sections
MORE

നന്മച്ചിറകിൽ നല്ലോണം

SHARE

ഒരൊറ്റ നാളിന്റെ സ്വപ്‌നമല്ല ഓണം; വർഷത്തിൽ ഒരു നാളിലേക്കു മാത്രമുള്ള ആഘോഷവുമല്ല. ഈ തിരിച്ചറിവിലാണ് ഓണത്തിന്റെ സൗന്ദര്യം. നന്മകൊണ്ട് നമ്മുടെ നാട് ഓണത്തെ വർഷംമുഴുവൻ എഴുതുമ്പോൾ ആ അഴകാണു കേരളത്തോളം വലുതാവുന്നത്. തിരുവോണത്തിന്റെ സുന്ദരകഥയ്‌ക്കുള്ളിൽ തുടിക്കുന്ന വിശ്വമാനവികതയുടെ സന്ദേശവും ഒരുമയുടെ ഉയിരുള്ള സംഗീതവും മലയാളത്തിന്റെ വിലപ്പെട്ട നിധിയാവുന്നതും അതുകൊണ്ടുതന്നെ. 

ഒരുമകൊണ്ടു നാടിനു പെരുമ നൽകിയ ദൗത്യങ്ങളിലൂടെ കേരളത്തിനു രണ്ടു കൊടുംമഴക്കെടുതികളെ ജയിക്കാനായത് കാലങ്ങൾ പിന്നിട്ടിട്ടും മങ്ങാത്ത ആ സ്നേഹനിധിയുടെ അമൂല്യത വീണ്ടും അറിയിക്കുന്നു. പ്രതികൂല സാഹചര്യങ്ങളിൽ തളരാതെ, അതിനെ കൂട്ടായ്മകൊണ്ടു നേരിടുകയാണു വേണ്ടതെന്ന പാഠം ഇത്തവണയും നമുക്കു ബലമായി. ഇക്കഴിഞ്ഞ മഴക്കെടുതിയിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വീടുകളിൽ ഈ ഓണനാളിലും പെയ്യുന്ന സങ്കടത്തെക്കൂടി നമുക്കോർമിക്കാം.  

മനുഷ്യരെല്ലാവരും ഒരുപോലെ സ്നേഹത്തെ നിത്യോത്സവമാക്കിയിരുന്ന മാവേലിനാടിന്റെ മുഖമുദ്ര കേരളം എത്രത്തോളം മറന്നു എന്ന ആത്മവിചാരണയ്ക്കുകൂടി ഈ തിരുവോണം കാരണമാവുന്നുണ്ട്. ശരാശരി മലയാളിയുടെ ഭൗതികസൗകര്യങ്ങളുടെ വർധനയും ജീവിതശൈലിയിലുണ്ടായ കാലാനുസൃത മാറ്റവും സന്തോഷം തരുന്നതാണെങ്കിലും ജീവിതത്തിലെ സ്നേഹമൂല്യങ്ങളെ ഇതോടൊപ്പം വേണ്ടവിധം സംരക്ഷിക്കുന്നുണ്ടോ എന്നുകൂടി നാം ഓർക്കേണ്ടതല്ലേ? 

ഇതുവരെ വിചാരിക്കാത്തവിധം നമ്മുടെ ചിന്താരീതിയും ജീവിതനിലവാരവും തൊഴിൽസാധ്യതകളുമെല്ലാം ഉയർന്നിരിക്കുന്നു. കേരളത്തെ പുതിയ കാലത്തിലേക്കു സുഗമമായി കൊണ്ടുപോകാൻ ഗതാഗത സംവിധാനങ്ങൾ സുസജ്ജമാവുകയാണ്. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായിക്കഴിഞ്ഞു. മെട്രോ റെയിൽ തൈക്കൂടംവരെ എത്തിയതു കൊച്ചി നഗരത്തിന്റെ സഞ്ചാരച്ചിറകുകളെ കൂടുതൽ വിടർത്തുന്നു. കൈവന്ന ജീവിതസൗകര്യങ്ങൾക്കനുസരിച്ചു കേരളം എത്രമാത്രം സമഗ്രമായി നവീകരിക്കപ്പെട്ടു എന്ന ആലോചനയ്ക്കുള്ള കാരണംകൂടിയാവട്ടെ ഈ തിരുവോണം. എന്തിനും സ്തംഭനസമരവും നോക്കുകൂലിയുമൊക്കെയായി തുടർന്നാൽ മതിയോ? പുതിയ കാലത്തെ പ്രശ്നങ്ങൾക്കു പുതിയ ശൈലിയിൽ ഉത്തരങ്ങൾ കണ്ടെത്താൻകൂടി നമുക്കു കഴിയേണ്ടേ? 

ജീവിതശൈലിയിലെ മാറ്റം നമ്മുടെ നിരത്തിലെ വാഹനപ്പെരുപ്പത്തിൽതന്നെ കണ്ടറിയാം. ഇന്ധന ഉപയോഗത്തിലും മലിനീകരണത്തിലുമുണ്ടായ വർധനയുടെ കണക്ക് ഇതിനോടു ചേർത്തുവയ്ക്കുകയും ചെയ്യാം. നമ്മുടെ പ്രകൃതിയും പച്ചപ്പും ഭാവിതലമുറകൾക്കുവേണ്ടിക്കൂടി ഉള്ളതാണെന്നത് ഓർക്കാതെ, കുന്നുകൾ ഇടിച്ചും നദികൾ മാലിന്യങ്ങൾ കൊണ്ടു നിറച്ചും നശിപ്പിക്കുകയാണു നമ്മൾ. 

പകർച്ചവ്യാധികൾ തീണ്ടാത്ത, അവശ്യസാധനങ്ങൾ ന്യായവിലയ്‌ക്കു ലഭിക്കുന്ന, വൈദ്യുതിയും വെള്ളവും നല്ല റോഡുകളുമടക്കമുള്ള അടിസ്‌ഥാനസൗകര്യങ്ങളിലൂടെ ജീവിതനിലവാരം ഉയർന്നുനിൽക്കുന്ന, പുഴകളും കായലുകളും മാലിന്യമുക്‌തി നേടുന്ന നവകേരളത്തെയാണു നാം നിർമിക്കേണ്ടത്. വാക്കിലും നോക്കിലും സംസ്കാരം വിളയുന്നതും വീട്ടിലും നാട്ടിലും റോഡിലുമൊന്നും മാന്യത കൈവെടിയാത്തതുമാവും ആ കേരളം. നമ്മുടെ കാർഷിക സംസ്കൃതിയുടെ പ്രതാപം വീണ്ടെടുക്കാനാവണം. മികവുറ്റ തൊഴിൽസംസ്കാരവും നിക്ഷേപസൗഹൃദ മനോഭാവവും കൂടെയുണ്ടാവുകയും വേണം. 

എന്നും ഈ മണ്ണിൽ നന്മയും കരുണയും നൂറുമേനി വിളയാനുള്ള പ്രാർഥനകളോടെയാവണം നാം തിരുവോണത്തെ വരവേൽക്കേണ്ടത്. അനശ്വരനായ ആ കഥാനായകനു മുൻപിൽ ഈയൊറ്റ ദിവസത്തേക്കു മാത്രം പൂക്കുന്ന ഒരു പൂമരമാകരുത് കേരളം. പകരം, ഓണത്തെ നമുക്ക് ആയുഷ്‌കാലത്തിന്റെ നന്മവസന്തത്തിലേക്കുള്ള പ്രവേശികയാക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA