sections
MORE

അഭിജിത് എന്ന അഭിമാനം

SHARE

ഇന്ത്യൻ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് ബാനർജിയിലേക്ക് ഈ വർഷത്തെ സാമ്പത്തികശാസ്ത്ര നൊബേൽ വന്നെത്തുമ്പോൾ വാനോളമുയരുന്നു, രാജ്യത്തിന്റെ അഭിമാനം. ഈ പരമോന്നത പുരസ്കാരം  ആഗോളതലത്തിലെ ദാരിദ്ര്യനിർമാർജന ഗവേഷണ – പരീക്ഷണങ്ങൾക്കാണെന്നത് ഇതിന്റെ മാറ്റുകൂട്ടുകയും ചെയ്യുന്നു. ലോകത്തെ ഗ്രസിച്ചിരിക്കുന്ന പട്ടിണി ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആചരിക്കുന്ന ഭക്ഷ്യദിനത്തിന്റെ രണ്ടു ദിവസം മുൻപ്, ദാരിദ്ര്യം അനുഭവിക്കുന്നവർക്കു മുഴുവൻ പ്രയോജനകരമാവുന്ന ബഹുമുഖ ഗവേഷണങ്ങളുടെ പേരിലാണ് ഈ പുരസ്കാരമെന്നതിനു യാദൃച്ഛികതയുടെ സൗന്ദര്യവുമുണ്ട്. 

അമർത്യ സെന്നിനുശേഷം സാമ്പത്തികശാസ്ത്രം വഴി ഇന്ത്യയിലേക്കു നൊബേൽ സമ്മാനമെത്തിക്കുന്ന കൊൽക്കത്ത സ്വദേശിയും ഇപ്പോൾ യുഎസ് പൗരനുമായ അഭിജിത് ബാനർജിക്കൊപ്പം, ഭാര്യ എസ്തേർ ദഫ്ലോയും യുഎസ് സ്വദേശി മൈക്കേൽ ക്രമറും നൊബേൽ പങ്കിടുന്നുമുണ്ട്. ഇതോടെ, അഭിജിത്തും എസ്തേറും സാമ്പത്തികശാസ്ത്ര നൊബേൽ ലഭിക്കുന്ന ആദ്യ ദമ്പതികളാവുന്നു. ഫ്രഞ്ച് വംശജയും യുഎസ് പൗരയുമായ എസ്തേർ ഈ നൊബേൽ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളും രണ്ടാമത്തെ വനിതയുമാണ്. 

റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസിന്റെ നൊബേൽ സമ്മാനപ്പട്ടികയിൽ അഭിജിത് സ്‌ഥാനംപിടിക്കുന്നതിന്റെ മുഖ്യകാരണങ്ങളിലൊന്ന് ഇന്ത്യയിൽ അദ്ദേഹം നേർകണ്ട ദാരിദ്ര്യത്തിന്റെ സങ്കടക്കാഴ്ചകൾ തന്നെയാവണം. ജീവിതത്തോളം വിലപിടിപ്പുള്ള സമർപ്പിത ഗവേഷണത്തിലേക്ക് അഭിജിത് അങ്ങനെയാണെത്തിയത്. ഇത്തവണ സാമ്പത്തികശാസ്ത്ര നൊബേൽ നേടിയ മൂവരുടെയും ഗവേഷണങ്ങൾ ആഗോള ദാരിദ്ര്യത്തിനെതിരെ  പടപൊരുതാനുള്ള നമ്മുടെ ശേഷി വർധിപ്പിച്ചുവെന്ന് അഭിപ്രായപ്പെട്ട സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ്, രണ്ടു ദശാബ്ദക്കാലത്തെ അവരുടെ പരീക്ഷണ – ഗവേഷണങ്ങൾ ഡവലപ്മെന്റ് ഇക്കണോമിക്സിനെത്തന്നെ  മാറ്റിമറിച്ചുവെന്നും വിലയിരുത്തുകയുണ്ടായി. 

ലോകത്തിന്റെ മുന്നിലുള്ള ഏറ്റവും വലിയ ആകുലതകളിലൊന്ന് ദാരിദ്ര്യമാണെന്നിരിക്കെ, അഭിജിത്തിന്റെയും സഹ ശാസ്ത്രജ്ഞരുടെയും ഗവേഷണത്തിനു മൂല്യമേറെയാണ്. ലോകത്തെ മുഴുവൻ ജനങ്ങളുടെയും വിശപ്പകറ്റാനുള്ള ഭക്ഷ്യവസ്തുക്കൾ ഭൂമിയിൽ ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ലോകത്താകെ 11 ശതമാനത്തിലേറെപ്പേർ പട്ടിണി അനുഭവിക്കുന്നുവെന്നതു കേട്ടുമറക്കേണ്ടതല്ലാത്ത കണക്കായതുകൊണ്ടാണ് അഭിജിത്തിനെപ്പോലുള്ളവർ ജീവിതം ലോകത്തിന്റെ വിശപ്പു മാറ്റാനുള്ള ഗവേഷണത്തിനായി സമർപ്പിക്കുന്നത്. ആഗോളതലത്തിൽ, 70 കോടിയിലേറെ ജനങ്ങൾ ദാരിദ്ര്യം അനുഭവിക്കുന്നതും പ്രതിവർഷം 50 ലക്ഷം കുട്ടികൾ അഞ്ചാം പിറന്നാളിനു മുൻപു മരണമടയുന്നതും തടയാൻ വലിയൊരളവു സഹായകമായ സാമ്പത്തിക, സാമൂഹിക നയത്തിന്റെ പ്രസക്തി ലോകത്തെ ബോധ്യപ്പെടുത്താൻ നൊബേൽ സമ്മാനിതരായ ഈ മൂവർ കൂട്ടുകെട്ടിനു സാധിച്ചതായി കരുതപ്പെടുന്നു.

സാമ്പത്തികശാസ്ത്രത്തിന്റെ മാനുഷിക വശത്തിൽ മുറുകെപ്പിടിച്ച്, ദാരിദ്ര്യത്തിന്റെ ആഗോള നിർമാർജനത്തിനുള്ള പരീക്ഷണാത്മക സമീപനം മുന്നോട്ടുവയ്ക്കുന്ന അഭിജിത് ബാനർജിക്കും സഹഗവേഷകർക്കും ലഭിച്ച ഈ പുരസ്കാരം  അർഹതയ്ക്കും സമർപ്പണത്തിനുമുള്ള ലോകാംഗീകാരം തന്നെ. പട്ടിണിയെ മൊത്തമായി ഏതെങ്കിലും ഒറ്റ നിർവചനത്തിലൊതുക്കാതെ, ഓരോ ആളുടെയോ ചെറു കൂട്ടത്തിന്റെയോ പട്ടിണിയുടെ യഥാർഥ കാരണം കണ്ടെത്തി അതു പരിഹരിക്കുകയാണു വേണ്ടത് എന്ന സൂക്ഷ്മതല മാർഗമാണ് അവർ പരീക്ഷിച്ചത്. ഗവേഷണ ശാലകളിലൊതുങ്ങാതെ യഥാർഥ സാഹചര്യങ്ങളിൽ സാമ്പത്തികശാസ്ത്ര പരീക്ഷണങ്ങൾ നടത്തുന്ന അവരുടെ രീതി ലോകത്തു പലയിടത്തും സ്വീകരിക്കപ്പെടുകയും ചെയ്തു.

ഡൽഹിയിലെ സർക്കാർ സ്കൂളുകളിലെ പഠനനിലവാരം മെച്ചപ്പെടുത്താനും കുട്ടികളുടെ കൊഴിഞ്ഞുപോക്കു തടയാനും സഹായകമായത് അഭിജിത് – എസ്തേർ ദമ്പതികളുടെ പഠന നിർദേശങ്ങളാണ്. ഇക്കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലുണ്ടായിരുന്ന ‘ന്യായ്’ എന്ന അടിസ്ഥാന വരുമാന പദ്ധതിക്കു സാമ്പത്തികോപദേശം നൽകിയപ്പോൾ ദാരിദ്ര്യരഹിത ഇന്ത്യ എന്ന സ്വപ്നം തന്നെയാവണം അഭിജിത് ബാനർജിയുടെ മനസ്സിലുണ്ടായിരിക്കുക.

ഈ നൊബേൽ മാതൃരാജ്യത്തിനു കൂടിയുള്ള അമൂല്യ സമ്മാനമായി കണ്ട് നമുക്ക് അഭിജിത്തിനെ അഭിമാനാഹ്ലാദങ്ങളോടെ അഭിവാദ്യം ചെയ്യാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA