എലിശല്യം വർധിച്ചപ്പോൾ വീട്ടുടമ ആരോഗ്യമുള്ള പൂച്ചയെ വാങ്ങി. പക്ഷേ, അതിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അതിനെ തിരിച്ചു കൊടുത്തപ്പോൾ കച്ചവടക്കാരൻ കുറച്ചുകൂടി വലുപ്പവും ആരോഗ്യവുമുള്ള പൂച്ചയെ കൊടുത്തിട്ടു പറഞ്ഞു, എലി ഇനി രക്ഷപ്പെടില്ല. ആ പൂച്ചയും പരാജയപ്പെട്ടപ്പോൾ വീട്ടുടമ സന്യാസിയോടു സങ്കടം പറഞ്ഞു.
സന്യാസി അയാൾക്ക് ഒരു പൂച്ചയെ നൽകി. പ്രായം ചെന്ന് തടിച്ച ആ പൂച്ച എപ്പോഴും കിടന്നുറങ്ങും. അതിനെ തിരിച്ചേൽപിക്കാൻ ചെന്നപ്പോൾ സന്യാസി പറഞ്ഞു, ‘കുറച്ചുകൂടി കാത്തിരിക്കൂ’. പൂച്ചയെ ഒന്നിനും കൊള്ളില്ലെന്നു മനസ്സിലാക്കിയ എലി അവന്റെ മുന്നിലൂടെ ഓടാനും ചാടാനും തുടങ്ങി. ഒരുദിവസം ഉറങ്ങുകയായിരുന്ന പൂച്ചയുടെ മുന്നിൽനിന്ന് എലി നൃത്തം ചെയ്യാൻ തുടങ്ങി. പൂച്ച കൈ നിവർത്തി ഒറ്റയടി. എലി ചത്തുവീണു.
ആവശ്യങ്ങളും അവസരങ്ങളുമാണ് ഓരോരുത്തരുടെയും ഉപയോഗക്ഷമത തീരുമാനിക്കുന്നത്. ഒന്നിനും കൊള്ളാത്തവരായി ആരുമില്ല; എല്ലാറ്റിനും കൊള്ളുന്നവരായും ആരുമില്ല. ശരിയായ ആളുകളെ ശരിയായ സ്ഥലത്ത് ഉപയോഗിക്കാൻ അറിയുന്നവർക്കു മാത്രമാണ് ഉദ്ദേശിച്ച ഫലം ലഭിക്കുക.
ഒരുനിമിഷത്തെ ആകർഷണീയത കൊണ്ട് എടുക്കുന്ന തീരുമാനങ്ങൾ ഒരു നൂറ്റാണ്ടിന്റെ ബാധ്യതകൾ സൃഷ്ടിച്ചേക്കാം. അകലെ നിന്നപ്പോൾ ആരാധന തോന്നിയ പലരോടും അടുത്തു കഴിയുമ്പോൾ അകലാൻ തോന്നും; അകറ്റി നിർത്തിയിരുന്ന പലരോടും അടുത്തു കഴിയുമ്പോൾ ആരാധനയും. തിരിച്ചു നൽകാനോ ഒഴിവാക്കാനോ അത്ര എളുപ്പമല്ലാത്തതാണ് പല തിരഞ്ഞെടുപ്പും. ഒന്നുകിൽ അറിഞ്ഞതിനു ശേഷം തിരഞ്ഞെടുക്കണം; അല്ലെങ്കിൽ തിരഞ്ഞെടുത്തതിനു ശേഷമെങ്കിലും അറിയാൻ ശ്രമിക്കണം.
എല്ലാവർക്കും അവരുടേതായ പരിഹാരമാർഗങ്ങളും ബദൽ സാധ്യതകളുമുണ്ടാകും. മുൻവിധിയോടെയുള്ള ധാർഷ്ട്യ പ്രകടനങ്ങൾ സ്വന്തം കുഴി തോണ്ടുകയേയുള്ളൂ. അന്യന്റെ മേൽ അടിച്ചേൽപിക്കുന്ന പ്രകോപനങ്ങൾക്ക് ഒരുനാൾ തിരിച്ചടിയുണ്ടാകും.