നതു കാണാൻപോലും എനിക്ക് ഇടവന്നിട്ടില്ല.നിയമം കൊണ്ടുവരുന്നതിലും അതു നടപ്പാക്കുന്നതിലും പല വികസിത രാജ്യങ്ങളും കാട്ടുന്ന ഇച്ഛാശക്തി നമ്മൾ കണ്ടുപഠിക്കേണ്ടതാണ്. കേന്ദ്ര മോട്ടർവാഹന നിയമഭേദഗതിയുടെ ചുവടുപിടിച്ച് സംസ്ഥാനത്തു ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഉയർത്തിയതു നല്ല തീരുമാനമാണ്.

നിയമം അനുസരിച്ചു വാഹനമോടിക്കുന്ന ആരും ഇൗ പരിഷ്കാരത്തെ എതിർക്കുമെന്നു തോന്നുന്നില്ല. വെറും ഒരാഴ്ച കൊണ്ടു നിയമം പിൻവലിക്കുന്നതിനെക്കുറിച്ചു സർക്കാർ ആലോചിക്കുന്നതു ഖേദകരമാണ്. പരിഷ്കാരം സമൂഹത്തിൽ എങ്ങനെ പ്രതിഫലിച്ചു എന്നു തിരിച്ചറിയാൻ കുറഞ്ഞത് 3 മാസമെങ്കിലും കാത്തിരിക്കേണ്ടതല്ലേ? 

‘ഓൺ ദ് റൂൾ ഓഫ് ദ് റോഡി’ൽ എ.ജി.ഗാർഡനർ പറയുന്നതുപോലെ, സ്വാതന്ത്ര്യം വ്യക്തിപരമായ കാര്യം മാത്രമല്ല; അതൊരു സമൂഹ ഉടമ്പടിയാണ്. റോഡ് ഉപയോഗിക്കുന്നവരെല്ലാം ഓർത്തിരിക്കേണ്ട പ്രാഥമികമായ സത്യമാണത്. വാഹനമോടിക്കുന്നവർക്കും കാൽനടക്കാർക്കും ഒക്കെ അവരവരുടേതായ സ്വാതന്ത്ര്യം അനുഭവിക്കാനുള്ള താൽപര്യം ഉണ്ടാകുക സ്വാഭാവികം. എന്നാൽ, മറ്റുള്ളവരുടെ കൂടി അവകാശം മനസ്സിലാക്കിയാലേ റോഡിൽ ഗതാഗതം സുഗമമാകൂ. ഇതിൽ നിർണായക പങ്ക് സർക്കാരിനുമുണ്ട്. കുഴിയില്ലാത്ത റോഡുകൾ, മുന്നറിയിപ്പ് ബോർഡുകൾ, മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ, നിയമലംഘകരെ അക്കാര്യം ബോധ്യപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. 

പൗരന്മാർ സന്തുഷ്ടരാണെന്നു പൊതുവേ കരുതപ്പെടുന്ന ഒട്ടുമിക്ക രാജ്യങ്ങളും സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഗതാഗത നിയമലംഘനത്തിന് ഏറ്റവും കൂടുതൽ തുക പിഴയായി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. ചുവന്ന സിഗ്നൽ മറികടന്നാൽ 500 ഡോളർ പിഴ ഉറപ്പാണ്. ആദ്യ ലംഘനത്തിനു ചെറിയ കാലയളവിലേക്കു ലൈസൻസ് റദ്ദാക്കും. ആവർത്തിച്ചാൽ ഒരുവർഷം വണ്ടിയോടിക്കാനാകില്ല. വീണ്ടും ലംഘിച്ചാൽ ലൈസൻസ് നഷ്ടപ്പെടും. വണ്ടിയോടിക്കാതെ ജീവിക്കാനാകാത്ത രാജ്യത്ത് ലൈസൻസില്ലാതെ കഴിയുന്നത് ഓർക്കാനാകില്ലല്ലോ. അതിന്റെ ഗുണം അവിടെ കാണാനുമുണ്ട്. അത്യപൂർവമായി മാത്രമേ, അവിടെ വാഹനമോടിക്കുന്നവർക്കു പിഴ ചുമത്തേണ്ടി വരാറുള്ളൂ. 

വികസിതരാജ്യങ്ങളിലെ ഇത്തരം കർശന നിയമങ്ങളെക്കുറിച്ചു പറയുമ്പോൾ അവിടെ ജനസാന്ദ്രത കുറവാണെന്ന ന്യായം പലരും പറയാറുണ്ട്. എങ്കിൽ, ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയുടെ കാര്യമെടുക്കൂ. അവിടെ ഒരു ചതുരശ്ര കിലോമീറ്ററിലെ ജനസാന്ദ്രത ആറായിരത്തിലധികമാണ്. ഏതാണ്ട് നമ്മുടെ കൊച്ചി നഗരത്തിനു സമാനം. എന്നാൽ, ടോക്കിയോയിലെ ഗതാഗത അച്ചടക്കം എങ്ങനെ, കൊച്ചിയിലെ ട്രാഫിക് എങ്ങനെ? നിയമങ്ങളെക്കുറിച്ചും അത് അനുസരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടിക്കാലം മുതലേ ജപ്പാനിലെ കുട്ടികൾ പഠിക്കുന്നു.

പഠിച്ചിട്ടും അനുസരിക്കാത്തവരെ ശിക്ഷയിലൂടെ അവർ നേർവഴിക്കു കൊണ്ടുവരുന്നു. ഗതാഗത സംസ്കാരത്തെക്കുറിച്ച് നമ്മുടെ കുട്ടികൾക്കാവട്ടെ, ആവശ്യത്തിനുള്ള അവബോധനം നൽകുന്നില്ല. ശിക്ഷയാണെങ്കിൽ സർക്കാർതന്നെ വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്നു. ഇതു നമ്മുടെ റോഡുകൾ അടുത്തകാലത്തൊന്നും സുരക്ഷിതമാകില്ലെന്ന സന്ദേശമാണു തരുന്നത്. 

ഉയർന്ന ശിക്ഷ ഒരുപക്ഷേ, കൂടുതൽ അഴിമതിക്കു കാരണമാകും എന്നാണ് ഒരു വാദം. അതിനെ ന്യായീകരിക്കാനാകില്ല. നിയമം കൊണ്ടുവരാൻ കാട്ടുന്ന ഇച്ഛാശക്തി, അതു കർശനമായി നടപ്പാക്കുന്ന കാര്യത്തിലും സർക്കാരിന് ഉണ്ടാകണം. ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ച ഉണ്ടാകില്ലെന്നുകൂടി ഉറപ്പുവരുത്താൻ കഴിയണം. അഴിമതി കാട്ടുന്ന ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണം. നിയമം നടപ്പാക്കുന്ന കാര്യത്തിൽ പെട്ടെന്നുള്ള പിന്മാറ്റത്തിലൂടെ സർക്കാരിന്റെ ഇച്ഛാശക്തിയാണു ചോദ്യം ചെയ്യപ്പെടുന്നത്. 

(മുൻ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയാണു ലേഖകൻ) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com