ADVERTISEMENT

ശിഷ്യൻ ഗുരുവിനോട്: എന്നെ എന്തിനാണു ധ്യാനിക്കാൻ നിർബന്ധിക്കുന്നത്. ഞാൻ പഠിക്കുന്നുണ്ട്, പ്രാർഥിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും ആലോചിച്ചാണു ചെയ്യുന്നത്. പിന്നെന്തിനാണ് ഇനി മനസ്സു ശൂന്യമാക്കുന്നത്? ഗുരു ബക്കറ്റിൽ വെള്ളമെടുത്ത് നിലാവിൽ കുളിച്ചു നിൽക്കുന്ന പൂന്തോട്ടത്തിലെത്തി. വെള്ളം നന്നായി ഇളക്കിയതിനു ശേഷം ചോദിച്ചു, ബക്കറ്റിൽ നീ എന്തു കാണുന്നു? ശിഷ്യൻ പറഞ്ഞു – പ്രകാശം ഓളംവെട്ടുന്നു.

ബക്കറ്റ് കുറച്ചുനേരം നിശ്ചലമായി വച്ചതിനുശേഷം ഗുരു ചോദിച്ചു,  ഇപ്പോഴോ? പൂർണചന്ദ്രൻ – ശിഷ്യന്റെ മറുപടി. ഗുരു പറഞ്ഞു, കാഴ്‌ച സത്യമാകണമെങ്കിൽ മനസ്സു ശാന്തമാകണം. 

ഒരേസമയം പല ജോലികൾ ചെയ്യുന്നത് എപ്പോഴും മികവിന്റെ അടയാളമല്ല. പിരിമുറുക്കത്തിന്റെ അംശങ്ങളും അവയിൽ കണ്ടേക്കാം. പൂർണത കൈവരിക്കുന്നതു വലിയ കാര്യമാണെങ്കിലും അതു നഷ്‌ടപ്പെടുന്നത് ചെറിയ കാര്യങ്ങളിലെ അശ്രദ്ധയും അവിവേകവും മൂലമാണ്. 

ഒന്നിനോടും തനതായ മമതയില്ലാതെ എല്ലാം ഒരുപോലെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നവർക്ക് ഒ ന്നിന്റെയും പൂർണത അനുഭവിക്കാനാകില്ല. ആളുകളെയും അനുഭവങ്ങളെയും മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നതു ദൃഷ്‌ടിസ്ഥിരത ഇല്ലാത്തതുകൊണ്ടാണ്. വിളറിയതും വികൃതവുമായ കാഴ്‌ചകളെല്ലാം വസ്തുക്കളുടെ സങ്കീർണത കൊണ്ടാകണമെന്നില്ല; കണ്ണുകളുടെ അനിശ്ചിതത്വം കൊണ്ടുമാകാം.

ശാന്തമായതിലെല്ലാം തെളിമയുണ്ടാകും. ഓട്ടപ്രദക്ഷിണത്തിനൊപ്പം, ഒറ്റയ്‌ക്കിരുന്നുള്ള അപഗ്രഥനങ്ങളും ഉണ്ടാകണം. ഇല്ലെങ്കിൽ ഉള്ളിലെ ഇന്ധനം തീരുന്നത് അറിയാതെ വരും. ഒന്നു ശാന്തമാകാനും പരിശോധിക്കാനും സമയം കണ്ടെത്തിയിരുന്നെങ്കിൽ വൈകാരികതയിൽനിന്നും അമിതവേഗത്തിൽ നിന്നും ഉടലെടുത്ത പല അപക്വ തീരുമാനങ്ങൾക്കും കുറച്ചുകൂടി മെച്ചപ്പെട്ട പരിഹാരം കണ്ടെത്താമായിരുന്നു.

എന്തിനെയും സ്വന്തം സമയപരിധിക്കുള്ളിൽ തളയ്‌ക്കാൻ ശ്രമിക്കുന്നവർക്ക് സമ്മർദമേറും; എന്തിനും അതതിന്റെ സമയം അനുവദിക്കുന്നവർക്ക് സമാധാനവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com