ADVERTISEMENT

അപ്രതീക്ഷിതമായും അനർഹമായും കൈവരുന്ന പെരുമയോടും പ്രശസ്തിയോടും പൊരുത്തപ്പെടാൻ പലർക്കും കഴിഞ്ഞെന്നു വരില്ല. കഠിനാധ്വാനം കൊണ്ടും മികവുകൊണ്ടും നേട്ടങ്ങളുണ്ടാക്കുന്നവർക്ക് അവയോട് പൊരുത്തപ്പെടാനും ഉചിതമായി പെരുമാറാനും പ്രയാസമുണ്ടാകാറില്ല. എന്നാൽ, ആകസ്‌മിക നേട്ടങ്ങളുണ്ടാക്കുന്നവർ പലപ്പോഴും അവയുടെ യജമാനന്മാരാകുന്നതിനു പകരം ഇരകളായി മാറുകയാണു ചെയ്യുന്നത്. അർഹതയില്ലാത്തവർക്ക് കിരീടധാരണം നടത്തുന്ന സമൂഹങ്ങളും സ്ഥാപനങ്ങളും ഇതേ പരാജയത്തിന്റെ ഭാഗമാകും. 

ഇന്ദ്രിയ സംതൃപ്‌തിയും ഇഷ്‌ടഭോജനവും നൽകുന്നവരെയല്ല പ്രഥമസ്ഥാനങ്ങളിലേക്കു പരിഗണിക്കേണ്ടത്. കാര്യപ്രാപ്‌തിയും കർമനൈപുണ്യവും പരിഗണിക്കപ്പെടേണ്ടിടത്ത് കണ്ണിലുണ്ണികൾ പ്രസക്തരാകരുത്. 

പ്രസാദിപ്പിക്കാൻ കഴിവുള്ളവരെയല്ല പ്രാവർത്തികമാക്കാൻ മികവുള്ളവരെയാണു കൂടെനിർത്തേണ്ടതും പ്രയോജനപ്പെടുത്തേണ്ടതും. അത്തരക്കാർക്ക് പ്രീണനം വശമുണ്ടാകില്ല. അവർ പലപ്പോഴും നിശ്ശബ്‌ദരായി മാറിനിൽക്കുന്നവരുമാകും. 

ഇഷ്‌ടഭാജനങ്ങളുടെ സംഘനൃത്തങ്ങൾക്കിടയിൽ നിന്ന് പ്രാവീണ്യമുള്ളവരുടെ പ്രീണനരഹിത പ്രവർത്തനവൈദഗ്‌ധ്യം തിരിച്ചറിയുക എന്നതാണു തിരഞ്ഞെടുപ്പു നടത്തുന്നവർ നേരിടുന്ന വെല്ലുവിളി. 

സ്വന്തം വ്യക്തിത്വത്തിലും ശേഷികളിലും അഭിമാനം തോന്നാത്തവരെല്ലാം നാണക്കേടുണ്ടാക്കുന്ന പ്രവൃത്തികളുടെ വക്താക്കളായിരിക്കും. മറ്റുള്ളവരെ പ്രീതിപ്പെടുത്താനായി കാണിക്കുന്ന അനുസരണ അനുകരണീയമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com