ADVERTISEMENT

പാവങ്ങളുടെ കണ്ണീരൊപ്പുന്നതും അവന്റെ വിശപ്പിനും മറ്റ് അടിസ്ഥാനപ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതുമാണ് സാമ്പത്തിക വളർച്ച എന്ന മനുഷ്യത്വ സമീപനത്തിന് സാമ്പത്തിക നൊബേൽ തിളക്കം. ഇക്കുറി സമ്മാനിതരായ ഇന്ത്യൻ വംശജനായ അഭിജിത് ബാനർജി, ഭാര്യ എസ്തേർ ദഫ്ലോ, മൈക്കേൽ ക്രമർ എന്നിവർ സാമ്പത്തിക തത്വങ്ങളുടെ വിരസതയിൽ പ്രശ്നങ്ങളെ ഒതുക്കിയവരല്ല, മറിച്ച് അതിനു പരിഹാരം കാണാൻ ആത്മാർഥമായി പ്രയത്നിച്ചവരാണ്. സാമ്പത്തിക തത്വങ്ങളെ പാവങ്ങളുടെ ജീവിതസാഹചര്യം മെച്ചമാക്കാൻ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അവർ കാണിച്ചുതരികയായിരുന്നു. 

വിവിധ സാഹചര്യങ്ങളിൽ മാനുഷിക വികസനത്തിന്റെ ശരിയായ വെല്ലുവിളികൾ പഠിച്ചറിഞ്ഞ് അവയെ നേരിടാൻ വ്യതിരിക്തമായ വഴികൾ കണ്ടെത്തി പ്രയോഗത്തിൽ വരുത്താൻ അവർക്കായി. ബാനർജിയും ദഫ്ലോയും ചേർന്ന്  മാസച്യുസിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ആരംഭിച്ച ജെ–പാൽ എന്നറിയപ്പെടുന്ന അബ്ദുൽ ലത്തീഫ് ജമീൽ പോവർട്ടി ആക്‌ഷൻ ലാബ് ഇത്തരം വികസനത്തിന് ഒരുപാടു വഴികൾ കണ്ടെത്തി. വികസന വിഷയങ്ങളെ മനസ്സിലാക്കേണ്ടത് അവയുടെ എണ്ണത്തിലല്ല, ഗുണത്തിലാണ് എന്ന നിലപാടിലാണ് അവർ മുന്നേറിയത്. ദാരിദ്ര്യ നിർമാർജനത്തിലും ഇതേ വഴിയാണ് അവർ പിന്തുടർന്നത്. അടിസ്ഥാന പ്രശ്നങ്ങൾ അറിഞ്ഞ് പരിഹാരം കണ്ടെത്തിയാലേ മനുഷ്യന്റെ വികസനമെന്ന യാഥാർഥ്യത്തിലേക്കു മുന്നേറാനാകൂ എന്നും അവർ തെളിയിച്ചു. 

ചില രാജ്യങ്ങൾ ദരിദ്രമായി തുടരുന്നതിനു കാരണം തേടേണ്ടത് പ്രശ്നങ്ങളെ ശരിയായി സമീപിക്കുന്നതിൽ അവരുടെ പൊതുനയത്തിലുണ്ടായ പരാജയത്തിലാണെന്ന് ഇവർ വാദിക്കുന്നു. ‘ദരിദ്ര സാമ്പത്തികശാസ്ത്രം: ആഗോള ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഒരു അടിസ്ഥാന വിചിന്തനം’ എന്ന ഗ്രന്ഥത്തിൽ ബാനർജിയും ദഫ്ലോയും ഇതിനുള്ള ശാസ്ത്രീയ കണക്കുകൾ വിവരിക്കുന്നുണ്ട്. പാവപ്പെട്ടവരുടെ വരുമാനം ഉയരുന്നതിനും മെച്ചപ്പെട്ട ആരോഗ്യവും വിദ്യാഭ്യാസവും നേടുന്നതിനും വഴിയൊരുക്കുന്ന വിശകലനങ്ങളാണിവ. 

ഇന്നും ലോകത്ത് 70 കോടിയിലേറെ അതിദരിദ്രരുണ്ട്. ഇവരുടെ വരുമാനം അതിദയനീയം. വിശപ്പടക്കാൻ, അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ഇവർ പാടുപെടുന്നു. എല്ലാ വർഷവും 50 ലക്ഷത്തിലേറെ കുട്ടികൾ 5 വയസ്സെത്താതെ മരിക്കുന്നു. നല്ല സാമ്പത്തിക നയം പിന്തുടർന്നാൽ വലിയ ചെലവില്ലാതെ തടയാവുന്ന രോഗങ്ങൾ മൂലമാണ് ഈ മരണം. ദരിദ്ര രാജ്യങ്ങളിൽ ബഹുഭൂരിപക്ഷം കുട്ടികൾക്കും അക്ഷരാഭ്യാസത്തിനു പോലും വഴിയില്ല. എഴുത്ത്, വായന, കണക്കുകൂട്ടാനുള്ള കഴിവ് എന്നിവയുടെ അഭാവം ഇവരുടെ ജീവിതം ദയനീയമാക്കുന്നു. നിലവിലുള്ള സാമ്പത്തിക തത്വങ്ങൾക്ക് ഇവ വിശദീകരിക്കാനോ പരിഹരിക്കാനോ കഴിയുന്നില്ല. ‘സഹായവും’ ‘വിപണി പരിഹാരവും’ പരാജയപ്പെട്ടിരിക്കുന്നു. അടിസ്ഥാന തലത്തിൽ പ്രശ്നങ്ങളെ സമീപിച്ച് പരിഹരിക്കാനുള്ള സാമ്പത്തികശാസ്ത്രം സർക്കാരുകൾ പിന്തുടരേണ്ടിയിരിക്കുന്നു. സാമ്പത്തിക വളർച്ചാ സങ്കൽപത്തിനും അപ്പുറമാണിത്. വിവിധ സ്ഥലങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ കഴി‍ഞ്ഞ 20 വർഷം ഇവർ നടത്തിയ പരീക്ഷണങ്ങൾ വികസന ഗവേഷണവഴികൾ മാറ്റിമറിച്ചവയാണ്.   

ഉദാഹരണത്തിന് നമ്മുടെ രാജ്യത്ത് പ്രതിരോധ കുത്തിവയ്പു സൗജന്യമാണ്. എന്നാൽ, ഇത്തരം സർക്കാർ ക്യാംപുകളിലേക്ക് കുഞ്ഞുങ്ങളുമായി എത്താൻ അമ്മമാർ മടിക്കുന്നു. തിരഞ്ഞെടുത്ത കേസുകളിലെ പരീക്ഷണങ്ങളിലൂടെ ഇതിനു കാരണം കണ്ടെത്താൻ ഇവർ ശ്രമിച്ചു. ചില ക്യാംപുകളിൽ പോഷകധാന്യങ്ങൾ സൗജന്യമായി നൽകി അവ നൽകാത്ത ക്യാംപുകളുമായി താരതമ്യം ചെയ്തു പഠിച്ചു. ഭരണത്തിൽ സ്ത്രീകൾക്ക് കൂടുതൽ പങ്കാളിത്തം ലഭിച്ചാൽ സ്ഥിതി മെച്ചപ്പെടുമോയെന്നും നോക്കി.

വനിതാ ഗ്രാമമുഖ്യന്മാർ വന്നപ്പോൾ സാമ്പത്തിക തീരുമാനങ്ങളിൽ സ്ത്രീകൾക്കു പ്രയോജനപ്രദമായ കൂടുതൽ തീരുമാനങ്ങളുണ്ടായി. ഇന്ത്യയിലെ ഗ്രാമങ്ങളിൽ ഇതു വൻമാറ്റമാണുണ്ടാക്കിയത്. എംഐടി പോവർട്ടി ആക്‌ഷൻ ലാബിന്റെ സംഭാവനകൾ ലോകമെങ്ങും ഒട്ടേറെ ഗവേഷകരെ താത്വിക സാമ്പത്തിക വിശകലനങ്ങളിൽ നിന്ന് പ്രായോഗിക തലത്തിലേക്കിറങ്ങാൻ പ്രേരിപ്പിച്ചു. ആഗോളതലത്തിൽ ദാരിദ്ര്യനിർമാർജനത്തിന് ഇത് ഏറെ സഹായിച്ചു. 

എന്നാൽ, ഈ രീതിയുടെ പരിമിതികളും ഇപ്പോൾ പഠനവിധേയമാകുന്നുണ്ട്. വരും തലമുറയ്ക്ക് കൂടുതൽ വ്യക്തതയോടെ കാര്യങ്ങളെ സമീപിച്ചു പരിഹാരം കണ്ടെത്താൻ അതു സഹായിക്കും. 2015ൽ നൊബേൽ സമ്മാനം നേടിയ ആംഗസ് ഡീറ്റന്റെ, ദാരിദ്ര്യത്തെ അളക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട പഠനങ്ങൾ ബാനർജിയുടെയും ദഫ്ലോയുടെയും ശ്രമങ്ങൾക്കു വഴികാട്ടിയായിട്ടുണ്ടെന്നും കാണാനാവും. 

സാമ്പത്തിക ശാസ്ത്രജ്ഞയും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയിലെ പ്രഫസറുമാണ് ലേഖിക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com