sections
MORE

പരീക്ഷകൾക്കു വേണം വിദഗ്ധചികിത്സ

operation-exam-copy-writing
SHARE

പരീക്ഷാഹാളിൽ സിസിടിവിയും മൊബൈൽ ജാമറും വരെ നിർബന്ധമാക്കിയിട്ടും മെഡിക്കൽ പരീക്ഷകളിൽ ‘ഹൈടെക് കോപ്പിയടി’ ഉൾപ്പെടെയുള്ള ക്രമക്കേടുകൾ. പ്രാക്ടിക്കൽ പരീക്ഷകളിലും വീഴ്ചകളേറെ...

‘പക്ഷാഘാതത്തെക്കുറിച്ച് എന്തും ചോദിച്ചോളൂ; പ്രമേഹത്തെക്കുറിച്ചു മിണ്ടിപ്പോകരുത്’ – കേരളത്തിലെ ഒരു മുൻനിര മെഡിക്കൽ കോളജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർഥികളുടെ അവസ്ഥയാണിത്. അവരുടെ പ്രാക്ടിക്കൽ പരീക്ഷയിൽ എക്സ്റ്റേണൽ എക്സാമിനറായിരുന്ന മെഡിസിൻ പ്രഫസർ കണ്ടതു പക്ഷാഘാതത്തിൽ മാത്രം ‘സ്പെഷലൈസ്’ ചെയ്ത വിദ്യാർഥികളെയാണ്. അദ്ദേഹം കേരള ആരോഗ്യ സർവകലാശാലയ്ക്ക് അയച്ച കത്തിൽ പറയുന്നതിങ്ങനെ: 

∙ ആയിരത്തോളം രോഗാവസ്ഥകൾ പ്രാക്ടിക്കലിൽ‌ ഉൾപ്പെടുത്താമെന്നിരിക്കെ, പക്ഷാഘാതം സംബന്ധിച്ച കേസ് മാത്രമാണ് അവതരിപ്പിച്ചത്. ഇക്കാര്യം വിദ്യാർഥികളെ നേരത്തേ അറിയിച്ചിരുന്നുവെന്ന് അവരുടെ പ്രതികരണങ്ങളിൽനിന്നു വ്യക്തമായി. 

∙ ക്ലാസിൽ വിദ്യാർഥികൾക്കു വിതരണം ചെയ്ത പ്രിന്റ് ഔട്ടുകൾ തന്നെയാണ് ഇൻവെസ്റ്റിഗേഷൻ ചാർട്ടുകളായി പ്രാക്ടിക്കൽ പരീക്ഷയിൽ ഉൾപ്പെടുത്തിയത്. ഇതിനെല്ലാം അനായാസം ഉത്തരം കിട്ടുന്നു. എന്നാൽ മുൻകൂട്ടി സൂചനയില്ലാതെ, അപ്പോൾ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകാൻ പലർക്കും കഴിഞ്ഞില്ല. 

∙ പ്രമേഹം എങ്ങനെ കണ്ടുപിടിക്കാം, ശ്വാസോച്ഛ്വാസ നിരക്കിന്റെ അടിസ്ഥാനത്തിൽ എങ്ങനെ രോഗം വിലയിരുത്താം തുടങ്ങിയ നിസ്സാര ചോദ്യങ്ങൾക്കു പോലും മറുപടി പറയാൻ കഴിയാത്തവരാണ് ഏറെ വിദ്യാർഥികളും. 

∙ പ്രാക്ടിക്കലിൽ എക്സ്റ്റേണൽ എക്സാമിനർ രേഖപ്പെടുത്തുന്ന മാർക്ക് ചോരുന്നുണ്ട്. മാർക്ക് കുറഞ്ഞാൽ എക്സാമിനർ ചോദ്യം ചെയ്യപ്പെടുന്നു. വിദ്യാർഥികൾക്കു കൂടുതൽ മാർക്ക് നൽകാൻ അധ്യാപകരിൽനിന്നു സമ്മർദവുമുണ്ടായി. 

9 മാസമായ ആ കുഞ്ഞ് നമ്മോടു ചോദിക്കുന്നത്...

എസ്എസ്എൽസി മുതലുള്ള മൂല്യനിർണയ ക്യാംപുകളിലെ ‘പരീക്ഷാ തമാശകൾ’ വായിച്ചും പറഞ്ഞും ചിരിക്കുന്നവരാണു നാം. എന്നാൽ, മെഡിക്കൽ കോളജ് പ്രാക്ടിക്കൽ പരീക്ഷകളിലെ വീഴ്ചകളും വെള്ളംചേർക്കലുകളും ആ ഗണത്തിൽ കൂട്ടാവുന്നതാണോ? അല്ലെന്ന് ആലപ്പുഴ മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജൻ ഡോ. കൃഷ്ണൻ ബാലേന്ദ്രൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച അനുഭവകഥ പറഞ്ഞുതരും. 

‘‘ഒൻപതു മാസം മാത്രമേ ആ കുഞ്ഞിനു പ്രായമുണ്ടായിരുന്നുള്ളൂ. ഒരു ഗുണ്ടുമണിയൻ.’’ റമ്പുട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി മരിച്ച അവനെ ഡോക്ടർ കണ്ടതു പോസ്റ്റ്മോർട്ടം ടേബിളിലാണ്. കുഞ്ഞിനെ വീട്ടുകാർ തൊട്ടടുത്ത നഴ്സിങ് ഹോമിലെത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നു. അവിടെനിന്നു വലിയ ആശുപത്രിയിലേക്കു റഫർ ചെയ്തു. ഒരു ഡോക്ടർ തന്നെയാണോ അങ്ങനെ ചെയ്തതെന്ന് അറിഞ്ഞുകൂടാ. ആരാണെങ്കിലും ആ സമയത്തു കമിഴ്ത്തിപ്പിടിച്ച് നെഞ്ചിന്റെ പിന്നിൽ അഞ്ചാറു തട്ടെങ്കിലും കൊടുത്തിരുന്നെങ്കിൽ അവൻ രക്ഷപ്പെട്ടേനെ. ഡോ. കൃഷ്ണൻ ബാലേന്ദ്രൻ തുടർന്നു പറയുന്നതിങ്ങനെ – ‘എന്തൊക്കെയാണു മെഡിക്കൽ വിദ്യാഭ്യാസരംഗത്തു നടക്കുന്നതെന്നും ആരെയൊക്കെയാണു നമ്മൾ ഡോക്ടർമാരായി പുറത്തിറക്കുന്നതെന്നും ഒരു കോംപിറ്റന്റ് ഡോക്ടറായി സർട്ടിഫൈഡ് ആകാൻ എന്തൊക്കെയാണു മാനദണ്ഡമാകേണ്ടതെന്നും മനുഷ്യജീവനു വില കൊടുക്കുന്ന സമൂഹം അന്വേഷിച്ചേ മതിയാകൂ.’ 

സിസിടിവി കണ്ണടച്ചു, ജാമർ അനങ്ങിയില്ല

cctv-camera

തിയറി പരീക്ഷാഹാളുകളിൽ സിസിടിവി നിരീക്ഷണം ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സർവകലാശാല, പ്രാക്ടിക്കൽ പരീക്ഷാസമയത്ത് ഈ സംവിധാനം ഉപയോഗിക്കുന്നില്ല. പ്രായോഗികമല്ലെന്നാണു വിശദീകരണം. എന്നാൽ, സിസിടിവിയും മൊബൈൽ ജാമറും നിർബന്ധമാക്കിയിട്ടും തിയറി പരീക്ഷകൾ സുതാര്യമാണോ? 

മധ്യകേരളത്തിലെ ഒരു മെഡിക്കൽ കോളജിലെ അവസാന വർഷ എംബിബിഎസ് ഇന്റേണൽ പരീക്ഷയിൽ 34 വിദ്യാർഥികൾ മൊബൈൽ ഫോൺ ഉപയോഗിച്ചു കോപ്പിയടിച്ചതായി കണ്ടെത്തിയതു കഴിഞ്ഞ ഡിസംബറിലാണ്. മൊബൈൽ ജാമർ അന്ന് ‘എന്തുകൊണ്ടോ’ പ്രവർത്തനരഹിതമായി. വൈകിയെത്തിയ ഇൻവിജിലേറ്റർ അരമണിക്കൂർ കഴിഞ്ഞ് ഹാൾ വിട്ടുപോയി. പരാതി ഉയർന്നതോടെ പരീക്ഷ റദ്ദാക്കി. അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു. എന്നിട്ടും വിദ്യാർഥികൾക്കോ ഇൻവിജിലേറ്റർക്കോ എതിരെ ഒരു നടപടിയും വന്നില്ല. പുനഃപരീക്ഷ നടത്തിയെന്നാണ് അധികൃതരുടെ വിശദീകരണം. 

‘നല്ല’ ഇൻവിജിലേറ്ററെ കിട്ടാൻ എക്സാം ഫണ്ട്

medical-series-2

ചില സ്വകാര്യ കോളജുകളിൽ പരീക്ഷയുടെ തുടക്കത്തിൽ മാത്രമേ സിസിടിവി ക്യാമറയും മൊബൈൽ ജാമറും കൃത്യമായി പ്രവർത്തിക്കാറുള്ളൂവത്രേ. ഇൻവിജിലേറ്റർമാരിൽ 2 പേർ കോളജിനു പുറത്തുനിന്നുള്ളവരാകണമെന്ന നിബന്ധനയുള്ളതിനാൽ അവരെ ‘കാണേണ്ട രീതിയിൽ’ കാണും. വഴങ്ങുന്ന ഇൻവിജിലേറ്റർമാരെ സ്വന്തം കോളജുകളിലെത്തിക്കാൻ വിദ്യാർഥികളിൽനിന്നു തന്നെ ‘എക്സാം ഫണ്ടും’ പിരിക്കുന്നു. ഉത്തര കേരളത്തിലെ ഒരു മെഡിക്കൽ കോളജിലെ മുഴുവൻ പേരുടെയും പരീക്ഷാഫലം തടഞ്ഞുവച്ച സംഭവം മുൻപുണ്ടായിരുന്നു. ഇൻവിജിലേറ്റർമാരുടെ സഹായത്തോടെ കൂട്ടക്കോപ്പിയടി നടന്നെന്ന സംശയത്തെത്തുടർന്നായിരുന്നു ഇത്. 

മോക്ഷം കിട്ടാത്ത പരീക്ഷാ സിഡികൾ

ഇനി സിസിടിവി കൃത്യമായി പ്രവർത്തിച്ചാലോ? ദൃശ്യങ്ങൾ പകർത്തിയ സിഡികൾ സർവകലാശാലയിൽ ചാക്കിൽ കെട്ടിവയ്ക്കുന്നതല്ലാതെ കൃത്യമായി പരിശോധിക്കാൻ സാധിക്കുന്നില്ല. പരീക്ഷ മൂന്നു മണിക്കൂറായതിനാൽ ഒരു ജീവനക്കാരൻ മൂന്നു മണിക്കൂർ മെനക്കെട്ടിരുന്നു കണ്ടാലേ ക്രമക്കേടില്ലെന്ന് ഉറപ്പാക്കാനാവൂ. എന്നാൽ, ആൾക്ഷാമം മൂലം സർവകലാശാലയിൽ ഇതിനു സംവിധാനമില്ല. ആരോഗ്യ സർവകലാശാലയിൽ 294 തസ്തികകളേയുള്ളൂ. കീഴിലുള്ള കോളജുകളുടെ എണ്ണം ഇതിലേറെയാണ് – 310. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാലേ വിദ്യാർഥികൾക്കു പേടിയുണ്ടാകൂ എന്നതിനാലാണ് കുറെ സിഡികൾ ഈയിടെ പരിശോധിച്ചത്. അഞ്ചു മെഡിക്കൽ കോളജുകളിലെ കോപ്പിയടി കണ്ടെത്തുകയും ചെയ്തു. ഒരുവർഷം മുൻപ് തിരുവനന്തപുരത്തെ കോളജിൽ കോപ്പിയടി നടന്നതായി പരീക്ഷാ സൂപ്രണ്ട് സർവകലാശാലയെ രേഖാമൂലം അറിയിച്ചിട്ടു പോലും പരിശോധന നടന്നില്ലെന്നും പരാതിയുണ്ട്.

‘ഗ്രൂപ്പ് ഡിസ്കഷൻ’ എന്തുകൊണ്ട് ?

രോഗലക്ഷണങ്ങളിൽനിന്നു രോഗം തിരിച്ചറിയുക, രോഗത്തിന്റെ പ്രത്യേകതകളും ചികിത്സാരീതിയും വിവരിക്കുക എന്ന മട്ടിലാകും മിക്ക പരീക്ഷകളിലും 10 മാർക്കിന്റെ ഉപന്യാസച്ചോദ്യം. രോഗനിർണയം തെറ്റിയാൽ പിന്നീടങ്ങോട്ടുള്ള ഉത്തരങ്ങളെല്ലാം തെറ്റും. അതുകൊണ്ടു മിക്ക വിദ്യാർഥികളും തമ്മിൽ ചർച്ച ചെയ്ത് രോഗം ഉറപ്പിച്ചിട്ടേ പരീക്ഷ എഴുതാറുള്ളൂ. ഇതാണു ചർച്ച ചെയ്ത് ഉത്തരമെഴുതുന്നു എന്ന പരാതിക്കിടയാക്കുന്നത്. എന്നാൽ, ചില കോളജുകളിൽ ഈ പ്രശ്നമില്ല. കാരണം, അധ്യാപകർ തന്നെ രോഗമേതെന്നു പറഞ്ഞുകൊടുക്കും! 

മെഡിക്കൽ വിദ്യാർഥികളെല്ലാം പരീക്ഷാ ക്രമക്കേട് കാട്ടുന്നുവെന്നോ മെഡിക്കൽ കോളജുകളിൽ മാത്രമാണ് ഇത്തരം ക്രമക്കേടുകളെന്നോ അല്ല പറഞ്ഞുവരുന്നത്. എന്നാൽ, മനുഷ്യജീവനുമായി ഏറ്റവും ബന്ധമുള്ള പ്രഫഷനെ സംബന്ധിച്ചാകുമ്പോൾ ആശങ്കകൾ ഗൗരവമുള്ളതാണ്. മെഡിക്കൽ വിദ്യാർഥികൾ ചിലപ്പോഴെങ്കിലും സമൂഹത്തിന്റെ അത്യാഗ്രഹ ചിന്തയുടെ ഇരകളാണെന്നതാണു വാസ്തവം. തന്റെ മുന്നിലിരുന്നു കരഞ്ഞ ദമ്പതികളോടു വടക്കൻ കേരളത്തിലെ ഒരു മനഃശാസ്ത്രജ്ഞൻ തിരിച്ചുചോദിച്ചതിങ്ങനെ – ‘മരണത്തിലേക്കു തള്ളിവിടാനാണോ മക്കളെ നിങ്ങൾ എംബിബിഎസിനു പഠിപ്പിക്കുന്നത്?’ 

തയാറാക്കിയത്:

റെഞ്ചി കുര്യാക്കോസ്, 

ജയചന്ദ്രൻ ഇലങ്കത്ത്, മനോജ് കടമ്പാട്, 

എം.ആർ.ഹരികുമാർ, ഫിറോസ് അലി, 

എസ്.പി.ശരത്, അജയ് ബെൻ, 

കപിൽ രാജ്, ആൽബിൻ രാജ്

സങ്കലനം: സനിൽ പി.ജയ്സൺ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA