ADVERTISEMENT

ഇത്തവണ പാർലമെന്റിന്റെ ആദ്യസമ്മേളനം തുടങ്ങി അധികം വൈകാതെ കേരളത്തിൽ ഏറ്റവും കൂടുതൽ പ്രചരിച്ച വിഡിയോ, കേരളത്തിൽ നിന്നുള്ള എംപി ഇംഗ്ലിഷിലുള്ള കുറിപ്പുനോക്കി വായിച്ചപ്പോഴുണ്ടായ അബദ്ധങ്ങളായിരുന്നു. കഴിഞ്ഞ ലോക്‌സഭയിൽ മറ്റൊരു എംപി ഇംഗ്ലിഷിൽ പ്രസംഗിച്ചപ്പോൾ തപ്പിത്തടഞ്ഞത് അന്നത്തെ വൈറൽ വിഡിയോ ആയിരുന്നു.

സാക്ഷരതയിൽ മുന്നിൽ നിൽക്കുമ്പോഴും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേരള മോഡൽ എന്നൊക്കെ അഭിമാനിക്കുമ്പോഴും ഇംഗ്ലിഷ് പറയാൻ മലയാളി ഭയക്കുന്നത് എന്തുകൊണ്ടാണ്? ഉന്നതവിദ്യാഭ്യാസം നേടിയവർ പോലും ഇംഗ്ലിഷിൽ സംസാരിക്കേണ്ട സാഹചര്യം വരുമ്പോൾ അവിടെനിന്നു ‘രക്ഷപ്പെടുന്നതാണു’ കണ്ടുവരുന്നത്.

ആരാണ് പഠിപ്പിച്ചുവിടുന്നത്? 

എന്തുകൊണ്ട് ഇംഗ്ലിഷ് മലയാളിക്കു കീറാമുട്ടി ആവുന്നു എന്നതറിയണമെങ്കിൽ മലയാളിയെ ഇംഗ്ലിഷ് പഠിപ്പിക്കുന്നത് ആരൊക്കെ എന്നുകൂടി അറിയണം. ഏതു ഭാഷയും കേട്ടു പഠിക്കണമെന്ന സാമാന്യ നിയമം തെറ്റിച്ച് ഇംഗ്ലിഷ് ആദ്യംതന്നെ വായിച്ചും എഴുതിയും പഠിക്കുന്ന പ്രൈമറി ക്ലാസുകളിൽനിന്നു വരുന്ന കുട്ടികളെ കണക്ക്, സയൻസ്, സാമൂഹികശാസ്‌ത്രം അധ്യാപകരാണു പല ഹൈസ്‌കൂളുകളിലും ഇംഗ്ലിഷ് പഠിപ്പിക്കുന്നത്. 

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞത്തിന്റെ ഭാഗമായി സ്‌കൂളുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ പണിപ്പെടുന്ന സർക്കാർ, കേരള എജ്യുക്കേഷൻ റൂൾ (കെഇആർ) അനുസരിച്ചു സൃഷ്‌ടിക്കേണ്ട ഇംഗ്ലിഷ് അധ്യാപക തസ്‌തികകൾ, ഭേദഗതി വന്ന് 16 വർഷം കഴിഞ്ഞിട്ടും സൃഷ്‌ടിക്കാൻ തയാറാകുന്നില്ല. സംസ്‌ഥാനത്തെ ആകെയുള്ള 1178 സർക്കാർ ഹൈസ്‌കൂളുകളിൽ 324 എണ്ണത്തിലും ഇംഗ്ലിഷ് അധ്യാപക തസ്‌തിക തന്നെ ഇല്ല എന്നതാണ് ഇംഗ്ലിഷിന്റെ കാര്യത്തിൽ കേരള മോഡൽ!

ഏതു വിഷയം പഠിപ്പിക്കാനും അതതു വിഷയത്തിൽ ബിഎഡ് വേണമെന്നാണ് ഹൈസ്‌കൂൾ അധ്യാപക നിയമനത്തിലെ സാമാന്യ നിയമം. പക്ഷേ, ഇംഗ്ലിഷിന്റെ കാര്യത്തിൽ മാത്രം അതിൽ സർക്കാർ വെള്ളംചേർത്തിരിക്കുന്നു. മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നവർ ഇംഗ്ലിഷ് കൂടി പഠിപ്പിച്ചാൽ മതിയെന്നാണ് 324 സ്‌കൂളുകളിൽ സർക്കാർ നിലപാട്.

ഇംഗ്ലിഷ് പഠിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതിനെക്കുറിച്ച് ഇംഗ്ലിഷ് അധ്യാപകർക്കു മാത്രം കിട്ടുന്ന പരിശീലന പരിപാടികൾ മറ്റു വിഷയങ്ങളുടെ അധ്യാപകർക്കു കിട്ടുന്നില്ല. അതുകൊണ്ട് അധ്യാപനത്തിന്റ പുതിയ രീതികൾ ഇംഗ്ലിഷ് ക്ലാസ്‌മുറികളിൽ എത്തുന്നുമില്ല. പല ജില്ലകളിലും 50 ശതമാനത്തിലധികം സ്‌കൂളുകളിലും ഇംഗ്ലിഷ് അധ്യാപക തസ്‌തിക ഇല്ല. മലപ്പുറം ജില്ലയിൽ മാത്രമാണ് എല്ലാ സർക്കാർ ഹൈസ്‌കൂളുകളിലും ഇംഗ്ലിഷ് അധ്യാപക തസ്‌തിക ഉള്ളത്.

ഇങ്ങനെയൊക്കെ മതി

മറ്റു വിഷയങ്ങളുടെ അധ്യാപകർ തന്നെ ഇംഗ്ലിഷും കൈകാര്യം ചെയ്യുന്നതായിരുന്നു പണ്ടുമുതലേ കേരളത്തിലെ രീതി. ഇത് ഇംഗ്ലിഷ് അധ്യാപനനിലവാരത്തെ മോശമായി ബാധിക്കുന്നുവെന്നു കണ്ട് 2002ൽ ആണ് ഇംഗ്ലിഷ് അധ്യാപകരായി ഇംഗ്ലിഷിൽ ബിഎഡ് ഉള്ളവർ വേണമെന്ന നിയമം കേരളത്തിൽ നിലവിൽ വരുന്നത്.

എന്നാൽ, 5 ഡിവിഷൻ ഉണ്ടെങ്കിൽ ഇംഗ്ലിഷ് അധ്യാപക തസ്‌തിക മതി എന്ന് ഇതിനോടൊപ്പം തന്നെ തീരുമാനിച്ചിരുന്നു. അതായത്, 8,9,10 ക്ലാസുകളുടെ ഓരോ ഡിവിഷൻ മാത്രമാണുള്ളതെങ്കിൽ ആ സ്‌കൂളിൽ ഇംഗ്ലിഷ് അധ്യാപക തസ്‌തിക ഉണ്ടാവില്ല. ഫലത്തിൽ ഇംഗ്ലിഷ് പഠിപ്പിക്കുന്നതു മറ്റ് അധ്യാപകർ തന്നെ. 

ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം എന്നിവയ്‌ക്കൊക്കെ അധ്യാപക തസ്‌തികയുള്ള സ്‌കൂളുകളിൽ പോലും ഇംഗ്ലിഷ് അധ്യാപക തസ്‌തിക ഇല്ല എന്നതാണ് അവസ്‌ഥ. ഇംഗ്ലിഷ് ഒരു ഭാഷാവിഷയമായി സർക്കാർ കണക്കാക്കാത്തതു തന്നെ കാരണം. ഡിവിഷനുകളുടെ എണ്ണം മാനദണ്ഡമാക്കാതെ, ആഴ്‌ചയിൽ 15 പീരിയഡ് ഉള്ള എല്ലാ വിഷയത്തിനും അധ്യാപക തസ്‌തിക വേണമെന്ന് 2003ൽ കെഇആർ ഭേദഗതി ചെയ്‌തു. പക്ഷേ, ഇതു നടപ്പാക്കാൻ സർക്കാർ ഇപ്പോഴും തയാറല്ല. ഇംഗ്ലിഷ് പീരിയഡ് മറ്റ് അധ്യാപകർക്കു വീതംവച്ചു കൊടുക്കുകയാണ് സ്‌കൂളുകളിൽ. 

പഠിക്കേണ്ടാത്തതു മാത്രം പഠിപ്പിക്കും

ഇംഗ്ലിഷ് എങ്ങനെ പഠിക്കരുതെന്നാണോ വിദഗ്‌ധർ പറയുന്നത്, ആ രീതിയിലാണു പല ക്ലാസ്‌മുറികളിലും അധ്യയനം നടക്കുന്നത്. ഇംഗ്ലിഷ് അധ്യാപകർക്കു മാത്രം കിട്ടുന്ന പരിശീലന ക്ലാസുകൾ ഇംഗ്ലിഷ് പഠിപ്പിക്കുന്ന മറ്റ് അധ്യാപകർക്കു കിട്ടാത്തതാണ് ഇതിനു കാരണം. പാഠഭാഗങ്ങൾ മലയാളത്തിലേക്കു മൊഴിമാറ്റം നടത്താതെ ക്രിയകളിലൂടെ കുട്ടികൾക്ക് അർഥം മനസ്സിലാക്കിക്കൊടുക്കണമെന്നാണു പുതിയ അധ്യാപനനിയമം.

എന്നാൽ, പല അധ്യാപകരും ഇംഗ്ലിഷിൽ വായിച്ചു മലയാളത്തിൽ തർജമ ചെയ്‌തുകൊടുക്കുക തന്നെയാണ് ഇപ്പോഴും. ഇങ്ങനെ ഇംഗ്ലിഷ് പഠിക്കുന്ന കുട്ടി ഓരോ ഇംഗ്ലിഷ് വാക്കും മനസ്സിൽ മലയാളത്തിലേക്കു തർജമ ചെയ്‌തുകൊണ്ടേയിരിക്കുകയാണ്. പലപ്പോഴും ഏറ്റവും നന്നായി മൊഴിമാറ്റം നടത്തുന്ന അധ്യാപകരെയാണ് മികച്ച ഇംഗ്ലിഷ് അധ്യാപകരായി പ്രധാനാധ്യാപകർ കണ്ടെത്തുന്നതും. ഫലത്തിൽ വിപരീത ഫലമാണ് ഈ പഠനം കുട്ടികളിൽ ഉണ്ടാക്കുന്നത്. 

അധ്യാപകരുടെ ഉച്ചാരണത്തിലെ പിശകുകളാണു കുട്ടികളെ ഭാവിയിൽ അപകടത്തിൽപെടുത്താൻ പോകുന്ന മറ്റൊരു സംഗതി. ഷാംപെയ്‌ൻ എന്നതിനു ചമ്പാഗ്നി എന്നു പഠിപ്പിച്ചു കൊടുത്തുകൊണ്ടിരിക്കുന്ന അധ്യാപകരുണ്ട് ഇപ്പോഴും. എട്ടാം ക്ലാസിലെ പുതിയ പാഠപുസ്‌തകത്തിലുള്ള ടിൽ ഉലൻസ്‌പീഗൽ എന്നത് ടൈൽ ഉല്ലൻസ് പീഗൽ എന്നാണു പലരും ഉച്ചരിക്കുന്നത്. എഴുത്തുകാരിയും പ്രഭാഷകയുമായ ചിമമാൻഡ എൻഗോസി അഡിചിയുടെ പേര്, എത്ര സ്‌കൂളുകളുണ്ടോ അത്രയും വിധത്തിലാണ് ഉച്ചാരണം. ചുരുക്കത്തിൽ, രാജ്യാന്തര വ്യക്‌തിത്വങ്ങളെ പരിചയപ്പെടുത്താൻ വേണ്ടി പാഠപുസ്‌തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന പാഠഭാഗങ്ങൾ ഭാവിയിൽ കുട്ടികളെ പരിഹാസ കഥാപാത്രങ്ങളാക്കുകയാണു ചെയ്യുക എന്നു സാരം.

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ പേരിൽ വിദ്യാർഥികളെ സർക്കാർ സ്‌കൂളുകളിലേക്കു ക്ഷണിച്ചുകൊണ്ടുവരുന്ന സർക്കാർ, അവിടെ ശരിയായ ഇംഗ്ലിഷ് അധ്യാപനം ഉറപ്പുവരുത്തണമെന്ന നിയമം നടപ്പാക്കാതെ രക്ഷിതാക്കളെയും കുട്ടികളെയും വഞ്ചിക്കുകയാണ്. ഭാരിച്ച ഫീസ് നൽകി അൺ എയ്‌ഡഡ് സ്‌കൂളുകളിൽ കുട്ടികളെ പഠിപ്പിക്കാൻ പാവപ്പെട്ട രക്ഷിതാക്കൾ പോലും നിർബന്ധിതരാകുന്നതിനു പ്രധാന കാരണവും സർക്കാർ സ്‌കൂളുകളിൽ യോഗ്യരായ ഇംഗ്ലിഷ് അധ്യാപകർ ഇല്ലാത്തതു തന്നെയാണ്.

സാറില്ലാ സ്കൂളുകൾ

ജില്ല, ഇംഗ്ലിഷ് അധ്യാപക തസ്തിക ഇല്ലാത്ത സ്കൂളുകൾ, ആകെ സർക്കാർ സ്കൂളുകൾ(ബ്രാക്കറ്റിൽ) എന്ന ക്രമത്തിൽ

തിരുവനന്തപുരം 31 (126)
കൊല്ലം 19 (83)
പത്തനംതിട്ട 19 (50)
ആലപ്പുഴ 22 (63)
ഇടുക്കി 56 (81)
കോട്ടയം 45 (64)
എറണാകുളം 60 (94)
തൃശൂർ 23 (83)
പാലക്കാട് 6(89)
മലപ്പുറം 0 (106)
കോഴിക്കോട് 15 (81)
വയനാട് 5 (60)
കണ്ണൂർ 13 (102)
കാസർകോട് 10(96)

ആകെ 324 സർക്കാർ സ്‌കൂളുകളിൽ ഇംഗ്ലിഷ് അധ്യാപക തസ്തിക ഇല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com