ADVERTISEMENT

ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങളെ ഉൾക്കൊള്ളുന്ന രണ്ടു വലിയ രാഷ്ട്രങ്ങളുടെ ഭരണാധികാരികൾ തമ്മിൽ വീണ്ടും ഉറപ്പിച്ച സൗഹൃദവാഗ്ദത്തം തന്നെയാണ് തമിഴ്നാട്ടിലെ മഹാബലിപുരത്തു നടന്ന അനൗപചാരിക ഉച്ചകോടിയെ ശ്രദ്ധേയമാക്കുന്നത്. തർക്കവിഷയങ്ങൾ ചർച്ചയ്ക്കെടുത്തില്ലെങ്കിലും വ്യാപാരം, നിക്ഷേപം, പരസ്പരവിശ്വാസം എന്നിവ വർധിപ്പിക്കാനുള്ള തീരുമാനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫലശ്രുതിയായതു പ്രതീക്ഷ പകരുന്നു. 

‘ഇന്ത്യയും ചൈനയും പരസ്‌പരം കൈകൊടുക്കുമ്പോൾ ലോകം ശ്രദ്ധിക്കുന്നു’- ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ പറഞ്ഞ ഈ വാക്കുകൾ ചൈനയുമായുള്ള ബന്ധത്തിന് ഇന്ത്യ കൽപിക്കുന്ന പ്രാധാന്യമാണു വിളിച്ചറിയിക്കുന്നത്. ഇക്കഴി‍ഞ്ഞ ദിവസങ്ങളിൽ ഇരു ഭരണത്തലവന്മാരും തമ്മിൽ നടന്ന ദ്വിദിന ഉച്ചകോടി അനൗപചാരികമാണെങ്കിൽകൂടിയും ലോകം ശ്രദ്ധയോടെ വീക്ഷിച്ചതും അതുകൊണ്ടുതന്നെ. കാതലായ തർക്കങ്ങൾ തുടരുന്നതിനിടയിലും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ സഹായകമായ വിധത്തിൽ രാജ്യങ്ങൾക്കു സഹകരിച്ചു മുന്നേറാനാവുമെന്ന പ്രതീക്ഷ നൽകിയാണു മഹാബലിപുരത്തെ കൂടിക്കാഴ്ച സമാപിച്ചത്. 

ഷി ചിൻപിങ്ങും മോദിയും തമ്മിലുള്ള ആദ്യ അനൗദ്യോഗിക ഉച്ചകോടി നടന്നതു കഴിഞ്ഞ വർഷം ചൈനയിലെ വുഹാനിലാണ്. ദോക്‌ലാ സംഘർഷത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിന്നിരുന്ന തെറ്റിദ്ധാരണകൾ  ഒരളവോളം പരിഹരിക്കാൻ വുഹാൻ ഉച്ചകോടിയിലൂടെ കഴിഞ്ഞു. ഇപ്പോൾ വീണ്ടും മോദി–ഷി കൂടിക്കാഴ്ച നടന്നത് അന്തരീക്ഷം രണ്ടു സംഭവങ്ങളാൽ കലുഷിതമായ സാഹചര്യത്തിലാണ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിലുള്ള ഉഗ്രമായ വ്യാപാരയുദ്ധവും കശ്മീർ രാജ്യാന്തര തലത്തിൽ ചർച്ചയാക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾക്കു ചൈന നൽകുന്ന വലിയ പിന്തുണയും. മഹാബലിപുരത്തു കശ്മീർ ചർച്ചയാവാതിരുന്നതു സ്വാഭാവികമെന്നു കരുതുന്നവരുമുണ്ട്. 

അയൽരാജ്യങ്ങൾ അകന്നുനിൽക്കുന്നതിനു പകരം, കൈകോർത്തു ഭാവിയിലേക്കു മുന്നേറണമെന്ന കാലത്തിന്റെ ചുവരെഴുത്തു വായിക്കാനായ ഭരണത്തലവന്മാരെ വുഹാനിൽ കഴിഞ്ഞ തവണ ലോകം കണ്ടെങ്കിൽ, സൗഹാർദപാലനത്തിനായി ഇരുരാജ്യങ്ങൾക്കുമുള്ള ബോധ്യത്തിന്റെ തുടർച്ചതന്നെ മഹാബലിപുരത്തും തെളിഞ്ഞു. ഇന്ത്യയും ചൈനയും സാമ്പത്തിക ബന്ധങ്ങൾക്കു നൽകിയ ഉൗന്നലാണ് ഇതരകാര്യങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾക്കും ഭിന്നതയ്ക്കുംമേൽ ഈയിടെയായി സ്ഥാനംപിടിക്കുന്നത്. 

ഉഭയകക്ഷിബന്ധം ഉറപ്പോടെ മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പം വ്യാപാര, നിക്ഷേപ ബന്ധങ്ങൾ വികസിപ്പിക്കുന്നതിനു ശ്രദ്ധ നൽകിയുള്ള ചർച്ച ഉണ്ടായതു ശുഭോദർക്കമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണു ചൈനയെങ്കിലും കയറ്റുമതി ഇറക്കുമതിയെക്കാൾ വളരെ കുറവാണെന്നതു നമ്മുടെ വലിയ ആശങ്കയാണ്. സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികൾക്കു പ്രാധാന്യം ലഭിച്ചതു കാലം ആവശ്യപ്പെടുന്നതുതന്നെ. ബാങ്കോക്കിൽ മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർസിഇപി) കരാർ ചർച്ചകൾ നടക്കുന്ന അതേ ദിവസങ്ങളിലായിരുന്നു മഹാബലിപുരത്തെ ഉച്ചകോടി. ആർസിഇപി കരാറിനെപ്പറ്റി ഇന്ത്യയ്ക്കുള്ള ആശങ്ക ചർച്ച ചെയ്യാമെന്നു നരേന്ദ്ര മോദിക്ക് ഷി ചിൻപിങ് നൽകിയ ഉറപ്പും തുടർനടപടികളിലേക്കു കടക്കേണ്ടതുണ്ട്. 

പ്രതീക്ഷ പകരുന്ന പല വാതിലുകളും മഹാബലിപുരം തുറക്കുന്നുണ്ട്. ദോക്‌ലാ പ്രതിസന്ധിക്കു ശേഷം പ്രതിരോധ ചർച്ചകൾ പുനരാരംഭിക്കാൻ ധാരണയായതും ഇതിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചൈന സന്ദർശിക്കുന്നതുമെല്ലാം സ്വാഗതാർഹമാണ്. വ്യാപാരക്കമ്മി, ചൈനയിലെ ചില മേഖലകളിൽ ഇന്ത്യൻ കമ്പനികൾക്കുള്ള നിയന്ത്രണം തുടങ്ങിയ വിഷയങ്ങളെല്ലാം പരിഹരിക്കുന്നതിനായി, ധനമന്ത്രി നിർമല സീതാരാമനും ചൈനീസ് ഉപപ്രധാനമന്ത്രി ഹ്യു ചുൻഹ്വയും അംഗങ്ങളായി രൂപംനൽകുന്ന ഉന്നതതല സംവിധാനവും ഇതേ ദിശയിലുള്ള മുന്നേറ്റമായി കാണാം. മൂന്നാം ഉച്ചകോടിക്കുള്ള ഷിയുടെ ക്ഷണം മോദി സ്വീകരിച്ചതിലുമുണ്ട്  സൗഹാർദകാലത്തിന്റെ പ്രതീക്ഷമുദ്രകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com