sections
MORE

ക്രിസ്റ്റഫറിന്റെ ശ്വാസം വിശ്വാസമായി

mariam-museum
തൃശൂർ മാള കുഴിക്കാട്ടുശേരിയിൽ മറിയം ത്രേസ്യയുടെ കബറിടത്തിൽ പ്രാർഥിക്കുന്നവർ. (ചിത്രം: ഉണ്ണി കോട്ടക്കൽ ∙ മനോരമ)
SHARE

വത്തിക്കാനിൽ മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപനം നടക്കുമ്പോൾ കാഴ്ചസമർപ്പണം നടത്തുന്നവരിലൊരാൾ ക്രിസ്റ്റഫറാണ്. ജീവിതത്തിലേക്കു തന്നെ തിരിച്ചുനടത്തിയ അദ്ഭുത സൗഖ്യത്തിനുള്ള നന്ദിപ്രകടനമാണ്, ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന തിരുക്കർമങ്ങൾക്കിടെയുള്ള ആ കാഴ്ചസമർപ്പണം.

ജനിച്ച കിടക്കയിൽത്തന്നെ 10 വർഷം മുൻപ് മരണവിധിയെഴുതപ്പെട്ടവനാണ് ക്രിസ്റ്റഫർ. തൃശൂർ അമല ആശുപത്രിയിൽ പെരിഞ്ചേരി ചൂണ്ടൽ ജോഷിയുടെയും ഷിബിയുടെയും മകൻ. ശസ്ത്രക്രിയയിലൂടെയായിരുന്നു ജനനം. ശ്വാസനില താഴ്ന്നുപോയി. വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ട അവസ്ഥയായി. എന്നാൽ, അന്ന് ഒരു വെന്റിലേറ്റർ മാത്രമാണ് ആശുപത്രിയിലുണ്ടായിരുന്നത്. അതിലാകട്ടെ, മറ്റൊരു രോഗിയും. മറ്റൊരു ആശുപത്രിയിലേക്കു മാറ്റാവുന്ന ആരോഗ്യവും ഉണ്ടായിരുന്നില്ല. അതിനാൽ കുഞ്ഞിനെ ജീവനോടെ തിരിച്ചുകിട്ടാൻ സാധ്യത കുറവാണെന്നു ഡോക്ടർ മാതാപിതാക്കളോടു പറഞ്ഞു. 

mariam-thresia
പെരിഞ്ചേരി ചൂണ്ടൽ വീട്ടിൽ ക്രിസ്റ്റഫർ വത്തിക്കാനിലേക്കു പോകും മുൻപ് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുശേഷിപ്പിൽ തൊട്ടു പ്രാർഥിക്കുന്നു

ജോഷിയുടെ അമ്മ സിസിലി വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയപ്പോൾ കൈവശം ഒരു തിരുശേഷിപ്പു കരുതിയിരുന്നു. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ആ തിരുശേഷിപ്പ് കുഞ്ഞിന്റെ ആശുപത്രിക്കിടക്കയിൽ വച്ചു രാത്രി മുഴുവൻ പ്രാർഥിച്ചു. 

പിറ്റേന്നു രാവിലെ നവജാതശിശു ചികിത്സാവിദഗ്ധൻ ഡോ. ശ്രീനിവാസൻ കണ്ടത് ശ്വാസഗതി സാധാരണ നിലയിലായ കുഞ്ഞിനെയാണ്. ഈ അദ്ഭുതമാണ് വിദഗ്ധ ഡോക്ടർമാരുടെ സംഘവും പിന്നീട് വത്തിക്കാൻ നിയോഗിച്ച ഡോക്ടർമാരും മെത്രാൻസമിതിയുമൊക്കെ അംഗീകരിച്ചത്. ക്രിസ്റ്റഫർ വത്തിക്കാനിലെത്തിക്കഴിഞ്ഞു.

sreenivasan-mathew
ഡോ. വി.കെ.ശ്രീനിവാസൻ, മാത്യു

ഒറ്റ രാത്രി കൊണ്ടുണ്ടായ സൗഖ്യം അവിശ്വസനീയം: ഡോ. വി.കെ.ശ്രീനിവാസൻ

അമല ആശുപത്രിയിലെ ഡോ. വി.കെ.ശ്രീനിവാസന് ഇപ്പോഴും ഓർമയുണ്ട് ക്രിസ്റ്റഫറിന്റെ ജനനം. ജനിച്ചു കഴിഞ്ഞപ്പോഴേ കുട്ടിക്കു ശ്വാസമെടുക്കാൻ ബുദ്ധിമുട്ടായിരുന്നു. കുട്ടി രക്ഷപ്പെടുന്ന കാര്യം സംശയമാണെന്നു ബന്ധുക്കളോടു പറഞ്ഞു. 

പിറ്റേന്നു രാവിലെ പരിശോധനയ്ക്കെത്തിയപ്പോൾ കുട്ടി സാധാരണനിലയിൽ ശ്വസിക്കുന്നു. ഈ അവസ്ഥയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങൾ രക്ഷപ്പെട്ടു വരാറുണ്ട്. പക്ഷേ, ശ്വസനം സാധാരണ നിലയിലെത്തണമെങ്കിൽ ഒരാഴ്ച വരെ സമയമെടുക്കും. വെന്റിലേറ്റർ പിന്തുണ ലഭിക്കാത്തതിനാൽ ഇവിടെ അതിനും സാധ്യത കുറവായിരുന്നു. എന്നാൽ, ഒറ്റ രാത്രികൊണ്ടു സാധാരണ  നിലയിലെത്തിയ സൗഖ്യം രണ്ടു പതിറ്റാണ്ടിന്റെ ചികിത്സാ അനുഭവത്തിൽ വേറെയുണ്ടായിട്ടില്ല. 

വൈദ്യന്റെ കഴിവുകൾക്കപ്പുറം ദൈവത്തിന്റെ കരുണയുണ്ടെന്നു വിശ്വസിക്കുന്നയാളാണു താനെന്നും ഡോ. ശ്രീനിവാസൻ പറയുന്നു. വിശുദ്ധപ്രഖ്യാപനത്തിൽ പങ്കെടുക്കാൻ വത്തിക്കാനിലേക്കു പോയിട്ടുണ്ട് ശ്രീനിവാസനും ഭാര്യ ഡോ. അപർണ ഗുൽവാഡിയും. 

മാത്യു, വാഴ്ത്തപ്പെടലിന്റെ സാക്ഷ്യം

ഇരു കാലിലും മുടന്തുമായി ജനിച്ച അമ്മാടം പെല്ലിശേരി മാത്യുവിനു സൗഖ്യം ലഭിച്ചതാണ് മദർ മറിയംത്രേസ്യയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനുണ്ടായ അദ്ഭുതം. കാലുകളുടെ പാദങ്ങൾ വളഞ്ഞ നിലയിലായിരുന്നു.15–ാം വയസ്സിൽ മറിയം ത്രേസ്യയുടെ മാധ്യസ്ഥം പ്രാർഥിച്ചു. 41 ദിവസത്തെ പ്രാർഥനയും ഉപവാസവും നടത്തി. 33–ാം ദിവസം ഒരു കാൽ നേരെയായി. 

പിറ്റേ വർഷം സമാനമായ പ്രാർഥന നടത്തിയപ്പോൾ രണ്ടാമത്തെ കാലും സുഖപ്പെട്ടു. 2000 ഏപ്രിൽ 9നു മറിയം ത്രേസ്യയെ ജോൺപോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാൻ ഈ അദ്ഭുതം കാരണമാകുകയും ചെയ്തു. ഏറെനാൾ കുഴിക്കാട്ടുശേരിയിൽ മറിയം ത്രേസ്യയുടെ കബറിടത്തിനു സമീപമായിരുന്നു മാത്യുവിന്റെ ജീവിതം. അവിടെ എത്തുന്നവർക്കു ഗൈഡായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA