ADVERTISEMENT

മഹാബലിത്തമ്പുരാൻ ഓരോ തവണ നാടു കാണാനെത്തുമ്പോഴും വരവ് എങ്ങനെയാകണം എന്നു നമ്മുടെ ഓണപ്പാട്ടുകളിലൊന്നും പറയുന്നില്ല. അതുകൊണ്ട്, ഇത്തവണ കേരളത്തിനു പുതുതായി അനുവദിച്ചു കിട്ടിയ മെമു ട്രെയിനിൽ കയറി വന്നുകളയാം എന്നു തീരുമാനിച്ചു, പൊന്നുതമ്പുരാൻ.

നല്ല ട്രെയിനാണെന്നും മുൻപു കണ്ടിട്ടില്ലാത്ത സൗകര്യങ്ങളൊക്കെ അതിൽ ഒരുക്കിയിട്ടുണ്ടെന്നുമുള്ള വാർത്ത പാതാളത്തിൽ പോലുമെത്തി. മടക്കാൻ വയ്യാത്ത ഓലക്കുട ഒതുക്കിവയ്ക്കാൻ വണ്ടിയിൽ സൗകര്യമൊരുക്കാമെന്ന് റെയിൽവേ അറിയിക്കുകയും ചെയ്തു. 

എന്നാൽ, ട്രെയിനിന്റെ കന്നിയോട്ടത്തിൽ തന്നെ ശുചിമുറിയിലെ ഹെൽത്ത് ഫോസിറ്റ് എന്ന ശൗചക്കുഴൽ മോഷണം പോയ വാർത്തയറിഞ്ഞതോടെ കള്ളവുമില്ല ചതിയുമില്ല എന്ന കേരളഗാനം കൊണ്ടു മുഖം മറച്ചു, തമ്പുരാൻ. മാവേലിയുടെ തൊലിയുരിഞ്ഞുപോയത് നാം കാണാത്തത് ഓലക്കുടയുടെ മറകൊണ്ടാണ്.

എന്നിട്ട്, സാമാന്യം വിലയുള്ള ഈ സൗകര്യസാമഗ്രി മോഷ്ടിച്ച സഞ്ചാരി അതിന്റെ ഉപയോഗമറിയുന്ന മുന്തിയ പൗരനായിരിക്കണം എന്ന ആത്മഗതം ഡയറിയിൽ കുറിച്ചുവെന്നാണ് അപ്പുക്കുട്ടനു കിട്ടിയ വിവരം. സിമന്റും കമ്പിയുമില്ലാതെ പാലങ്ങളും മേൽപാലങ്ങളും നിർമിക്കുന്നവർ മാവേലിനാട്ടിലുണ്ടെന്ന് ഈയിടെ അറിഞ്ഞപ്പോഴും ആപത്തങ്ങാർക്കുമൊട്ടുണ്ടായില്ലല്ലോ എന്ന് ആശ്വസിക്കുകയായിരുന്നു തമ്പുരാൻ. 

എന്നാൽ, ശുചിമുറിയുപകരണം മോഷ്ടിച്ച് പാതാളം കുഴിച്ചിറങ്ങുന്ന നിലവാരത്തിലേക്കു സ്വന്തം പ്രജകൾ താഴുമെന്ന് മാവേലിയദ്ദ്യം വിദൂരമായിപ്പോലും വിചാരിച്ചിരുന്നില്ല.

ഇങ്ങനെപോയാൽ പ്രജകൾ ഇനി എന്തെല്ലാം മോഷ്ടിച്ചേക്കാം എന്നോർക്കുമ്പോൾ മനസ്സിലേക്കു പേടിപ്പിച്ചു കയറിവരുന്ന പുലികൾ ഓണപ്പുലികളല്ലെന്ന് മാവേലിയവർകൾ തിരിച്ചറിഞ്ഞു. 

ട്രെയിൻയാത്ര കഴിഞ്ഞു ലക്ഷ്യസ്ഥാനത്തിറങ്ങുമ്പോൾ ഈ കുടവടിഭൂഷാദികളൊക്കെ ബാക്കിയുണ്ടാവുമോ എന്ന ഭയത്തിലാണിപ്പോൾ തമ്പുരാൻ. 

ബുദ്ധിസാമർഥ്യം കൂടുതലുള്ള പ്രജകൾ ട്രെയിനിലെ സീറ്റുകളും ഫാനുകളും ശുചിമുറികൾ തന്നെയും മോഷ്ടിച്ചു കടന്നുകളയുന്നത് കാണേണ്ടിവരുമോ? അവസരം കിട്ടിയാൽ പാതാളംപോലും മോഷ്ടിച്ചേക്കാം. 

കള്ളപ്പറയും ചെറുനാഴിയും

കള്ളത്തരങ്ങൾ മറ്റൊന്നുമില്ല  

എന്ന പാട്ടുവരികളിൽ ചില കള്ളത്തരങ്ങളുടെ സൂചനയുണ്ടെന്നു നേരത്തേ മനസ്സിലാകാതെ പോയല്ലോ എന്ന ഓണസങ്കടം ബാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com