ADVERTISEMENT

കല്ലെപ്പിളർക്കുന്ന പ്രവൃത്തിയിൽനിന്നുണ്ടാകുന്ന മെറ്റലാണ് റോഡുകളുടെ അടിത്തറ എന്നതിനാൽ കല്ലെപ്പിളർക്കുന്ന കൽപന നമ്മുടെ പൊതുമരാമത്തു വകുപ്പിനു നന്നായി ചേരും. 

മരാമത്തു മന്ത്രി സുധാകരൻജിക്ക് ഇതറിയാവുന്നതുകൊണ്ടാണ് കഴിഞ്ഞയാഴ്ച എൻജിനീയർമാർക്കുമേൽ കല്ലെപ്പിളർക്കുന്ന കൽപനയുടെ വാൾ അദ്ദേഹം തൂക്കിയിട്ടത്: ഒക്ടോബർ 31നു മുൻപായി സംസ്ഥാനത്തെ സകലമാന റോഡും കുറ്റമറ്റതാക്കണം. അല്ലെങ്കിൽ മരാമത്തു വകുപ്പിലെ 1400 എൻജിനീയർമാരിൽ ഒരാൾപോലും സർവീസിലുണ്ടാവില്ല.

കഷ്ടിച്ചു നാലാഴ്ച. മുൻ കുഴികളും പുതുകുഴികളും അടച്ച് എല്ലാം കുറ്റമറ്റതാക്കാൻ നാലാഴ്ച മതിയോ എന്നു ചോദിച്ചാൽ റോഡായ റോഡെല്ലാം മലർന്നുകിടന്നു ചിരിക്കും. നാലാഴ്ച കഴിഞ്ഞുണ്ടാവുന്ന സംഭവങ്ങളോർത്താൽ ഉറിക്കുപോലും ചിരിക്കാം: 1400 എൻജിനീയർമാരെയും മന്ത്രി സസ്പെൻഡ് ചെയ്യും. 

സസ്പെൻഡ് ചെയ്യപ്പെടുന്ന എൻജിനീയർമാരുടെ ഒഴിവുകൾ നികത്താൻ പബ്ലിക് സർവീസ് കമ്മിഷൻ നടപടി തുടങ്ങും. പിഎസ്‌സി അപേക്ഷ ക്ഷണിക്കുമ്പോൾ അനുഭവസമ്പത്തിന്റെ പിൻബലത്തിൽ ഇപ്പറഞ്ഞ 1400 പേരും അപേക്ഷ അയയ്ക്കും.

ഇ‌നിയിപ്പോൾ, ഒരു വലിയ അദ്ഭുതം സംഭവിക്കുകയും നമ്മുടെ സകലമാന റോഡുകളും നാലാഴ്ചകൊണ്ട് നേരെയാവുകയും ചെയ്യുന്നുവെന്നു വിചാരിക്കുക. എന്നാലും, നമ്മുടെ റോഡ് നിർമാണ – പരിപാലന വ്യവസ്ഥപ്രകാരം ഒക്ടോബർ 31നു ശേഷം കുഴികളുണ്ടാവില്ലെന്നു സുധാകരൻജിക്കുപോലും ഉറപ്പു നൽകാനാവില്ല. 

‘ഇരുപത്തൊന്നാം നൂറ്റാണ്ടിലും കുണ്ടും കുഴിയുമുള്ള റോഡിന്റെ മുൻപിൽ ഓഫിസും തുറന്നിരിക്കാമെന്ന് ആരും കരുതേണ്ട’ എന്നു സുധാകരൻജി പറഞ്ഞതിലുള്ളത് വരാനിരിക്കുന്ന ഈ വൻകുഴികളാണ്; കുഴിയോര ഓഫിസുകൾ പൂട്ടുമെന്ന ഭീഷണിയും.

മന്ത്രിയുടെ പ്രഖ്യാപനം കല്ലെപ്പിളർക്കുന്നതിൽ അമ്പേ പരാജയപ്പെടുകയും ഒക്ടോബർ 31 കഴിഞ്ഞും റോഡുകളിൽ കുഴികളുണ്ടാവുകയും അപ്പോഴും എൻജിനീയർമാരെല്ലാം ജോലിയിൽ തുടരുകയും ഓഫിസുകളൊന്നും അടയ്ക്കാതിരിക്കുകയും ചെയ്താലോ? 

അപ്പോൾ, എന്താണു ചെയ്യാൻ പോകുന്നതെന്നുമാത്രം മന്ത്രിജി പറഞ്ഞില്ല. എൻജിനീയർമാരെ സ്തുതിച്ചു കവിതയെഴുതിയിട്ടുള്ള ആ തൂലിക ഒരു വിലാപകാവ്യമെഴുതി മരാമത്തുവക മരണക്കുഴിയിലിട്ടു മൂടും. നമ്മുടെ വഴികളിൽ നിത്യസത്യങ്ങളുടെ ആഴം വർധിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com