sections
MORE

മുന്നണികളെ മോഹിപ്പിച്ച് കോന്നി; ഇഞ്ചോടിഞ്ച് ത്രികോണ മൽസരം

konni-byelection-candidates-new
കെ.യു. ജനീഷ്കുമാർ, പി. മോഹൻരാജ്,കെ. സുരേന്ദ്രൻ
SHARE

ഒരു തിരഞ്ഞെടുപ്പിലും കോന്നി ഇത്ര മോഹിപ്പിച്ചിട്ടില്ല. 23 വർഷമായി യുഡിഎഫ് കുത്തകയാക്കി വച്ചിരിക്കുന്ന മണ്ഡലത്തിൽ ജയം പ്രതീക്ഷിക്കാൻ മൂന്നു സ്ഥാനാർഥികളെയും പ്രേരിപ്പിക്കുന്ന ചില കണക്കുകളുണ്ട്. 1965ൽ രൂപം കൊണ്ട കോന്നി മണ്ഡലത്തിലെ ആദ്യ എംഎൽഎ കോണ്‍ഗ്രസിന്റെ പി.ജെ. തോമസ് ആയിരുന്നു. പിന്നീട് ഇടത്, വലതു മുന്നണികളെ മാറിമാറി തുണച്ചു. 1982 മുതൽ 1996 വരെ ജയിച്ചവരെല്ലാം മുന്നണിഭേദമില്ലാതെ നിയമസഭയിൽ പ്രതിപക്ഷത്തായിരുന്നുവെന്നു മാത്രം.

അതിനു മാറ്റം വന്നത് 2001ൽ അടൂർ പ്രകാശ് മണ്ഡലം നിലനിർത്തിയതോടെയാണ്. 1996ൽ 806 വോട്ടിനു ജയിച്ച പ്രകാശ്, ഭൂരിപക്ഷത്തിൽ പിശുക്കു കാട്ടുകയെന്ന കോന്നിയുടെ ശീലം തന്നെ പിന്നീട് തിരുത്തിച്ചു. 2016ൽ തുടർച്ചയായ അഞ്ചാം ജയത്തിൽ നേടിയ ഭൂരിപക്ഷം 20,748. എന്നാൽ എൽഡിഎഫ് പ്രതീക്ഷയർപ്പിക്കുന്നത് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്കുകളിലാണ്. യുഡിഎഫുമായുള്ള വ്യത്യാസം 2,721 വോട്ട് മാത്രം. ആഞ്ഞുപിടിച്ചാൽ ഈ വ്യത്യാസം മറികടക്കാമെന്നാണു പ്രതീക്ഷ. 

എൻഡിഎയുടെ മനസ്സിലുള്ളതും ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ തന്നെ. യുഡിഎഫുമായുള്ള അവരുടെ വോട്ട് വ്യത്യാസം കേവലം 3,161. 2016ൽ അടൂർ പ്രകാശ് നേടിയത് 72,800 വോട്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പായപ്പോൾ യുഡിഎഫ് വോട്ട് 49,667 ആയി; 23,133 വോട്ടിന്റെ കുറവ്. 2016ൽ 52,052 വോട്ട് പിടിച്ച എൽഡിഎഫിനു ലോക്സഭയിലേക്കു ലഭിച്ചത് 46,946 വോട്ട്; 5,106 വോട്ടിന്റെ കുറവ്. ബിജെപിക്കാകട്ടെ, 2016ലെ 16,713 വോട്ട് 2019ൽ 46,506 ആക്കാനായി; 29,793 വോട്ടിന്റെ വർധന.

ഓരോ ചുവടും സൂക്ഷിച്ച്

വോട്ടു കണക്കുകളിൽ തികഞ്ഞ ബോധ്യത്തോടെയാണു യുഡിഎഫും എൽഡിഎഫും കരുനീക്കുന്നത്. ജില്ലയിൽ കോൺഗ്രസിനെ നയിച്ചു തഴക്കമുള്ള പി.മോഹൻരാജിനെ തന്നെ യുഡിഎഫ് സ്ഥാനാർഥിയാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുമുഖമാണെങ്കിലും നഗരസഭാധ്യക്ഷനായും കൗൺസിലറായും 23 വർഷത്തെ അനുഭവപരിചയമുണ്ട്. 

മണ്ഡലത്തിൽനിന്നുള്ള ഡിവൈഎഫ്ഐ നേതാവായ ജനീഷിനു മത്സരം അനുകൂലമാക്കാൻ കഴിയുമെന്നാണ് ഇടതു ക്യാംപിന്റെ കണക്കുകൂട്ടൽ. 2010ൽ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ സീതത്തോട് ഗ്രാമപഞ്ചായത്തിലേക്കു മത്സരിച്ചുജയിച്ചിട്ടുണ്ട്. പാർട്ടിയെയും കോന്നിയെയും തമ്മിലടുപ്പിച്ച കെ.സുരേന്ദ്രനെ തന്നെ ഇറക്കിയതിലൂടെ ബിജെപി നൽകുന്ന സന്ദേശവും വ്യക്തം. ഫലത്തിൽ മണ്ഡലം ആദ്യമായി ത്രികോണ മത്സരത്തിനു സാക്ഷ്യം വഹിക്കുന്നു. 

മാറുന്ന രാഷ്ട്രീയം 

കോന്നിയിൽ രാഷ്ട്രീയത്തിനപ്പുറത്തേക്കു പ്രചാരണം വഴിമാറിയിരിക്കുന്നു. മുൻപെങ്ങുമില്ലാത്തവിധം ജാതി രാഷ്ട്രീയം പ്രചാരണായുധമായി. മത, സാമുദായിക നേതാക്കളുടെ പിന്തുണ ഉറപ്പിക്കാൻ രാഷ്ട്രീയ നേതൃത്വം മൽസരിക്കുന്നു. യുഡിഎഫും എൻഡിഎയും ശബരിമലയാണ് പ്രചാരണ വിഷയമാക്കുന്നത്. ഇതിനെ പ്രതിരോധിക്കേണ്ടതിനാൽ എൽഡിഎഫിനും ശബരിമല പറയാതെ തരമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലെ തന്ത്രങ്ങൾ തന്നെ തിരിച്ചും മറിച്ചും പ്രയോഗിക്കുകയാണ് മുന്നണികൾ. 

അവസാന ലാപ്പിലെ ചിത്രം

അടൂർ പ്രകാശിന്റെ നോമിനിയായി അവതരിപ്പിച്ച റോബിൻ പീറ്ററെ പരിഗണിക്കാതിരുന്നതും എ ഗ്രൂപ്പ് പ്രതിനിധി സ്ഥാനാർഥിയായതും യുഡിഎഫിനു തുടക്കത്തിൽ കല്ലുകടിയായിരുന്നു. എന്നാൽ, പ്രചാരണം മുറുകിയതോടെ അസ്വാരസ്യങ്ങൾ പറഞ്ഞുതീർക്കാനായതിന്റെ ആശ്വാസത്തിലാണ് അവർ. 

പാലായിലെ വിജയമാണ് എൽഡിഎഫിന് ആത്മവിശ്വാസം പകരുന്നത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റ് തിരിച്ചുപിടിക്കുക അസാധ്യമല്ലെന്നും പാലാ തെളിയിച്ചു. 89 വോട്ടിനു തോറ്റ മഞ്ചേശ്വരം വിട്ട് കോന്നിയിൽ പൊരുതാനിറങ്ങുമ്പോൾ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് നൽകുന്ന ആത്മവിശ്വാസമാണു സുരേന്ദ്രനെ നയിക്കുന്നത്.

വികസനം ചർച്ചയാകുമ്പോൾ

അടൂർ പ്രകാശിന്റെ 23 വർഷമാണു യുഡിഎഫിന്റെ പ്രചാരണായുധം. മെഡിക്കൽ കോളജ്, താലൂക്ക്, മിനി സിവിൽ സ്റ്റേഷൻ, സ്റ്റേഡയങ്ങൾ, റോഡുകൾ, പാലങ്ങൾ അങ്ങനെ എണ്ണിപ്പറയാനുണ്ട് യുഡിഎഫിന്. മെഡിക്കൽ കോളജിനു പണം നൽകിയതു തങ്ങളാണെന്നാണ് എൽഡിഎഫിന്റെ ബദൽവാദം.

കോന്നിയിൽ കാണുന്നതൊന്നുമല്ല വികസനമെന്നും അതു കേന്ദ്ര സർക്കാരിൽനിന്നു ലഭിക്കാനുള്ളതാണെന്നും എൻഡിഎയും പറയുന്നു. കൃഷിയാണു കോന്നിയുടെ ജീവശ്വാസം. കർഷകരുടെ മനം കവർന്നാൽ കോന്നിയെ കയ്യിലെടുക്കാമെന്നു പുതുചൊല്ലുമുണ്ട് മണ്ഡലത്തിൽ. 

പി. മോഹൻരാജ്  (63) യുഡിഎഫ്

കെപിസിസി അംഗം. മുൻ ഡിസിസി അധ്യക്ഷൻ. പത്തനംതിട്ട നഗരസഭ മുൻ അധ്യക്ഷൻ, ആദ്യ മത്സരം. 

കെ.യു.ജനീഷ്കുമാർ (36) എൽഡിഎഫ് 

ഡിവൈഎഫ്ഐ സംസ്ഥാന ഉപാധ്യക്ഷൻ. യുവജന കമ്മിഷൻ അംഗം. ആദ്യ മത്സരം. 

െക. സുരേന്ദ്രൻ (49) എൻഡിഎ

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി. മൂന്നാം മത്സരം. കോന്നി ഉൾപ്പെടുന്ന പത്തനംതിട്ട ലോക്സഭാ സീറ്റിൽ മത്സരിച്ചു.

കോന്നി നിയമസഭാ മണ്ഡലം

ആകെ വോട്ടർമാർ: 1,98,974, പുരുഷന്മാർ: 94,517, സ്ത്രീകൾ: 1,04,457

കോന്നി- 2016 നിയമസഭ

ആകെ വോട്ട്: 1,96,309

പോൾ ചെയ്ത വോട്ട്: 1,43,283

പോളിങ്: 72.99%

2019 ലോക്സഭ

ആകെ വോട്ട്: 1,94,705

പോൾ ചെയ്ത വോട്ട്: 1,44,548

പോളിങ് ശതമാനം:  74.24%

English Summary: Konni Assembly Constituency ByElection Analysis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA