ADVERTISEMENT

ഇപ്പോൾ ബംഗ്ലദേശിന്റെ ഭാഗമായ നവ്‌ഖാലിയിൽ 1946ൽ ചെയ്‌ത പ്രസംഗത്തിലാണു ഭക്ഷണമെന്നത് ഓരോ പൗരന്റെയും അടിസ്‌ഥാന അവകാശമാണെന്നു ഗാന്ധിജി പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യം നേടി ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും, ജനകീയ സർക്കാരുകൾ മാറിമാറി ഭരിച്ചിട്ടും ആ അടിസ്ഥാന അവകാശം ഇന്നും രാജ്യത്തെ മുഴുവൻപേർക്കും കൈവന്നിട്ടില്ലെങ്കിൽ അതിൽപരം അപമാനമെന്തുണ്ട്? ലോകത്തെ ഗ്രസിച്ചിരിക്കുന്ന പട്ടിണി ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആചരിക്കുന്ന ഭക്ഷ്യദിനത്തിൽത്തന്നെ, പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്നായി ഇന്ത്യ എന്ന വാർത്ത വായിക്കേണ്ടിവരുമ്പോൾ ആ അപമാനം വീണ്ടും കടുക്കുന്നു. 

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ആഗോള പട്ടിണി സൂചികയിലെ 117 രാജ്യങ്ങളിൽ 102–ാമതാണ് ഇന്ത്യ. ജർമൻ –  ഐറിഷ് സന്നദ്ധസംഘടനകൾ ചേർന്നു തയാറാക്കുന്ന സൂചികയിൽ പട്ടിണി കൂടുന്നതനുസരിച്ച് അതതു രാജ്യം റാങ്കിൽ പിന്നോട്ടുപോകും. കഴിഞ്ഞ വർഷം ഇന്ത്യയെക്കാൾ പിന്നിലായിരുന്ന പാക്കിസ്ഥാൻ ഇപ്പോൾ 94–ാം സ്ഥാനത്താണ്. ബംഗ്ലദേശ് (88), നേപ്പാൾ (73), ശ്രീലങ്ക (66), ചൈന (25) എന്നീ അയൽരാജ്യങ്ങളൊക്കെയും  നമ്മളെക്കാൾ എത്രയോ മെച്ചമാണെന്ന യാഥാർഥ്യം കുറ്റബോധത്തോടെയും ആത്മപരിശോധനയ്ക്കുള്ള സന്നദ്ധതയോടെയുമാണ് ഇന്ത്യ കേൾക്കേണ്ടത്. ശിശുമരണ നിരക്ക്, ശിശുക്കളിലെ വളർച്ചമുരടിപ്പ്, പോഷകാഹാരക്കുറവ് തുടങ്ങിയവ അടിസ്ഥാനമാക്കി തയാറാക്കുന്നതാണ് ഈ സൂചിക. 

ചില രാജ്യങ്ങൾ ദരിദ്രമായി തുടരുന്നതിനു കാരണം തേടേണ്ടത് പ്രശ്നങ്ങളെ ശരിയായി സമീപിക്കുന്നതിൽ അവരുടെ പൊതുനയത്തിലുണ്ടായ പരാജയത്തിലാണെന്ന് ഇക്കുറി സാമ്പത്തികശാസ്ത്രത്തിൽ നൊബേൽ സമ്മാനിതരായ ഇന്ത്യൻ വംശജനായ അഭിജിത് ബാനർജി, ഭാര്യ എസ്തേർ ദഫ്ലോ എന്നിവർ അവരുടെ പുസ്തകത്തിൽ വാദിക്കുന്നുണ്ട്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാണെന്നും വളർച്ചനിരക്കു സംബന്ധിച്ച് ഇപ്പോൾ ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ സമീപഭാവിയിൽ സാമ്പത്തികനില മെച്ചപ്പെടുമെന്നു കരുതാനാകില്ലെന്നുമാണ് അഭിജിത് ബാനർജി കഴിഞ്ഞ ദിവസം പറഞ്ഞത്. 

ഇന്ത്യയിൽ ഈ വർഷം സാമ്പത്തിക വളർച്ച ആറു ശതമാനമായി ഇടിയുമെന്ന ലോക ബാങ്ക് റിപ്പോർട്ട്  ഈ വാരാദ്യമാണു പുറത്തുവന്നത്. ഇതു നേപ്പാൾ, ബംഗ്ലദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടേതിനെക്കാൾ കുറവായിരിക്കുമെന്നും ലോക ബാങ്കിന്റെ സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്ത്യ ഈ വർഷം 6.1% വളർച്ച മാത്രമാകും നേടുകയെന്ന രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) വിലയിരുത്തലും പുറത്തുവന്നുകഴിഞ്ഞു. എന്നാൽ, അടുത്ത വർഷം 7% വളർച്ച നേടാൻ കഴിയുമെന്നും സർക്കാർ നടപ്പാക്കിയ സാമ്പത്തിക ഉത്തേജക പദ്ധതികളാകും ഇതിനു സഹായിക്കുകയെന്നും ഐഎംഎഫിന്റെ ‘വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക്’ റിപ്പോർട്ടിൽ പറയുന്നു. വളർച്ചനിരക്ക് 2021ൽ 6.9 ശതമാനവും ’22ൽ 7.2 ശതമാനവുമായി വർധിക്കുമെന്ന ലോക ബാങ്കിന്റെ വിലയിരുത്തൽ ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടെ, ഇന്ത്യ ഏഴു ശതമാനത്തിലേറെ വളർച്ച കൈവരിച്ചതും 1990നു ശേഷം ദാരിദ്യ്രനിരക്ക് പാതിയായി ചുരുക്കാൻ കഴി‍ഞ്ഞതും ലോക ബാങ്ക് തന്നെ ഇക്കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടുകയുണ്ടായി. 

രാജ്യത്തു നിലനിൽക്കുന്ന പട്ടിണിയെ ആഴത്തിൽ തിരിച്ചറിയാനും പരിഹാരം കണ്ടെത്താനും മാറിമാറി ഭരിച്ച സർക്കാരുകളോ വിവിധ രാഷ്ട്രീയ പാർട്ടികളോ വേണ്ടവിധം ശ്രമിച്ചില്ല എന്ന യാഥാർഥ്യം നമുക്കു മുന്നിലുണ്ട്. ഇനിയും ഈ നിരുത്തരവാദിത്തം തുടർന്നുകൂടാ. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ പ്രതിസന്ധി മറികടന്ന് സാമ്പത്തിക വളർച്ചയിലെ കുതിപ്പ് വീണ്ടെടുക്കുക മാത്രമല്ല, രാജ്യത്തിന്റെ ക്ഷേമനയങ്ങളിൽ അതു ഗുണപരമായി പ്രതിഫലിക്കുകയും വേണം. പാവങ്ങളുടെ കണ്ണീരൊപ്പുന്നതും അവരുടെ വിശപ്പിനും മറ്റ് ജീവൽപ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതുമാവണം സാമ്പത്തിക വളർച്ച എന്ന അടിസ്ഥാന വസ്തുതയെ മുന്നിൽവച്ച്, ഇന്ത്യയിൽ നിലനിൽക്കുന്ന പട്ടിണി തുടച്ചുനീക്കാൻ സർക്കാർ അടിയന്തരമായി മുന്നിട്ടിറങ്ങേണ്ടതുണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com