ADVERTISEMENT

കായികരംഗത്തെ ജാഗ്രതക്കുറവിന്റെയും പിടിപ്പുകേടിന്റെയും ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് അഭീൽ ജോൺസൺ എന്ന സ്കൂൾ വിദ്യാർഥിക്കു സംഭവിച്ച അപകടം. പാലായിൽ സംസ്ഥാന ജൂനിയർ അത്‍ലറ്റിക് ചാംപ്യൻഷിപ്പിനിടെ ഹാമർ തലയിൽ വീണുണ്ടായ അപകടം തകർത്തത് ആ കൗമാര കായികതാരത്തിന്റെ സ്വപ്നങ്ങളെ മാത്രമല്ല; സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചും ചിട്ടയായ ക്രമത്തിലുമാണു സംസ്ഥാനത്തെ കായികമേളകൾ സംഘടിപ്പിക്കുന്നതെന്ന ധാരണയെക്കൂടിയാണ്.

ജൂനിയർ മീറ്റിൽ ഹാമർ ത്രോ നടക്കുന്നതിനിടെയുണ്ടായ അപകടത്തിനു ന്യായീകരണങ്ങളില്ല. ലോകത്ത് എവിടെയായാലും, അത്‍ലറ്റിക് മത്സരങ്ങൾ സംഘടിപ്പിക്കുമ്പോൾ ഇത്തരം സംഭവങ്ങൾ നടന്നുകൂടാത്തതാണ്. അപകടം ഒഴിവാക്കുന്നതിനുവേണ്ട ക്രമീകരണങ്ങൾ ചെയ്യാതിരുന്നതിലെ നിരുത്തരവാദിത്തം വ്യക്തമാണ്. അപകടം സംഭവിച്ചതെങ്ങനെയെന്നു കണ്ടുപിടിക്കാൻ സർക്കാരും അ‍ത്‍ലറ്റിക് അസോസിയേഷനും അന്വേഷണ സമിതികളെ നിയോഗിച്ചിട്ടുണ്ട്. റിപ്പോർട്ടിലെ വിവരങ്ങൾവച്ച് കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി ഉണ്ടാകണം.

മറ്റു കായികയിനങ്ങളെ അപേക്ഷിച്ച് താരതമ്യേന അപകടസാധ്യത കുറഞ്ഞവയാണു ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങൾ. കായിക മത്സരങ്ങൾക്കിടെയുണ്ടാകുന്ന അപകടങ്ങളുടെ കണക്കെടുത്താൽ ആയോധന കലകൾ, ഫുട്ബോൾ, റഗ്ബി, കാറോട്ടം, ബൈക്ക് റേസ് എന്നിവയ്ക്കു പിന്നിൽ മാത്രമേ അത്‍ലറ്റിക്സ് വരികയുള്ളൂ. എങ്കിലും, അത്‍ലറ്റിക്സിലെ ത്രോ മത്സരങ്ങൾ (ജാവലിൻ, ഹാമർ, ഡിസ്കസ്, ഷോട്പുട്ട്) അപകടസാധ്യതയിൽ മുന്നിൽ നി‍ൽക്കുന്നവയാണ്. ത്രോ ഇനങ്ങൾ നടക്കുന്നതിനിടെയാണു പാലായിൽ അപകടം സംഭവിച്ചതും.
അത്‍ലറ്റിക്സിലെ നിയമനിർമാണത്തിനു ചുക്കാൻ പിടിക്കുന്ന രാജ്യാന്തര അത്‍ലറ്റിക് ഫെഡറേഷൻ ട്രാക്ക്, ഫീൽഡ് മത്സരങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചു വ്യക്തമായി നിർദേശങ്ങൾ നൽകാറുണ്ട്. പരിശീലകർ, മത്സരം നിയന്ത്രിക്കുന്ന റഫറിമാർ എന്നിവർക്കുള്ള പരിശീലന പരിപാടികളിലെ പ്രധാന അജൻഡതന്നെ അത്‍ലറ്റിക് മത്സരങ്ങളിൽ പാലിക്കേണ്ട സുരക്ഷയാണ്.

ഏറ്റവും പ്രധാനം മത്സരിക്കുന്ന അത്‍ലീറ്റിന്റെ സുരക്ഷ തന്നെ. മത്സരം നിയന്ത്രിക്കുന്ന ഒഫീഷ്യൽ, സഹായിക്കുന്ന വൊളന്റിയർമാർ എന്നിവരുടെ സുരക്ഷയാണു പിന്നീടു വരുന്നത്. കാണികളുടെ സുരക്ഷയാണു മൂന്നാമത്. ഈ മൂന്നിനും കോട്ടംതട്ടുന്ന ഏതെങ്കിലും ഘടകമുണ്ടെങ്കിൽ മത്സരം ഉപേക്ഷിക്കുകയോ നിർത്തിവയ്ക്കുകയോ ചെയ്യാൻ സംഘാടകർക്ക് ഉത്തരവാദിത്തമുണ്ട്; അധികാരവുമുണ്ട്. ഇനി നടക്കുന്ന മീറ്റുകളിലെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അസോസിയേഷൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തുകതന്നെ വേണം.

ബോക്സിങ്, ക്രിക്കറ്റ്, റഗ്ബി, ഫുട്ബോൾ, ഫെൻസിങ്, ഗോൾഫ് തുടങ്ങി ലോകത്തിലെ പ്രമുഖ കായികവിനോദങ്ങളിലെല്ലാം സുരക്ഷയ്ക്കു കൃത്യമായ മാനദണ്ഡങ്ങൾ നിലവിലുണ്ട്. ഗോൾഫിന്റെ സുരക്ഷയ്ക്കായി പാലിച്ചുപോരുന്ന നടപടിക്രമങ്ങൾ അത്‌ലറ്റിക്സിലെ ത്രോ ഇനങ്ങൾക്കും മാതൃകയാക്കാവുന്നതാണ്. ഗോൾഫ് കളി നടക്കുന്ന ഫെയർവേയിൽ ആരും ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്ന സുരക്ഷാനടപടിയുണ്ട്. പന്ത് ഓരോ തവണയും അടിച്ചു വിടുംമുൻപ് ‘ഫോർ’ എന്നുറക്കെ വിളിച്ചുപറയണമെന്നാണു ചട്ടം. പന്തിന്റെ സഞ്ചാരപാതയിൽനിന്ന് എല്ലാവരും മാറിനിൽക്കാനുള്ള മുന്നറിയിപ്പാണിത്. ത്രോ ഇനങ്ങളിൽ ഇത്തരമൊരു സുരക്ഷാനടപടി അനിവാര്യമാണെന്നാണ് അഭീൽ ജോൺസണു സംഭവിച്ച അപകടം ഓർമിപ്പിക്കുന്നത്.

പാലായിലെ അപകടം മുന്നറിയിപ്പായി കണ്ട് ഇനി അത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾക്കു മുൻകയ്യെടുക്കുക എന്നതാണു കേരളത്തിലെ കായിക ഭരണകർത്താക്കളുടെയും സംഘാടകരുടെയും മുഖ്യ ചുമതല. സംസ്ഥാനത്ത് ഉപജില്ലാതലം മുതൽ സ്കൂൾ കായികമേളകൾ നടക്കുന്ന സമയമാണിത്. കായികാധ്യാപകരുടെ സമരം മൂലം പലയിടത്തും ചടങ്ങിനെന്നപോലെ അതിവേഗത്തിൽ തട്ടിക്കൂട്ടിയാണു മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിനിടയിൽ കുട്ടികൾക്ക് അപകടങ്ങളുണ്ടാകാനുള്ള സാധ്യതയേറെയാണ്.

അതുകൊണ്ടുതന്നെ, ഇത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെടേണ്ടതുണ്ട്. സംസ്ഥാന സ്കൂൾ കായികമേളയ്ക്കു കുട്ടിവൊളന്റിയർമാരെ നിയോഗിക്കില്ലെന്ന വകുപ്പിന്റെ പ്രഖ്യാപനം പ്രതീക്ഷ നൽകുന്നതാണ്. അതിനുമുൻപു നടക്കുന്ന ഉപജില്ലാ, ജില്ലാ മേളകളിലും സുരക്ഷയ്ക്കു പ്രാധാന്യം കൊടുക്കാൻ അധികാരികൾ ഉടൻ രംഗത്തിറങ്ങിയേതീരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com