ADVERTISEMENT

‘മരണത്തിലേക്കു തള്ളിവിടാനാണോ മക്കളെ എംബിബിഎസിനു പഠിപ്പിക്കുന്നത് ?’ സൈക്യാട്രിസ്റ്റ് ആ രക്ഷിതാക്കളോട് അങ്ങനെ ചോദിക്കാൻ കാരണമുണ്ടായിരുന്നു. മകൾക്ക് ഉറക്കക്കുറവും ഉത്കണ്ഠയുമെന്നു പറഞ്ഞാണ് അവരെത്തിയത്. ബിപി നോക്കുമ്പോഴാണ് അവളുടെ കൈത്തണ്ടയിലെ മുറിവുകൾ കണ്ടത്. എന്താണെന്നു ചോദിച്ചപ്പോൾ അമ്മ പൊട്ടിക്കരഞ്ഞു; ദുഃഖം കടിച്ചുപിടിച്ച് അച്ഛനും.

പെൺകുട്ടി വിദേശത്ത് എംബിബിഎസ് പൂർത്തിയാക്കി. ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് എക്സാം (എഫ്എംജിഇ) പാസാകണം. പലതവണ ശ്രമിച്ചിട്ടും രക്ഷയില്ല. ‘ഞാൻ പഠിക്കുന്നില്ലെന്നാണ് ഇവരുടെ കുറ്റപ്പെടുത്തൽ. പഠിക്കാത്ത കാര്യങ്ങളെക്കുറിച്ചു ചോദിക്കുന്ന പരീക്ഷയിൽ എന്തെഴുതും? 30 വയസ്സു കഴിയാറായി. കല്യാണത്തിനു മുൻപു പരീക്ഷ ജയിക്കണമെന്ന വാശിയിലാണ് ഇവർ.’ ആ പെൺകുട്ടിയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ 4 മാസം കൗൺസലിങ് വേണ്ടിവന്നു. വരൻ ആ മാതാപിതാക്കളെപ്പോലെയല്ല, യാഥാർഥ്യബോധമുള്ള ആളുമായിരുന്നു.

‌വിദൂര വിദ്യാഭ്യാസ എംബിബിഎസോ ?

വിദേശത്തു മെഡിസിൻ പഠിക്കുന്ന ശരാശരി 12,000 പേർ ഓരോ വർഷവും എഫ്എംജിഇ എഴുതുന്നുണ്ട്. 2013ൽ 23% ആയിരുന്നു വിജയമെങ്കിൽ കഴിഞ്ഞവർഷം അതു 10% മാത്രം. ആറു വർഷത്തെ ശരാശരി വിജയം 14%. ജനറൽ നഴ്സിങ് വിദ്യാർഥിക്ക് എഴുതാവുന്ന നിലവാരത്തിലാണു ചോദ്യങ്ങളെന്നു വിദഗ്ധരുടെ പരാതി നിലനിൽക്കെയാണിത്. ഇതു വിദേശ മെഡിക്കൽ പഠനത്തിന്റെ ഒരുവശം മാത്രം. മറുവശം അറിഞ്ഞാൽ ശരിക്കും ഞെട്ടും. 

എഫ്എംജിഇ ജയിച്ചാലും പ്രാക്ടീസ് ചെയ്യണമെങ്കിൽ അതതു സംസ്ഥാനത്തെ മെഡിക്കൽ കൗൺസിലിന്റെ റജിസ്ട്രേഷൻ വേണം. കേരളത്തിൽ റജിസ്ട്രേഷൻ നൽകുന്നതു ട്രാവൻകൂർ – കൊച്ചിൻ മെഡിക്കൽ കൗൺസിലാണ്. വിദേശത്തു പഠിച്ച 3 പേരുടെ അപേക്ഷ ലഭിച്ചപ്പോൾ കൗൺസിൽ അവരുടെ പാസ്പോർട്ട് കൂടി പരിശോധിച്ചു. എംബിബിഎസ് പഠിച്ച രാജ്യത്ത് ആകെ തങ്ങിയിരിക്കുന്നതു രണ്ടാഴ്ച! സ്ക്രീനിങ് ടെസ്റ്റ് പാസായിട്ടുമുണ്ട്!! ചില വിദേശ മെഡിക്കൽ സർവകലാശാലകൾക്കു ചെന്നൈ പോലെയുള്ള സ്ഥലങ്ങളിൽ ഓഫ് ക്യാംപസുകളുണ്ടെന്നും അവിടെയായിരുന്നു ക്ലാസുകളെന്നും അറിയുന്നു. മറ്റേതെങ്കിലും സംസ്ഥാനത്തു പോയി റജിസ്ട്രേഷൻ നേടി ചികിത്സ നടത്താനുള്ള സാധ്യത അവർക്കു മുന്നിൽ തുറന്നുകിടക്കുകയാണ്.

വിദേശത്ത് എംബിബിഎസ് പഠിക്കുന്നവരെല്ലാം തട്ടിപ്പുകാരല്ല. നല്ല രീതിയിൽ ക്ലാസ് നടത്തുന്ന സർവകലാശാലകളുണ്ട്. അവർക്കു റജിസ്ട്രേഷനു തടസ്സവുമില്ല. കോഴ്സ് കാലത്തു പൂർണമായും വിദേശത്തു കഴിയുന്നവർക്കു മാത്രം റജിസ്ട്രേഷൻ എന്നാണു കൗൺസിലിന്റെ ഇപ്പോഴത്തെ തീരുമാനം. പക്ഷേ, കോളജിൽ ചേർന്നശേഷം ആ രാജ്യത്ത് എന്തെങ്കിലും ജോലി ചെയ്തു ജീവിച്ചാലോ? ‘കണ്ടുപിടിക്കാനാകില്ല’– അധികൃതർ നിസ്സഹായത വ്യക്തമാക്കുന്നു. ഇത്തരം വളഞ്ഞ വഴികളിലേക്കു കുട്ടികളെ തള്ളിവിടുന്നതിന്റെ ഉത്തരവാദിത്തം മാതാപിതാക്കൾക്കു തന്നെയല്ലേ?

suicide

 ജീവൻ വച്ചുള്ള കളി! 

ചവറ സ്വദേശിയായ പതിനെട്ടുകാരന്റെ അനുഭവം കേൾക്കൂ. ബഹ്റൈനിൽ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ വീട്ടുകാർ അവനെ പ്ലസ് ടുവിനും എൻട്രൻസ് പരിശീലനത്തിനുമായി നാട്ടിലെത്തിച്ചു. സ്കൂളിൽ േചർന്ന അന്നുമുതൽ അവനു മടങ്ങണമെന്ന വാശി. നിൽക്കക്കള്ളിയില്ലാതെ സ്കൂൾ അധികൃതർ വീട്ടുകാരെ അറിയിച്ചു. അവർ കൂട്ടിക്കൊണ്ടുപോയ അവനെ നാട്ടുകാർ പിന്നെ കാണുന്നത്, ജീവനൊടുക്കാൻ ശ്രമിച്ചു മൃതപ്രായനായ നിലയിൽ റോഡരികിലാണ്. എന്നിട്ടും രക്ഷയുണ്ടായില്ല. സ്വകാര്യ മെഡിക്കൽ കോളജിൽ കൗൺസലിങ്ങിനു പ്രവേശിപ്പിക്കപ്പെട്ട അവൻ അടുത്ത ദിവസം ആശുപത്രിക്കെട്ടിടത്തിനു മുകളിൽനിന്നു ചാടി മരിച്ചു.

‘എന്തു വില കൊടുത്തും’ മക്കളെ മെഡിസിൻ പഠിപ്പിക്കണമെന്നു മോഹിക്കുന്ന മാതാപിതാക്കൾ ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോ. ബി.പത്മകുമാർ പറയുന്നതു കേൾക്കൂ: വീട്ടുകാരുടെ നിർബന്ധം സഹിക്കാൻ വയ്യാതെ എംബിബിഎസിനു ചേർന്ന വിദ്യാർഥിക്ക് ഒരു ദിവസം പോലും ക്ലാസിൽ ശ്രദ്ധിച്ചിരിക്കാൻ കഴിഞ്ഞിരുന്നില്ല. വൈകാതെ കോഴ്സ് ഉപേക്ഷിച്ചുപോയി. ഈയിടെ അദ്ദേഹം അവനെ ട്രെയിനിൽ വീണ്ടും കണ്ടു. ഇഷ്ടവിഷയമായ ആർക്കിടെക്ചർ പഠിച്ച് ഇപ്പോൾ നാലോ അഞ്ചോ കമ്പനികളുടെ കൺസൽറ്റന്റായി പ്രവർത്തിക്കുന്നു. കലാപ്രതിഭയായതിന്റെ ഗ്രേസ് മാർക്കിന്റെ കൂടി ആനുകൂല്യത്തിൽ എംബിബിഎസ് പ്രവേശനം കിട്ടിയ വിദ്യാർഥി ആദ്യ വർഷം തന്നെ കോഴ്സ് ഉപേക്ഷിച്ചുപോയി; ഇപ്പോൾ ചെന്നൈയിലെ പ്രശസ്തമായ മ്യൂസിക് ട്രൂപ്പിന്റെ ഭാഗം. 

ഇങ്ങനെ ഇഷ്ടവഴിയിലേക്കു മാറാനാകാതെ മെഡിസിൻ പഠിച്ച സുഹൃത്തിന്റെ കഥയും ഡോ. പത്മകുമാർ പറയുന്നു. ‘അദ്ദേഹത്തിന് 50 വയസ്സായിട്ടും ഈ പ്രഫഷനെ സ്നേഹിക്കാൻ കഴിയുന്നില്ല. എൻജിനീയറിങ് പഠിക്കാനായിരുന്നു ഇഷ്ടം. ഇപ്പോഴും ക്ലാസ് എടുക്കുമ്പോൾ കൂടുതൽ സംസാരിക്കുന്നതു ഫിസിക്സിനെക്കുറിച്ചാണ്.’

medical

കാലം മാറുന്നതറിയൂ...

അവസാന വാദമായി മെഡിക്കൽ പ്രഫഷന്റെ തൊഴിൽസുരക്ഷിതത്വം ഉന്നയിക്കുന്നവർ അറിയേണ്ട ചില കാര്യങ്ങൾ കൂടി. വിദേശപഠനം കഴിഞ്ഞെത്തി ഒട്ടേറെ ജൂനിയർ ഡോക്ടർമാർ ഇപ്പോൾ കേരളത്തിൽ ജോലിനോക്കുന്നു. 20,000 രൂപ മാത്രം ശമ്പളം. ജൂനിയർ ഡോക്ടർമാർക്കു മുൻപു ലഭിച്ചിരുന്നതു 40,000–50,000 രൂപയാണെന്നതു കണക്കിലെടുക്കുമ്പോഴാണു ദയനീയാവസ്ഥ വ്യക്തമാകുക.

മാറുന്ന ചിത്രം ഒരു ഡോക്ടർ തന്നെ വരച്ചുകാട്ടിയതിങ്ങനെ. കേരളത്തിലെ പ്രശസ്ത ആശുപത്രിയിലെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം. ഒരു സീനിയർ ഡോക്ടർ കൂടുതൽ ശമ്പളം ആവശ്യപ്പെട്ടതു ചർച്ചയ്ക്കു വന്നു. ഇങ്ങനെയായിരുന്നത്രേ എം‍ഡിയുടെ മറുപടി – ‘‘അയാളോടു പോകാൻ പറയൂ. പകരം വരാൻ ഒൻപതു പേരുണ്ട്.’’

അതേ ഡോക്ടർ തന്നെ ചൂണ്ടിക്കാട്ടിയതു പോലെ, എംബിബിഎസ് പഠനവും ഡോക്ടർ ആകാൻ വേണ്ടിയുള്ള പഠനവും തമ്മിൽ അജഗജാന്തരമുണ്ട്. ഡോക്ടർ ആകാൻ വേണ്ടിയാണു പഠനമെങ്കിൽ, സമൂഹത്തിന് അവരെ ആവശ്യമുണ്ട്.

doctors
ഡോ. എം.കെ.സി.നായർ, ഡോ. ബി.പത്മകുമാർ, ഡോ.സുൽഫി നൂഹു, ഡോ. നെൽസൺ ജോസഫ്, ഡോ. ഷിംന അസീസ്, ഡോ. ഷിനു ശ്യാമളൻ

 

ഡോ. എം.കെ.സി.നായർ വൈസ് ചാൻസലർ, കേരള ആരോഗ്യ സർവകലാശാല

നീറ്റ് പരീക്ഷ സിവിൽ സർവീസ് പരീക്ഷാ മാതൃകയിൽ പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടമായി നടത്തുക എന്ന നിർദേശം ഫലപ്രദമാണെന്നു കരുതുന്നു. ഇങ്ങനെ നടപ്പാക്കുന്നതിലൂടെ 12 ലക്ഷത്തോളം വിദ്യാർഥികൾക്ക് ഒരുമിച്ചു പ്രധാന പരീക്ഷ നടത്തുക എന്ന സാഹസത്തിൽ നിന്ന് ഒഴിവാകാം. ആദ്യഘട്ടത്തിൽനിന്ന് അർഹരെ മാത്രം രണ്ടാം ഘട്ടത്തിലേക്കു കടത്തുന്നതോടെ പരീക്ഷയുടെ നിലവാരം ഉയർത്താനും തട്ടിപ്പുകൾ ഒഴിവാക്കാനും സാധിക്കും. 

ഡോ. ബി.പത്മകുമാർ, പ്രഫസർ, ജനറൽ മെഡിസിൻ, ആലപ്പുഴ മെഡിക്കൽ കോളജ്

ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയാതെ, സമൂഹമായി ഇടപഴകാൻ പഠിക്കാതെയാണ് ഇന്ന് ഏറെപ്പേരും ഡോക്ടറാകുന്നത്. വിദ്യാർഥികളെ എംബിബിഎസിനു തിരഞ്ഞെടുക്കുന്ന രീതി പരിഷ്കരിച്ചേ മതിയാകൂ. എൻട്രൻസ് മാത്രം പോരാ, അഭിരുചിപരീക്ഷയും വേണം. പല വിദേശ രാജ്യങ്ങളിലും ഈ പതിവുണ്ട്.

  ഡോ.സുൽഫി നൂഹു, സെക്രട്ടറി, ഐഎംഎ സംസ്ഥാന കമ്മിറ്റി

കേരളത്തിൽ ഇപ്പോൾ 400 രോഗികൾക്ക് ഒരു ഡോക്ടർ വീതമുണ്ട്; വൈകാതെ 200 രോഗികൾക്ക് ഒരാൾ വീതമാകും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആയിരം പേർക്ക് ഒരാൾ മതി. ഡോക്ടർമാർ കൂടിയാൽ ആരോഗ്യമേഖല മെച്ചപ്പെടുമെന്ന ധാരണ ശരിയല്ല. സൗകര്യങ്ങളില്ലാത്ത കോളജുകളിൽ പഠിച്ചിറങ്ങുന്നവർ ചികിത്സിച്ചാൽ എങ്ങനെയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഡോ. നെൽസൺ ജോസഫ് വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ, കൊച്ചി

സ്വാശ്രയ മെഡിക്കൽ കോളജുകളിൽ വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കേണ്ടതു സർക്കാരാണ്. അതിനുള്ള മാനദണ്ഡങ്ങളും പരിശോധനയും സർക്കാർ തലത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതരസംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും പഠനം പൂർത്തിയാക്കി എത്തുന്നവരുടെ നിലവാരം ഉറപ്പാക്കാനും കുറ്റമറ്റ സംവിധാനങ്ങൾ വേണം.

ഡോ. ഷിംന അസീസ് ലക്ചറർ, ഗവ. മെഡിക്കൽ കോളജ്, മഞ്ചേരി

ഓർ‍മശക്തി മാത്രം പരീക്ഷിക്കുന്ന നമ്മുടെ മെഡിക്കൽ പ്രവേശന പരീക്ഷകൾ എത്രത്തോളം ഫലപ്രദമാണ്? കുട്ടികളുടെ അഭിരുചി, ചിന്താശേഷി എന്നിവയൊന്നും വിലയിരുത്തപ്പെടുന്നില്ല. പരിശീലന കോഴ്സുകൾക്കു ചേർന്നു സിലബസുകൾ മനഃപാഠമാക്കുന്ന കുറെ വിദ്യാർഥികളെ നമുക്കു ലഭിക്കുമ്പോൾ, നല്ലൊരു ഡോക്ടറാകാൻ യോഗ്യതയുള്ള ഒട്ടേറെപ്പേർ പരീക്ഷാ മാനദണ്ഡങ്ങളിൽ തട്ടി പുറത്താകുന്നു. 

ഡോ. ഷിനു ശ്യാമളൻ സ്വകാര്യ ക്ലിനിക്, തളിക്കുളം, തൃശൂർ

വിദേശത്തു പോയി എംബിബിഎസ് പഠനം നടത്തുന്നവരെയെല്ലാം താഴ്ത്തിക്കെട്ടുന്ന പ്രവണത ശരിയല്ല. പുറത്തു പഠിക്കുന്നവരെല്ലാം അനധികൃതമായി കോഴ്സ് പൂർത്തിയാക്കുന്നവരാണെന്ന വ്യാജ പ്രചാരണമുണ്ട്. ഈ തൊഴിൽ മേഖലയോടുള്ള ഇഷ്ടം കൊണ്ടു മാത്രം കഠിനാധ്വാനത്തിനു ശ്രമിക്കുന്നവരെ തളർത്തുന്ന നടപടികൾ ഉണ്ടാകരുത്. 

 

അവസാനിച്ചു; തയാറാക്കിയത്

 

റെഞ്ചി കുര്യാക്കോസ്, 

ജയചന്ദ്രൻ ഇലങ്കത്ത്, മനോജ് കടമ്പാട്, 

എം.ആർ.ഹരികുമാർ, ഫിറോസ് അലി, 

എസ്.പി.ശരത്, അജയ് ബെൻ, 

കപിൽ രാജ്, ആൽബിൻ രാജ്

സങ്കലനം: സനിൽ പി.ജയ്സൺ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com