ADVERTISEMENT

എന്റെ ചെറുകഥയായ ‘ഹിഗ്വിറ്റ’ തുടങ്ങുന്നത് ഇങ്ങനെയാണ്: ‘പെനൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത’ എന്ന ജർമൻ നോവലിനെപ്പറ്റി ഇറ്റലിയിൽനിന്നെത്തിയ സാഹിത്യസ്നേഹിയായ ഫാദർ കപ്രിയറ്റി, ഗീവർഗീസച്ചനോട് ഒരിക്കൽ, ഏറിയാൽ രണ്ടു തവണ, പറഞ്ഞിരിക്കണം...’ ഇതിൽ പരാമർശിച്ച ജർമൻ നോവലിന്റെ രചയിതാവായ പീറ്റർ ഹൻഡ്കെക്ക് ആണ് സാഹിത്യത്തിനുള്ള 2019ലെ നൊബേൽ സമ്മാനം ലഭിച്ചിരിക്കുന്നത് (നോവലിന്റെ ഇംഗ്ലിഷ് തർജമകളിൽ ‘ഏകാന്തത’യ്ക്കു പകരം ‘ഉത്കണ്ഠ’ (anxiety) എന്നാണ് ഇപ്പോൾ എഴുതിക്കാണുന്നത്).

ദീർഘകാലം ഞാൻ പിന്തുടർന്നിരുന്ന ഒരെഴുത്തുകാരനു നൊബേൽ സമ്മാനം ലഭിച്ചത് നൽകുന്ന സ്വകാര്യസന്തോഷം ഒരു വശത്ത്; ഹൻഡ്കെ കുറച്ചു കാലമായി ഉയർത്തുന്ന രാഷ്ട്രീയത്തിന്റെ അസ്വസ്ഥത മറുവശത്ത്. ഈ നൊബേൽ സമ്മാനം ഏറെ വിവാദങ്ങൾ സൃഷ്ടിക്കുമെന്നു പ്രവചിക്കാൻ അധികം കവടി നിരത്തേണ്ടതില്ല.

1966ൽ, അന്ന് ഇരുപത്തിനാലുകാരനായ ഹൻഡ്കെ, യുഎസിലെ പ്രിൻസ്റ്റൻ യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രസംഗത്തിൽ അന്നത്തെ ജർമൻ സാഹിത്യത്തെ അതിന്റെ ‘വർണനാപരമായ വന്ധ്യത’യുടെ പേരിൽ വിമർശിച്ചതു തൊട്ടാണ് പൊതുശ്രദ്ധയിലേക്കു കടന്നുവരുന്നത്. ഏറെ താമസിയാതെ ‘കടന്നലുകൾ’ എന്ന ആഘോഷിക്കപ്പെട്ട നോവലെഴുതി. ഓസ്ട്രിയക്കാരനായ ഈ എഴുത്തുകാരൻ ജർമൻ ഭാഷയെ നവീകരിക്കുകയായിരുന്നു. നൊബേൽ കമ്മിറ്റിയുടെ പ്രസ്താവനയിൽ ഉള്ളതു പോലെ, ‘ഭാഷാപരമായ ചാതുര്യം’ അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു.

ഒരു പഴയ ഗോളി ഹോട്ടലിൽ തങ്ങാൻ ഇടയായപ്പോൾ അവിടത്തെ കാഷ്യർ ആയിരുന്ന യുവതിയുമായി അടുപ്പത്തിലാവുകയും തുടർന്ന് ഭ്രാന്തമായ ഒരു നിമിഷത്തിൽ അവളെ കഴുത്തു ഞെരിച്ചു കൊല്ലുന്നതുമാണ് ‘പെനൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഉത്കണ്ഠ’യുടെ പ്രമേയം. 1970ൽ പ്രസിദ്ധീകരിച്ച നോവൽ ബെസ്റ്റ് സെല്ലർ ആയിരുന്നു. തുടർന്ന് പ്രസിദ്ധ സംവിധായകൻ വിം വെൻഡേഴ്സ് അതു സിനിമയാക്കിയപ്പോൾ, ആഗോള പ്രശസ്തി ഹൻഡ്കെയെ തേടിയെത്തി. നോവലുകൾക്കു പുറമേ, കഥകളും നാടകങ്ങളും തിരക്കഥകളും ഹൻഡ്കെ രചിച്ചിട്ടുണ്ട്.

‌അമ്മ വഴി യുഗൊസ്‌ലാവ് വേരുകളുള്ള ഹൻഡ്കെയെ വലതുപക്ഷ സെർബിയൻ ദേശീയവാദിയായാണു പലരും കാണുന്നത്. അതിനു പ്രധാന കാരണം, വംശഹത്യ ആരോപിക്കപ്പെട്ട മുൻ സെർബ് നേതാവ് സ്ലൊബൊദാൻ മിലോസെവിച്ചിനെ പ്രശംസിച്ച് അദ്ദേഹം നടത്തിയ ചരമപ്രസംഗമാണ്. ഹൻഡ്കെക്ക് 2006ൽ നൽകിയ ഹെൻറിക് ഹൈൻ സമ്മാനം പ്രക്ഷോഭങ്ങളെത്തുടർന്നു പിൻവലിക്കേണ്ടി വന്നു. അദ്ദേഹത്തെത്തേടി അവാർഡുകൾ വന്നപ്പോഴെല്ലാം പ്രതിഷേധങ്ങളുണ്ടായി.

ഇന്നലെത്തന്നെ പ്രഖ്യാപിച്ച, 2018ലെ നൊബേൽ സമ്മാനം നേടിയ ഓൾഗ തൊകാർചുക് ഈയിടെ വാർത്തയിൽ നിറഞ്ഞുനിന്ന വ്യക്തിയാണ്. കഴിഞ്ഞ വർഷം അവരുടെ ‘ആകാശയാത്രകൾ’ (ഫ്ലൈറ്റ്സ്) എന്ന നോവലിനായിരുന്നു മാൻ ബുക്കർ ഇന്റർനാഷനൽ സമ്മാനം. 2007ൽ പോളിഷ് ഭാഷയിൽ പ്രസിദ്ധീകരിച്ച ഈ നോവൽ, ചെറിയ ഖണ്ഡങ്ങളിൽ ചിതറിക്കിടക്കുന്ന, ആധുനിക കാലത്തെ യാത്രകളെക്കുറിച്ചുള്ള ശിഥിലചിന്തകളാണ്.

അതിൽ ചിത്രങ്ങളും ഭൂപടങ്ങളും കൊടുത്തിട്ടുണ്ട്. ഇതു വായിച്ചപ്പോൾ 21–ാം നൂറ്റാണ്ടിൽ നോവൽ എന്ന മാധ്യമത്തിനു രൂപപരിണാമം സംഭവിക്കുന്നതായി എനിക്കു തോന്നി. തൊകാർചുക്കിന്റെ മറ്റൊരു പ്രസിദ്ധമായ കൃതി 18–ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ എഴുതിയ ‘ജേക്കബിന്റെ പുസ്തകങ്ങൾ’ ആണ്. ആഖ്യാനത്തിന്റെ അതിരുകൾ ലംഘിക്കാൻ എപ്പോഴും ശ്രമിക്കുന്ന ഈ എഴുത്തുകാരി, എഴുതുന്ന വാക്കുകളുടെ പരിമിതികളെക്കുറിച്ച് കൂടെക്കൂടെ ഓർമിപ്പിക്കുന്നു.

തൊകാർചുക്കും വിവാദങ്ങളിൽനിന്നു വിമുക്തയല്ല. അവരെ വേട്ടയാടുന്നതു പോളണ്ടിലെ തീവ്ര ദേശീയവാദികളാണ്. തൊകാർചുക്കിന്റെ സാഹിത്യം ‘പോളണ്ട് ചരിത്രപരമായി പിന്തുടരുന്ന രാഷ്ട്രീയത്തിനു കടകവിരുദ്ധമാണ്’ എന്നാണ് അവിടത്തെ ലോ ആൻഡ് ജസ്റ്റിസ് പാർട്ടി ഉയർത്തിയ ആരോപണം. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനങ്ങൾ ഒരിക്കൽ കൂടി വിവാദങ്ങൾക്കു തിരികൊളുത്തുമ്പോൾ, 2014ൽ ഈ സമ്മാനം തന്നെ അവസാനിപ്പിക്കാൻ പീറ്റർ ഹൻഡ്കെ ആഹ്വാനം ചെയ്തത് ഓർക്കുന്നു. അദ്ദേഹം പറഞ്ഞു – സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുന്ന ആൾക്ക് അതു ‘കപട പുണ്യവാള പരിവേഷവും ഒരുനിമിഷത്തിലെ പ്രശസ്തിയും ആറു പേജ് പത്രവാർത്തകളുമാണു നൽകുന്നത്’.

സമൂഹത്തെ ബാധിച്ച രോഗം  

താമരശ്ശേരി കൂടത്തായിയിൽ 14 വർഷത്തിനകം ഒരേ കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്തിയ സംഭവം ഇതിനകം രാജ്യാന്തര തലക്കെട്ടുകൾ നേടിക്കഴിഞ്ഞു. നിഘണ്ടുവിലെ നിർവചനം അനുസരിച്ച് 30 ദിവസത്തിൽ കൂടുതൽ സമയമെടുത്ത് മൂന്നിലധികം പേരെ കൊലപ്പെടുത്തിയാൽ അതിനെ തുടർക്കൊല – സീരിയൽ കില്ലിങ് – എന്നു വിളിക്കാം. തുടർക്കൊലയാളികളുടെ മനഃശാസ്ത്രം അതീവ സങ്കീർണവും പേടിപ്പെടുത്തുന്നതുമാണ്. പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത് കുട്ടിക്കാലം മുതൽ അവരുടെ മാനസികാവസ്ഥ തകരാൻ തുടങ്ങുന്നു എന്നാണ്.  മാതാപിതാക്കളുമായുള്ള പ്രശ്നങ്ങളും ബാല്യകാല പീഡനങ്ങളും അവർക്ക് അന്യമല്ലതാനും. മനോനിയന്ത്രണവും നിയമം അനുസരിച്ചു ജീവിക്കുന്ന പൗരന്മാരിൽ കാണുന്ന മറ്റു സ്വഭാവങ്ങളും അവരിൽ കണ്ടെന്നുവരില്ല.

കൊലപാതക പരമ്പരകൾ നടത്തിയിട്ടുള്ളവരിൽ ഏറ്റവും വ്യത്യസ്തയാണു ജോളി ജോസഫ്. തുടർക്കൊലയുടെ ചോരപുരണ്ട ദീർഘകാല ചരിത്രത്തിൽ ഏറ്റവും കുപ്രസിദ്ധരായ, 19–ാം നൂറ്റാണ്ടിലെ ജാക്ക് ദ് റിപ്പർ, വർത്തമാനകാലത്തു 30ൽ അധികം സ്ത്രീകളെയും കുട്ടികളെയും വധിച്ച യുഎസിലെ ടെഡ് ബണ്ടി, 17 കൊലപാതകങ്ങൾക്ക് ഉത്തരവാദിയായ യുഎസിലെ തന്നെ ജെഫ്രി ഡാഹ്‌മർ, ഇന്ത്യയിലെ തുടർക്കൊലയാളികളിൽ ഏറ്റവും കുപ്രസിദ്ധി ആർജിച്ച, 41 പേരെ തലയ്ക്കടിച്ചു കൊന്ന രാമൻ രാഘവ് എന്നിവരെല്ലാം ഒറ്റയാന്മാരായിരുന്നു. എന്നാൽ, ജോളിക്കു പിന്തുണ നൽകാൻ സമൂഹംതന്നെ കൂടെയുണ്ടായിരുന്നു.

മരണങ്ങൾക്കു കാരണമെന്നു കരുതുന്ന സയനൈഡ് എത്തിച്ചു കൊടുത്ത സ്വർണപ്പണിക്കാരൻ, ജോളിയുടെ ഭർത്താവ് റോയ് തോമസിന്റെ മരണത്തിനു ശേഷം നടന്ന പോസ്റ്റ്മോർട്ടത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും തുടർനടപടികൾ സ്വീകരിക്കാത്ത പൊലീസുകാർ, പല ഘട്ടങ്ങളിലായി ജോളിയെ സഹായിച്ച പ്രാദേശിക രാഷ്ട്രീയനേതാക്കൾ, റവന്യു അധികാരികൾ... ജോളിയെ തുണച്ചവരുടെ ഒരു പട തന്നെയുണ്ട്. ഇവരിൽ ചിലർക്കെങ്കിലും, അവരുമായി ബന്ധമില്ലാത്ത കുറെ നിരപരാധികളുടെ കൊലപാതകങ്ങൾക്ക് തങ്ങൾ കൂട്ടുനിൽക്കുകയാണെന്നു മുൻകൂട്ടി അറിയാമായിരുന്നു എന്നതാണു സത്യം.

ഗുരുതര കുറ്റകൃത്യങ്ങൾക്കു ചൂട്ടു പിടിക്കാൻ ഇവരെ പലരെയും പ്രേരിപ്പിച്ചതിനു പിന്നിൽ അഴിമതി, പണക്കൊതി തുടങ്ങിയ പതിവു കാരണങ്ങൾ മാത്രമല്ല; കുറെക്കൂടി അഗാധമാണ് സമൂഹത്തെ ബാധിച്ചിരിക്കുന്ന രോഗം. ജോളിയുടെ കൂട്ടാളികൾ ശരിതെറ്റുകളോടു പുലർത്തിയ നിർവികാരത കേരളസമൂഹത്തെ അസ്വസ്ഥമാക്കേണ്ടതാണ്. നമ്മുടെ സമൂഹം വ്യക്തികൾക്കു ശരിയായ ദിശാനിർദേശം നൽകുന്നില്ല എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഫ്രാൻസിലെ സമൂഹശാസ്ത്രജ്ഞനായ എമിൽ ഡർകൈം, അനൊമി (anomie) അഥവാ മൂല്യങ്ങളില്ലാത്ത അവസ്ഥ എന്നൊരു സങ്കൽപം മുന്നോട്ടു വച്ചിട്ടുണ്ട്. ധാർമികമായ ചുക്കാൻ നഷ്ടപ്പെട്ട സമൂഹം ലക്ഷ്യബോധമില്ലാതെ ഉഴലുന്നു. കൂടത്തായി, ഭീകരമായ തുടർക്കൊലപാതകങ്ങൾക്കൊപ്പം മലയാളിസമൂഹത്തിലേക്കുള്ള ഒരു കിളിവാതിൽ കൂടിയാണെന്നു തോന്നുന്നു.

 

സ്കോർപ്പിയൺ കിക്ക്:പൂതന’ പരാമർശം: മന്ത്രി ജി. സുധാകരനു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ക്ലീൻ ചിറ്റ്.

 

പിന്നല്ലാതെ! കവിഭാവനയ്ക്ക് ആരെങ്കിലും തടയിടുമോ?

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com