ADVERTISEMENT

ആയോധനകല അഭ്യസിക്കുന്ന ശിഷ്യൻ ഗുരുവിനോടു ചോദിച്ചു, എനിക്കു കഴിവുകൾ വർധിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. താങ്കളെക്കൂടാതെ ഞാൻ മറ്റൊരു ഗുരുവിന്റെ കൂടി ശിഷ്യത്വം സ്വീകരിക്കുന്നതിൽ തെറ്റുണ്ടോ; അപ്പോൾ എനിക്കു  വ്യത്യസ്തമായ കാര്യങ്ങൾ പഠിക്കാമല്ലോ. എന്താണു താങ്കളുടെ അഭിപ്രായം? ഗുരു പറഞ്ഞു, ഒരേസമയം രണ്ടു മുയലുകളുടെ പിറകെ പോയ ആർക്കും ഒന്നിനെപ്പോലും ഇന്നുവരെ ലഭിച്ചിട്ടില്ല. 

സ്ഥിരത നിർണായക ഘടകമാണ്; പരിശ്രമത്തിലും പുരോഗതിയിലും. മനസ്സിന്റെ ചാഞ്ചാട്ടം പ്രവൃത്തിയുടെ പൂർണത ഇല്ലാതാക്കും. സംശയദൃഷ്ടിയോടെയും അർധമനസ്സോടെയും സമീപിക്കുന്നതെല്ലാം വഴുതിമാറുകയേയുള്ളൂ. സ്വായത്തമാക്കാൻ ആഗ്രഹിച്ച പലതും അകന്നുപോയത് ലക്ഷ്യംവച്ചവയുടെ വലുപ്പം കൊണ്ടോ അപ്രാപ്യത കൊണ്ടോ അല്ല, ഉള്ളിലെ ഊർജത്തിന്റെയും വിശ്വാസത്തിന്റെയും പരിമിതികൊണ്ടാണ്. 

പരിശീലിക്കുന്ന പ്രവൃത്തിയെയും പരിശീലകനെയും അവിശ്വസിക്കുന്നവർ ശിഷ്യനെന്ന വിളിപ്പേരിനു പോലും അർഹരല്ല. വഴികാട്ടിയെ സംശയിക്കുന്നവർ വഴിയെയും ചുറ്റുപാടുകളെയും സംശയിക്കും. സാമർഥ്യം കൊണ്ടും നൈപുണ്യം കൊണ്ടും മാത്രം എല്ലാം നേടിയെടുക്കാനാകില്ല. ചിലതിനെങ്കിലും സമയത്തിന്റെയും സമ്പർക്കത്തിന്റെയും വില നൽകേണ്ടി വരും. ഒരു രാത്രി കൊണ്ട് ആരാണു ലോകം കീഴടക്കിയിട്ടുള്ളത്? 

ഒന്നു നേടണമെങ്കിൽ ഒന്നിലധികം കാര്യങ്ങളെ ഒഴിവാക്കേണ്ടി വരും. എത്തിപ്പിടിച്ച ഒരു നേട്ടം പറയുന്നത് അപ്രധാനമോ തുല്യപ്രാധാന്യമുള്ളതോ ആയ ഒട്ടേറെ കാര്യങ്ങളുടെ നിരാസത്തിന്റെ കഥകൂടിയാണ്. വരുത്തിക്കൂട്ടിയ ഓരോ നഷ്ടവും പറയുന്നത് ഭ്രമിച്ചുപോയ അക്കരപ്പച്ചകളുടെയും പൂർത്തിയാക്കാതെ പോയ ആദ്യ ചുവടുകളുടെയും കൂടി കഥയാണ്. പലതിന്റെയും പലരുടെയും പിന്നാലെ പോകുന്നവരൊക്കെ പതിരായി പ്രയോജനശൂന്യരാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com