ADVERTISEMENT

∙ ബി.രാജീവൻ: ഇന്ത്യയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വിജയിക്കാതിരുന്നതിന്റെ കാരണം ചർച്ച ചെയ്യുമ്പോഴാണ് ഹോ ചി മിൻ ‘നിങ്ങൾക്കൊരു ഗാന്ധിയുണ്ട്’ എന്നു പറയുന്നത്. ഗാന്ധിയെ നിങ്ങൾ മനസ്സിലാക്കിയില്ല എന്നാണ് ഇന്ത്യൻ ഇടതുപക്ഷത്തോടു ഹോ ചി മിൻ പറഞ്ഞത്. ഗാന്ധി ഇന്ത്യയിലെ ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ നേതാവായിരുന്നു എന്ന് ഹോ ചി മിന് അറിയാമായിരുന്നു.

∙ ജോയ് മാത്യു: വിപ്ലവം അടുത്തെത്തി. അതിനാൽ എല്ലാവരും എസ്റ്റാബ്ലിഷ്മെന്റുകളോട് എതിരായിരിക്കണം. എല്ലാവർക്കും കത്തുന്ന ചിന്തകൾ ഉള്ളിലുണ്ടെന്ന ഭാവം കൊണ്ടുനടക്കണം. രണ്ടാൾ തമ്മിൽ കണ്ടുമുട്ടിയാൽ വിപ്ലവത്തിന്റെ സൈദ്ധാന്തിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങണം. അഞ്ചു മിനിറ്റ് വെറുതെയിരിക്കാനോ തമാശ പറയാനോ പ്രണയിക്കാനോ ആരെയും കിട്ടില്ല. തമാശ പറയുന്നെങ്കിൽ അതു വർഗപരമായതും പ്രത്യയശാസ്ത്രപരമായ നിലപാടിൽ നിന്നുകൊണ്ടുള്ളതുമായ തമാശകൾ ആയിരിക്കുകയും വേണം. അങ്ങനെയും തമാശകളുണ്ടോ എന്നതു തമാശയായി ഇപ്പോൾ ആരും ചോദിക്കരുത്; ഞാൻ ചിരിച്ചുപോകും.

∙ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി: നവമാധ്യമങ്ങളിലൂടെ അപമാനിതരാകുന്നവരുടെ എണ്ണം കൂടിവരുന്നു. മേലാള–കീഴാള വ്യവസ്ഥയിൽ ജന്മിയാണു വേട്ടക്കാരനെങ്കിൽ ഇവിടെ നേരെ മറിച്ചാണ്. സോഷ്യൽ മീഡിയയിൽ സാധാരണക്കാരനും വേട്ടക്കാരനാകുന്നു. നവമാധ്യമങ്ങൾ സമൂഹത്തിനു ഗുണപ്രധാനമാകണം. അടിച്ചമർത്തപ്പെടുന്നവന്റെ ശബ്ദമാകണം അത്. അവന്റെ വേദനയും ദൈന്യതയും നിസ്സഹായതയുമാണു മുന്നിൽ വരേണ്ടത്. എന്നാൽ, ഇന്നു സോഷ്യൽ മീഡിയയുടെ സിംഹഭാഗവും പകയും വർഗീയതയും രാഷ്ട്രീയ അതിപ്രസരവും ബ്ലാക്ക്മെയിലിങ്ങുമാണ്.

∙ എം.എൻ.കാരശ്ശേരി: കൊലയാളിയായ ഗോഡ്സെ പൂജ്യപദവിയിലേക്ക് ഉയർന്നുയർന്നു പോകുകയാണ്. ഗോഡ്സെ പ്രതിഷ്ഠകളെപ്പറ്റിയും പ്രതിമകളെപ്പറ്റിയും നാം ഇടയ്ക്കിടെ കേൾക്കുന്നുണ്ടല്ലോ. ഇനി ഇന്ത്യയിൽ ശക്തിപ്പെടാൻ പോകുന്നതും ഗോഡ്സെയുടെ അനുയായികളാകാം എന്ന് അരനൂറ്റാണ്ടോളം മുൻപ് എം.ഗോവിന്ദൻ ദീർഘദർശനം ചെയ്തതു സത്യമാവുകയാണ്.

∙ കൽപറ്റ നാരായണൻ: ദൈവങ്ങളുടെയോ ‌ഗന്ധർവൻമാരുടെയോ മാത്രം ഭാഷയായിരുന്ന അശരീരിയിൽ മധുരമായി പാടിയതിനാൽ യേശുദാസ് ഗാനഗന്ധർവനായി. ഓരോ വീട്ടിലുമിരുന്ന് അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതിലൊക്കെ പങ്കുകൊണ്ടു പാടിയതിനാലാണ് യേശുദാസിന്റെയും ജാനകിയുടെയും ഉദയഭാനുവിന്റെയും പാട്ടുകൾ ഗൃഹാതുരത്വമുണ്ടാക്കുന്നത്. അന്നത്തെ വേദനയും സുഖങ്ങളും അവയിൽ കലർന്നു.

∙ മനു എസ്.പിള്ള: ഗാന്ധിജിയുടെ വലിയ സംഭാവനയായി ഞാൻ കാണുന്നത് നെല്ലും പതിരും തിരിച്ചറിയാൻ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ നമ്മളെ ഇപ്പോഴും സഹായിക്കുന്നു എന്നതാണ്.

∙ സായ്കുമാർ: മമ്മൂട്ടിയെയും മോഹൻലാലിനെയുമൊക്കെ എടാ, വാടാ... എന്നൊക്കെ വിളിക്കാമെന്നതാണ് അപ്പനായി അഭിനയിക്കുന്നതിന്റെ ഒരു ഗുണം. മക്കളിൽ മമ്മൂട്ടിയാണ് മൂത്തവൻ. അതിന്റെ ഉത്തരവാദിത്തമുണ്ട്. നമ്മളെക്കുറിച്ചു നല്ലതേ പറയൂ. രണ്ടാമനാണ് ലാൽ. കുസൃതിയാണ്. ഇവിടെ വാടാ എന്നുവിളിച്ചാൽ ഒന്നു കുണുങ്ങി കറങ്ങിയിട്ടാണെങ്കിലും ഇങ്ങുവരും. മക്കളിൽ പക്വതയുള്ളയാളാണ് സുരേഷ് ഗോപി. അപ്പനമ്മമാരോടൊക്കെ നല്ല കെയറിങ് ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com