ADVERTISEMENT

648 എന്ന സംഖ്യയെച്ചുറ്റിയുള്ള വേവലാതിയിലാണ് അരൂരിലെ മത്സരം വേവുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അരൂരിൽ യുഡിഎഫിന്റെ പക്കൽ 648 വോട്ട് മിച്ചമുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ 38,519 എന്ന വോട്ടുമല കയറിയാണ് യുഡിഎഫ് 648ന്റെ കനൽ ഊതിത്തെളിച്ചത്. ഇത്തവണ അത് ആളിപ്പിടിപ്പിക്കാൻ അവർ ആഞ്ഞു വീശുന്നുമുണ്ട്. എന്നാ‍ൽ, അരൂരിന്റെ വിപ്ലവത്തീ കെട്ടിട്ടില്ലെന്നാണ് എൽഡിഎഫിന്റെ ആത്മവിശ്വാസം. 

ഭൂപ്രകൃതിയിൽ സമതലമായ അരൂർ തിരഞ്ഞെടുപ്പു ചരിത്രത്തിൽ കുന്നും കുഴിയും നിറഞ്ഞതാണ്. കെ.ആർ.ഗൗരിയമ്മയോടു ചേർന്നുള്ള ഇടതു പ്രസിദ്ധിയാണ് അരൂരിനു കൂടുതലുമുള്ളത്. ഉപതിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചിൽ എൽഡിഎഫിന്റെ ഏക സിറ്റിങ് സീറ്റുമാണ് അരൂർ. 

ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾത്തന്നെ സ്വാഭാവികമായും കേട്ടുതുടങ്ങിയ പേരുകളാണ് എൽഡിഎഫും യുഡിഎഫും അവതരിപ്പിച്ചത്. മാസങ്ങളായി മണ്ഡലത്തിൽ സജീവമായിരുന്നു എൽഡിഎഫിന്റെ യുവമുഖമായ മനു സി.പുളിക്കൽ. യുഡിഎഫിന്റെ ഔദ്യോഗിക തീരുമാനം താരതമ്യേന വൈകിയെങ്കിലും ഷാനിമോൾ ഉസ്മാൻ എന്ന പേര് നേരത്തേ തന്നെ നാട്ടുകാരുടെ ചർച്ചകളിലുണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ, അരൂരിൽ യുഡിഎഫുകാർ ഷാനിമോളെ ‘ജയിപ്പിച്ചിട്ടുമുണ്ട്.’ എൻഡിഎയിൽനിന്നു മാത്രമാണൊരു അപ്രതീക്ഷിത നീക്കമുണ്ടായത്. ബിഡിജെഎസ് വേണ്ടെന്നു വച്ചപ്പോൾ ബിജെപി ഏറ്റെടുത്ത സീറ്റിലേക്കാണു കെ.പി.പ്രകാശ്ബാബുവിന്റെ വരവ്.

മൂന്നു മുന്നണിയിലെയും പ്രധാന പാർട്ടികൾ നേരിട്ടാണു മത്സരം. ലോക്സഭാ തിരഞ്ഞെടുപ്പിലും അങ്ങനെയായിരുന്നു. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം നോക്കിയാൽ ഈ ഉപതിരഞ്ഞെടുപ്പും രണ്ടു കൂട്ടർക്കും വിശ്രമം നൽകില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലെ വീഴ്ചയിൽനിന്ന് എഴുന്നേൽക്കുക എന്നത് എൽഡിഎഫിന് അഭിമാനപ്രശ്നമാണ്. ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞ് നാലഞ്ചു മാസത്തിനിടയിൽ രാഷ്ട്രീയം പിന്നെയും മാറിയെന്നും ഇടതുപക്ഷത്ത് വോട്ടിന്റെ കുന്ന് വീണ്ടുമുയർന്നിട്ടുണ്ടെന്നും അവരുടെ കണക്ക്. പാലായിൽ ദിക്കുമാറി വീശിയ കാറ്റ് അരൂർ വരെയെത്തുമെന്നാണ് അവരുടെ പ്രതീക്ഷ. 

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിയുടെ കോട്ടയിലുണ്ടാക്കിയ ഇത്തിരി വിള്ളൽ വളർത്താൻ നന്നായി അധ്വാനിച്ച ​ആത്മവിശ്വാസത്തിലാ​ണ് യുഡിഎഫ്.  തുടക്കത്തിലെ പ്രശ്നങ്ങൾക്കു ശേഷം എൻഡിഎ പ്രചാരണവും പാളത്തിലായിട്ടുണ്ട്. അവർക്കു പ്രധാന വിഷയം ശബരിമല തന്നെ.

ജാഥ നയിച്ചു വിവാദങ്ങൾ

ഒന്നിന്റെ ചൂടാറുമ്പോഴേക്കും അടുത്തത് എന്ന കണക്കിലായിരുന്നു പ്രചാരണത്തിനിടയിൽ വിവാദങ്ങളുടെ വരവ്. ചട്ടം ലംഘിച്ചെന്നു പറഞ്ഞു റോഡുപണി തടയൽ‍, മന്ത്രിയുടെ പൂതന പ്രയോഗം, വാഗ്ദാനങ്ങളുമായി മന്ത്രിമാരും ഉദ്യോഗസ്ഥരും വീടുകയറുന്നെന്ന ആരോപണം, ഇടതുസ്ഥാനാർഥിയുടെ തറവാടിനെതിരെ വയലാർ വെടിവയ്പുമായി ബന്ധപ്പെട്ട് ആരോപണം, ബിജെപി നേതാവിന്റെ വീട്ടിൽ സിപിഎം നേതാക്കളുടെ സന്ദർശനം, സിപിഎം നേതാവിന്റെ താമസസ്ഥലത്തിനു സമീപം യുഡിഎഫിന്റെ പ്രചാരണം വിലക്കിയെന്ന ആരോപണം എന്നിങ്ങനെ പലതുമുണ്ടായി. പ്രാദേശിക വികസനവും ശബരിമലയുമൊക്കെ പറഞ്ഞാണു പ്രചാരണം തുടങ്ങിയതെങ്കിലും പിന്നീട് വിഷയങ്ങൾ മാറിമാറിവന്നു. 

സ്വന്തം പ്രശ്നങ്ങൾ

ലോക്സഭാ തിരഞ്ഞെടുപ്പു ഫലം എൽഡിഎഫിനും യുഡിഎഫിനും പരിശോധിക്കാൻ പലതും നൽ‍കിയിരുന്നു. സംസ്ഥാനത്ത് എൽഡിഎഫ് ജയിച്ച ഏക മണ്ഡലത്തിലാണ് അരൂർ. അവിടെ പക്ഷേ, സ്ഥാനാർഥി പിന്നിലായി. നിയമസഭാ തിരഞ്ഞെടുപ്പിലെ വമ്പൻ ജയത്തി‍ൽനിന്നാണീ ഇടിവ്. സംസ്ഥാനത്തു തോറ്റ ഏക ലോക്സഭാ മണ്ഡലമെന്ന നിലയിൽ കോൺഗ്രസും നടത്തി വിശദ പഠനം. ചില പ്രാദേശിക കമ്മിറ്റികൾ പിരിച്ചുവിട്ടു. പക്ഷേ, അരൂരിനെപ്പറ്റി പാർട്ടിക്കു നല്ലതേ പറയാനുള്ളൂ. എൻഡിഎയിലെ പ്രശ്നം ബിഡിജെഎസ് പിണങ്ങി സീറ്റ് ഉപേക്ഷിച്ചതായിരുന്നു. പക്ഷേ, ഇപ്പോൾ പ്രശ്നമൊന്നും ബാക്കിയില്ലെന്നു ബിജെപി നേതാക്കൾ ഉറപ്പിച്ചു പറയുന്നു.

വികസിക്കുന്ന വാദങ്ങൾ

മണ്ഡലത്തിലെ വികസനം മൂന്നു മുന്നണിയും ചർച്ചയ്ക്കു വച്ചിട്ടുണ്ട്. എൽഡിഎഫിന്റെ കണക്കിൽ റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, ക്ഷേമപദ്ധതികൾ തുടങ്ങിയവ. 2,000 കോടി രൂപയുടെ വികസനം എന്നു വരെ അവകാശപ്പെടുന്നു. കല്ലിടലുകൾ മാത്രമേ നടക്കുന്നുള്ളൂ എന്നും യുഡിഎഫ് ഭരണകാലത്താണ് എന്തെങ്കിലും നടന്നതെന്നും യുഡിഎഫിന്റെ തിരുത്തൽ ശ്രമം. വന്നതു പലതും കേന്ദ്ര പദ്ധതികളാണെന്ന് എൻഡിഎ.

മനു സി.പുളിക്കൽ (37) (എൽഡിഎഫ്)

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം, ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം. നിയമസഭയിലേക്ക് ആദ്യ മത്സരം.

ഷാനിമോൾ ഉസ്മാൻ (53) (‌യുഡിഎഫ്)

കേരളത്തിൽനിന്ന് എഐസിസി സെക്രട്ടറി ആയ ആദ്യ വനിത, മഹിള കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ. നിയമസഭയിലേക്ക് മൂന്നാം മത്സരം. ഇക്കുറി ലോക്സഭയിലേക്കു മത്സരിച്ചിരുന്നു. 

കെ.പി.പ്രകാശ്ബാബു (39) (എൻഡിഎ)

യുവമോർച്ച സംസ്ഥാന പ്രസിഡന്റ്. നിയമസഭയിലേക്ക് മൂന്നാം മത്സരം. ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട്ടു നിന്ന് മത്സരിച്ചു. 

അരൂർ നിയമസഭാ മണ്ഡലം (2016– നിയമസഭ)

ആകെ വോട്ട്: 1,88,615
പോൾ ചെയ്ത വോട്ട്: 1,61,875
പോളിങ് ശതമാനം: 85.82%
ഭൂരിപക്ഷം: 38,519 വോട്ട്

2019– ലോക്സഭ

ആകെ വോട്ട്: 1,89,936
പോൾ ചെയ്ത വോട്ട്: 1,58,922
പോളിങ് ശതമാനം:  83.67%
ഭൂരിപക്ഷം: 648 വോട്ട്

English Summary: Aroor Assembly Constituency ByElection Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com