ശബരിമല: ഒരുങ്ങാൻ ഇനിയുമേറെ

SHARE

സമഭാവനയുടെ മന്ത്രങ്ങളുമായി ഭക്‌തലക്ഷങ്ങൾ മലകയറുന്ന ശബരിമല തീർഥാടനം തുടങ്ങാൻ ഒരു മാസം  മാത്രമേയുള്ളൂ. പക്ഷേ, തീർഥാടകരെ സ്വീകരിക്കാൻ സന്നിധാനവും പമ്പയും നിലയ്ക്കലും ഇടത്താവളങ്ങളും ശരണവഴികളും ഇത്തവണ പൂർണസജ്‌ജമാണോ എന്നു ചോദിച്ചാൽ അല്ലെന്നു പറയേണ്ടിവരും. പതിവുശൈലിയിൽ ചായംപൂശലും അറ്റകുറ്റപ്പണികളും നടക്കുന്നത് ഒഴിച്ചാൽ കാര്യമായ ഒരുക്കങ്ങളെ‍ാന്നും എങ്ങും കാണുന്നില്ല. 

കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ പമ്പാ ത്രിവേണിയിൽ വലിയ നാശങ്ങളാണ് ഉണ്ടായത്. കുളിക്കടവ് കെട്ടി തണൽമരം വച്ചുപിടിപ്പിച്ചതും തകർന്ന ഏതാനും ശുചിമുറികൾ നവീകരിച്ചെടുത്തതുമാണ് ഇതിനുശേഷം ആകെയുണ്ടായ മാറ്റം. ഹിൽടോപ്പ് പാർക്കിങ് ഗ്രൗണ്ടിന്റെ ഒരു വശം മുഴുവൻ വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞുപോയി. മണൽചാക്ക് അടുക്കി താൽക്കാലിക സംരക്ഷണം ഒരുക്കിയതും തകർന്നു. അതിനാൽ, 2500 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം കിട്ടുന്ന സ്ഥലം ഉപയോഗിക്കാൻ കഴിയാതെ അടച്ചിട്ടിരിക്കുകയാണ്.

തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കിഫ്ബിയിൽ ഉൾപ്പെടുത്തി സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ ഒന്നും തുടങ്ങാൻ കഴിഞ്ഞില്ലെന്നതിനു ബന്ധപ്പെട്ടവരുടെ ന്യായീകരണമെന്താണ്? ശുചിമുറി മാലിന്യ സംസ്കരണശാല പമ്പയിൽ നിർമിക്കാൻ 45 കോടി രൂപ ചെലവു വരുന്ന പദ്ധതിയായിരുന്നു അതിൽ പ്രധാനം. പ്രതിദിനം 10 ദശലക്ഷം ലീറ്റർ ശുചിമുറി മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കാനാണു പദ്ധതിയിട്ടത്. ഇതു പ്രഖ്യാപനത്തിൽ ഒതുങ്ങി. നിലയ്ക്കലെ 35 കോടി രൂപയുടെ ഇടത്താവള സമുച്ചയം, അഞ്ചു കോടിയു‌ടെ ആധുനിക പാർക്കിങ് ഗ്രൗണ്ട്, 50,000 ലീറ്റർ സംഭരണ ശേഷിയുള്ള പുതിയ ജലസംഭരണി, ബയോഗ്യാസ് പ്ലാന്റ് ഉൾപ്പെടെ പല പദ്ധതികളും തുടങ്ങാൻ കഴിഞ്ഞില്ല.

പതിനേഴു റോഡുകളാണ് ഹൈക്കോടതി ശബരിമല പാതയായി അംഗീകരിച്ചിട്ടുള്ളത്. തീർഥാടനം തുടങ്ങും മുൻപ് ഇതിന്റെ പണികൾ പൂർത്തിയാക്കേണ്ടതാണ്. ചില റോഡുകളിൽ കുഴിയടയ്ക്കൽ നടക്കുന്നുണ്ട്. ഉന്നത നിലവാരത്തിൽ വികസിപ്പിക്കാൻ പദ്ധതിയിട്ട ചെത്തോങ്കര– അത്തിക്കയം, മുക്കട– ഇടമൺ–അത്തിക്കയം റോഡുകളുടെ പണികൾ തീർഥാടനം തുടങ്ങും മുൻപു പൂർത്തിയാക്കാൻ കഴിയുമോ എന്നു സംശയമുണ്ട്. രണ്ടു മാസം മുൻപ് ചെത്തേങ്കര റോഡിന്റെ തുടക്കഭാഗത്ത് സംരക്ഷണഭിത്തി കെട്ടിയതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. മുക്കട– ഇടമൺ–അത്തിക്കയം റോഡിന്റെ സ്ഥിതിയും മറിച്ചല്ല. കുതിരാനിൽ അടക്കം നമ്മുടെ പല റോഡുകളും ഇത്തവണ തീർഥാടകർക്കു  യാത്രാക്ളേശം നൽകും. 

യുവതീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയെ തുടർന്നുണ്ടായ പ്രശ്നങ്ങൾ കാരണം ദേവസ്വം ബോർഡിന്റെ വരുമാനത്തിൽ 200 കോടി രൂപയുടെ കുറവുണ്ടായി. ഇത് ദേവസ്വം ബോർഡിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എത്തിക്കുകയും ചെയ്തു. പിടിച്ചുനിൽക്കാൻ മാർഗമില്ലാതെ പെൻഷൻ ഫണ്ടിൽ നിന്ന് 19 കോടിയും കരുതൽ ശേഖരത്തിൽ നിന്ന് 35 കോടിയും കടം എടുത്തു. കഴിഞ്ഞ ബജറ്റിൽ 100 കോടി രൂപയുടെ സഹായധനം ദേവസ്വം ബോർഡിനു സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിൽ ആദ്യഗഡുവായി 30 കോടി നൽകാൻ ജൂലൈ ഒൻപതിന് ധനവകുപ്പ് അഡീഷനൽ സെക്രട്ടറി ഉത്തരവ് ഇറക്കിയെങ്കിലും ഒരു രൂപ പോലും ലഭിച്ചില്ല. പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ ബോർഡിനെ കൈവെടിഞ്ഞുകൂടാ. 

കഴിഞ്ഞ വർഷത്തെ പ്രശ്നങ്ങളും പൊലീസിന്റെ കർശന നിയന്ത്രണങ്ങളും കാരണം സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ കച്ചവടക്കാർ നഷ്ടത്തിലായി. ഇത് ഇത്തവണ കടകളുടെ ലേലത്തെയും ബാധിച്ചു. പൂജാദ്രവ്യങ്ങൾ, സ്റ്റാളുകൾ തുടങ്ങി 216 ഇനങ്ങളിൽ ലേലം നടത്തിയതിൽ 28 ഇനം മാത്രമാണ് ഉറപ്പിക്കാൻ കഴിഞ്ഞത്. പ്രതിസന്ധികൾക്കിടയിൽ, ഇപ്പോഴത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗം എന്നിവരുടെ കാലാവധി നവംബർ 12ന് അവസാനിക്കുകയുമാണ്.  

മണ്ഡല–മകരവിളക്കു കാലത്ത് ലക്ഷക്കണക്കിനു തീർഥാടകരാണു മലകയറുക. അവർക്കു സുരക്ഷിതയാത്രയും സുഗമദർശനവും ഒരുക്കേണ്ടതു സംസ്‌ഥാനത്തിന്റെ കടമതന്നെ. തീർഥാടകരെത്തുമ്പോഴേക്കും ശബരിമലയിലെ സൗകര്യങ്ങൾ പൂർണസജ്ജമായേതീരൂ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA