ADVERTISEMENT

ശ്രീപത്മനാഭന്റെ നാലുചക്രത്തിന്മേലാണ് ഒരുകാലത്ത് തിരുവിതാംകൂർ ഓടിക്കൊണ്ടിരുന്നത്. ഖജനാവിൽനിന്നുള്ള വരുമാനത്തെ ശമ്പളം എന്നു വിളിക്കുന്നതിനെക്കാൾ ശ്രീപത്മനാഭന്റെ ചക്രമെന്നു വിളിക്കാനായിരുന്നു പ്രജകൾക്കിഷ്ടം. 

ചക്രം നാലിൽ കുറഞ്ഞാലും കൂടിയാലും നാലുംകൂട്ടി വിളിക്കുന്നതിലായിരുന്നു തിരുവിതാംകൂർ താളം. 

മാസാമാസം നാലുചക്രം രണ്ടുകൈയും നീട്ടി വാങ്ങിയിരുന്നവരെ ചക്രമില്ലാത്ത സഞ്ചാരികൾ അസൂയയോടെ കണ്ടു. എന്നെങ്കിലുമൊരിക്കൽ തങ്ങളുടെ വഴിക്കും ചക്രം ഉരുണ്ടുവരുമെന്ന് അവർ സ്വപ്നം കണ്ടു. 

അധ്വാനിച്ചുണ്ടാക്കിയ നാലുചക്രംകൊണ്ട് മൂന്നു നേരമോ നാലുനേരമോ ഭക്ഷണം കഴിച്ചു ജീവിക്കുന്നതിന്റെ അന്തസ്സ് വിശേഷാൽ പണിയൊന്നുമില്ലാതെ സങ്കൽപചക്രം ചവിട്ടി നടക്കുന്നവർക്ക് അനുവദിച്ചുകിട്ടിയിരുന്നില്ല.

സർക്കാർ ചക്രംകൊണ്ടു ഭക്ഷണം കഴിക്കുന്നത് അഭിമാനകരമായിരുന്നതിനാൽ‌ അന്നദാതാവായ പൊന്നുതമ്പുരാൻ എന്നു രാജാവിനെ വിളിക്കാനും പ്രജകൾക്കു മടിയുണ്ടായിരുന്നില്ല. 

കാലചക്രം ഉരുണ്ടപ്പോൾ നാലുചക്രം അപ്രത്യക്ഷമാവുകയും ഒന്നായിത്തീർന്ന കേരളമഹാരാജ്യത്തിന്റെ ഖജനാവ് തിരുവിതാംകൂർ ചക്രച്ചുവട്ടിലാവുകയും ചെയ്തു. അപ്പോഴും, അധ്വാനിച്ചു നേടുന്ന സർക്കാർ ശമ്പളംകൊണ്ട് അന്നവസ്ത്രാദികൾ വാങ്ങുന്നതു മോശമായി ആരും കണ്ടില്ല. എന്നുതന്നെയല്ല, കൈ നനയാതെയുണ്ടാക്കുന്ന പണംകൊണ്ടു വാങ്ങുന്ന തുണിയുടുക്കുമ്പോൾ ചിലർക്കു നാണവും മറ്റുചിലർക്കു ചൊറിച്ചിലും ഉണ്ടാവാറുണ്ടെന്നാണ് അപ്പുക്കുട്ടനു കിട്ടിയ വിവരം. 

എന്നാലിതാ നമ്മുടെ മുഖ്യമന്ത്രി ഇപ്പോൾ പരമ്പരാഗത അന്നവിചാരത്തെ ഒരു ചിന്നവിചാരംകൊണ്ടു വെട്ടുന്നു. മര്യാദയ്ക്കു ജീവിച്ചാൽ സർക്കാർ ഭക്ഷണം കഴിക്കാതെ രക്ഷപ്പെടാം എന്നാണ് പിണറായിജിയുടെ കാഴ്ചപ്പാട്. 

സർക്കാർ ഖജനാവിന്റെ സഹായത്തോടെ ഭക്ഷണം കഴിക്കുന്നവരൊക്കെ മര്യാദകെട്ടവരാണെന്നു സൂചന. സർക്കാർ ചെലവിൽ ജീവിക്കുകയും കാബിനറ്റ് റാങ്കോടെയും അല്ലാതെയും സർക്കാർ‌ ഭക്ഷണം കഴിക്കുകയും ചെയ്യുന്നവർക്ക് ഹാ കഷ്ടം, എന്നല്ലാതെ എന്തുപറയാൻ?

മലർന്നുകിടന്നു തുപ്പുന്നത് ഇപ്പോഴും സുഖമുള്ള ഏർപ്പാടുതന്നെയാണല്ലേ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com