ADVERTISEMENT

തിരഞ്ഞെടുപ്പിൽ തോൽവികളെക്കുറിച്ചു ചിന്തിക്കാത്ത നേതാവ്, സ്നേഹത്താൽ എല്ലാവരെയും തോൽപിക്കുന്ന കൂട്ടുകാരൻ. രാഷ്ട്രീയത്തിൽ ഇങ്ങനെ അടയാളപ്പെടുത്താൻ അധികംപേരില്ല. ഉച്ചരിക്കാൻ പഠിക്കുന്ന കുരുന്നിനും നൂറു തികഞ്ഞവർക്കും ഒന്നേ വിളിക്കാനുള്ളൂ – രാജേട്ടൻ.

1929 സെപ്റ്റംബർ 15ന്, ചിങ്ങത്തിലെ തിരുവോണ നാളിലാണ് ഒ.രാജഗോപാലിന്റെ ജനനം. പാലക്കാട് വടക്കഞ്ചേരി മണപ്പാടം ഓലഞ്ചേരി തറവാട്ടിൽ മാധവൻ നായരുടെയും കുഞ്ഞിക്കാവമ്മയുടെയും 6 മക്കളിൽ മൂത്തയാൾ. കേരളത്തിലെ ബിജെപിയുടെ ജനനം മുതൽ നായകസ്ഥാനത്തുള്ള രാജഗോപാലിന് ഇന്നു നവതിയുടെ തിരുവോണം. 

 പന്തളം ടു പാലക്കാട്  

അച്ഛനാണ് എന്നെ സ്വാധീനിച്ച മഹാൻ. ദിവസവും പത്രം വായിപ്പിക്കും. ലോകകാര്യങ്ങളെക്കുറിച്ചു പറഞ്ഞുതരും. ആത്മാർഥതയോടെ മാത്രം ഓരോന്നിനെയും സമീപിക്കണമെന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്. എന്നെയും കർഷകനാക്കാൻ അച്ഛൻ ആഗ്രഹിച്ചു. നാലാം ക്ലാസ് കഴിഞ്ഞപ്പോൾ കൃഷിയിലേക്ക് ഇറങ്ങട്ടെയെന്ന് അച്ഛൻ പറഞ്ഞപ്പോൾ, കണക്കിൽ 100 മാർക്കും വാങ്ങുന്ന രാജൻ പഠിക്കട്ടെയെന്നു പറഞ്ഞത് സ്കൂൾ അധ്യാപകനായിരുന്ന മാധവൻ മാഷായിരുന്നു.

അച്ഛൻ മരിച്ചശേഷമാണ്, അദ്ദേഹം പാലക്കാട്ട് എത്തിയതിനെക്കുറിച്ച് ഞാൻ അന്വേഷിക്കുന്നത്. ആധാരങ്ങളിൽ പന്തളം കുന്നത്തുവീട്ടിൽ മാധവൻ നായർ എന്നുണ്ട്. അച്ഛന്റെ വീടു കണ്ടെത്താൻ തീരുമാനിച്ചു. അന്നു ഞാൻ ജനസംഘം നേതാവായിരുന്നു. എല്ലായിടത്തും സുഹൃത്തുക്കളുണ്ട്. അവരുടെ സഹായത്തോടെ പന്തളം മാന്തുക ഗ്രാമത്തിനടുത്ത്   കുന്നത്തു  തറവാട് കണ്ടെത്തി. ചെറുപ്പത്തിൽ എന്തോ കാര്യത്തിനു പിണങ്ങി വീടുവിട്ടതാണു മാധവൻ നായർ. 

സംഘമാർഗത്തിലേക്ക് എത്തുന്നു 

മദ്രാസിൽ നിന്നു നിയമബിരുദം കഴിഞ്ഞ ഞാൻ പാലക്കാട്ടെ പ്രഗല്ഭ അഭിഭാഷകനായ പി.എൻ.കൃഷ്ണൻകുട്ടിയച്ഛന്റെ ജൂനിയറായി. അദ്ദേഹം സ്വാമി ചിന്മയാനന്ദയുടെ വലിയ ഭക്തനായിരുന്നു. ചിന്മയാനന്ദന്റെ ഗീതാപ്രഭാഷണ പരമ്പര നടക്കുമ്പോഴാണ് ആർഎസ്എസ് മേധാവി ഗുരുജി ഗോൾവൾക്കർ എത്തുന്നത്. ആർഎസ്എസ് ഒരു ഗുണ്ടാസംഘമെന്ന തോന്നലായിരുന്നു എനിക്ക് അപ്പോഴും. 

ഗുരുജിയെ കാണാൻ ചിന്മയാനന്ദൻ പോകുന്നെന്നു പറഞ്ഞപ്പോൾ ‘വലിയ ഗുണ്ടാസംഘത്തിന്റെ’ തലവനെ കാണണമെന്ന് എനിക്ക് ആഗ്രഹം. ഞാൻ ഒപ്പം ചേർന്നു. ഗുരുജിയുടെ പാദനമസ്കാരം ചെയ്യുന്ന ചിന്മയാനന്ദനെയാണു ഞാൻ കാണുന്നത്. തെറ്റിദ്ധാരണകൾ എന്നിൽനിന്ന് അകലാൻ തുടങ്ങി. പിന്നീടു ഗുരുജി പാലക്കാട്ട് ആയുർവേദ ചികിത്സയ്ക്കു വന്നു. 3 മണിയാകുമ്പോൾ വക്കീൽ ഓഫിസിൽ നിന്നു ഞാൻ ഗുരുജിയെ കാണാൻ പോകും. ഒരുമാസം കൊണ്ട് എന്റെ കാഴ്ചപ്പാടുകൾ മാറി. 

കോഴിക്കോട്ട് ആർഎസ്എസിന്റെ വലിയൊരു ക്യാംപ് നടക്കുന്നു, അവിടേക്കു ഗുരുജി പോകുന്നുണ്ട്. കാറിൽ ഒരു സീറ്റുണ്ടായിരുന്നു. അഭിഭാഷകനെന്ന പരിഗണനയിൽ ആ സീറ്റ് എനിക്കു ലഭിച്ചു. കോഴിക്കോട്ടു വച്ചാണു ഞാൻ ആർഎസ്എസിന്റെ ഭാഗമാകുന്നത്. 

വക്കീൽ ജോലി അവസാനിപ്പിച്ചത് 

ആർഎസ്എസിൽ ചേർന്നശേഷം കോഴിക്കോട്ട് ജനസംഘത്തിന്റെ പഞ്ചദിന ക്യാംപിൽ പങ്കെടുത്തു. ദേശീയ ജനറൽ സെക്രട്ടറി ദീൻ ദയാൽ ഉപാധ്യായയാണു നായകൻ. ജനസംഘത്തിന്റെ കാഴ്ചപ്പാടുകൾ അദ്ദേഹം വിശദീകരിച്ചു. ഓരോ രാജ്യത്തിനും അതിന്റേതായ വ്യക്തിത്വമുണ്ട്.

ബ്രിട്ടന്റെ വ്യക്തിത്വം കച്ചവടമാണ്; ഫ്രാൻസിന്റേതു രാഷ്ട്രീയവും; ഇന്ത്യയുടെ വ്യക്തിത്വം ഹിന്ദുത്വത്തിൽ. സ്വാമി വിവേകാനന്ദനും ഇതു പറഞ്ഞിട്ടുണ്ട്. ഹിന്ദുത്വത്തിലും ആത്മീയതയിലും വേരൂന്നുന്ന രാഷ്ട്രീയ കക്ഷിക്കു മാത്രമേ, നിലനിൽപുള്ളൂവെന്ന് ദീൻ ദയാൽ വിശദീകരിച്ചു. 

1968ൽ ജനസംഘത്തിന്റെ 14ാം ദേശീയ സമ്മേളനം കോഴിക്കോട്ടു സംഘടിപ്പിച്ചു. സംഘാടകസമിതി നേതൃത്വത്തിലായിരുന്ന ഞാൻ, ദീൻ ദയാലുമായി ഏറെ അടുപ്പത്തിലായി. കോഴിക്കോട്ടു നിന്നു യാത്രയായി 41ാം ദിവസം, ഫെബ്രുവരി 11നു ദീൻ ദയാൽ കൊല്ലപ്പെട്ടു. റെയിൽവേ ട്രാക്കിലാണു മൃതദേഹം കണ്ടത്.

എന്തു സംഭവിച്ചുവെന്ന് ഇപ്പോഴും അറിയില്ല. മരണദിവസം വൈകിട്ടു പാലക്കാട് കോട്ട മൈതാനിയിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. അവിടെ ഞാൻ പ്രഖ്യാപിച്ചു, ‘ഈ നിമിഷം ഞാൻ വക്കീൽക്കോട്ട് അഴിക്കുന്നു. ഇനി മുഴുവൻ സമയം രാഷ്ട്രീയത്തിൽ.’

ശാന്തയ്ക്ക് ജോലി ഉള്ളതുകൊണ്ടു മാത്രം...

ആലത്തൂരിലെ ഡോ. ഒ.ജി.നായരുടെ മകളാണു ശാന്തകുമാരി. ചെന്നൈയിൽ ഞാൻ നിയമത്തിനു പഠിക്കുമ്പോൾ അവർ അവിടെ മെഡിസിനു പഠിക്കുന്നുണ്ടായിരുന്നു. അകന്ന ബന്ധുവാണ്. ഹോസ്റ്റലിൽ താമസിക്കുന്ന ശാന്തയുടെ കാര്യങ്ങൾ നോക്കാൻ എന്നെയാണു വീട്ടുകാർ ചുമതലപ്പെടുത്തിയത്.

ഞങ്ങൾ പലപ്പോഴും കാണുമായിരുന്നു. അതു പ്രണയത്തിലേക്കു വഴിതിരിഞ്ഞു. ജാതകപ്പൊരുത്തമൊന്നും നോക്കിയില്ല. മക്കൾ: വിവേകാനന്ദൻ, ശ്യാമപ്രസാദ്. മൂത്തവൻ ബാങ്ക് ഉദ്യോഗസ്ഥനായി, ശ്യാം സിനിമയിലും. അവരുടെ ചെറുപ്പകാലത്തു ശാന്ത ഏറെ ബുദ്ധിമുട്ടിയിരുന്നു. 

മുഴുവൻസമയ രാഷ്ട്രീയത്തിൽ നിൽക്കുന്ന എന്നെ കുടുംബത്തിന്റെ പ്രാരബ്ധങ്ങൾ ശാന്ത അറിയിച്ചില്ല. ഡോക്ടറായതു കൊണ്ട് എല്ലാം നടക്കുമെന്നു ഞാനും ധരിച്ചു. അങ്ങനെയായിരുന്നില്ല കാര്യങ്ങളെന്ന് അറിയാൻ ഏറെ വൈകിയിരുന്നു.1996ൽ ശാന്ത മരിച്ചു.

അമ്മ തന്നെ ഗുരുവും അഭയവും

ജവഹർനഗറിലെ ഫ്ലാറ്റിൽ വായനമുറിയും പൂജാമുറിയും ഒന്നുതന്നെ. മാതാ അമൃതാനന്ദമയിയുടെ ചിത്രങ്ങളാണേറെയും. രാവിലെ 5ന് എഴുന്നേൽക്കും. ചെടിക്കു വെള്ളമൊഴിക്കലും കുളിയും കഴിഞ്ഞു പൂജ തുടങ്ങും.

വൈകിട്ടു നിലവിളക്കു തെളിച്ചു 15 മിനിറ്റ് പ്രാർഥന. ഒരു സ്ത്രീയാകും സ്വാധീനശക്തിയെന്നു ജാതകത്തിലുണ്ട്. അതു സ്വന്തം അമ്മയാകുമെന്നു കരുതി. പിന്നീടു ഭാര്യയാകുമെന്നു ധരിച്ചു. 1989ലാണ് മാതാ അമൃതാനന്ദമയിയെ കാണുന്നത്. അമ്മയുടെ സാന്നിധ്യത്തിൽ, കരുണയിൽ എനിക്കു വലിയ അദ്ഭുതമായിരുന്നു. 

ഞാനും ശാന്തയും അമ്മയോടു മന്ത്രദീക്ഷ വേണമെന്നു പറഞ്ഞപ്പോൾ മന്ത്രം വേണോ, ദീക്ഷ വേണോ എന്ന് അമ്മ ചോദിച്ചു. സത്യത്തിൽ എനിക്ക് ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം അറിയില്ല. എങ്കിലും ദീക്ഷ വേണമെന്നു പറഞ്ഞു. 6 മാസം കാത്തിരിക്കാൻ നിർദേശിച്ചു. അതു നിരീക്ഷണകാലമാണ്. അങ്ങനെ ഞാൻ അമ്മയിൽനിന്നു മന്ത്രദീക്ഷ സ്വീകരിച്ചു. അമ്മയാണ് എനിക്കിപ്പോൾ എല്ലാം. നവതിയിലും അമ്മയ്ക്കൊപ്പമാണ്. രാവിലെ 10ന് അമ്മയുടെ പാദപൂജ ചെയ്യും.

ഏബ്രഹാം ലിങ്കനെ കൂട്ടുപിടിച്ച് 

പാലക്കാട് മുനിസിപ്പാലിറ്റി മുതൽ ഇതുവരെ 16 തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. ഒടുവിൽ നേമത്തു വിജയിച്ചു. 15 തിരഞ്ഞെടുപ്പിൽ തോറ്റ എന്നെ സുഹൃത്തുക്കൾ കളിയാക്കാറുണ്ട്. അപ്പോൾ ഞാൻ ഏബ്രഹാം ലിങ്കനെ കൂട്ടുപിടിക്കും. അദ്ദേഹം വിവിധ തലങ്ങളിൽ നടന്ന 15 തിരഞ്ഞെടുപ്പുകളിൽ തോറ്റു. 16ാമത്തെ തിരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡന്റായി. 

 ആദ്യ മുദ്രാവാക്യം ആർഎസ്എസിന് എതിരെ 

പാലക്കാട് വിക്ടോറിയ കോളജിൽ ഹോസ്റ്റലിൽ നിന്നു പഠിക്കുകയായിരുന്നു. ഒ.വി.വിജയനും ഞാനും ഒരു ക്ലാസിലാണു പഠിച്ചത്. അദ്ദേഹം എഴുത്തിന്റെ ലഹരിയിലായിരുന്നു. വിജയനെ പിന്നീടു പലവട്ടം ഡൽഹിയിൽ കണ്ടു. അവിടെ ഒരുമിച്ചു താമസിച്ചിട്ടുമുണ്ട്. ‘ഖസാക്കിന്റെ ഇതിഹാസം’ എഴുതിക്കഴിഞ്ഞപ്പോൾ അതെന്നെ കാണിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യം ലഭിച്ചപ്പോൾ കോളജിൽ രൂപീകരിച്ച ആഘോഷ കമ്മിറ്റിയുടെ ഭാരവാഹിയായിരുന്നു ഞാൻ. ഹോസ്റ്റലിൽ എന്നും കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും വലിയ തർക്കമായിരുന്നു. അന്നു ഞാൻ ഒരു രാഷ്ട്രീയ കക്ഷിയിലുമില്ല. 

ഒരിക്കൽ ബാഡ്മിന്റൻ കളിക്കുമ്പോൾ സുഹൃത്തുക്കളിലൊരാൾ പരിഭ്രാന്തനായി ഓടിവന്നു പറഞ്ഞു, ‘ഗാന്ധിയെ വെടിവച്ചു കൊന്നു.’ മരവിച്ചുപോയി ഞാൻ. എല്ലാ സുഹൃത്തുക്കളും ആ അവസ്ഥയിലായിരുന്നു. ഇതിനിടെയാണ് ഗാന്ധിയെ കൊന്നത് ആർഎസ്എസുകാരൻ ആണെന്ന പ്രചാരണം വരുന്നത്.

ശത്രുക്കളായിരുന്ന കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും ഒരുമിച്ചു. ഞങ്ങൾ രാത്രി പാലക്കാടു നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ഞാൻ ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടി. രോഷത്തോടെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു, ആർഎസ്എസിന് എതിരെ. 

കേരളത്തിൽ മാത്രം പിന്നിൽ

രാജ്യമാകെ കോൺഗ്രസായിരുന്നു. കേരളമൊഴികെ ഒരിടത്തും അവർക്ക് എതിരാളികളുമില്ലായിരുന്നു. ആ സ്ഥാനത്തേക്കാണു ബിജെപി വളർന്നത്. കേരളത്തിൽ യുഡിഎഫും എൽഡിഎഫും ഉണ്ട്. ബിജെപി യുദ്ധം ചെയ്തു രണ്ടാം സ്ഥാനത്തേക്ക് എത്തണം. കേരളത്തിൽ വളരുന്ന പാർട്ടി ബിജെപിയാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്റെ കാഴ്ചപ്പാടിൽ ആ വളർച്ച, കമ്യൂണിസ്റ്റ് പാർട്ടിയെ തകർത്തുകൊണ്ടാണ്. കോൺഗ്രസ് പെട്ടെന്നൊന്നും ഇല്ലാതാകില്ല. അതൊരു ആൾക്കൂട്ടമാണ്. പലയിടത്തായി കാണും. 

കമ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിൽ തകർന്നുകൊണ്ടിരിക്കുന്നു. ദീൻ ദയാൽ പറഞ്ഞതുപോലെ ഇന്ത്യൻ സാഹചര്യങ്ങളിൽ അധിഷ്ഠിതമല്ല അവരുടെ കാഴ്ചപ്പാടുകൾ. അത്തരമൊരു പാർട്ടി നിലനിൽക്കുന്നതെങ്ങനെ?

തൊണ്ണൂറിലെ കരുത്ത് 

ചെറിയ വ്യായാമങ്ങൾ ചെയ്യാറുണ്ട്, പറ്റുന്നത്ര യോഗയും. സഞ്ചാരമാണ് ആരോഗ്യം. കെട്ടിക്കിടക്കുന്ന ജലത്തിലല്ലേ മാലിന്യം അടിയൂ. ഒഴുകുന്ന ജലത്തിൽ അതുണ്ടാകില്ലല്ലോ. ഇതുപറഞ്ഞു മേശപ്പുറത്തടിച്ചു ചിരിക്കുമ്പോഴാണു ഫോൺ ബെല്ലടിക്കുന്നത്. അതെടുത്തു പറഞ്ഞു, ‘തമ്പീ, ഞാൻ ഇതാ വരുന്നു.’

ശ്യാമപ്രസാദായിരുന്നു ഫോണിന്റെ അങ്ങേപ്പുറത്ത്. ഉത്രാടസദ്യയ്ക്കു മകന്റെ ക്ഷണം. സദ്യ കഴിഞ്ഞു വിശ്രമിച്ചശേഷം വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിലേക്ക്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com