sections
MORE

ജീവിതത്തിന്റെ ട്രാക്ക് തെറ്റിക്കരുത്

accidant-during-sports-meet
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണു ഗുരുതരമായി പരുക്കേറ്റ അഫീൽ ജോൺസണെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു. ചിത്രം: മനോരമ.
SHARE

ജയപരാജയങ്ങളുടെ കഥ മാത്രമല്ല ട്രാക്കും ഫീൽഡും കാണികളോടു പറയുന്നത്; കഠിനാധ്വാനത്തിന്റെ വിയർ‌പ്പുണ്ട്, വർഷങ്ങളുടെ കാത്തിരിപ്പുമുണ്ട്. പാലായിൽ സംസ്ഥാന ജൂനിയർ അത്‍ലറ്റിക് മീറ്റിനിടെ വൊളന്റിയറുടെ തലയിൽ ഹാമർ വീണുണ്ടായ അപകടം ഒരു കാര്യംകൂടി ഓർമിപ്പിക്കുന്നു: ജീവന്റെ വില. സുരക്ഷയ്ക്കു പ്രാധാന്യം കൊടുക്കാതെ അത്‍ലറ്റിക് മത്സരങ്ങൾ സംഘടിപ്പിച്ചാൽ എന്തുമാത്രം അപകടമുണ്ടാകാമെന്നതിന്റെ ഒടുവിലത്തേതും ഭീകരവുമായ ഉദാഹരണമാണു പാലായിലെ അഭീൽ എന്ന വിദ്യാർഥി നേരിട്ട ദുരന്തം

പാലായിലെ അപകടത്തെപ്പറ്റി കേട്ടപ്പോൾ എന്റെ മനസ്സ് ഓർമകളുടെ ട്രാക്കിൽ പിന്നിലേക്കോടി. 1993. ഞാൻ സർവീസസിന്റെ ത്രോ പരിശീലകനാണ്. സർവീസസ് ക്യാംപ് പുണെയിലെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്നു. അന്നൊക്കെ എല്ലാ ത്രോ ഇനങ്ങളും ഒരേ ഗ്രൗണ്ടി‍ൽ, ഒരേ സമയത്താണു പരിശീലിപ്പിക്കുന്നത്. ഹാമർ ത്രോയിലെ എന്റെ ശിഷ്യൻമാർ ഊഴംകാത്തുനിന്ന് എറിയുന്നു. ഫീൽഡിൽ വീഴുന്ന ഹാമർ എടുക്കുന്നതെല്ലാം താരങ്ങൾതന്നെ. വൈകുന്നേരമായിരുന്നു പരിശീലനം. മറ്റൊരാളുടെ ത്രോ കഴിഞ്ഞപ്പോൾ ജഗ്‌രാജ് സിങ് എന്ന ട്രെയിനി ഹാമർ എടുക്കാൻവേണ്ടി ഗ്രൗണ്ടിലേക്കിറങ്ങി. ഒരു നിമിഷം. സൂര്യപ്രകാശം കണ്ണിലടിച്ച് ജഗ്‌രാജ് അവിടെ നിന്നുപോയി. മറ്റൊരാൾ എറിഞ്ഞ ഹാമർ നേരെവന്നു വീണത് ജഗ്‌രാജിന്റെ തലയിലാണ്. മടിയിൽ കിടത്തി ജഗ്‌രാജിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ ആ കണ്ണുകളിൽ തെളിഞ്ഞ വേദന ഇന്നും എന്റെ മനസ്സിലുണ്ട്. ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല; അന്നു രാത്രിയിൽ മരിച്ചു.

ട്രാക്കിലോ ഫീൽഡിലോ ഏതൊരു മത്സരം നടത്തുമ്പോഴും ഏറ്റവും പ്രധാനമാണു സുരക്ഷ. ആദ്യം അത്‍ലിറ്റിന്റെ സുരക്ഷ. രണ്ടാമത്, മത്സരം നിയന്ത്രിക്കുന്ന ഒഫീഷ്യലുകളുടെയും സഹായികളായ വൊളന്റിയർമാരുടെയും സുരക്ഷ. മൂന്നാമത്, കാണികളുടെ സുരക്ഷ. മൂന്നിലും ഒരു വിട്ടുവീഴ്ചയും പാടില്ല. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ മത്സരങ്ങൾ നടത്തി ജീവൻ ബലികൊടുത്തിട്ട് എന്തുകാര്യം? ജീവനു പകരമാകില്ല, മെഡലും നഷ്ടപരിഹാരവുമൊന്നും.

രണ്ടു ത്രോ ഇനങ്ങൾ (പ്രത്യേകിച്ച് ഹാമർ ത്രോ, ജാവലിൻ, ഡിസ്കസ് ത്രോ ഇവയിലേതെങ്കിലും രണ്ട്) ഒരേസമയം ഒരിക്കലും നടത്താൻ പാടില്ല. കാരണം, സുരക്ഷയ്ക്ക് ഏറ്റവുമധികം പ്രാധാന്യം കൊടുക്കേണ്ട മത്സരയിനങ്ങളാണ് ഇവ മൂന്നും. ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് ജീവൻതന്നെ നഷ്ടപ്പെട്ടേക്കാമെന്നതിനാൽ അതീവ ജാഗ്രത അത്യാവശ്യം.
മത്സരയിനങ്ങൾ കൂടുമ്പോൾ ചുരുങ്ങിയ ദിവസംകൊണ്ട് തട്ടിക്കൂട്ടി മീറ്റ് പൂർത്തിയാക്കുന്നതു നമ്മുടെ രാജ്യത്തെ സ്ഥിരം പതിവാണ്. അതു പാടില്ല. മത്സരങ്ങൾ ഒന്നോ രണ്ടോ ദിവസംകൂടി നീട്ടിയാലും വേണ്ടില്ല, സുരക്ഷാവീഴ്ച അംഗീകരിക്കാൻ കഴിയില്ല.

പുണെയിൽ 2012ൽ ഇന്റർസോൺ മീറ്റ് നടത്തിയപ്പോഴത്തെ ഒരു സംഭവം ഓർമ വരുന്നു. ഇരുമ്പുകൂടും നെറ്റുമില്ലാതെ ഓപ്പൺ ഫീൽഡിൽ ഹാമർ ത്രോ നടത്താൻ സംഘാടകർ ആവശ്യപ്പെട്ടു. ഞാനായിരുന്നു ടെക്നിക്കൽ ഡെലിഗേറ്റ്. പക്ഷേ, സുരക്ഷാ ക്രമീകരണങ്ങളില്ലാതെ മത്സരം നടത്താൻ പറ്റില്ലെന്നു ഞാനും എനിക്കൊപ്പമുള്ള ഒഫീഷ്യലുകളും വാശിപിടിച്ചു. ഒടുവിൽ, സംഘാടകർ ഇരുമ്പുകൂട് കൊണ്ടുവന്നു. സുരക്ഷാവല കെട്ടാൻ ഞങ്ങളിൽ ചിലർ വലിഞ്ഞു കയറി കഷ്ടപ്പെട്ടു. ഒടുവിൽ, എല്ലാ മാനദണ്ഡങ്ങളും പാലിച്ച് സുരക്ഷിതമായാണു മത്സരം നടത്തിയത്. മത്സരം വേണമെങ്കിൽ മാറ്റിവയ്ക്കാം. പക്ഷേ, ഒരാളുടെ ജീവൻ പോയാൽ അതിനു പകരം മറ്റെന്തു കൊടുക്കാനാണ്?

ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന ഇന്ത്യൻ ടീമിനൊപ്പം ഇപ്പോൾ ദോഹയിലാണു ഞാൻ. കടുത്ത ചൂടിലാണ് ഇവിടെ മാരത്തൺ ഉൾപ്പെടെയുള്ള റോഡ് ഇനങ്ങൾ നടത്തുന്നത്. ചൂടി‍ൽ നടക്കുന്നതിനാൽ അത്‍ലിറ്റുകളുടെ സുരക്ഷയ്ക്കുവേണ്ടി രാജ്യാന്തര നിലവാരത്തിലുള്ള എല്ലാവിധ ക്രമീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇനി, ഏതെങ്കിലും അത്‍ലിറ്റിന് എന്തെങ്കിലും സംഭവിച്ചാലോ? സർവ ഉത്തരവാദിത്തവും ഏറ്റെടുത്തുകൊള്ളാമെന്ന് ഒരാൾ ഒപ്പിട്ടു നൽകിയിട്ടുണ്ട്: ജനറൽ ദാ‌ഹ്‍ലാൻ അൽ ഹമദ്. ഖത്തർ അ‍ത്‍ലറ്റിക് അസോസിയേഷന്റെയും ഏഷ്യൻ അത്‍ലറ്റിക് അസോസിയേഷന്റെയും പ്രസിഡന്റ്. സുപ്രധാന പദവി വഹിക്കുന്നവർ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതു മീറ്റ് നടത്തിപ്പിന്റെ നിലവാരം കൂട്ടും, ഉറപ്പ്.

(ലേഖകൻ ഇന്ത്യൻ അത്‌ലറ്റിക് ടീമിന്റെ ഡപ്യൂട്ടി ചീഫ് കോച്ചും ത്രോ ഇനങ്ങളിലെ മുൻ ഏഷ്യൻ ടെക്നിക്കൽ ഒഫീഷ്യലുമാണ്).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA