ADVERTISEMENT

ഓരോ വർഷവും കേരളത്തിൽ ശരാശരി ഒരുലക്ഷം പേർക്കു നായയുടെ കടിയേൽക്കുന്നുണ്ടെങ്കിലും ഈ കൊടിയ വിപത്തിനെ ഇപ്പോഴും നാം നിസ്സംഗതയോടെ കണ്ടുനിൽക്കുന്നത് എന്തുകൊണ്ടാണ്? 

സംസ്ഥാനത്തു നഗര–ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണു തെരുവുനായ്ക്കളുടെ ആക്രമണം. കൊച്ചി കാക്കനാട് കലക്ടറേറ്റ് വളപ്പിൽ റിട്ട. അധ്യാപികയെ തെരുവുനായ ആക്രമിച്ചതാണ് ഏറ്റവുമൊടുവിലത്തെ സംഭവങ്ങളിലൊന്ന്. കലക്ടറേറ്റ് വളപ്പ് താവളമാക്കിയ തെരുവുനായ്ക്കൾ മുൻപും ഇവിടെ സന്ദർശകരെ ആക്രമിച്ചിട്ടുണ്ട്. തൃക്കാക്കര നഗരസഭയാണു നടപടി കൈക്കൊള്ളേണ്ടതെങ്കിലും നിയമക്കുരുക്കു ഭയന്ന് അവർ രംഗത്തു വരുന്നില്ലെന്നാണു പരാതി. 

മലപ്പുറം വണ്ടൂരിൽ നഴ്സറി സ്കൂളിനുള്ളിൽ കയറിയ തെരുവുനായയുടെ കടിയേറ്റ് നാലു വയസ്സുകാരനു ഗുരുതര പരുക്കേറ്റതും ഇതേ ദിവസം തന്നെയാണു നാം കേട്ടത്. അധ്യാപകരും ഓടിക്കൂടിയ നാട്ടുകാരും ചേർന്നു കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. മുഖത്തും കണ്ണിന്റെ വശങ്ങളിലും തലയുടെ പിന്നിലും കയ്യിലും കടിയേറ്റിട്ടുണ്ട്.  കോഴിക്കോട് ഒളവണ്ണയിൽ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരനെ തെരുവുനായ്ക്കൂട്ടം കടിച്ചെടുത്തു കൊണ്ടുപോയ സംഭവമുണ്ടായതു കഴിഞ്ഞ മാസമാണ്. പത്തു മീറ്ററോളം കൊണ്ടുപോയ കുഞ്ഞിനെ നാട്ടുകാരുടെ ബഹളത്തെത്തുടർന്നാണു നായ്ക്കൾ ഉപേക്ഷിച്ചത്. 

കഴക്കൂട്ടത്തിനു സമീപം, അർധരാത്രി പിന്നാലെ ഓടിയെത്തിയ നായ്ക്കൂട്ടത്തിൽനിന്നു രക്ഷപ്പെടാൻ വെട്ടിത്തിരിച്ച ബൈക്കിൽ കെഎസ്ആർടിസി ബസിടിച്ചു കോളജ് വിദ്യാർഥി മരിച്ചതു കഴിഞ്ഞ മാസമാണ്. ആലപ്പുഴ ഹരിപ്പാടിനു സമീപം ഭർത്താവിനൊപ്പം ബൈക്കിൽ പോകുമ്പോൾ തെരുവുനായ കുറുകെ ചാടി, റോഡിൽ വീണു പരുക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചതും കഴിഞ്ഞ മാസംതന്നെ. 

ഈ യുവതിക്ക് അപകടമുണ്ടായതിന്റെ തൊട്ടുമുൻപുള്ള മൂന്നു ദിവസങ്ങളിലായി 55 പേർക്കാണ് ആലപ്പുഴ ജില്ലയിൽ തെരുവുനായ്ക്കളുടെ കടിയേറ്റത്. ആലപ്പുഴ നഗരത്തിൽ കഴിഞ്ഞ മാസം 18നു മാത്രം 38 പേർക്കു തെരുവുനായ്ക്കളുടെ കടിയേറ്റ സംഭവത്തിൽ കലക്ടറോടും മൃഗസംരക്ഷണ, തദ്ദേശഭരണ വകുപ്പ് സെക്രട്ടറിമാരോടും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടിയിരുന്നു. സർക്കാർ കണക്കിൽ മാത്രം ജില്ലയിൽ ഒൻപതു മാസത്തിനിടെ 6,146 പേർക്കാണു നായയുടെ കടിയേറ്റത്. മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സ തേടിയവരുടെ മാത്രം കണക്കാണിത്. 

തെരുവുനായ് ശല്യം നിയന്ത്രിക്കാൻ പ്രായോഗികമായും ശാസ്ത്രീയമായും തെളിയിക്കപ്പെട്ടിട്ടുള്ള ഫലപ്രദമായ മാർഗം വന്ധ്യംകരണമാണ്. പക്ഷേ, അതത്ര എളുപ്പമല്ല. കുടുംബശ്രീ പ്രവർത്തകരെ ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്തെ തെരുവുനായ വന്ധ്യംകരണ പദ്ധതി (എബിസി) പ്രതീക്ഷ നൽകുന്നുണ്ട്. 2017 ജൂണിലാണു കുടുംബശ്രീ വനിതകൾ ഇതിനായി തെരുവിലിറങ്ങിത്തുടങ്ങിയത്. എട്ടു ജില്ലകളിലായി അഞ്ഞൂറോളം തദ്ദേശ സ്ഥാപനങ്ങളിലാണു തെരുവുനായ്ക്കളെ കുടുംബശ്രീ പ്രവർത്തകർ പിടിക്കുന്നത്. പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണു സർക്കാർ. 

മാംസം അടക്കമുള്ള ഭക്ഷണമാലിന്യത്തിന്റെ ലഭ്യതയാണു സമീപകാലത്തു തെരുവുനായ്‌ക്കളുടെ എണ്ണം വർധിക്കാൻ കാരണം. അതുകൊണ്ടുതന്നെ, മാലിന്യക്കൂമ്പാരം നാടെങ്ങും പെരുകാതിരിക്കാൻ തദ്ദേശസ്‌ഥാപനങ്ങളുടെയും സമൂഹത്തിന്റെയും നിരന്തരശ്രദ്ധ ഉണ്ടായേതീരൂ. പ്രാകൃതരീതിയിലുള്ള അറവുശാലകളുടെ പരിസരങ്ങളും തെരുവുനായ്‌ക്കളുടെ വിഹാരരംഗമാണ്. സംസ്‌ഥാനത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ബാധ്യസ്‌ഥമായ, നഗരങ്ങളും ഗ്രാമങ്ങളും സുരക്ഷിതമാക്കാൻ ഉത്തരവാദിത്തമുള്ള സർക്കാരും തദ്ദേശ സ്‌ഥാപനങ്ങളും തെരുവുനായ്‌ക്കളുടെ മുന്നിലേക്കു ജനങ്ങളെ വലിച്ചെറിഞ്ഞുകൂടാ. കടുത്ത സാമൂഹികവിപത്തായിത്തന്നെ കണ്ട്, നായ്ശല്യത്തിൽനിന്നു നാടിനെ മോചിപ്പിക്കാൻ യുദ്ധകാലാടിസ്‌ഥാനത്തിലുള്ള നടപടികളാണു വേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com