ADVERTISEMENT

ദേവലോകത്തു നിന്നുള്ള സ്‌ത്രീ ഭൂമിയിലെ മനുഷ്യനെ വിവാഹം കഴിച്ചു. കല്യാണദിവസം അവൾ ഭർത്താവിന്റെ കയ്യിൽ ഒരു ചെപ്പു കൊടുത്തിട്ടു പറഞ്ഞു: ‘എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിധി ഇതിനകത്തുണ്ട്, സൂക്ഷിച്ചുവയ്‌ക്കണം’. കാലങ്ങൾക്കുശേഷം ഒരിക്കൽ അയാൾ അതു തുറന്നുനോക്കി. അകം ശൂന്യം. ക്ഷുഭിതനായ അയാൾ ഭാര്യയോടു ചോദിച്ചു: ‘ഇത്രയുംനാൾ നീ എന്നെ പറ്റിക്കുകയായിരുന്നോ, ഇതിനകത്ത് ഒന്നുമില്ല’.

അവൾ കരഞ്ഞുകൊണ്ടുപറഞ്ഞു: ‘ഞാൻ വരുന്നതു മേഘങ്ങളിൽ നിന്നല്ലേ. യാത്ര പറയുമ്പോൾ വീട്ടുകാർ ആകാശത്തിന്റെ ഒരു കഷണം മുറിച്ച് ചെപ്പിനകത്താക്കി തന്നതാണ്... എന്നുമുതലാണ് എന്റെ ആകാശം താങ്കൾക്കു ശൂന്യമായി തോന്നാൻ തുടങ്ങിയത്?’സ്വന്തം വൈകാരികതയുടെയും അനുഭവങ്ങളുടെയും പ്രതലത്തിൽ നിന്നാണ് എല്ലാവരും തങ്ങളുടെ ആകാശം മെനയുന്നത്. അത് മറ്റുള്ളവർക്ക് അപ്രധാനവും അസംബന്ധവുമായി തോന്നിയേക്കാം. അപരന്റെ ആകാശങ്ങളെ തിരിച്ചറിയാനും അവർ കൊണ്ടുനടക്കുന്ന അതേ തീക്ഷ്‌ണതയോടെ അവയെ സമീപിക്കാനും കഴിയണം.

താൻ സമ്മാനം വാങ്ങുന്നിടത്ത് അച്ഛനും അമ്മയും ഉണ്ടാകണമെന്നു വാശിപിടിക്കുന്ന കുട്ടിയും മരണക്കിടക്കയിലെങ്കിലും മക്കളെ ഒരുമിച്ചു കാണണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കളും സ്വന്തം വൈകാരിക സ്വപ്നങ്ങൾക്കു നിറം കൊടുക്കാൻ ശ്രമിക്കുകയാണ്. സ്വയം നിർമിക്കുന്ന ആകാശങ്ങളുടെയും അവയിൽ വിരിയുന്ന മഴവില്ലുകളുടെയും മനോഹര ലോകത്താണ് ഓരോരുത്തരും തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com