ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിൽ ട്വന്റി20 കഷ്ടിച്ചു കൈവിട്ടുപോയതിന്റെ നിരാശയിലായിരുന്നു മാസ്റ്റർ ബ്ലാസ്റ്റർ മുല്ലപ്പള്ളി രാമചന്ദ്രൻ. എങ്കിലും 19 സീറ്റിൽ ജയിച്ചതോടെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്താൻ അദ്ദേഹത്തിനായി. അതുകൊണ്ടാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സിക്സർ അടിക്കുമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ പലരും വിശ്വസിച്ചത്. പാലാ ഏകദിനത്തിൽ ഓപ്പണിങ് ബാറ്റ്സ്മാനായി ഇറങ്ങി ആദ്യ പന്തിൽത്തന്നെ സിക്സർ അടിക്കാനുള്ള തയാറെടുപ്പിലായിരുന്നു അദ്ദേഹം. ആ ബാറ്റിങ് കാണാൻ ആകാംക്ഷാപൂർവം കാത്തിരുന്നവർക്ക് കണ്ണടച്ചു തുറക്കാനുള്ള നേരമേ കിട്ടിയുള്ളൂ.

എതിർ ടീമിന്റെ ഫാസ്റ്റ് ബോളർ പിണറായിയുടെ ആദ്യ ബോളിൽത്തന്നെ മുല്ലപ്പള്ളി ക്ലീൻ ബോൾഡ്. പവിലിയനിലേക്കു മടങ്ങുമ്പോൾ അദ്ദേഹത്തിന്റെ നോട്ടം സ്വന്തം കാൽച്ചുവട്ടിലേക്കായിരുന്നു. അവിടെ കുറെയേറെ മണ്ണ് ഒലിച്ചുപോയെന്ന് അദ്ദേഹത്തിന് അപ്പോഴാണു ബോധ്യമായത്. ഇനിയും 5 ഏകദിനങ്ങൾ വരാനുണ്ട്. സിക്സർ അടിക്കാൻ പറ്റിയില്ലെങ്കിലും ഒരു ബൗണ്ടറിയെങ്കിലും ഒപ്പിക്കാൻ കഴിയുമോ എന്നാണു നോട്ടം. 

പാലായിൽ കുട്ടിമാണിക്കു പറ്റിയത് അന്യനാട്ടുകാരെ അരിയിട്ടു വാഴ്ച നടത്തിയതാണെന്നു പറയുന്നത് ഞാനോ നിങ്ങളോ മറ്റാരെങ്കിലുമോ അല്ല, കേരള കോൺഗ്രസുകാർ മാത്രമാണ്. വോട്ടെണ്ണൽ ദിവസത്തിന്റെ തലേന്നു കുട്ടിമാണിയുടെ വീട്ടിൽ ചേർന്ന യോഗത്തിൽ വിജയാഹ്ലാദത്തിനു വേണ്ട സകല തയാറെടുപ്പുകളും നടത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ തലയിൽ വയ്ക്കാൻ കാശുമുടക്കി വാങ്ങിയ കിരീടം ധരിക്കാനുള്ള യോഗം വന്നത് മാണി സി.കാപ്പനായിപ്പോയി. 

പാലായിൽ കേരള കോൺഗ്രസ് നടത്തിയ പൊറാട്ടുനാടകത്തിന്റെ അവസാനരംഗവും കഴിഞ്ഞപ്പോൾ അണിയറയിൽ പി.ജെ.ജോസ‌ഫിന്റെ ചിരിയും ജോമോന്റെ തേങ്ങലും ഒരേസമയം കേട്ടെന്നാണ് അവിടെ ഉണ്ടായിരുന്നവർ പറഞ്ഞത്. പൈനാപ്പിൾ ചീഞ്ഞുപോയ സ്ഥിതിക്ക് കൈവിട്ടുപോയ രണ്ടില തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണു ജോമോനും കൂട്ടരും. അണ്ണാ ഡിഎംകെയിൽ ലയിച്ചാൽ ചിലപ്പോൾ രണ്ടില തിരിച്ചുകിട്ടുമെന്നാണ് അവർക്കു ലഭിച്ച വിദഗ്ധോപദേശം. 

‌ഇതാണോ ആനക്കാര്യം? 

‘ഗുരുവായൂരമ്പല നടയിൽ ഒരു ദിവസം ഞാൻ പോകും’ എന്ന പാട്ട് മുഖ്യമന്ത്രി പിണറായി വിജയൻ എന്നെങ്കിലും പാടിയിട്ടുണ്ടോ എന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. പാട്ടു പാടിയാലും ഇല്ലെങ്കിലും പിണറായി സഖാവ് അമ്പലനടയിൽ ചെന്നപ്പോൾ ഗോപുരനട തുറന്നു കിടക്കുകയായിരുന്നു. ശ്രീലകത്തേക്കു നോക്കിയ സഖാവ്്, കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നതെന്ന് അടുത്തുള്ളവരോടു ചോദിച്ചത്രെ. കൃഷ്ണനെ കൺനിറയെ കണ്ടെങ്കിലും മുഖ്യമന്ത്രി പ്രാർഥിച്ച ലക്ഷണമില്ല. ഗുരുവായൂർ പൊലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ പോയപ്പോഴാണു സഖാവ്,  കൃഷ്ണനെ കാണാൻ ചെന്നത്.

അദ്ദേഹത്തിന് അങ്ങനെ പോകാനുള്ള എല്ലാ അവകാശവും അധികാരവുമുണ്ട്. സഖാവിന്റെ പേർ വിജയനെന്നാണ്. വിജയനെന്നാൽ അർജുനൻ. മുറപ്രകാരം അർജുനന്റെ ചീഫ് അഡ്വൈസറാണ് ശ്രീകൃഷ്ണൻ. നമ്മുടെ മുഖ്യമന്ത്രിക്ക് അഡ്വൈസർമാരുടെ കുറവ് ഒരിക്കലും ഉണ്ടായിട്ടില്ല. അഡ്വൈസർമാരുടെ കാര്യം അവിടെ കിടക്കട്ടെ. ‌‌തൽക്കാലം നമുക്കു മറ്റു ചില കാര്യങ്ങൾ നോക്കാം.

പിണറായി സഖാവ് ഗുരുവായൂരിൽ ചെന്നപ്പോൾ ദേവസ്വത്തിന്റെ ആനകളായ പത്മനാഭൻ, വലിയ കേശവൻ, ഇന്ദ്രസെൻ എന്നിവയെ സ്വീകരണത്തിന് എഴുന്നള്ളിച്ചു എന്നതിന്റെ പേരിലാണു ചിലർ വലിയവായിൽ കോലാഹലമുണ്ടാക്കുന്നത്. പിണറായി വലിയ വിജയൻ എന്ന കേരളത്തിൽ ഏറ്റവും കൂടുതൽ തലപ്പൊക്കമുള്ള ആന, ഗുരുവായൂരിൽ വന്നാൽ കൂട്ടാനകളെ എഴുന്നള്ളിച്ചു സ്വീകരണം നൽകുന്നതിൽ കുഴപ്പമെന്താണെന്നു മനസ്സിലാകുന്നില്ല. 

ആറന്മുള വലിയ ബാലകൃഷ്ണൻ തിരുവട്ടാറിൽ ചെന്നപ്പോൾ തിരുവട്ടാർ ആദികേശവനും കൊട്ടാരക്കര ചന്ദ്രശേഖരനും ചേർന്ന് ഗാർഡ് ഓഫ് ഓണർ നൽകിയതായി കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിണറായി വലിയ വിജയനാണ് അടുത്ത കാലത്തു കേരളം കണ്ട ഏറ്റവും തലപ്പൊക്കമുള്ള ആന. അദ്ദേഹത്തിനാണ് നെന്മാറ – വല്ലങ്ങി വേലയ്ക്ക് ഏറ്റവും കൂടുതൽ ഏക്കത്തുക കിട്ടുന്നത്. അങ്ങനെയുള്ള അദ്ദേഹത്തിന് വെറും മൂന്ന് ആനകളെ എഴുന്നള്ളിച്ചു സ്വീകരണം നൽകിയെന്ന ആരോപണം ഉന്നയിക്കുന്നവർക്ക് ഇഹത്തിലും പരത്തിലും ഒരിക്കലും മോക്ഷം കിട്ടില്ല. 

‌മകം പിറന്ന നെല്ല് 

‘നെല്ലിന്റെ ഗീതം’ എന്നൊരു ബംഗാളി നോവൽ ഉണ്ടെന്നു കേട്ടിട്ടുണ്ട്. ബംഗാളി ഭാഷയിൽ വലിയ പ്രാവീണ്യമില്ലാത്തതിനാൽ അതു വായിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴാണെങ്കിൽ ഹിന്ദി പഠിച്ചേ തീരൂവെന്ന നിർബന്ധം വന്നതു കൊണ്ട് ആദ്യം ഹിന്ദി, പിന്നെ സംസ്കൃതം എന്ന മട്ടിൽ മതി ഭാഷാപഠനം എന്നാണു തീരുമാനിച്ചിരിക്കുന്നത്. 

നെല്ലിന്റെ ഗീതം എന്ന നോവലിൽ ഒരിടത്തും നെല്ലിന്റെ ജന്മനക്ഷത്രത്തെക്കുറിച്ച് ആധികാരികമായി ഒന്നും പറഞ്ഞിട്ടില്ലെന്നാണു പുസ്തകം വായിച്ചവർ പറയുന്നത്. ഏതായാലും കേരളത്തിലെ കൃഷിവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നു ഗവേഷണം നടത്തി നെല്ലിന്റെ ജന്മനക്ഷത്രം കന്നിയിലെ മകമാണെന്നു കണ്ടെത്തിയിട്ടുണ്ട്.

കമ്യൂണിസ്റ്റ് സർക്കാരിന്റെ കണ്ടെത്തലായതു കൊണ്ട് അതിൽ തെറ്റുവരാൻ സാധ്യതയില്ല. പോരാത്തതിനു വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥുമാണ്. പഠന, മനന, ഗവേഷണങ്ങളിൽ അവസാന വാക്കാണ് അദ്ദേഹം. സർവോപരി ശാസ്ത്രസാഹിത്യ പരിഷത്തുകാരനും. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അത്രയ്ക്കു വരില്ല. അദ്ദേഹത്തിനു കൈലി ഉടുക്കാനും തൊപ്പിപ്പാള വയ്ക്കാനും അറിയും. അതിനപ്പുറമുള്ള ശാസ്ത്രസാങ്കേതിക പരിജ്ഞാനം പരിമിതമാണ്. 

നെല്ല് മകം പിറന്ന മങ്കയാണെന്നു കണ്ടെത്തിയതോടെ ‘പാഠം ഒന്ന്, പാടത്തേക്ക്’ എന്ന പദ്ധതി നടപ്പാക്കാൻ രണ്ടു മന്ത്രിമാരും ചേർന്ന് അരയും തലയും മുറുക്കി രംഗത്തിറങ്ങി.  നെല്ലിന്റെ ജന്മനക്ഷത്രം കണ്ടെത്തിയ സ്ഥിതിക്കു തെങ്ങിന്റെ ജന്മനക്ഷത്രം കൂടി കണ്ടെത്താൻ വൈകരുത്. കേരളത്തിന്റെ സ്വന്തം വൃക്ഷമല്ലേ? കണ്ടെത്തിയാൽ ഉടനെ പാഠം രണ്ട്, തെങ്ങിന്റെ മണ്ടയിലേക്ക് എന്ന പദ്ധതി നടപ്പാക്കാൻ മടിക്കരുത്. ഔദ്യോഗിക സംവിധാനം കൊണ്ടു ജന്മനക്ഷത്രം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ഏതെങ്കിലും കൊള്ളാവുന്ന ജ്യോത്സ്യനെ സമീപിക്കാവുന്നതേയുള്ളൂ.  

സ്റ്റോപ് പ്രസ്:  ജോസ് കെ.മാണിയുടെ സ്വന്തം ബൂത്തിലും യുഡിഎഫ് സ്ഥാനാർഥി പിന്നിൽ പോയി.

പ്രവാചകന്മാർ സ്വന്തം നാട്ടിലും വീട്ടിലും ഒരിക്കലും അംഗീകരിപ്പെടാറില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com