ADVERTISEMENT

നീറ്റ് (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷയിലുണ്ടായ ക്രമക്കേടുകളുമായി ബന്ധപ്പെട്ടു

തമിഴ്നാട്ടിൽനിന്നു പുറത്തുവരുന്ന വാർത്തകൾ വിദ്യാ ർഥികളെയും രക്ഷിതാക്കളെയും മാത്രമല്ല, പൊതുസമൂഹത്തെയാകെ  ആധിയിലാഴ്ത്തുന്നു. 

കുറ്റമറ്റ്, വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ട ഒരു ദേശീയ പൊതുപ്രവേശന പരീക്ഷയിലാണ് ആൾമാറാട്ടം അടക്കമുള്ള നിർഭാഗ്യസംഭവങ്ങൾ നടന്നതെന്നതു രാജ്യത്തിന്റെതന്നെ സ്വസ്ഥത കളയേണ്ടതാണ്. മെഡിക്കൽ പ്രവേശനത്തിനായി വിദ്യാർഥികൾ പല പരീക്ഷകൾ എഴുതുന്നതിനു പകരം ഒറ്റപ്പരീക്ഷ എഴുതിയാൽ മതിയെന്ന നല്ല ഉദ്ദേശ്യത്തോടെയാണു നീറ്റ് പരീക്ഷ നടത്തുന്നതെങ്കിലും ഇത്രയും അശ്രദ്ധമായാണോ പരീക്ഷാനടത്തിപ്പ് എന്ന ചോദ്യം അതിന്റെ ലക്ഷ്യത്തെത്തന്നെ ലജ്ജിപ്പിക്കുന്നു.

തമിഴ്നാട് തേനി മെഡിക്കൽ കോളജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി പ്രവേശന പരീക്ഷയിൽ ആൾമാറാട്ടം നടത്തിയതായി വ്യക്തമായതിനെത്തുടർന്നുള്ള അന്വേഷണങ്ങളിലാണു കൂടുതൽ ക്രമക്കേടുകൾ വെളിപ്പെടുന്നത്. അറസ്റ്റുകൾ ഉണ്ടാവുന്നുമുണ്ട്. ഏറെപ്പേർ ഉൾപ്പെട്ട വലിയ ക്രമക്കേടുകളുടെ സമാഹാരമാവും വരുംനാളുകളിൽ പുറത്തുവരികയെന്നാണു കരുതുന്നത്. നീറ്റ് പ്രവേശനപരീക്ഷ എഴുതി ധർമപുരി മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ വിദ്യാർഥിക്കുവേണ്ടി ആൾമാറാട്ടം നടത്തിയത് കേരളത്തിൽനിന്നുള്ള സീനിയർ മെഡിക്കൽ വിദ്യാർഥിയാണെന്നു സംശയിക്കുന്നു. കൂടുതൽ ‘അപരന്മാർക്കു’വേണ്ടി കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷ ക്രമക്കേട് കേസിൽ തമിഴ്നാട്ടിൽ അറസ്റ്റിലായ വിദ്യാർഥിയുടെ പിതാവ് വ്യാജ ഡോക്ടറാണെന്ന വിവരം കൂടുതൽ ഞെട്ടിക്കുന്നതുമായി. 

ഇതിനിടെ, അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ 2016ൽ കേന്ദ്ര സർക്കാർ അടച്ചുപൂട്ടിയ കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കൽ കോളജിലെ 36 വിദ്യാർഥികളിലേക്ക് അന്വേഷണം നീങ്ങുന്നുണ്ട്. അറസ്റ്റിലായവർ ഈ കോളജിലെ ഒന്നാം വർഷ വിദ്യാർഥികളായിരുന്നു. ഇവിടെ അന്ന് 102 വിദ്യാർഥികളാണ് എംബിബിഎസ് പ്രവേശനം നേ‌ടിയിരുന്നത്. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ച 66 വിദ്യാർഥികൾ കോളജ് അടച്ചുപൂട്ടിയതോടെ മറ്റു മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടി. എന്നാൽ, പ്രവേശനപരീക്ഷയുടെ അടി‌സ്ഥാനത്തിലല്ലാതെ പ്രവേശനം നേടിയ 36 പേർ പുറത്താക്കലിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനൂകൂല വിധിയുണ്ടായില്ല. ആൾമാറാട്ടത്തിന് ഇപ്പോൾ പിടിയിലായ നാലു വിദ്യാർഥികളും ഇവരിലുൾപ്പെടും. 

അപരനെ കണ്ടെത്തി പരീക്ഷയെഴുതാനായി 20 ലക്ഷം രൂപയാണ് ഒരു വിദ്യാർഥിയുടെ പിതാവ് നൽകിയത്. കോളജ് അധികൃതരുടെ ഒത്താശയോടെ ചില വിദ്യാർഥികൾ നീറ്റ് റാങ്ക് സംബന്ധിച്ച വ്യാജരേഖ ചമച്ചതായും സംശയിക്കുന്നുണ്ട്. റാങ്ക് സംബന്ധിച്ച ക്രമക്കേടുകൾ കോളജ് അധികൃതർക്ക് എളുപ്പത്തിൽ കണ്ടെത്താവുന്നതാണെന്നിരിക്കെ കൃത്രിമം കണ്ടില്ലെന്നു നടിച്ചതിനു ചില സ്വകാര്യ മെഡിക്കൽ കോളജുകളിലെ ഉന്നതരുൾപ്പെടെ പണം കൈപ്പറ്റിയിട്ടുണ്ടെന്നാണു നിഗമനം. പരീക്ഷാനടത്തിപ്പുകാർക്ക് ബയോമെട്രിക് പരിശോധനകളിലൂടെ ആൾമാറാട്ടവും കണ്ടെത്താം. എന്നിട്ടും, ഇങ്ങനെയുള്ള തട്ടിപ്പുകൾ നിർബാധം ഇവിടെ നടക്കുന്നു എന്നതു സർക്കാരിന്റെകൂടി നിരുത്തരവാദിത്തമല്ലേ വിളിച്ചുപറയുന്നത്? ഇങ്ങനെ പിൻവഴിയിലൂടെ ഡോക്ടർമാരായി ചികിത്സ നടത്തുന്നവരെ സമൂഹം പേടിക്കുകയുംവേണം.  

കർശന വ്യവസ്ഥകളുടെ കാഠിന്യംകൊണ്ടുകൂടി ശ്രദ്ധ നേടിയ പരീക്ഷയിലാണ് ആൾമാറാട്ടവും ക്രമക്കേടും കണ്ടെത്തിയതെന്നതു ലജ്ജാകരമാണ്. രാവും പകലും പഠിച്ച്, ജീവിതത്തെ മുന്നിൽവച്ച് പരീക്ഷയെഴുതുന്ന ആയിരക്കണക്കിനു വിദ്യാർഥികളെ നിരാശരാക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന സംഭവങ്ങൾ. പണവും ആൾബലവും ഉള്ളവർക്ക് എന്തു ക്രമക്കേടു കാണിച്ചും ഉന്നതപരീക്ഷയിൽ വിജയം നേടാനാവുമെന്ന അവസ്ഥ വച്ചുപൊറുപ്പിക്കാൻ പാടില്ലാത്തതാണ്. അതുകൊണ്ടുതന്നെ, ഈ ക്രമക്കേടുകൾക്കു പിന്നിലുള്ളവരെ മുഴുവൻ പിടികൂടുകയും സമാനമായ കാര്യങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കരുതാത്തവിധം മാതൃകാപരമായ നടപടി ഉണ്ടാവുകയുംവേണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com