ADVERTISEMENT

കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിലെ സത്യം പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം തന്നെ വേണമെന്ന ഹൈക്കോടതി ഉത്തരവ് പെരിയയിലെ കണ്ണീർക്കനലിന് അൽപമെങ്കിലും ആശ്വാസം പകരുന്നു. രണ്ടു ജീവൻ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എത്രയും പെട്ടെന്നു നീതി ലഭ്യമാക്കാൻ കോടതിയുടെ ഈ ഇടപെടൽ സഹായകരമാകും. 

കഴിഞ്ഞ ഫെബ്രുവരി 17നാണു പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്(19), ശരത്‍ലാൽ(25) എന്നിവർ കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളോ പ്രവർത്തകരോ അനുഭാവികളോ ആയ 14 പേരാണു സംഭവത്തിൽ അറസ്റ്റിലായത്. എന്നാൽ, അന്വേഷണം നേർവഴിക്കല്ലെന്നും സിപിഎമ്മിന്റെ ജില്ലാ നേതാക്കൾവരെ അറിഞ്ഞുള്ള കൊലപാതകമാണെന്നും ഗൂഢാലോചനക്കാരെ ഒഴിവാക്കുകയാണെന്നും അന്വേഷണത്തിന്റെ തുടക്കംമുതൽ ആരോപണമുയർന്നു. രാഷ്ട്രീയ സമ്മർദത്തിൽ പൊലീസിനു നിഷ്പക്ഷവും ഭയരഹിതവുമായി കേസ് അന്വേഷിക്കാൻ കഴിഞ്ഞില്ലെന്നു തന്നെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 

പെരിയ കൊലക്കേസ് അന്വേഷണ രീതിയെയും അന്വേഷണ ഉദ്യോഗസ്ഥരെയും കോടതി അതിനിശിതമായി വിമർശിക്കുകയുണ്ടായി. പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി റദ്ദാക്കുകയും ചെയ്തു. ഒന്നാം പ്രതി എ. പീതാംബരന്റെ (സിപിഎം പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം) മൊഴി പരമസത്യമായി കണക്കാക്കി, കണ്ടെടുത്ത ആയുധങ്ങളുമായി ബന്ധപ്പെട്ട് ഫൊറൻസിക് സർജന്റെ മൊഴിയെടുത്തില്ല, മൃതദേഹപരിശോധന നടത്തിയ ഫൊറൻസിക് സർജനിൽനിന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആദ്യം മൊഴിയെടുത്തില്ല, ഇതു വൈകിയത് അന്വേഷണത്തെ ബാധിച്ചു എന്നിങ്ങനെ കോടതി ചൂണ്ടിക്കാട്ടിയ കാര്യങ്ങളെല്ലാം പെരിയ കേസിൽ പൊലീസും പിന്നീടു ക്രൈം ബ്രാഞ്ചും നടത്തിയ അന്വേഷണം വെറും പ്രഹസനമാണെന്നു തെളിയിക്കുന്നതല്ലേ?

സിപിഎം ഭരണത്തിലിരിക്കുമ്പോൾ ആ പാർട്ടിയിലുള്ളവർ പ്രതികളായ കൊലക്കേസുകളിൽ ഇരകൾക്കു നീതി ലഭിക്കുന്നില്ല എന്നതു വർഷങ്ങളായി പരക്കെയുള്ള പരാതിയാണ്. പല രാഷ്ട്രീയ കൊലപാതകക്കേസുകളിലും   കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് ഇതേ കാരണം കൊണ്ടാണ്. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എസ്.പി. ഷുഹൈബിന്റെ വീട്ടുകാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിക്കാനിരിക്കുന്നതും ഇക്കാരണം ചൂണ്ടിക്കാട്ടിയാണ്.

പെരിയ കേസിൽ സിബിഐ അന്വേഷണം നടത്താനുള്ള ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാൽ, ആഭ്യന്തര വകുപ്പിന്റെ മുഖം രക്ഷിക്കാനെന്ന പേരിൽ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ പോകാനാണു സർക്കാരിന്റെ നീക്കമെങ്കിൽ മരിച്ചു പോയവരോടുള്ള നീതികേടു മാത്രമല്ല, ജീവിച്ചിരിക്കുന്നവരോടുള്ള വെല്ലുവിളി കൂടിയാകുമത്. പുനഃപരിശോധിക്കാനായി മുതിർന്ന അഭിഭാഷകരെ കോടതിയിലെത്തിക്കുന്നതിനു ചെലവാക്കുന്ന ലക്ഷങ്ങൾ സാധാരണക്കാരന്റെ നികുതിപ്പണമാണെന്നുകൂടി  ഓർക്കണം.

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ 50 ലക്ഷത്തിലേറെ രൂപയാണു സർക്കാർ ഇത്തരത്തിൽ ചെലവാക്കിയതെന്നു വിവരാവകാശ രേഖകൾവഴി പുറത്തുവന്നിരുന്നു.പെരിയയിൽ രണ്ടു ചെറുപ്പക്കാരെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയവരെയും അതിനു ഗൂഢാലോചന നടത്തിയവരെയും എത്രയും പെട്ടെന്നു നിയമത്തിനു മുന്നിൽ എത്തിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അവരുടെ ആഗ്രഹത്തിനെതിരായി,  സിബിഐ അന്വേഷണത്തെ എതിർക്കാൻ സർക്കാർ തുനിഞ്ഞിറങ്ങുകയാണെങ്കിൽ അതു ജനവിരുദ്ധമാണ്. 

പെരിയയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളിലെ കണ്ണുനീർ ഇപ്പോഴും പെയ്യുകയാണ്. യഥാർഥ പ്രതികളെ നിയമത്തിനു മുന്നിലെത്തിച്ചാലേ അവർക്ക് അൽപമെങ്കിലും ആശ്വാസം ലഭിക്കൂ. വിധിക്കെതിരെ അപ്പീൽ പോയി നിയമനടപടികൾ അനന്തമായി നീട്ടിക്കൊണ്ടു പോകാതെ, കോടതി നിർദേശിച്ചപോലെ സിബിഐ തിരുവനന്തപുരം യൂണിറ്റിന് കേസ് അന്വേഷിക്കാൻ വേണ്ട സഹായമൊരുക്കാൻ സർക്കാർ തയാറാകണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com