sections
MORE

ജല പുനരുപയോഗവും അഴിമുഖത്തെ അണക്കെട്ടുകളും; അദ്ഭുതപ്പെടുത്തി സിംഗപ്പൂർ

marina-barrage
മറീന ബാരേജ്
SHARE

ജലം എവിടെനിന്നെല്ലാം വരുന്നെന്നു നമുക്കറിയാം. എന്നാൽ, ഉപയോഗശേഷം അത് എവിടേക്കു പോകുന്നുവെന്ന് നമ്മളിൽ എത്രപേർ ചിന്തിക്കുന്നു? സിംഗപ്പൂർ എന്ന ചെറു ദ്വീപുരാജ്യം അതിനെ ‘ന്യൂ വാട്ടർ’ എന്നു വിളിക്കും. സ്വന്തം ആവശ്യത്തിനുള്ള വെള്ളത്തിന്റെ 30 ശതമാനവും അവർ കണ്ടെത്തുന്നത് ഉപയോഗിച്ച വെള്ളത്തിൽനിന്നാണ്!

ജലസംരക്ഷണത്തിന്റെയും പുനരുപയോഗത്തിന്റെയും കാര്യത്തിൽ ലോകത്തിനു മാതൃകയാണു സിംഗപ്പൂർ. അഴിമുഖ അണക്കെട്ടുകളടക്കം ഒട്ടേറെ വിസ്മയങ്ങളുടെ നാട്. ഭാരതപ്പുഴയും പെരിയാറും വളപട്ടണം പുഴയും ചാലിയാറും ചന്ദ്രഗിരിപ്പുഴയുമെല്ലാം കടലിൽ ചേരുന്ന ഭാഗങ്ങളിൽ പരിസ്ഥിതിക്കു കോട്ടമുണ്ടാക്കാത്തതും ജനങ്ങളെ കുടിയൊഴിപ്പിക്കാത്തതുമായ അണക്കെട്ടുകളുണ്ടെന്നു സങ്കൽപിച്ചു നോക്കൂ. അത്തരം അണക്കെട്ടുകൾ സിംഗപ്പൂരിലുണ്ട്. നദികളിലെ ജലമാകട്ടെ, നേരിട്ടു കുടിക്കാനാകുന്ന തരത്തിൽ ശുദ്ധീകരിച്ചത്. ഉപ്പുരസം കളഞ്ഞു ശുദ്ധീകരിച്ച കടൽവെള്ളവും ഉപയോഗിക്കുന്നു. ജലസംരക്ഷണരംഗത്തു സിംഗപ്പൂർ കാണിച്ചുതരുന്ന മാതൃകകളിലൂടെ നമുക്കു സഞ്ചരിക്കാം. 4 സുപ്രധാന ജല‌സ്രോതസ്സുകളുണ്ടവർക്ക്.

Canal-cleaning
നഗരത്തിലെ കനാലുകൾ വൃത്തിയാക്കുന്നു.

 1. പ്രകൃതിദത്തം

മണ്ണിലും വെള്ളത്തിലും വീഴുന്ന ഓരോ മഴത്തുള്ളിയും ശുദ്ധീകരണ സംഭരണികളിലേക്കും അണക്കെട്ടുകളിലേക്കും എത്തിക്കുന്നു. 17 അണക്കെട്ടുകളുണ്ട്. മഴവെള്ളം ശേഖരിച്ചു വിതരണം ചെയ്യുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണു സിംഗപ്പൂർ. മഴവെള്ളം സംഭരിച്ചു ശുദ്ധീകരിച്ചു വിതരണം ചെയ്യുന്ന അണക്കെട്ടുകളിൽ പ്രധാനമാണു മറീന ബാരേജ്.

  2. ജല ഇറക്കുമതി

1962ൽ ഉണ്ടാക്കിയ കരാർ പ്രകാരം മലേഷ്യയിലെ ജൊഹോർ നദിയിൽനിന്നു സിംഗപ്പൂരിനു ജലം ലഭിക്കുന്നു. 2061 വരെ കാലാവധിയുള്ള ഈ കരാർവഴി സിഗപ്പൂരിനു പ്രതിദിനം 250 ദശലക്ഷം ഗാലൻ ജലം ജൊഹോർ നദിയിൽനിന്ന് എടുക്കാം. മലേഷ്യയെയും സിഗപ്പൂരിനെയും വേർതിരിക്കുന്ന ജൊഹോർ കോസ്‌വേകളിൽ നിർമിച്ച ടണലുകൾ വഴിയാണു സിംഗപ്പൂരിലേക്കു ജലമെത്തിക്കുന്നത്. ഇപ്പോൾ ആകെ ഉപയോഗത്തിന്റെ 55 ശതമാനവും ഇറക്കുമതി ചെയ്യുന്ന വെള്ളമാണ്.

 3. ന്യൂവാട്ടർ

ഉപയോഗശേഷം അഴുക്കുചാലിലേക്ക് ഒഴുകുന്ന വെള്ളം ശേഖരിച്ചാണ് ‘ന്യൂവാട്ടർ’ ഉണ്ടാക്കുന്നത്. മൊത്തം ജല ആവശ്യത്തിന്റെ 30% നിലവിൽ നിറവേറ്റുന്നത് ന്യൂവാട്ടർ ആണെന്നറിയുമ്പോഴാണു നാം കണ്ണു മിഴിക്കുക. 2060 ആകുമ്പോഴേക്കും ഇത് 55% ആയി ഉയർത്തുകയാണു ലക്ഷ്യം. നിലവിൽ ഈ ജലം കൂടുതലായും വ്യവസായങ്ങൾക്കാണു നൽകുന്നത്.

new-water-project

 4. കടൽവെള്ള ശുദ്ധീകരണം

കടൽവെള്ളത്തിൽനിന്ന് ഉപ്പുരസം നീക്കി കുടിക്കാൻ യോഗ്യമാക്കുന്ന പ്രക്രിയ വർഷങ്ങൾക്കു മുൻപു തന്നെയുണ്ട്. 2060 ആകുമ്പോഴേക്കും രാജ്യത്തിന്റെ ആകെ ജല ആവശ്യത്തിന്റെ 30% ഇതുവഴിയാക്കാമെന്നാണു കണക്കുകൂട്ടൽ. ന്യൂവാട്ടറും കടൽവെള്ള ശുദ്ധീകരണ പദ്ധതികളും വഴി 85% ജല ആവശ്യം നിറവേറ്റലാണു ലക്ഷ്യം. ഈ രണ്ടു മേഖലകളെയും പ്രോത്സാഹിപ്പിക്കുന്നതു വഴി പരിസ്ഥിതിസംരക്ഷണം ഉറപ്പാക്കുകയും ആഗോളതാപനത്തെ നേരിടുകയും ചെയ്യാമെന്നു രാജ്യം പ്രതീക്ഷിക്കുന്നു.

ജലസംരക്ഷണം ബാലപാഠം

സിംഗപ്പൂരിലെ ജനങ്ങൾക്കെല്ലാം നല്ല ജലം ഉറപ്പുവരുത്തുന്നതിനൊപ്പം, അവർക്കിടയിൽ ജലസാക്ഷരത വളർത്തുന്നതിനുള്ള നടപടികളുമുണ്ട്. സിംഗപ്പൂർ ഇന്റർനാഷനൽ ഫൗണ്ടേഷൻ (എസ്‌ഐഎഫ്) പോലുള്ള ഏജൻസികൾ ഇക്കാര്യത്തിൽ സർക്കാരിനെ ഏറെ സഹായിക്കുന്നു. വെള്ളം സൂക്ഷിച്ചുമാത്രം ഉപയോഗിക്കാനുള്ള പ്രത്യേക ബോധവൽക്കരണം വ്യാപകമാണ്. കുളിയുടെ ദൈർഘ്യം പോലും 5 മിനിറ്റിൽ താഴെയാക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു.

അരുവികളുടെ വശങ്ങളും മറ്റും കാടുപിടിച്ചുകിടക്കാതിരിക്കാൻ അവിടെ വ്യായാമ പാർക്കുകളും മറ്റും സജ്ജമാക്കിയിട്ടുണ്ട്. കനാലുകളും മറ്റും സദാസമയവും യന്ത്രങ്ങളുപയോഗിച്ചു ശുദ്ധീകരിക്കുന്നതും പതിവുകാഴ്ച. വീടുകളിലെയും സ്ഥാപനങ്ങളിലെയും ജല ഉപഭോഗം, വിതരണമാരംഭിക്കുന്ന സ്ഥലത്തുതന്നെ അറിയാനുതകുന്ന ആധുനിക സംവിധാനങ്ങളുമൊരുക്കിയിട്ടുണ്ട്. കൂടുതൽ ജലം ഉപയോഗിക്കുന്നവർക്ക് അധിക നികുതിയുണ്ട്.

വിസ്മയമായി മറീന ബാരേജ്

സിംഗപ്പൂർ നഗരത്തിലെ ജലവിസ്മയമാണു മറീന ബാരേജ്. അഴിമുഖത്തെ അണക്കെട്ടാണിത്. നഗരത്തിലെ ഏറ്റവും വലിയ ഈ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം പതിനായിരം ഹെക്ടറിലാണു വ്യാപിച്ചുകിടക്കുന്നത്. 3 നദികളും 2 കനാലുകളുമടക്കം 5 ജലപ്രവാഹങ്ങൾ മറീന ബാരേജിലേക്കെത്തുന്നു. മറീന ചാനലിനു കുറുകെ 350 മീറ്റർ നീളത്തിലാണിതിന്റെ നിർമിതി. ഈ ശുദ്ധജല അണക്കെട്ടിൽ കയാക്കിങ്, സെയ‌്‌ലിങ്, ഡ്രാഗൺ ബോട്ടിങ് തുടങ്ങിയവയും നടക്കുന്നു.

മുകളിലേക്കുയർത്തുന്ന ഷട്ടറുകളാണു നമ്മുടെ അണക്കെട്ടുകളിലുള്ളത്. മറീനയിൽ അതു മുകളിൽനിന്നു മുൻവശത്തേക്കു ചായ്ക്കുന്ന ഗേറ്റുകളാണ്. തുറക്കുമ്പോൾ മുകൾപ്പരപ്പിലെ ജലം ആദ്യം പുറത്തേക്ക് ഒഴുകും. താഴെനിന്നു മുകളിലേക്ക് ഉയർത്തുന്ന ഷട്ടർ സംവിധാനമാണെങ്കിൽ, വേലിയേറ്റ സമയത്തും മറ്റും കടൽവെള്ളം അണക്കെട്ടിലെ ശുദ്ധജലവുമായി കലരാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനുള്ള ഉപായം കൂടിയാണ് ഈ ഗേറ്റ് സംവിധാനം.  88 അടി ഉയരമുള്ള 9 ഗേറ്റുകളുണ്ട് മറീനയിൽ. 

singapore-visual

കടലിന് അഭിമുഖമായിട്ടാണ് ഇവ. ഇരുവശങ്ങളിലും വലിയ കനാലുകൾ. നഗരത്തിലെ താഴ്ന്ന ഭാഗങ്ങളെ പ്രളയക്കെടുതികളിൽനിന്നു കാക്കുന്നതു മറീന അണക്കെട്ടാണ്. പ്രളയജലം അണക്കെട്ടിലേക്കെത്തുമ്പോൾ മുൻ വശത്തെ ഗേറ്റുകൾ ചായ്ച്ച് അധികജലം കടലിലേക്ക് ഒഴുക്കും. സമാന്തരമായി വശങ്ങളിലെ കനാൽ വഴിയും കടലിലേക്കു ജലമൊഴുക്കും.

സസ്റ്റെയ്നബിൾ സിംഗപ്പൂർ ഗാലറി

മറീനയിൽ ഒരുക്കിയിട്ടുള്ള മറ്റൊരു വിസ്മയമാണു സസ്റ്റെയ്നബിൾ സിംഗപ്പൂർ ഗാലറി. ഈ ഗാലറി വഴി കയറിയിറങ്ങുമ്പോഴേക്കും ആരും ജലദുരുപയോഗത്തിന്റെ പ്രത്യാഘാതം എത്രത്തോളമാണെന്നു തിരിച്ചറിയും.

നമുക്കും സാധിക്കില്ലേ?

സിംഗപ്പൂരിനെ ഇന്ത്യയുമായി താരതമ്യം ചെയ്യുന്നത് ഉചിതമാകില്ല. എന്നാൽ, 721 ചതുരശ്ര കിലോമീറ്റർ മാത്രമുള്ള ഒരു രാജ്യം ജലസുരക്ഷയ്ക്കായി ചെയ്യുന്ന കാര്യങ്ങളിൽനിന്ന് ഒട്ടേറെ മാതൃകകൾ നമ്മുടെ നഗരങ്ങൾക്കു സ്വീകരിക്കാം, പ്രത്യേകിച്ചു കടലോരനഗരങ്ങൾക്ക്. കേരളത്തിൽ, ചാലിയാറിൽ കോഴിക്കോട് നഗരത്തിനും പെരിയാറിൽ കൊച്ചിക്കും വളപട്ടണം പുഴയിൽ കണ്ണൂരിനുമെല്ലാമായി അത്തരം പദ്ധതികൾക്കു സാധ്യതയേറെയാണ്. നദികൾ പ്രധാനമായും കായലുകളിലേക്ക് ഒഴുകിയെത്തുന്ന തെക്കൻ കേരളത്തിലും ഇതിന്റെ പ്രായോഗികത പരിശോധിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA