അത്ര ‘നീറ്റ് ’അല്ല നീറ്റ് പരീക്ഷ!

exam-neet2
SHARE

തട്ടിപ്പിലൂടെ മെഡിക്കൽ പ്രവേശനം നേടിയ 4 വിദ്യാർഥികളെയും അവരുടെ പിതാക്കന്മാരെയും മാത്രം പ്രതികളാക്കി ‌തമിഴ്നാട്ടിലെ നീറ്റ് ക്രമക്കേടു കേസ് അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച് സിഐഡി നീക്കം. ‌ഇടനിലക്കാരെയും പരീക്ഷ എഴുതിയ അപരന്മാരെയും പിടികൂടിയിട്ടുമില്ല. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് കള്ളനാണയങ്ങളേറുകയാണോ ? മനോരമ ലേഖകരുടെ അന്വേഷണപരമ്പര ഇന്നുമുതൽ.

നായകന്റെ ഡബിൾ റോൾ കൊണ്ടു ‘ഞെട്ടിച്ച’ പഴയകാല മലയാള സിനിമകളെക്കുറിച്ചൊരു തമാശയുണ്ട്. രണ്ടു കഥാപാത്രങ്ങളും തമ്മിലുള്ള വ്യത്യാസം മുഖത്തെ ഒരു മറുകായിരിക്കും. ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ ‘നീറ്റി’ൽ അത്തരമൊരു സൂത്രവിദ്യ ചെലവാകുമെന്നു വന്നാലോ?

‘നീറ്റി’ൽ ആൾമാറാട്ടം നടത്തി തമിഴ്നാട്ടിൽ അറസ്റ്റിലായ പ്രവീൺ ശരവണന്റെ തട്ടിപ്പിന്റെ രീതി നോക്കാം.

∙ വിലാസം 1: 61/46, അരുമ്പാക്കം, റസാഖ് ഗാർഡൻ മെയിൻ റോഡ്, ചെന്നൈ– 106. അച്ഛൻ: എസ്. ശരവണൻ. അമ്മ: ശോഭശരവണൻ (പേ‌രുകൾക്കിടയിൽ അകലമില്ല)
∙വിലാസം 2: 46, എസ്.ആർ.റാസാ ഗാർഡൻ, അരുമ്പാക്കം (വാസന്തി ആശുപ‌ത്രിക്കു സമീപം), ചെന്നൈ - 106. അച്ഛൻ: എ.കെ.എസ്. ശരവണൻ. അമ്മ: എസ്.ശോഭ.

ആൾമാറാട്ടം നടത്തി ചെന്നൈ എസ്ആർഎം മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ പ്ര‌വീണും അപരനായി പരീക്ഷയെഴുതിയ ആളും നൽകിയ വിലാസങ്ങളാണിത്. എവിടെയും പിടിക്കപ്പെട്ടില്ല. പ്രവീൺ ചെന്നൈ ആവഡിയിലും അപരൻ ഡൽഹി പീതംപുരയിലും നീറ്റ് എഴുതി. പ്രവീണിനു 130 മാർക്ക്, അപരനു 348. അപരൻ കൗൺസലിങ്ങിനു ഹാജരായി. പ്രവീൺ മെഡിക്കൽ കോളജിൽ ചേർന്നു. തേനി മെഡിക്കൽ കോളജ് ഡീനിനു വന്ന ആ അജ്ഞാത ഇമെയിൽ സന്ദേശത്തെത്തുടർന്നുള്ള വ്യാപക അന്വേഷണമില്ലായിരുന്നെങ്കിൽ പിടിക്കപ്പെടാതെ പ്രവീണും ഡോക്ടറാകുമായിരുന്നു!

തട്ടിപ്പിനും ചോയ്സ്

തട്ടിപ്പിന് പ്രവീൺ ഉൾപ്പെടെ 5 വിദ്യാർഥികളെയാണ് തമിഴ്നാട് ക്രൈംബ്രാഞ്ച് സിഐഡി സംഘം പിടികൂടിയത്. ഒരാളെ വിട്ടയച്ചു. രണ്ടു തരത്തിലായിരുന്നു തട്ടിപ്പ്– 1) ആൾമാറാട്ടം, 2) നീറ്റ് മാർക്ക്ഷീറ്റിൽ തിരുത്ത്.

∙ ഉദിത് സൂര്യ (തേനി ഗവ. മെഡിക്കൽ കോളജ്): നീറ്റ് എഴുതിയില്ല. അപരൻ മഹാരാഷ്ട്രയിൽ എഴുതി. കൗൺസലിങ്ങിനു ഹാജരായതും ആദ്യ ദിനം ക്ലാസിൽ പോയതും അപരൻ. പിറ്റേന്നു മുതൽ ഉദിത് സൂര്യ ക്ലാസിൽ പോയിത്തുടങ്ങി.

∙ രാഹുൽ ഡേവിസ് (ചെന്നൈ ശ്രീ ബാലാജി മെഡിക്കൽ കോളജ്): തട്ടിപ്പു നടത്തിയവരിലെ മലയാളി; സ്വദേശം തൃശൂർ; താമസം ചെന്നൈയിൽ. തട്ടിപ്പു പ്രവീണിന്റെ മാതൃകയിൽ തന്നെ. രാഹുൽ കോയമ്പത്തൂരിലും അപരൻ ലക്നൗവിലും പരീ‌ക്ഷയെഴുതി. രാഹുലിനു 125 മാർക്ക്, അപരനു 306. രാഹുൽ അപേക്ഷാ ഫോമിൽ പിതാവിന്റെ പേരായി എഴുതിയത് സി.എ.ഡേവിസ്. അമ്മയുടെ പേ‌‌ര് നാൻസി ഡേവിസ്. അപരന്റെ ഫോമിൽ ഇതു ഡേവിസ്‌ സി.എ.യും നാൻസിഡേവിസുമായി (പേ‌രുകൾക്കിടയിൽ അകലമില്ലാതെ). കൗൺസലിങ്ങിനും പ്രവേശനത്തിനും ഹാജരായതു രാഹുൽ. അപരന്റെ ഫോട്ടോയായിരുന്നു നീറ്റ് അഡ്മിറ്റ് കാർഡിലെങ്കിലും തട്ടിപ്പു കണ്ടെത്തിയില്ല.

∙ മുഹമ്മദ് ഇർഫാൻ (ധർമപുരി ഗവ. മെഡിക്കൽ കോളജ്): നീറ്റ് സ്കോർ 207; ഇതു 407 ആയി തിരുത്തി. ‌അന്വേഷണം വ‌ന്നപ്പോൾ മൊറീഷ്യസിലേക്കു മുങ്ങിയെങ്കിലും പിതാവ് അറസ്റ്റിലായതോടെ സേലം കോടതിയിൽ കീഴടങ്ങി.

∙ അഭിരാമി: അപരനെ വച്ചു പരീക്ഷയെഴുതിച്ചെങ്കിലും കൂടുതൽ മാർക്ക് ലഭിച്ചത് അഭിരാമിക്കു തന്നെ. ഇതുവച്ചാണു പ്രവേശനം നേടിയതെന്നു തെളിഞ്ഞതിനാൽ വിട്ടയച്ചു. ഇനിയും പിടിയിലായിട്ടില്ലാത്ത റഷീദ് എന്ന ഇടനിലക്കാരൻ മുൻപുതന്നെ മെഡിക്കൽ പ്രവേശന റാക്കറ്റിലെ മുഖ്യകണ്ണിയാണെന്നാണു സൂചന. രക്ഷിതാക്കളെ റഷീ‌ദിനു പരിചയപ്പെടുത്തിയ മുഹമ്മദ് ഷാഫിയാകട്ടെ, വ്യാജ ഡോക്ടറും. അപരന്മാരെ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. ഇടനിലക്കാരെയും അപരന്മാരെയും കണ്ടെത്താനാകുന്നില്ലെന്നാണു സിബിസിഐഡി എസ്പി വിജയകുമാർ പറയുന്നത്. പിടിയിലായ വിദ്യാർഥികളിലും അവരുടെ വീട്ടുകാരിലും മാത്രമായി കേസ് ഒതുക്കിനിർത്താനുള്ള നീക്കം റാക്കറ്റിന്റെ സ്വാധീനത്തിലേക്കാണു വിരൽ ചൂണ്ടുന്നത്.

അപരന് ലക്ഷങ്ങൾ

കേരളത്തിലെയും ഉത്തരേന്ത്യയിലെയും നീറ്റ് പരിശീലന കേന്ദ്രങ്ങളിൽനിന്നാണ് അപരന്മാരെ ‘സപ്ലൈ’ ചെയ്യുന്നതെന്നാണു വിവരം. മുൻ വർഷങ്ങളിൽ പ്രവേശനപരീക്ഷ പാസായി, ഇപ്പോൾ മെഡിസിനു പഠിക്കുന്നവരെയാണു കണ്ടെത്തുന്നത്. തട്ടിപ്പിലൂടെ പ്രവേശനത്തിന് 20 ലക്ഷം രൂപ പ്രതിഫലം നൽകിയതായാണ് പിടിയിലായ വിദ്യാർഥികളിലൊരാളുടെ അച്ഛൻ പറഞ്ഞത്. ഇതിൽ ഏജന്റിന്റെ കമ്മിഷൻ കഴിഞ്ഞാലും അപരനു ലക്ഷങ്ങൾ ലഭിക്കും. പകരം പരീക്ഷ എഴുതേണ്ട വിദ്യാർഥിയുമായു ള്ള രൂപസാദൃശ്യവും അപരന്മാരെ കണ്ടെ ത്താൻ ഒരു ഘടകമാണ്.

പങ്കുണ്ടോ കോളജുകൾക്ക് ?

മെഡിക്കൽ അഡ്മിഷൻ സമയത്തു വിദ്യാർഥി ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകളിൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട 3 പ്രധാന രേഖകളുണ്ട്.

1) നീറ്റ് അഡ്മിറ്റ് കാർഡ്.
2) നീറ്റ് മാർക്ക് ഷീറ്റ്: ഇതു നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യുന്നതാണ്.
3) കോളജിലേക്കുള്ള അലോട്മെന്റ് മെമ്മോ. പിടിയിലായവരിൽ രാഹുൽ ഡേവിസിന്റെ നീറ്റ് അഡ്മിറ്റ് കാർഡിലുള്ളത് അപരന്റെ ഫോട്ടോയാണ്. പ്രവേശനത്തിനു ഹാജരായതു രാഹുലാണെങ്കിലും ഇതു പിടിക്കപ്പെട്ടില്ല. മുഹമ്മദ് ഇർഫാൻ നീറ്റ് മാർക്ക്ഷീറ്റിൽ നടത്തിയ കൃത്രിമം നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ വെബ്സൈറ്റിൽ നോക്കിയാൽ കണ്ടുപിടിക്കാമായിരുന്നു. ഇതും പിടിക്കപ്പെട്ടില്ല. അതുകൊണ്ടു തന്നെ, കോളജ് അധികൃതരുടെ അറിവില്ലാതെ ഇത്തരം പ്രവേശനം സാധ്യമല്ലെന്ന് സിബിസിഐഡി എസ്പി വിജയകുമാർ പറഞ്ഞു. തേനി മെഡിക്കൽ കോളജിൽ നടന്ന തട്ടിപ്പിൽ ചില കോളജ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നു ഡീൻ ഡോ. ഒ.രാജേന്ദ്രൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

അധികൃതരും അറിഞ്ഞുതന്നെയോ?

നീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ മദ്രാസ് ഹൈക്കോടതി ചോ‌ദിച്ചു. ‘അധികാരികൾ അറിയാതെ ഇതു നടക്കുമോ?’ തമിഴ്നാട്ടിൽ സർക്കാർ മെഡിക്കൽ കോളജുകളിലും സ്വകാര്യ മെഡിക്കൽ കോളജുകളിലെ സർക്കാർ സീറ്റുകളിലും പ്രവേശനം നടത്തുന്നതു മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലുള്ള സിലക്‌ഷൻ കമ്മിറ്റിയാണ്; ഡീംഡ് മെഡിക്കൽ കോളജുകളിൽ ആരോഗ്യമന്ത്രാലയ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയും.

സ്വകാര്യ കോളജുകളിൽ 65% സർ‌ക്കാർ ക്വോട്ട, 20% മാനേജ്മെന്റ് ക്വോട്ട, 15% എൻആർഐ ക്വോട്ട എന്നിങ്ങനെയാണു സീറ്റ് അനുപാതം. എൻആർഐ ക്വോട്ടയിൽ നാമമാത്ര സീറ്റുകളിൽ മാത്രം പ്രവേശനം നടത്തിയ ശേഷം സർക്കാർ ഇതു കോളജുകളുടെ തന്നിഷ്ടത്തിനു വിട്ടുനൽകി എന്നാരോപിക്കുന്ന ഹർജി ഹൈക്കോടതിയുടെ പരി‌‌ഗണനയിലുണ്ട്.

ഇടനിലക്കാരിൽ ജോർജ് ജോസഫ് എന്ന മലയാളിയുണ്ടെന്നും പകരക്കാരായി പരീക്ഷ എഴുതിയതു മലയാളികളായ സീനിയർ മെഡിക്കൽ വിദ്യാർഥികളാണെന്നും പറയപ്പെടുന്നുവെങ്കിലും കൂടുതൽ അന്വേഷണ വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. നീറ്റ് തട്ടിപ്പ് സംബന്ധിച്ച് കേരളത്തിൽ ആരോപണങ്ങളുയർന്നിട്ടുമില്ല. എന്നാൽ, മെഡിക്കൽ അഡ്മിഷൻ നേടിയ ശേഷമോ? കേരളത്തിനും പറയാനുണ്ട് ചില കഥകൾ.അതെക്കുറിച്ചു നാളെ...

ഏജന്റ് ചോദിക്കുന്നു: കോച്ചിങ്ങോ, എന്തിന് ?

തട്ടിപ്പിന്റെ ഇടനിലക്കാർ പരീക്ഷാ കേന്ദ്രങ്ങളിൽനിന്നാണ് ‘ഇരകളെ’ കണ്ടെത്തുന്നതെന്ന് അന്വേഷണത്തിലറിഞ്ഞു. പരിശീലന സ്ഥാപനങ്ങളുടെ സഹായവുമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഒരുതവണ പരീക്ഷയെഴുതി പരാജയപ്പെട്ട, സമ്പന്ന വിദ്യാർഥികളാണ് ഉന്നം. ചെന്നൈയിൽ പരീക്ഷാകേന്ദ്രത്തിനു പുറത്തുണ്ടായ അനുഭവം ഒരു രക്ഷിതാവ് പറയുന്നതിങ്ങനെ:

‘കുട്ടി പാസാകാനുള്ള സാധ്യതയെക്കുറിച്ചു ചോദിച്ച് ഒരാൾ അടുത്തുകൂടി. കുറഞ്ഞ ഫീസുള്ള കോച്ചിങ് സെന്ററുകളെക്കുറിച്ചും മറ്റും പറഞ്ഞ് ഫോൺ നമ്പർ വാങ്ങിപ്പോയി. പിന്നെ വിളിയായി.‌ പരീക്ഷയെഴുതാതെ തന്നെ സീറ്റ് ഒപ്പിക്കാമെന്നു വാഗ്ദാനം. 2 ലക്ഷം രൂപ അഡ്വാൻസ്; ബാക്കി (എത്രയെന്നു പറഞ്ഞില്ല) അഡ്മിഷനു ശേഷം. ഇങ്ങനെ പഠിക്കുന്നവരുണ്ടെന്നും പറഞ്ഞു. തട്ടിപ്പു പുറത്തുവന്ന ശേഷവും വിളി വന്നു. ഇനി ഇതൊക്കെ നടക്കുമോയെന്നു ചോദിച്ചപ്പോൾ ബഹളമൊക്കെ ഇപ്പോൾ തീരുമെന്നു മറുപടി (ഈ നമ്പറിൽ ഞങ്ങൾ വിളിക്കാൻ ശ്രമിച്ചെങ്കിലും നമ്പർ നിലവിലില്ല എന്ന സന്ദേശമാണു ലഭിച്ചത്).

പുറത്തുവന്നത് വിലപേശലിലോ?

തട്ടിപ്പു പുറത്തുവന്നതു തേനി ഗവ. മെഡിക്കൽ കോളജ് ഡീൻ ഡോ. ഒ.രാജേന്ദ്രനു ലഭിച്ച ഇ മെയിലിലൂടെയാണ്. ഒന്നാം വർഷ വിദ്യാർഥി ഉദിത് സൂര്യയുടെ നീറ്റ് ഹാൾ ടിക്കറ്റിലെ ഫോട്ടോയും നിലവിലെ രൂപവും തമ്മിൽ അന്തരമുണ്ടെന്നായിരുന്നു ഉള്ളടക്കം. തി‌രുച്ചിറപ്പള്ളിയിൽ‌നിന്നാണു മെയിൽ വന്നതെന്നാണു സൂചന. ചില ഇടനിലക്കാർ തന്നെയാണ് ഇത് അയച്ചതെന്നും സംശ‌യ‌മുണ്ട്.

20 ലക്ഷം രൂപയ്ക്കായിരുന്നു ആദ്യം ഇടപാടെങ്കിലും പ്രവേശനം നേടി കോളജ് തുറന്നതോടെ ഏജന്റുമാർ വീണ്ടും പണം ചോദിച്ചുതുടങ്ങിയിരുന്നു. ഉദിത് സൂര്യയും പിതാവ് ഡോ. വെങ്കടേഷും പിടിയിലായതിനു പിന്നാലെ, സമാന രീതിയിൽ പ്രവേശനം നേടിയ മറ്റുള്ളവർക്ക് ഏജന്റുമാരുടെ വിളിയെത്തി. ചിലരോട് ഒരുകോടി വരെ ആവശ്യപ്പെട്ടു. ഇതിന്റെ ശബ്ദരേഖ രക്ഷിതാക്കൾ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്.

ആധാർ ഉണ്ടെങ്കിലും...

നീറ്റിന്റെ അപേക്ഷാ ഘട്ടത്തിൽ ആധാർ നമ്പർ വേണമെങ്കിലും അതിൽ തട്ടിപ്പു നടത്തുന്നതായാണു കണ്ടെത്തിയിരിക്കുന്നത്. യഥാർഥ വിദ്യാർഥിയുടെ ആധാർ നമ്പർ നൽകും. പിന്നീട് അപരന്റെ ഫോട്ടോയും യഥാർഥ വിദ്യാർഥിയുടെ ആധാർ വിവരങ്ങളും ചേർത്ത് വ്യാജ ആധാർ കാർഡ് തയാറാക്കും. ഇതാകും പരീക്ഷാകേന്ദ്രത്തിൽ കൊണ്ടുപോകുക. അവിടെ കുറഞ്ഞത് 500 വിദ്യാർഥികളുടെ പരിശോധനയ്ക്കു കിട്ടുന്നത് ഒന്നര മണിക്കൂർ മാത്രം. ഇതിനിടയിൽ ആധാർ കാർഡിലെ തട്ടിപ്പു കണ്ടുപിടിക്കപ്പെടാതെ പോകുന്നു.
പരിഹാരമാർഗങ്ങൾ.

∙ നീറ്റിന് അപേക്ഷിക്കുന്നതു മുതൽ കോളജിൽ ചേരുന്നതു വരെ എല്ലാ ഘട്ടത്തിലും ബയോമെട്രിക് സംവിധാനത്തിലൂടെയുള്ള തിരിച്ചറിയൽ ഉറപ്പാക്കുകയാണ് തട്ടിപ്പു തടയാനുള്ള വഴി. വിരലടയാളമോ കണ്ണോ സ്കാൻ ചെയ്ത് വിദ്യാർഥിയെ ഓരോ ഘട്ടത്തിലും തിരിച്ചറിയണം.
∙ വിദ്യാർഥിയുടെ ആധാർ കാർഡും പ്രവേശന രേഖകളുമായി ബന്ധിപ്പിക്കണം. ഇത് ഒത്തുനോക്കാനും സംവിധാനം വേണം.

തുടരും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA