ADVERTISEMENT

രണ്ടാം ക്രിസ്തുവെന്ന വിളിപ്പേര് ഒരാൾക്കേ ലഭിച്ചിട്ടുള്ളൂ: വിശുദ്ധ ഫ്രാൻസിസ് അസീസിക്ക്.‘പുണ്യാളത്തി’ എന്ന വിളി കുട്ടിക്കാലത്തു കേട്ടവളാണ് മറിയം ത്രേസ്യ. അസീസിയുടെയും ഇന്നു വത്തിക്കാനിൽ  വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്ന മദർ മറിയം ത്രേസ്യയുടെയും പുണ്യജീവിതങ്ങൾ തമ്മിലുള്ള സാമ്യംതന്നെ വിശുദ്ധമായൊരു അദ്ഭുതം!

ഏഴു നൂറ്റാണ്ടുകളുടെ ദൂരവും രണ്ടു ഭൂഖണ്ഡങ്ങളുടെ അതിരുമുണ്ട് അവർക്കിടയിൽ. പക്ഷേ, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ, വിശുദ്ധരുടെ നിരയിൽ, ലോകമെങ്ങുമുള്ള വിശ്വാസികളുടെ മനസ്സിൽ ഇരുവരുമുണ്ട്. ലോകം മുഴുവൻ വണങ്ങുന്ന വിശുദ്ധ ഫ്രാൻസിസ് അസീസിയാണ് ആദ്യത്തെയാൾ. ഏഴു നൂറ്റാണ്ടിനിപ്പുറം അതേ വിശുദ്ധജീവിതം നയിച്ച നമ്മുടെ നാട്ടുകാരി മദർ മറിയം ത്രേസ്യയും വിശുദ്ധപദവിയിലെത്തുന്നു. ഫ്രാൻസിസ് അസീസി സ്വയംപീഡ മുതൽ പഞ്ചക്ഷതം വരെയുള്ള പുണ്യജീവിതത്തിലൂടെ കടന്നുപോയത് പുരാതന കാലത്തെങ്കിൽ, അതേ കഠിനജീവിതം തൃശൂർ മാള പുത്തൻചിറയിലെ ഗ്രാമത്തിൽ ജീവിച്ചുതീർത്തത് വെറും നൂറു വർഷങ്ങൾക്കു മുൻപാണ്. ഇന്ത്യ സ്വാതന്ത്ര്യപ്പോരാട്ടം നടത്തിയിരുന്ന കാലത്ത്.

ചെറുപ്പത്തിലേയുള്ള ഭക്തി, വനത്തിൽ പോയുള്ള ഏകാന്ത തപസ്, ക്രിസ്തുവോളം സഹിക്കാനുള്ള കൊതികൊണ്ടുള്ള സ്വയംപീഡ, ശരീരത്തിൽ ഏറ്റുവാങ്ങിയ പഞ്ചക്ഷതങ്ങൾ, യൗവനത്തിന്റെ നാൽപതുകളിൽ അവസാനിച്ച ജീവിതം... അതിനിടെ, ലോകമെങ്ങും വ്യാപിച്ച സന്യാസസമൂഹത്തിന്റെ സ്ഥാപനം. ഇതൊക്കെയായിരുന്നു വിശുദ്ധ ഫ്രാൻസിസ് അസീസിയെങ്കിൽ, അതുതന്നെയാണ് മദർ മറിയം ത്രേസ്യയും. 

ചരലിൽ മുട്ടുകുത്തിയ ‘പുണ്യാളത്തി’ 

കുട്ടികൾക്കെല്ലാം കിട്ടാറുള്ള ‘ഇരട്ടപ്പേരിൽ’ പോലും അവൾ വിശുദ്ധയായിരുന്നു. ‘പുണ്യാളത്തി’ എന്നായിരുന്നു കൂട്ടുകാർ കളിയായി വിളിച്ചിരുന്നത്. 1876 ഏപ്രിൽ 26ന് തൃശൂർ ജില്ലയിലെ മാള പുത്തൻചിറയിലെ ചിറമ്മൽ മങ്കിടിയാൻ തറവാട്ടിൽ തോമ, താണ്ട ദമ്പതികളുടെ മൂന്നാമത്തെ മകളായി ജനിച്ച അവൾ, മൂന്നാം വയസ്സിൽ സംസാരിച്ചത് ത്രിയേക ദൈവത്തെക്കുറിച്ചായിരുന്നു. നാലാം വയസ്സിൽ ചോദിച്ചത് ക്രിസ്തു കുരിശിൽ കിടന്നു പീഡയേറ്റതിനെക്കുറിച്ചും. അഞ്ചാം വയസ്സിൽ തീരുമാനിച്ചു: ക്രിസ്തുവിന്റെ പീഡകൾ സ്വയം ഏറ്റുവാങ്ങാൻ. ചരലിൽ മുട്ടുകുത്തുക, ൈകവെള്ളയിൽ മുട്ടുകുത്തി ജപമാല ചൊല്ലുക, കല്ല് പുറത്തു കയറ്റിവച്ചു മുട്ടിലിഴയുക, ഞെരിഞ്ഞിൽ കിടക്ക വിരിച്ചു കിടക്കുക, ക്രിസ്തുവിന്റെ ചാട്ടവാറടിയേറ്റ വേദന ഓർമിച്ച് മുൾവടികൊണ്ടു ദേഹത്തടിക്കുക... 

മഞ്ഞുപാളികളിൽ കുഴിയുണ്ടാക്കി കിടന്നും മുൾചാട്ടവാറുകൊണ്ടു ശരീരം അടിച്ചുമുറിച്ചും ശരീരത്തിന്റെ പ്രലോഭനങ്ങളെ അതിജീവിച്ചൊരു വിശുദ്ധനുണ്ടായിരുന്നു: ഫ്രാൻസിസ് അസീസി. 

 വാഴയിലയിൽ പൊതിഞ്ഞ ജന്മങ്ങൾ

വസൂരിയെന്ന മഹാവ്യാധി കേരളത്തിൽ മരണനൃത്തമാടുന്ന കാലമാണ്. വസൂരി വന്നവരെ പായയിലും വാഴയിലയിലും പൊതിഞ്ഞുകെട്ടി വീട്ടിലുപേക്ഷിച്ച് ബന്ധുക്കൾ പലായനം ചെയ്യുമായിരുന്നു അന്ന്. കുറച്ചുദിവസം കഴിഞ്ഞെത്തി മരണം ഉറപ്പാക്കി കത്തിച്ചു കളഞ്ഞിരുന്ന കാലം. വാഴയിലയിൽ പൊതിഞ്ഞ മനുഷ്യജീവിതങ്ങൾ േതടി മറിയം ത്രേസ്യയെത്തുമ്പോൾ ബാല്യം കഴിഞ്ഞിട്ടേയുള്ളൂ അവൾക്ക്. ഒപ്പം മൂന്നു കൂട്ടുകാരികളും. ഇലക്കെട്ടഴിച്ച് രോഗികൾക്കു വെള്ളവും ഭക്ഷണവും നൽകി ഒപ്പമിരുന്നു ശുശ്രൂഷിച്ച അവളെ സമൂഹം ഭയത്തോടെ നോക്കി; അവൾ കാരുണ്യത്തോടെയും. 

മരിച്ചുകിടക്കുന്ന അമ്മയുടെ മാറിൽ മുലപ്പാലിനു കരഞ്ഞുകിടന്നിരുന്ന കുഞ്ഞിനെ എടുത്തു വീട്ടിൽ കൊണ്ടുവരിക, അന്നു സമൂഹം മാറ്റിനിർത്തിയിരുന്നവരെ പരിചരിക്കുക, സ്വന്തം ഭക്ഷണം അവർക്കു നൽകുക... 12–ാം വയസ്സിൽ അമ്മ മരിച്ചവൾ, അന്നുതന്നെ നിത്യകന്യകയായി സേവനത്തിനു ജീവിതം മാറ്റിവച്ചവൾ അങ്ങനെയേ ചെയ്യൂ.

ഒരു സ്ത്രീ രക്ഷപ്പെട്ടാൽ ആ കുടുംബം രക്ഷപ്പെടുമെന്നു മനസ്സിലാക്കി 1915ൽ പെൺപള്ളിക്കൂടം ആരംഭിച്ച മറിയം ത്രേസ്യ, ദലിത് സ്ത്രീകളെ മഠത്തിൽ കൊണ്ടുവന്നു താമസിപ്പിക്കുകയും സ്ത്രീകൾക്കു കൈത്തൊഴിൽശാല സ്ഥാപിക്കുകയും ചെയ്തപ്പോൾ സാമൂഹിക പരിഷ്കർത്താവുമായി.

ഇറ്റലിയിലെ അംബ്രിയായിൽ പട്ടുവസ്ത്രവ്യാപാരിയുടെ മകനായിരുന്നു അവൻ. ഭിക്ഷ യാചിച്ചെത്തിയ കുഷ്ഠരോഗിക്ക് പണപ്പെട്ടിയിൽ നിന്നു കിട്ടിയതെല്ലാം വാരി നൽകിയതിനു ശിക്ഷയേറ്റുവാങ്ങിയവൻ: ഫ്രാൻസിസ് അസീസി. 

വനത്തിൽ പോയി കഴിഞ്ഞാലോ?

വീട്ടിലെ ഭക്ഷണത്തിൽ കയ്പുനീരു പിഴിഞ്ഞ് കുടിക്കാൻ തുടങ്ങി കൊച്ചു മറിയം ത്രേസ്യ. പിന്നെ ഇലകൾ മാത്രം കഴിച്ചു ജീവിക്കാമോ എന്നു നോക്കി. വീട്ടിൽനിന്ന് അൻപതോളം കിലോമീറ്റർ അകലെ കോടശേരി മലയിൽ പോയി പ്രാർഥനയുമായി തനിച്ചു കഴിഞ്ഞുകൂടാനുള്ള ആഗ്രഹമായിരുന്നു ഇതിനു പിന്നിൽ. ഒന്നിലേറെ തവണ അവിടെ പോവുകയും ചെയ്തു; പിന്നീട് മറിയം ത്രേസ്യയുടെ ആത്മീയ പിതാവായി മാറിയ ധന്യൻ ജോസഫ് വിതയത്തിലച്ചൻ പുത്തൻചിറ പള്ളിയിൽ  വികാരിയായി എത്തുന്നതുവരെ. 

മറിയം ത്രേസ്യയിലെ വിശുദ്ധജീവിതം കണ്ടറിഞ്ഞ അദ്ദേഹമാണ് വനവാസത്തിനു പകരം മൂന്നു കൂട്ടുകാരികൾക്കൊപ്പം താമസിക്കാൻ നാലു മുറികളുള്ള ‘ഏകാന്തഭവനം’ നിർമിക്കാൻ സഹായിച്ചത്. 1914ൽ സ്ഥാപിച്ച ആ ഏകാന്തഭവനം ഇപ്പോഴുമുണ്ട് കുഴിക്കാട്ടുശേരിയിൽ. ആ നാലുമുറിവീട്ടിൽ പിറന്ന മറ്റൊരു കുടുംബത്തെ നിങ്ങൾ അറിയും. വിദേശ രാജ്യങ്ങളിലടക്കം ശാഖകളുള്ള തിരുക്കുടുംബ സന്യാസിനീസഭ (ഹോളിഫാമിലി സിസ്റ്റേഴ്സ്). 

40 ദിവസത്തെ ഏകാന്ത പ്രാർഥനയ്ക്കായി ദ്വീപിലെ വനത്തിലേക്കു പോയപ്പോൾ അയാൾ ഒരു റൊട്ടി മാത്രമാണു കയ്യിൽ കരുതിയിരുന്നത്.  40–ാം ദിവസം വള്ളക്കാരൻ തിരികെക്കൂട്ടാൻ ദ്വീപിലെത്തിയപ്പോൾ റൊട്ടി അങ്ങനെതന്നെയുണ്ട്. ഒരുനുള്ളു മാത്രം കഴിച്ചിരിക്കുന്നു – 40ദിവസം ഉപവസിച്ച ക്രിസ്തുവിനു തുല്യനെന്ന അഹങ്കാരമൊഴിവാക്കാൻ ഒരുനുള്ളു മാത്രം –അതായിരുന്നു ഫ്രാൻസിസ് അസീസി.

ആണിപ്പഴുതുമായുള്ള  ജീവിതം

കുഴിക്കാട്ടുശേരിയിലെ മറിയം ത്രേസ്യ മ്യൂസിയത്തിലെത്തുന്നവരുടെയെല്ലാം കണ്ണ് ആ രണ്ട് ഉടുപ്പുകളിൽ ഉടക്കും. ഒന്ന് രക്തം പുരണ്ട ഒരു ചട്ട (സ്ത്രീകളുടെ പുരാതന മേൽവസ്ത്രം). മറ്റൊന്ന് കൂർത്ത ഇരുമ്പുനൂലുകൾ കൈകൊണ്ടു തുന്നിപ്പിടിപ്പിച്ച മറ്റൊരു ചട്ട. ആദ്യത്തേത് മറിയം ത്രേസ്യ  പഞ്ചക്ഷതം ശരീരത്തിൽ വഹിച്ചിരുന്ന സമയത്തു രക്തം പുരണ്ടത്. ക്രിസ്തുവിനെ കുരിശിൽ തറച്ചപ്പോൾ കൈകളിലും കാലുകളിലും നെഞ്ചിലുമുണ്ടായ അഞ്ചു മുറിവുകൾ (പഞ്ചക്ഷതം) ശരീരത്തിൽ വഹിച്ചിരുന്നയാളാണു  മറിയം ത്രേസ്യ. കമ്പിനൂലുകൾ കോർത്ത ചട്ട ധരിച്ചതും മുള്ളരഞ്ഞാണം ധരിച്ചിരുന്നതും ക്രിസ്തുവിനോട് ഐക്യപ്പെടാനായിരുന്നു.

ശരീരത്തിൽ പഞ്ചക്ഷതവും പേറി ജീവിച്ചതായി ചരിത്രം രേഖപ്പെടുത്തിയ ആദ്യത്തെയാൾ വിശുദ്ധ ഫ്രാൻസിസ് അസീസിയാണ്. 

ഹ്രസ്വം, ജീവിതയാത്ര 

ഏകാന്തഭവനത്തിലെ മറിയം ത്രേസ്യയുടെ ജീവിതവിശുദ്ധി കണ്ടറിഞ്ഞ് ഒപ്പം ചേരാനെത്തിയത് ഒട്ടേറെ പെൺകുട്ടികളാണ്. നാലുപേരുടെ കൂട്ടായ്മ 40 പേരിലേക്കു വളരുംവരെ ആ ഏകാന്തഭവനമായിരുന്നു സഭയുടെ ആസ്ഥാനം. പിന്നീടാണ് കുഴിക്കാട്ടുശേരിയിൽ പുതിയ മഠം സ്ഥാപിച്ച് അവിടേക്കു മാറുന്നത്. അവിടെയും ഒതുങ്ങാതെ സഭ വളർന്നു. 

തുമ്പൂരിൽ മൂന്നാമത്തെ കേന്ദ്രം സ്ഥാപിക്കപ്പെട്ടത് 1926ൽ. അതിന്റെ വെഞ്ചരിപ്പിന്റെ ഒരുക്കങ്ങൾക്ക് ഓടിനടക്കുന്നതിനിടെയാണു കാലിൽ മുറിവേൽക്കുന്നത്. കഠിനാധ്വാനവും സ്വയംപീഡയും ദുർബലമാക്കിയിരുന്ന ശരീരത്തിലേറ്റ ആ മുറിവ് മരണത്തിനു കാരണമായി. അപ്പോൾ 49 വയസ്സ് പൂർത്തിയാക്കിയതേ ഉണ്ടായിരുന്നുള്ളൂ മറിയം ത്രേസ്യ. 

38–ാം വയസ്സിൽ തുടങ്ങി 11 വർഷം മാത്രം നീണ്ട സന്യാസജീവിതത്തിനിടയിൽ സ്ഥാപിച്ച തിരുക്കുടുംബ സന്യാസിനീസഭ ലോകം മുഴുവൻ പടർന്നു പന്തലിച്ചു. വാഴ്ത്തപ്പെട്ടവളായി, ഇപ്പോൾ വിശുദ്ധയായി മലയാളത്തിന്റെ സുകൃതമാകുന്നു മദർ മറിയം ത്രേസ്യ.

പഞ്ചക്ഷതവും പരിത്യാഗവുമടക്കം സമാനമായ ജീവിതത്തിലൂടെ കടന്നുപോയ ഫ്രാൻസിസ്  അസീസി മരിച്ചത് 44–ാം വയസ്സിൽ, ആയുസ്സിന്റെ പാതിയിൽ. അദ്ദേഹം സ്ഥാപിച്ച ഫ്രാൻസിസ്കൻ സന്യാസ സമൂഹവും ക്ലാരസഭയും ലോകം മുഴുവൻ പടർന്നു പന്തലിച്ചു.

കത്തോലിക്കാസഭയിൽ വിശുദ്ധ അൽഫോൻസാമ്മ, വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ, വിശുദ്ധ എവുപ്രാസ്യമ്മ എന്നിവർക്കു ശേഷം നാലാമത്തെ മലയാളി‌വിശുദ്ധയാണ് മറിയം ത്രേസ്യ. കേരളത്തിൽനിന്നുള്ള പഞ്ചക്ഷതധാരിയായ  ആദ്യ വിശുദ്ധയും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com