sections
MORE

ആശങ്ക പകരുന്ന ആർസിഇപി കരാർ; ക്ഷീരമേഖലയെ വീഴ്ത്തും

dairy-milk-cow
പ്രതീകാത്മക ചിത്രം
SHARE

ഈ വർഷാവസാനം നിലവിൽ വരുമെന്നു കരുതുന്ന ആർസിഇപി (മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്തം) കരാർ സൃഷ്‌ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയുള്ള ആശങ്ക വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നു. വ്യാപാര മേഖലയേക്കാൾ കാർഷിക അനുബന്ധ മേഖലകളിൽ നിന്നാണ് ഏറെയും ശബ്‌ദമുയരുന്നത്. വ്യാപാര സാധ്യതകൾക്ക് ഊന്നൽ നൽകുമ്പോൾ, കാർഷിക ഉപജീവന മാർഗങ്ങളുടെ തകർച്ചയുണ്ടാകുമെന്ന ഭീതി തന്നെയാണ് ഈ മുറവിളികൾക്ക് ആധാരം

ബൗദ്ധിക സ്വത്തവകാശം, വിദേശ നിക്ഷേപം, ഉദാരവൽക്കരിക്കപ്പെട്ട തീരുവാരഹിതമായ ഇറക്കുമതി എന്നിവയാണു കരാറിന്റെ മുഖ്യ ഘടകങ്ങൾ. ഇവയിൽ തീരുവ സംബന്ധിച്ച ഉപാധികളാണ് ഇന്ത്യൻ കാർഷിക മേഖലയിൽ ഏറെ പ്രസക്തമാകുന്നത്. സുഗന്ധവിളകൾ മുതൽ പാലുൽപന്നങ്ങൾ വരെ വലിയ പ്രതിസന്ധി നേരിടുവാൻ സാധ്യതയുണ്ട്. ഒരു ഉദാഹരണം എന്നനിലയിൽ ക്ഷീരമേഖലയിൽ ഈ കരാർ സൃഷ്‌ടിക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ പരിശോധിക്കാം.

ഇന്ത്യയിലെ ക്ഷീര വിപ്ലവം

പാലുൽപാദനത്തിൽ ഇന്ത്യ ഇന്നു ലോകത്ത് ഒന്നാം സ്ഥാനത്താണ്. ധവള വിപ്ലവത്തിന്റെ ആരംഭം മുതൽ ക്ഷീരോൽപന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്‌തിരുന്നു. 1993 വരെ ഇതു വർധിച്ചതോതിൽ തുടർന്നുവന്നു. 1993 മുതൽ 99 വരെ കയറ്റുമതി – ഇറക്കുമതി ഏതാണ്ട് സന്തുലിതമാവുകയും 2000 ആയപ്പോൾ ഇന്ത്യ കയറ്റുമതി രാജ്യമായി മാറുകയും ചെയ്‌തു. എന്നിരിക്കിലും ലോകക്ഷീര കയറ്റുമതി രംഗത്ത് ഇന്ത്യയുടെ വിഹിതം നാമമാത്രമാണ്.

വികസിത രാജ്യങ്ങളിലെ പാലുൽപാദന രീതിയിൽ നിന്നു തുലോം വിഭിന്നമാണ് ഇന്ത്യയിലേത്. വൻകിട ഡെയറി ഫാമുകൾ കേന്ദ്രീകരിച്ച്, അത്യുൽപാദനശേഷിയുള്ള ഉരുക്കളെ വളർത്തി, അത്യാധുനിക യന്ത്രസംവിധാനങ്ങളോടെയാണ് വികസിത രാജ്യങ്ങൾ പാൽ ഉൽപാദിപ്പിക്കുന്നത്. വലിയതോതിലുള്ള സർക്കാർ സബ്‌സിഡികളും അവർക്കു ലഭിക്കുന്നു. ഇന്ത്യയിലാകട്ടെ ചിന്നിച്ചിതറിക്കിടക്കുന്ന ഗ്രാമങ്ങളിലെ കോടിക്കണക്കിനു കർഷകരുടെ പുരയിടങ്ങളിലും കൃഷിയിടങ്ങളിലും നിന്നാണു പാൽ ശേഖരിക്കുന്നത്. ഓസ്‌ട്രേലിയയിൽ 12000, ന്യൂസീലൻഡിൽ 6300 എന്നിങ്ങനെയാണ് ക്ഷീരകർഷകരുടെ എണ്ണമെങ്കിൽ ഇന്ത്യയിൽ ക്ഷീരകർഷകർ 15 കോടിയിലധികം വരും.

ആർസിഇപി കരാറിന്റെ പരിധിയിൽ വരുന്ന ന്യൂസീലൻഡ് ആഭ്യന്തര ഉൽപാദനത്തിന്റെ 86 ശതമാനവും കയറ്റുമതി ചെയ്യുമ്പോൾ, ഇന്ത്യ കയറ്റി അയയ്‌ക്കുന്നത് ഉൽപാദനത്തിന്റെ 0.3 ശതമാനം മാത്രമാണ്. ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപാദക രാജ്യമാണ് ഇന്ത്യ എന്നതിനൊപ്പം, ലോകത്തിലെ ഏറ്റവും വലിയ പാൽ ഉപഭോക്തൃ രാജ്യവും ഇന്ത്യ തന്നെ. ഈ വിപണിയിൽ കണ്ണുവയ്‌ക്കുന്ന വികസിത രാജ്യങ്ങളിലെ വമ്പൻ ഡെയറി കമ്പനികളോടു മൽസരിക്കേണ്ടത് ഇന്ത്യയിലെ ദരിദ്രനാരായണൻമാരായ 15 കോടി ക്ഷീരകർഷകരാണ്.

ഇറക്കുമതി അനുവദിച്ചാൽ

വികസിത രാജ്യങ്ങൾ ഏതുകാലത്തും നേരിടുന്ന വൻ പ്രതിസന്ധികളിലൊന്നാണു പാൽ രംഗത്തെ അമിത ഉൽപാദനം. പാൽ വളരെ വേഗത്തിൽ കേടാകുന്ന ഭക്ഷ്യവസ്തു ആയതിനാൽ അമിത ഉൽപാദനം വിലത്തകർച്ചയ്‌ക്കും കാരണമാകും. പാൽപ്പൊടിയാക്കി കുറച്ചുകാലത്തേക്കു സൂക്ഷിച്ചു വയ്‌ക്കുകയെന്നതാണു താൽക്കാലിക പരിഹാരം. ചിലപ്പോൾ ഇതും ഫലിക്കില്ല. ഉൽപാദനം കുറയ്‌ക്കാൻ നിർബന്ധിത ക്വാട്ട സമ്പ്രദായംപോലും രാജ്യങ്ങൾ പ്രയോഗിക്കാറുണ്ട്. ഏതാനും വർഷങ്ങളായി രാജ്യാന്തര തലത്തിൽ ഈ പ്രശ്‌നം നിലനിൽക്കുന്നുണ്ട്.
രാജ്യാന്തര വിപണിയിൽ കൊഴുപ്പ് നീക്കിയ പാൽപ്പൊടിയുടെ വില 150 രൂപ മാത്രമാണ്.

എന്നാൽ ആഭ്യന്തര വിപണിയിൽ വില സെപ്‌റ്റംബർ മാസത്തിൽ 300 രൂപയ്‌ക്കു മുകളിലാണ്. സ്വതന്ത്ര ഇറക്കുമതി അനുവദിക്കുന്ന സാഹചര്യമാണെങ്കിൽ ഇന്ത്യൻ വിപണിയിലേക്കു പാൽപ്പൊടിയുടെ കുത്തൊഴുക്കു തന്നെ പ്രതീക്ഷിക്കാം. പാൽപ്പൊടി വില 150 രൂപ എന്ന നിലയിൽ കണക്കാക്കിയാൽ, അതിൽ നിന്ന് ഉൽപാദിപ്പിക്കുന്ന പാലിന് ലീറ്ററിന്റെ വില 20 രൂപയിൽ താഴെ മാത്രമായിരിക്കും. ആ വിലയിൽ പാൽപ്പൊടി ഇറക്കുമതി നടന്നാൽ കേരളത്തിലെ സൊസൈറ്റികളിൽ പാൽ നൽകുന്ന കർഷകരുടെ അവസ്ഥ എന്താകും?

കേരളത്തിലെ സാഹചര്യം

കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ പാൽ എന്നതു നാമമാത്ര ചെറുകിട കർഷകന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപവരുമാന സ്രോതസ്സാണ്. തോട്ടം മേഖലയിൽ തിരിച്ചടി നേരിട്ട കാലത്തെല്ലാം, നിത്യജീവിതത്തിന് ആലംബമായത് പാൽ ആയിരുന്നു. ഉൽപാദിപ്പിക്കപ്പെടുന്ന മുഴുവൻ പാലും സംഭരിക്കാനും വിറ്റഴിക്കാനുമുള്ള സാഹചര്യം നമുക്കിന്നു ലഭ്യമാണ്. പാൽ വിലയുടെ കാര്യത്തിൽ സർക്കാർ–സഹകരണ മേഖല നൽകുന്ന സുരക്ഷിതത്വം ഇന്നു കർഷകനു ലഭിക്കുന്നുണ്ട്. ഒരിക്കൽ പുനർനിർണയിക്കപ്പെട്ട പാൽവില, ഒരു സാഹചര്യത്തിലും താഴോട്ടു പോകാറുമില്ല. വിൽപന വിലയുടെ 70% കർഷകർക്ക് ഇപ്പോൾ പാൽ വിലയായി ലഭിക്കുന്നുണ്ട്. ഈ നിലയിൽ സ്ഥിരതയുള്ള പാൽ ഉൽപാദന മേഖലയെ തകർക്കുക എന്നത് ഒരു നിലയിലും ന്യായീകരിക്കാൻ കഴിയുന്ന ഒന്നല്ല.

രാജ്യാന്തര വിപണി അന്യം

നേരെമറിച്ച്, രാജ്യാന്തര വിപണിയിൽ നമ്മുടെ പാൽ ഉൽപന്നങ്ങൾ വിറ്റഴിച്ച് വിദേശവിനിമയം നേടുക എന്നതു പ്രായേണ അസാധ്യമാണ്. വിദേശ രാജ്യങ്ങൾ സൃഷ്‌ടിക്കുന്ന ഗുണമേൻമാ കടമ്പകളാണ് അതിനു മുഖ്യകാരണം. യന്ത്രം ഉപയോഗിക്കാത്ത കറവ മുതൽ എരുമയെ വന്യമൃഗമായി കാണുന്നതു വരെയുള്ള പ്രതിബന്ധങ്ങൾ വിദേശികൾ ഉന്നയിക്കാറുണ്ട്. ആന്റിബയോട്ടിക് അവശിഷ്ടങ്ങൾ, ഫാം തല സാക്ഷ്യപ്പെടുത്തൽ, സംഭരണ സ്രോതസ് അറിയാനുള്ള മാർഗം തുടങ്ങിയ നൂലാമാലകൾ സൃഷ്‌ടിച്ച് വിപണി തടസ്സപ്പെടുത്തൽ പ്രതീക്ഷിക്കുകയും ചെയ്യാം. ഏതാനും വർഷങ്ങളിലെ വിലനിലവാരം നോക്കുമ്പോൾ ഇന്ത്യയിലെ ആഭ്യന്തര വിലയാണ് രാജ്യാന്തര വിലയേക്കാൾ ഉയർന്നു നിൽക്കുന്നത്. കയറ്റുമതി ചെയ്യുന്നത് ആ നിലയിൽ തന്നെ അപ്രായോഗികമാണ്.

പ്രതിസന്ധി മുൻപും

പാൽ വിപണിയിലെ പ്രതിസന്ധിയെ സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ആദ്യ ദശകത്തിൽ തന്നെ നാം നേരിട്ടത്, ക്ഷീരവിപ്ലവത്തിന്റെ പിതാവായ ഡോ. വർഗീസ് കുര്യന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. 1960 കളിൽ വികസിത രാജ്യങ്ങളിൽ പാൽ ഉൽപന്നങ്ങൾ കുന്നുകൂടി. എന്നാൽ ഇന്ത്യയിലാകട്ടെ അക്കാലത്ത് രൂക്ഷമായ പാൽ ക്ഷാമം നിലനിന്നിരുന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ബോംബെയിലും കൽക്കട്ടയിലും നേരാംവണ്ണം പാൽ ലഭ്യത ഉറപ്പാക്കാൻ കഴിയാത്തതു മൂലം മലിനമായ വെള്ളം കലർന്ന പാലാണു വിതരണം ചെയ്തിരുന്നത്. ഈ സാഹചര്യം ഡോ. വർഗീസ് കുര്യനിൽ ആശങ്ക ജനിപ്പിച്ചു.

ഏതെങ്കിലുമൊരു ദിവസം ദയാലുവായ സായിപ്പ് സൗജന്യമായി പാൽപ്പൊടി ഇന്ത്യയ്‌ക്കു നൽകാൻ തയാറായാൽ അതു സ്വാഭാവികമായും സ്വീകരിക്കപ്പെടും. നഗരത്തിലെ പാൽ ലഭ്യത ഉറപ്പാക്കാനായുള്ള വ്യഗ്രതയിൽ സൗജന്യ ഇറക്കുമതി ന്യായീകരിക്കപ്പെടുകയും ചെയ്യും. പക്ഷേ, അത് ഇന്ത്യൻ കർഷകരുടെ താൽപര്യത്തെ ഹനിക്കുമെന്ന് ഡോ. വർഗീസ് കുര്യൻ തിരിച്ചറിഞ്ഞു. അദ്ദേഹം സ്വതന്ത്ര–സൗജന്യ ഇറക്കുമതിയെ എതിർത്തു. ഒരു കേന്ദ്ര ഏജൻസി എന്ന നിലയിൽ നാഷനൽ ഡെയറി ഡവലപ്‌മെന്റ് ബോർഡിലേക്ക് പാലുൽപന്നങ്ങൾ ഇറക്കുമതി ചെയ്‌തു. പിന്നീട് അതിനെ ദ്രവരൂപത്തിലുള്ള പാലാക്കി മാറ്റി, കൃഷിക്കാരുടെ ഉൽപന്നങ്ങളുടെ അതേ വിലയ്‌ക്ക് മഹാനഗരങ്ങളിൽ വിറ്റഴിച്ചു. ഇന്ത്യൻ ക്ഷീരവിപ്ലവത്തിന്റെ തുടക്കം അവിടെനിന്നാണ്. വിറ്റഴിക്കപ്പെട്ട പാലുൽപന്നങ്ങളുടെ വിലയാണ് പിന്നീടുള്ള ‘ഓപ്പറേഷൻ ഫ്ലഡ്’ പദ്ധതികളുടെ ആദ്യ മൂലധനമായത്.

ആ ആർജവത്തിലും ക്രാന്തദർശിത്വത്തിലും നിന്നാണു നമ്മുടെ ക്ഷീരമേഖല ഇന്നു കാണുന്ന നിലയിലേക്കു വളർന്നത്. നിരാലംബരായ കോടിക്കണക്കിനു കർഷകരുടെ ആശ്രയമായത്. അവധാനതയോടെ കൈകാര്യം ചെയ്‌തില്ലെങ്കിൽ അവതാളത്തിലാകുന്നത് ഭാരതത്തിന്റെ ഗ്രാമീണ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വരുമാന മാർഗമാണ്. വാണിജ്യ കരാറുകളെപ്പറ്റി ഒന്നുമറിയാത്തവരാണു നിരക്ഷരരായ ഈ ഗ്രാമവാസികൾ. കാലിയെ പോറ്റുകയും നിത്യജീവിതം കഴിക്കുകയും ചെയ്യുന്ന ഇവരുടെ സേവനം മാനിക്കപ്പെടേണ്ടത് പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാണ്. ഇതര കാർഷികരംഗങ്ങളുടെ സ്ഥിതിയും വ്യത്യസ്തമാകാൻ വഴിയില്ല. സംശയം വേണ്ട, വാണിജ്യ കരാറുകളെ ഭയപ്പാടോടെ നോക്കുന്നത് കർഷകർ തന്നെയാണ്. അവരുടെ ആശങ്കകൾ ദൂരീകരിക്കേണ്ടത് അനിവാര്യവുമാണ്.

സ്വതന്ത്ര വാണിജ്യകരാർ

16 രാജ്യങ്ങൾ പങ്കാളികളായുള്ള ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരക്കരാറാണ് ആർസിഇപി (റീജനൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്നർഷിപ്).
ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളുമായുള്ള ആസിയാന്റെ ഈ സാമ്പത്തിക പങ്കാളിത്തക്കരാർ യാഥാർഥ്യമാ‍യാൽ, ഇറക്കുമതിത്തീരുവ ഇല്ലാതെയാകുന്നതുൾപ്പെടെ വമ്പിച്ച മാറ്റങ്ങളാകും നടപ്പിലാവുക.

(കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയിലെ ഡെയറി സയൻസ് ഫാക്കൽറ്റി ഡീൻ ആണു ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA