ADVERTISEMENT

കടലോരത്തെ ആ ജീവികളെല്ലാം തിര വരുമ്പോൾ പാറക്കെട്ടുകളിൽ അള്ളിപ്പിടിച്ചു കിടക്കും. ഒരു ജീവിക്കു മാത്രം ഈ ശീലം ഇഷ്‌ടപ്പെട്ടില്ല. അവൻ പറഞ്ഞു, ‘ഞാൻ മടുത്തു. ജനിച്ചപ്പോൾ മുതൽ ഇതേ പണി. തിരമാലയ്ക്കൊപ്പം പോയാൽ എന്താണു കുഴപ്പം?’ കൂടെയുള്ളവർ എതിർത്തു, ‘തിര വരുമ്പോൾ പിടിച്ചു നിൽക്കാതിരുന്നാൽ പാറക്കെട്ടുകളിൽ തലതല്ലി മരിക്കും’.

അവൻ അതു കേൾക്കാതെ അടുത്ത തിരയ്‌ക്കൊപ്പം യാത്ര ചെയ്‌ത് കടലിന്റെ ഇതുവരെ കാണാത്തൊരു തീരത്തെത്തി. അവിടെയുള്ള ജീവികൾ അദ്ഭുതത്തോടെ പറഞ്ഞു, ഒരു പുതിയ ജീവി വന്നിട്ടുണ്ട്. നമ്മെപ്പോലെ തന്നെയാണെങ്കിലും അവൻ പറക്കുന്നു. ഇവൻ നമ്മുടെ രക്ഷകനായിരിക്കും! അവൻ പറഞ്ഞു, ഞാൻ രക്ഷകനൊന്നുമല്ല; തിരകൾക്കൊപ്പം സഞ്ചരിച്ച് എത്തിയതാണ്. നമ്മുടെ ജീവിതം പര്യടനത്തിനും സാഹസികതയ്‌ക്കും വേണ്ടിയുള്ളതാണ്. നിങ്ങളെന്തിനാണ് ഇവിടെത്തന്നെ കിടക്കുന്നത്? അപ്പോഴേക്കും അടുത്ത തിരയ്ക്കൊപ്പം അവൻ യാത്രയായി.

ഒരേ കാഴ്‌ചകളും ഒരേ അനുഭവങ്ങളുമാണ് ജീവിതത്തിന്റെ സാധ്യതകളെയും സാഹസികതയെയും ഇല്ലാതാക്കുന്നത്. ഒന്നിലും ഒരു പുതുമയും പരീക്ഷിക്കാത്തവർ തങ്ങൾക്കും മറ്റുള്ളവർക്കും ബാധ്യതയായിരിക്കും. തങ്ങൾ ചെയ്യുന്നതും ശീലിച്ചതും മാത്രമാണു ശരിയെന്നും മറ്റെല്ലാം അപകടങ്ങളിലേക്കുള്ള വഴികളാണെന്നും വിശ്വസിക്കുന്നവരുടെ നിർബന്ധങ്ങളാണ് തലമുറകളെപ്പോലും ബലഹീനരും കഴിവില്ലാത്തവരുമാക്കുന്നത്. ശരികൾ പലതുണ്ടാകും; അവയെ പരീക്ഷിച്ചറിയണമെന്നു മാത്രം.

കീഴ്‌വഴക്കങ്ങൾ അടിമത്തത്തിലേക്കുള്ള വാതായനമാകരുത്. മറ്റുള്ളവർ പറയുന്നതു മാത്രം കേട്ടു ജീവിക്കുന്നവർക്ക് ഒരു സാഹസികതയും അനുഭവിക്കാനാകില്ല. വളർച്ചയ്‌ക്കനുസരിച്ചുള്ള വിവേകം ഇല്ലെങ്കിൽ ആരുടെയെങ്കിലുമൊക്കെ ആജ്ഞാനുവർത്തികൾ മാത്രമായി ജീവിതം അവസാനിപ്പിക്കേണ്ടിവരും. എടുത്തെറിയപ്പെടുന്നതെല്ലാം ദുരന്തത്തിലേക്കാവില്ല. കുറച്ചുദൂരം സഞ്ചരിക്കാനുള്ള ക്ഷമയും ധൈര്യവും കാണിച്ചാൽ ആരും ചെന്നെത്താത്ത അദ്ഭുതദ്വീപുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com