ADVERTISEMENT

വനത്തിലൂടെ നടക്കുന്നതിനിടെ യാത്രികൻ കടുവയുടെ മുന്നിൽപെട്ടു. അയാൾ ജീവനും കൊണ്ടോടി. ഓട്ടത്തിനിടെ ഒരു കുഴിയിലേക്കു വീണെങ്കിലും കാട്ടുവള്ളിയിൽ പിടിത്തം കിട്ടി. കുഴിക്ക് അധികം ആഴമില്ലെന്നു മനസ്സിലാക്കി താഴേക്കു ചാടാനൊരുങ്ങുമ്പോൾ, അതാ താഴെ മറ്റൊരു കടുവ നിൽക്കുന്നു. എന്തു ചെയ്യണമെന്നറിയില്ല. എന്തോ ശബ്‌ദം കേട്ട് അയാൾ മുകളിലേക്കു നോക്കി – താൻ പിടിച്ചിരിക്കുന്ന വള്ളി എലി കടിച്ചു മുറിക്കുന്നു. അപ്പോഴാണ് തൊട്ടപ്പുറത്തു ചെറിപ്പഴങ്ങൾ കാണുന്നത്. ഒരുനിമിഷം ഭയം മറന്ന് അയാൾ ആ പഴങ്ങൾ പറിച്ചു തിന്നു! 

ആരുടെയും വൈകാരിക നില അടിസ്ഥാനമാക്കിയല്ല ഒരിടത്തും ഒന്നും സംഭവിക്കുന്നത്. സ്വന്തം അവസ്ഥയ്‌ക്കനുസരിച്ച് ഓരോരുത്തരും ഓരോന്നിനോടും പ്രതികരിക്കുന്നു എന്നു മാത്രം. സമ്മർദങ്ങളും നിർബന്ധങ്ങളും എല്ലാ ജീവിതത്തിലുമുണ്ടാകും. എല്ലാം സാധാരണനിലയിൽ എത്തിയ ശേഷം മാത്രം, ജീവിതത്തോടുള്ള ക്രിയാത്മക സമീപനം രൂപപ്പെടുത്താനിരുന്നാൽ ജീവിക്കാൻ പിന്നെ സമയം കിട്ടില്ല. വൈകിട്ടു സൂര്യോദയം കാണാൻ വാശിപിടിച്ച് അസ്തമയ സൂര്യന്റെ മാസ്‌മരികത കണ്ണിനു നിഷേധിക്കരുത്. ഏതു വൈകാരിക വിക്ഷോഭത്തിനിടയിലും തത്സമയ സുകൃതങ്ങളും രുചികളും നിഷേധിക്കരുത്. 

എല്ലാം സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവരാൻ ആർക്കും കഴിയില്ല. ചില സംഭവങ്ങളെയും അവ പകരുന്ന വികാരങ്ങളെയും പ്രതിരോധിക്കാനും കഴിയില്ല. അപകടങ്ങളിലും ആപത്തിലും വിഷമമോ വിദ്വേഷമോ പുലർത്തുന്നതിൽ അർഥമില്ല. അവയെ സധൈര്യം നേരിടുക. 

എന്നെങ്കിലും വരാൻ സാധ്യതയുള്ള വിപത്തുകൾക്കു വേണ്ടി കാത്തിരിക്കുന്നവരാണു പലരും. ഓരോ പ്രായത്തിലും വരേണ്ട ആരോഗ്യപ്രശ്‌നങ്ങൾ കൃത്യമായി വരുന്നുണ്ടോ എന്നറിയാൻ പരിശോധന നടത്തും. ഒരു പ്രശ്‌നവുമില്ലെങ്കിൽ അതിന്റെ പേരിൽ അസന്തുഷ്‌ടരാകും. അകാരണമായി പുലർത്തുന്ന അനാരോഗ്യകരമായ സമീപനങ്ങൾ മാറ്റിയാൽത്തന്നെ ജീവിതത്തിൽ സുവർണ നിമിഷങ്ങൾ താനേ പ്രത്യക്ഷപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com