ADVERTISEMENT

പതിനാറു രാജ്യങ്ങൾ പങ്കാളികളായുള്ള, ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരക്കരാർ അണിയറയിൽ ഒരുങ്ങവേ, ഇന്ത്യ അതിന്റെ ഭാഗമാകുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ, മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർസിഇപി) കരാറുമായി ബന്ധപ്പെട്ട് ബാങ്കോക്കിൽ ഇന്നുമുതൽ നടക്കുന്ന ചർച്ചകൾ രാജ്യത്തിനു നിർണായകമാവുന്നു; കരാറിൽ ഇന്ത്യ ഭാഗമാകുന്നത് നമ്മുടെ കർഷകരെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിൽ വിശേഷിച്ചും.

കരാർ സംബന്ധിച്ച പ്രഖ്യാപനം അടുത്ത മാസം ഉണ്ടാകണമെന്ന ലക്ഷ്യത്തിലാണ് ബാങ്കോക്കിൽ ഇന്നു മുതൽ 12 വരെ ചർച്ച നടക്കുന്നത്. മലേഷ്യ, തായ്‌ലൻഡ്, സിംഗപ്പൂർ തുടങ്ങി 10 ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനും ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തിക പങ്കാളിത്തക്കരാർ യാഥാർഥ്യമാ‍യാൽ, ഇറക്കുമതിത്തീരുവയിലടക്കം വമ്പിച്ച മാറ്റങ്ങളാവും വ്യാപാരമേഖലയിൽ ഉണ്ടാവുക. ലോക ജനസംഖ്യയുടെ 45%, ആഗോള മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 25%, ആഗോള വ്യാപാരത്തിന്റെ 30%, നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ 26% – ഇത്രയും ആർസിഇപിയുടെ പരിധിയിൽ വരുമെന്നിരിക്കെ കരാറിന്റെ വ്യാപ്തി വളരെ വലുതാണ്. അതാണ് നമ്മുടെ കർഷകരുടെ ആധി കൂട്ടുന്നതും.

ആർസിഇപി ചർച്ചകളുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണെങ്കിലും, ഇന്ത്യയുടെ താൽപര്യങ്ങൾക്കു ഗുണകരമാകില്ലെന്നുള്ളതാണ് ഇതുവരെയുള്ള സൂചനകൾ. ബൗദ്ധിക സ്വത്തവകാശം, വിദേശ നിക്ഷേപം, തീരുവരഹിത ഇറക്കുമതി എന്നിവയാണു കരാറിന്റെ മുഖ്യ ഘടകങ്ങൾ. ഇവയിൽ തീരുവ സംബന്ധിച്ച ഉപാധികളാണ് ഇന്ത്യൻ കാർഷിക മേഖലയിൽ ഏറെ പ്രസക്തമാകുന്നത്. വ്യാപാരസാധ്യതകൾക്ക് കരാർ ഊന്നൽ നൽകുമ്പോൾ, കാർഷിക ഉപജീവനമാർഗങ്ങളുടെ തകർച്ചയുണ്ടാകുമെന്ന ഭീതിയും ഒപ്പം നിറയുന്നതു സർക്കാർ കാണാതിരുന്നുകൂടാ. ചൈനീസ് ഉൽപന്നങ്ങളുടെ കുത്തൊഴുക്കിനുള്ള സാധ്യതയും സേവനമേഖല ഉദാരമാക്കാൻ പല രാജ്യങ്ങൾക്കുമുള്ള വിസമ്മതവും നമ്മുടെ ആശങ്ക വർധിപ്പിക്കുന്നുമുണ്ട്.

പാലുൽപന്ന വിപണിയിൽ ന്യൂസീല‍ൻഡും ഓസ്ട്രേലിയയും മേൽക്കൈ നേടാനുള്ള സാധ്യതയടക്കം, ഇന്ത്യയിലെ ചെറുതും വലുതുമായ സംരംഭങ്ങൾക്കു കനത്ത ആഘാതമാകുന്നതാണ് ആർസിഇപിയെന്നു വിലയിരുത്തപ്പെടുന്നു. പാൽ, റബർ, സുഗന്ധവിളകൾ തുടങ്ങിയ മേഖലകളിലുള്ള കർഷകർ, വിശേഷിച്ചും കേരളത്തിലെ കർഷകർ, ഇതു സംബന്ധിച്ച് ഏറെ ആശങ്കാകുലരാണ്. പ്രളയവും മറ്റു‌ം കൃഷിമേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കുമ്പോഴാണ് ആർസിഇപി കരാർ ഉയർത്തുന്ന ആശങ്കകൾ. കരാർ മൂലം, കൃഷി ഉൾപ്പെടെയുള്ള ഉൽപാദന, വ്യവസായ മേഖലകൾക്കുണ്ടാകുന്ന ആഘാതം വലിയ തോതിൽ തൊഴിൽ നഷ്ടത്തിനും വഴിവയ്ക്കും.

കരാറിനെതിരെ രാജ്യത്തെ കർഷകസംഘടനകളുടെ വ്യാപക പ്രതിഷേധം ഉയരുന്നുമുണ്ട്. ആർസിഇപി കരാറിൽനിന്നു സർക്കാർ പിന്മാറണമെന്നും രാഷ്ട്രീയ പാർട്ടികൾ ഇതിനെ എതിർക്കണമെന്നുമാണു സംഘടനകളുടെ ആവശ്യം. ഇപ്പോഴേ തകർന്ന കൃഷിമേഖലയെ ഇതു കൂടുതൽ പ്ര‌തിസന്ധിയിലാക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കരാറിനെതിരെ ആഭ്യന്തര വ്യവസായ ഉൽപാദന മേഖലകളിൽനിന്നു ശക്തമായ എതിർപ്പാണു നിലവിലുള്ളത്. കരാർ സംബന്ധിച്ച് ബിജെപിയിൽപോലും അഭിപ്രായഭിന്നതയുള്ള സാഹചര്യത്തിൽ ഇതിൽ ഉൾപ്പെടണമോ വേണ്ടയോ എന്നതിൽ ഇനി രാഷ്ട്രീയതീരുമാനമാണ് ഉണ്ടാവേണ്ടത്.

ചില രാജ്യാന്തര വാണിജ്യ കരാറുകളിൽനിന്ന് ഇതിനകമുണ്ടായ ദുരനുഭവങ്ങൾ നമ്മുടെ കർഷകസമൂഹത്തിന്റെ ഭീതിയും മുൻവിധികളും ശരിവയ്ക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ, ആശങ്കകൾ ദൂരീകരിച്ച്, കർഷകതാൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടു മാത്രമേ ആർസിഇപി കരാറുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകാവൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com