ADVERTISEMENT

വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നു സസ്പെൻഡ് ചെയ്യപ്പെട്ടപ്പോഴാണു ജേക്കബ് തോമസിനു കൃഷിയോടുള്ള ഭ്രമം കലശലായത്. അന്ന് ആശ്രമത്തിന്റെ സ്ഥലത്തു ഞാറുനടാനും കള പറിക്കാനും അദ്ദേഹമാണു മുന്നിട്ടിറങ്ങിയത്. കൊയ്യാനും മെതിക്കാനും കാലമാകും മുൻപ് അദ്ദേഹം ആശ്രമവാസം മതിയാക്കി അജ്ഞാതവാസം തുടങ്ങിയെന്നാണ് ഓർമ. 

കൃഷി എന്നും അദ്ദേഹത്തിന് ഒരു വീക്നെസ് ആയിരുന്നു. അതുകൊണ്ടു മാത്രമാണ് കുടകിൽ ഭാര്യയുടെ പേരിൽ ഭൂമി വാങ്ങിയതും കാപ്പിയും ഓറഞ്ചും മറ്റും നട്ടുപിടിപ്പിച്ചതും. അതിലൊരു പങ്ക് വനഭൂമിയായിപ്പോയത് അദ്ദേഹത്തിന്റെ കുറ്റമല്ല. അതിർത്തിക്കല്ലു സ്ഥാപിച്ചു വേലികെട്ടുമ്പോൾ കർണാടക വനംവകുപ്പു ജണ്ടയിടണമായിരുന്നു. അതൊന്നും ചെയ്യാതെ, അദ്ദേഹം വനഭൂമി കയ്യേറിയെന്നു വിലപിച്ചിട്ടു കാര്യമില്ല. 

കൃഷിക്കു മുൻപു മീൻപിടിത്തമായിരുന്നു ഹോബി. അന്നു സ്രാവു വേട്ടയിലാണു സ്പെഷലൈസ് ചെയ്തത്. സ്രാവുകളെ വേട്ടയാടി അവയുടെ കുലം മുടിയുമെന്നു വന്നപ്പോൾ അതു നിർത്തി. എന്നാലും, സ്രാവുകളോടുള്ള സ്നേഹം ഉപേക്ഷിച്ചില്ല. സമയം കിട്ടുമ്പോഴെല്ലാം ആഴക്കടലിൽ നീന്തുന്നതു ശീലമാക്കി. പരമാവധി ഒരു കറിക്കുവേണ്ട കുട്ടിസ്രാവുകളെയേ അദ്ദേഹം പിടിക്കാറുള്ളൂ. വൻ സ്രാവുകളെ കണ്ടാൽ കണ്ടില്ലെന്നു നടിക്കുന്നതാണ് ആരോഗ്യത്തിനു നല്ലതെന്നു ബോധ്യം വന്നതുകൊണ്ടാണിത്.

ഏതായാലും കൃഷിയോടുള്ള അദ്ദേഹത്തിന്റെ കമ്പം കണക്കിലെടുത്താണ് അദ്ദേഹത്തെ ഷൊർണൂരിലെ കേരള മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാൻ കം മാനേജിങ് ഡയറക്ടറായി നിയമിച്ചത്. അല്ലെങ്കിലും പിണറായി സർക്കാർ ഐഎഎസുകാരെയും ഐപിഎസുകാരെയും നിയമിക്കുന്നത് അവരുടെ അഭിരുചി സൂക്ഷ്മമായി അപഗ്രഥിച്ചാണ്.

പണ്ടേതോ ഇടതുപക്ഷ സർക്കാർ ജയറാം പടിക്കലിനെ ചാലക്കുടിയിലെ കേരള റിഫ്രാക്ടറീസ് എന്നൊരു ഫാക്ടറിയുടെ സിഎംഡിയായി നിയമിച്ചിരുന്നു. എന്തോ അൾട്രാ മോഡേൺ ചുടുകട്ടയുണ്ടാക്കുന്ന കമ്പനിയായിരുന്നു അത്. ഫാക്ടറി തുറക്കണമെങ്കിൽ പുതുക്കാട്, ആമ്പല്ലൂർ, കൊടകര തുടങ്ങിയ സ്ഥലങ്ങളിലെ സ്വകാര്യ ഓട്ടുകമ്പനികളുടെ ഗേറ്റിൽ ചെന്നു കളിമണ്ണുണ്ടോ കളിമണ്ണുണ്ടോ എന്നു തലയിൽ കുട്ടയും വച്ചു വിളിച്ചു ചോദിക്കുന്ന പണിയായിരുന്നു പടിക്കൽ സാറിന്. നക്സൽവേട്ടയ്ക്കു ശേഷം കളിമൺസംഭരണം അദ്ദേഹം കാര്യക്ഷമമായിത്തന്നെ നിർവഹിച്ചു. 

കൈക്കോട്ട്, കൊടുവാൾ, അരിവാൾ, പൊതുവാൾ, അഗർവാൾ തുടങ്ങിയ സാധനങ്ങളാണു ഷൊർണൂരിലെ കമ്പനിയിൽ നിർമിക്കുന്നത്. എന്നാൽ, അരിവാൾ നിർമാണത്തിന് ഊന്നൽ നൽകാനാണു ജേക്കബ് തോമസ് സാറിന്റെ തീരുമാനം. 101 തവണ വെട്ടിയാലും വായ്ത്തലയുടെ മൂർച്ച പോകാത്ത അരിവാളുകൾ ഉടൻതന്നെ വിപണിയിൽ എത്തിക്കുമത്രെ. സത്യത്തിൽ 101 തവണ എന്നു പറയേണ്ടിയിരുന്നില്ല. 51 വെട്ടിനെക്കുറിച്ചു പറഞ്ഞിരുന്നെങ്കിൽ അതിനു പ്രതീകാത്മകമായ ഭംഗി കൈവരുമായിരുന്നു. അരിവാൾ നിർമാണം വിജയമായാൽ പിന്നെ, ചുറ്റിക നിർമാണത്തിലേക്കു കടക്കും. ഇരുമ്പുകൊണ്ടു നക്ഷത്രം നിർമിക്കാൻ പറ്റാത്തതിനാൽ അതിനു തുനിഞ്ഞിറങ്ങുന്നില്ല. പകരം, മികച്ചയിനം എസ് കത്തികൾ നിർമിക്കും. 

നിരൂപണം ഇപി വക

മന്ത്രി ഇ.പി.ജയരാജൻ കാവ്യാസ്വാദകനും കാവ്യനിരൂപകനുമാണെന്നത് അധികംപേർക്ക് അറിയാത്ത രഹസ്യമാണ്. കവിതാവായന അദ്ദേഹത്തിന്റെ ദൗർബല്യമാണ്. ഗദ്യവും പദ്യവും ഇടകലർത്തിയിട്ടാൽ അതിൽനിന്നു പദ്യം മാത്രം വലിച്ചെടുത്ത് ആസ്വദിക്കുന്ന അദ്ഭുതവിദ്യ അദ്ദേഹത്തിനു സ്വായത്തമാണ്. 

മന്ത്രിസഭയിലെ കൂട്ടുകാരനായ സുധാകരകവി നടത്തിയ പൂതനപ്രയോഗം സമ്പൂർണമായും സാഹിത്യമാണെന്ന് ഇപി സഖാവു കണ്ടെത്തിയതോടെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കു പോലും അത് അംഗീകരിക്കേണ്ടി വന്നു. കംസന്റെയും പൂതനയുടെയും കാലത്തു തിരഞ്ഞെടുപ്പും തിരഞ്ഞെടുപ്പുചട്ടങ്ങളും ഇല്ലാത്തതിനാൽ സുധാകരകവിയുടെ അലങ്കാര പ്രയോഗത്തിൽ ചട്ടലംഘനമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കു വിധിക്കേണ്ടി വന്നത് ഇപി സഖാവിന്റെ നിരൂപണത്തിന്റെ അടിസ്ഥാനത്തിലാണ്.

ഏതെങ്കിലും കോൺഗ്രസ് നേതാക്കൾക്കു സുധാകരൻ പറഞ്ഞപോലെ സാഹിത്യസംബന്ധമായി എന്തെങ്കിലും പറയാൻ കഴിയുമോ എന്ന ഇപിയുടെ വെല്ലുവിളി ഏറ്റെടുക്കാൻ മുല്ലപ്പള്ളി മടിക്കരുത്. എകെജി സെന്ററിലോ ഇന്ദിരാഭവനിലോ വച്ചു രേവതീപട്ടത്താനം മോഡലിൽ സാഹിത്യസംവാദം സംഘടിപ്പിക്കണം. രാഷ്ട്രീയത്തിലെ ഉദ്ദണ്ഡശാസ്ത്രികളും കാക്കശ്ശേരി ഭട്ടതിരിയുമൊക്കെ ആരാണെന്നു തീരുമാനിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. 

സ്റ്റോപ് പ്രസ്:  ഉപതിരഞ്ഞെടുപ്പുകളിൽ ഭഗവാൻ അയ്യപ്പൻ എൽഡിഎഫിനെ സഹായിക്കുമെന്നു മന്ത്രി ഇ.പി.ജയരാജൻ.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സഹായിച്ചതു പോലെ ആയിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com