sections
MORE

പുറത്തിറങ്ങാനേ വയ്യ!

student-vireal
SHARE

ഈയിടെ പ്രചരിച്ച ഒരു ട്രോൾ ശ്രദ്ധയിൽ പെട്ടിരുന്നോ? ഒരു കുട്ടി ഇപ്പോൾ സ്കൂളിൽ പോകുന്നില്ല. അതെന്താ എന്നു ചോദിച്ചപ്പോൾ അവന്റെ അച്ഛൻ പറഞ്ഞു: ഒരു വർഷം മുൻപ് ഉത്സവത്തിനു പോയപ്പോൾ ഇവനെ ആൾക്കൂട്ടത്തിൽ കാണാതായി. അന്ന് ഇവന്റെ പടമൊക്കെ വച്ച് കണ്ടുകിട്ടിയാൽ അറിയിക്കണം എന്ന് ഒരു മെസേജ് വാട്സാപ്പിൽ പ്രചരിപ്പിച്ചു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവനെ തിരിച്ചുകിട്ടിയെങ്കിലും പഴയ മെസേജ് ഇപ്പോഴും കറങ്ങുകയാണ്.  ഇവൻ പുറത്തൊന്നിറങ്ങിയാൽ ആരെങ്കിലും അപ്പോ പിടിച്ചു പൊലീസ് സ്റ്റേഷനിലാക്കും. പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ! – ഇതാണ് ട്രോൾ.

സമൂഹമാധ്യമങ്ങൾ എങ്ങനെ ഉപകാരവും ഉപദ്രവവും ആകുമെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണിത്. അടിയന്തരസന്ദർഭങ്ങളിൽ വിവരം അതിവേഗം കൈമാറാനുള്ള ഒന്നാന്തരം മാർഗമാണ് വാട്സാപ്പും ഫെയ്സ്ബുക്കുമൊക്കെ. 

എന്നാൽ, ഇത്തരം സന്ദേശങ്ങൾ ലക്ഷ്യം കണ്ടുകഴിഞ്ഞാലും സംഗതി പ്രചരിച്ചുകൊണ്ടേയിരിക്കുമെന്നതാണ് അപകടം. ഇതിനിടെ, ക്രിമിനൽ ബുദ്ധിയുള്ള ചിലർ വ്യാജസന്ദേശങ്ങളുണ്ടാക്കി പോസ്റ്റ് ചെയ്യുന്ന സംഭവങ്ങളുമുണ്ട്.

ഈ മാസം ഇതുവരെ, കാണാതായ കുട്ടികളെക്കുറിച്ച് ഷെയർ ചെയ്തു കിട്ടിയ 7 സന്ദേശങ്ങളിൽ ഒരെണ്ണം മാത്രമായിരുന്നു യഥാർഥം. അഞ്ചെണ്ണം പഴയ സംഭവങ്ങളായിരുന്നു. ഒരെണ്ണമാകട്ടെ, കുടുംബവഴക്കിന്റെ പേരിൽ ഒരു ഭാഗത്തുള്ളവർ, മറുഭാഗത്തുള്ളവരെ കരിവാരിത്തേയ്ക്കാൻ പടച്ചുവിട്ട വ്യാജസന്ദേശവും.

ഏറ്റവുമൊടുവിൽ, ഇന്നലെ വാട്സാപ്പിൽ കിട്ടിയ കുട്ടിയുടെ ചിത്രത്തിനൊപ്പമുള്ള വോയ്സ് ക്ലിപ്പിൽ പറയുന്നത് കാസർകോട് ജില്ലയിലെ ഒരു സ്കൂളിലുള്ള ഈ കുട്ടിയെ കാണാതായി എന്നും വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട് ഉറപ്പാക്കിയതാണ് എന്നുമൊക്കെയാണ്. പൊലീസ് സ്റ്റേഷനിലും ചൈൽഡ് ലൈനിലും അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് സംഗതി വ്യാജമാണെന്നാണ്.

ഏതാനും മാസം മുൻപ്, തൃശൂർ ജില്ലയിലെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ഒരു കുട്ടിയെ കിട്ടിയിട്ടുണ്ടെന്നും മാതാപിതാക്കളെ കണ്ടെത്തും വരെ ഫോർവേഡ് ചെയ്യണമെന്നും ആവശ്യപ്പെടുന്ന ഒരു മെസേജ്, സ്റ്റേഷന്റെ ഫോൺ നമ്പർ സഹിതം, പ്രചരിച്ചു. സ്റ്റേഷനിലേക്ക് പിന്നെ ഫോൺവിളികളുടെ പ്രളയമായി. ഒടുവിൽ, പൊലീസുകാർ പത്രക്കുറിപ്പിറക്കി – ഞങ്ങളുടെ സ്റ്റേഷനിൽ ഇങ്ങനെയൊരു കുട്ടിയെ കിട്ടിയിട്ടേയില്ല! 

ഒരു മിനിറ്റ് മാറ്റിവയ്ക്കൂ

ഇത്തരം സന്ദേശങ്ങളെ നേരിടാൻ മാർഗം ഒന്നേയുള്ളൂ – കിട്ടിയ മെസേജ് വിശകലനം ചെയ്യാൻ ഒരു മിനിറ്റ് മാറ്റിവയ്ക്കുക.

1. നമുക്കു മെസേജ് അയച്ച ആളോട് എവിടെനിന്നു കിട്ടി എന്നു ചോദിച്ച് ആധികാരികത ഉറപ്പുവരുത്തുക. 2. സന്ദേശത്തിൽ ഏതെങ്കിലും നമ്പർ കൂടി മിക്കവാറും ചേർത്തിട്ടുണ്ടാകും. ആ നമ്പരിൽ വിളിച്ചു ചോദിക്കുക (ഈ കോളോടു കൂടി മിക്കവാറും പ്രശ്നം പരിഹരിക്കപ്പെടും). 3. സന്ദേശത്തിൽ ഏതെങ്കിലും പൊലീസ് സ്റ്റേഷനെക്കുറിച്ചു പറയുന്നുണ്ടെങ്കിൽ അവിടെയൊന്നു വിളിച്ചു ചോദിക്കുക. നമ്പർ ഇന്റർനെറ്റിൽ കിട്ടും. 4. ഇതൊന്നും നടക്കുന്നില്ലെങ്കിൽ, ചൈൽഡ് ലൈനിന്റെ നമ്പറിൽ വിളിച്ചു ചോദിക്കുക. ഇൗ നമ്പറും നെറ്റിൽ കിട്ടും.

ഇത്രയും ചെയ്യുന്നത് മെനക്കേടാണെന്നു തോന്നുമെങ്കിലും ചെയ്യാതിരിക്കരുത്. അതൊരു സാമൂഹികസേവനമായി കാണണം. കൃത്യമായ വിവരം കിട്ടിയാൽ അക്കാര്യം മെസേജ് അയച്ചുതന്നെ ആളെ അറിയിക്കാനും മറക്കരുത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA