ADVERTISEMENT

അമൃത്‌സറിൽ നടന്ന ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ ചാംപ്യൻഷിപ്പിലെ ഇരട്ടക്കിരീടനേട്ടം നൽകുന്ന സന്ദേശം ഇതാണ്: കേരളത്തിന്റെ സ്വന്തം കായികവിനോദമായ വോളിബോൾ പ്രതാപകാലത്തിന്റെ കോർട്ടിലേക്കു മടങ്ങിയെത്തുന്നു. പുരുഷ, വനിതാ വിഭാഗങ്ങളിൽ എതിരാളികളെ നിഷ്പ്രഭരാക്കിയാണു കേരളത്തിന്റെ ജൈത്രയാത്ര. രാജ്യത്തെ മികച്ച എട്ടു ടീമുകൾ പങ്കെടുക്കുന്ന ഫെഡറേഷൻ കപ്പ് ചാംപ്യൻഷിപ്പിൽ ആറു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു കേരളത്തിന്റെ ഇരട്ടക്കിരീടധാരണം.

പുരുഷന്മാരുടെ ഫൈനലിൽ തമിഴ്നാടിനെ തോൽപിച്ചാണ് കേരളം കിരീടമുയർത്തിയത്. ലോക റെയിൽവേ ചാംപ്യന്മാരായ ഇന്ത്യൻ റെയിൽവേയെ ലീഗ് മത്സരങ്ങളിലും, കരുത്തരായ പഞ്ചാബിനെ സെമിയിലും മറികടന്ന പുരുഷ ടീമിനു കേരളത്തിലെ വോളിബോൾ ആരാധകരെ ആവേശം കൊള്ളിച്ച പോരാട്ടമികവു കാഴ്ചവയ്ക്കാൻ സാധിച്ചു. ഈ വർഷത്തെ ദേശീയ സീനിയർ ചാംപ്യൻഷിപ്പിൽ സെമിയിൽ തോറ്റുപുറത്തായതിന്റെ വേദന മായ്ക്കാനുമായി.

സമീപകാലത്തെ മിക്ക ടൂർണമെന്റുകളിലും കേരളത്തിന്റെ പാളം തെറ്റിച്ചിരുന്ന റെയിൽവേ ടീമിനെ ഫൈനലിൽ തോൽപിച്ചുവെന്നതാണു വനിതാ ടീമിന്റെ വിജയത്തെ ഇരട്ടിമധുരമുള്ളതാക്കുന്നത്. 2013ൽ പത്തനംതിട്ടയിലെ പ്രമാടത്തുനടന്ന ചാംപ്യൻഷിപ്പിൽ ജേതാക്കളായശേഷം തുടർന്നുള്ള അഞ്ചു വർഷവും ഫൈനലിൽ കേരള വനിതകൾ റെയിൽവേയോടു തോറ്റിരുന്നു. ആ തുടർതോൽവികൾക്കുള്ള മധുരപ്രതികാരമായി ഇത്; 11 വർഷത്തെ ഇടവേളയ്ക്കുശേഷം ജനുവരിയിൽ ദേശീയ സീനിയർ‌ ചാംപ്യൻഷിപ് കിരീടം തിരിച്ചുപിടിച്ച കേരള വനിതകളുടെ സീസണിലെ രണ്ടാം കിരീടവിജയവും.

കേരളത്തിലെ വോളിബോൾ ഗ്രാമങ്ങളുടെ ചിട്ടയായ പ്രവർത്തനമാണ് ഈ നേട്ടത്തിനു പിന്നിൽ. പുരുഷ ടീം ക്യാപ്റ്റൻ എൻ. ജിതിനും വനിതാ ടീം ക്യാപ്റ്റൻ എസ്. രേഖയും പുരുഷ ടീമിലെ സി. കെ. രതീഷും വനിതാ ടീമിലെ അഞ്ജനയും കോഴിക്കോട്ടെ മൂലാട് വോളിബോൾ ഗ്രാമത്തിന്റെ പ്രതിനിധികളാണ്. എറണാകുളം ജില്ലയിലെ പറവൂരിന്റെ വോളിബോൾ ആവേശമുൾക്കൊണ്ടു വളർന്ന കെ.എസ്. ജിനിയും ടി.എസ്. കൃഷ്ണയും വനിതാ ടീമിലുണ്ടായിരുന്നു. കോഴിക്കോട്ടെ നരിക്കുനി, മേമുണ്ട, പയിമ്പ്ര, കണ്ണൂരിലെ ഇരിട്ടി, കാസർകോട്ടെ നീലേശ്വരം തുടങ്ങിയ വോളിബോൾ ഗ്രാമങ്ങളിൽ പന്തു തട്ടി വളർന്നവരാണ് കേരള ടീമുകളുടെ അമരത്തും അണിയത്തുമായി കിരീടവിജയത്തിനു ചുക്കാൻ പിടിച്ചത്. എതിർ കോർട്ടിൽ റെയിൽവേയുടെ പുരുഷ, വനിതാ ടീമുകൾക്കു കരുത്തായി അണിനിരന്നവരിലും മലയാളി താരങ്ങളുണ്ടായിരുന്നു. ദേശീയ വോളിബോളിൽ കേരളത്തിന്റെ പ്രതാപകാലത്തെ അടയാളപ്പെടുത്തുന്നു ഇത്.

നമ്മുടെ നാട്ടിൻപുറങ്ങൾ ഒരുകാലത്ത് ആവേശപൂർവം സ്വീകരിച്ച കളിയായിരുന്നു വോളിബോൾ. എന്നാൽ, ക്രിക്കറ്റിന്റെയും മറ്റും വെള്ളിത്തിളക്കത്തിൽ വോളിബോൾ മറവിയിലാണ്ടു. അപ്പോഴും ടൂർണമെന്റുകൾ സംഘടിപ്പിക്കാനും താരങ്ങളെ കണ്ടെത്താനും ചിലരെങ്കിലും വിയർപ്പൊഴുക്കുന്നുണ്ടായിരുന്നു. സർക്കാരിന്റെയോ മറ്റേതെങ്കിലും ഏജൻസികളുടെയോ ഇടപെടലുകളിലൂടെ ജന്മമെടുത്തവയല്ല ഈ വോളിബോൾ ഗ്രാമങ്ങളൊന്നും. കളിയെ സ്നേഹിക്കുന്ന, അതിനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സാധാരണക്കാരുടെ കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും വിജയം കൂടിയാണിത്.

കേരള വോളിബോളിന് ഈ വിജയങ്ങൾ നവ ഊർജം പകരുമെന്നും ഈ ഉണർവ് ഉൾക്കൊണ്ട് യാഥാർഥ്യമാകുന്ന പുതിയ വോളി കളങ്ങളിൽനിന്ന് ആവേശത്തിന്റെ കളിയാരവങ്ങൾ മുഴങ്ങുമെന്നും നമുക്കു പ്രത്യാശിക്കാം. പഴയ ടീമുകൾ പലതും തകരുകയും ടൂർണമെന്റുകൾ മിക്കതും നിലച്ചുപോവുകയും ചെയ്‌തിട്ടും വേരറ്റുപോകാതെ പിടിച്ചുനിൽക്കാൻ വോളിബോളിനു കഴിഞ്ഞത് കേരളത്തിലെ നാട്ടിൻപുറങ്ങളുടെ പിന്തുണ കൊണ്ടുമാത്രമാണ്. കളിയെ വികാരമായി കൊണ്ടുനടക്കുന്ന താരങ്ങളും പരിശീലകരും സംഘാടകരുമുള്ളതാണു കേരളത്തിന്റെ ഭാഗ്യം. നമ്മുടെ വോളിബോൾ കളരികൾക്കു വേണ്ട പിന്തുണ നൽകാനും പരിശീലനത്തിനു മികച്ച സൗകര്യങ്ങൾ ഒരുക്കി നൽകാനും സർക്കാർ തയാറാവണം. പദ്ധതികളും പാരിതോഷികങ്ങളും വെറും പ്രഖ്യാപനത്തിലൊതുങ്ങില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. ഇവരെല്ലാം വിയർപ്പൊഴുക്കുന്നത് കേരളത്തിന്റെ അഭിമാനനേട്ടത്തിനു വേണ്ടിയാണെന്നതു മറക്കാനും പാടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com