ADVERTISEMENT

പുഴയിൽ കുളിക്കാനെത്തിയ കുട്ടി, അവനു പരിചിതമല്ലാത്ത ഏതോ ഒരു പക്ഷിയുടെ പ്രതിബിംബം വെള്ളത്തിൽ കണ്ടു. പക്ഷി ഏതെന്ന് അറിയാൻ മുകളിലേക്കു നോക്കിയെങ്കിലും അത് അപ്രത്യക്ഷമായിരുന്നു. ആ പക്ഷിയെ കണ്ടെത്താൻ അവൻ ഏറെ അലഞ്ഞു. കണ്ടവരോടൊക്കെ ചോദിച്ചു, ‘നിങ്ങൾ മഴവില്ലിന്റെ നിറമുള്ള പക്ഷിയെ കണ്ടോ?’ അവർ തിരിച്ചു ചോദിക്കും, നീ എവിടെയാണു പക്ഷിയെ കണ്ടത്. അവൻ പറയും, നദിയിൽ. നദിയിലുള്ളതു പക്ഷിയല്ല മത്സ്യങ്ങളാണ് എന്നു പറഞ്ഞ് അവർ കളിയാക്കും.

കാലങ്ങൾ കടന്നുപോയി. ആ കുട്ടി വയോധികനായി. അസുഖങ്ങളാൽ കിടപ്പിലുമായി. ഒരിക്കൽ ഒരാളെത്തി അവനോടു പറഞ്ഞു, താങ്കൾ അന്വേഷിച്ച പക്ഷിയെ ഞാൻ മലമുകളിൽ കണ്ടെത്തി. ഏറെ പ്രയാസപ്പെട്ടു മലമുകളിലെത്തിയെങ്കിലും പക്ഷിയെ കണ്ടില്ല. പക്ഷേ, മരിക്കുന്നതിനു തൊട്ടുമുൻപ് ആ പക്ഷിയുടെ ഒരു തൂവൽ അയാളുടെ കണ്ണുകളിൽ വന്നുവീണു. അറിവു തുടങ്ങുന്നതും ആഗ്രഹങ്ങൾ പൂർത്തിയാകുന്നതും അന്വേഷണത്തിൽ നിന്നാണ്. ഒരു ജിജ്‌ഞാസയും ഇല്ലാത്ത ഒരാൾ ജീവിതത്തിൽ എന്തു നേടാനാണ്? എന്തിനോടെങ്കിലുമുള്ള കൗതുകമോ ആകാംക്ഷയോ ആണ് കണ്ടെത്തലുകളുടെയും കണ്ടുപിടിത്തങ്ങളുടെയും ആരംഭം.

ഒരു അന്വേഷണ താൽപര്യവും ഇല്ലാത്തവർ പ്രവർത്തിക്കുന്ന തൊഴിലിടങ്ങൾ മരുഭൂമിയായി ശേഷിക്കുകയേയുള്ളൂ. അന്വേഷിക്കാത്തവർ ഒന്നും കണ്ടെത്തില്ല എന്നതിനെക്കാൾ ദുരന്തം, അവർ കാണുകയും നൽകുകയും ചെയ്യുന്ന കാഴ്‌ചകൾ സമാനവും വിരസവുമായിരിക്കും എന്നതാണ്. എല്ലാ അന്വേഷണങ്ങളും സഫലമാകണമെന്നില്ല. പക്ഷേ, അന്വേഷണം തുടങ്ങാതെ ഒരിടത്തും എത്തിച്ചേരില്ല. എല്ലാ അന്വേഷണങ്ങൾക്കും വ്യക്തത ഉണ്ടാകണമെന്നില്ല.

നടന്നു തെളിക്കുന്ന വഴികൾക്ക് തെളിഞ്ഞ വഴികളിലൂടെയുള്ള നടപ്പിനെക്കാൾ ഭംഗിയുണ്ടാകും. ആരൊക്കെയോ തീർത്ത, അധികമാരും സഞ്ചരിക്കാത്ത ഒറ്റയടിപ്പാതകളിലാണ് അതുല്യാനുഭവങ്ങളുടെ ചെരാതുകൾ തെളിയുന്നത്. അന്വേഷണങ്ങളുടെ ആരംഭം അസംതൃപ്‌തിയിൽ നിന്നാണ്. കൂടുതൽ മികച്ചവയിലേക്കും വ്യത്യസ്തമായവയിലേക്കുമുള്ള പ്രയാണമാണ് ഓരോ അന്വേഷണവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com