ADVERTISEMENT

കേരളത്തിൽ 11 ലക്ഷത്തിലേറെപ്പേർ ബിജെപിയിൽ പുതുതായി ചേർന്നതിന്റെ ആഹ്ലാദവും അഭിമാനവുമാണ് സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള കഴിഞ്ഞദിവസം പങ്കുവച്ചതെങ്കിലും യഥാർഥത്തിൽ പാർട്ടി നെഞ്ചിടിപ്പിലാണ്. 5 ഉപതിരഞ്ഞെടുപ്പുകൾക്കു ബിജെപിയെ സംബന്ധിച്ചിടത്തോളം മുൻപില്ലാത്ത പ്രാധാന്യമുണ്ട്. 24നു പുറത്തുവരുന്ന ജനവിധി അനുകൂലമായാലും പ്രതികൂലമായാലും പാർട്ടിയിൽ ചലനങ്ങൾക്കു വഴിയൊരുക്കും. സംഘടനാ തിരഞ്ഞെടുപ്പടക്കം നടക്കാനിരിക്കെ, കോൺഗ്രസിനെയും സിപിഎമ്മിനെയുംകാൾ ഉൾപ്പാർട്ടി തലത്തിൽ ബിജെപിക്കാണ് ഈ വിധിയെഴുത്തു നിർണായകം.

വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ബിജെപി കഴിഞ്ഞതവണ രണ്ടാമതെത്തിയിരുന്നു. സിറ്റിങ് സീറ്റായ നേമം കഴിഞ്ഞാൽ പാർട്ടിക്ക് ഏറ്റവും വളർച്ചയും സ്വാധീനവും സാധ്യതയുമുള്ള മണ്ഡലങ്ങളാണു രണ്ടും. നിയമസഭാ തിരഞ്ഞെടുപ്പുമായി തട്ടിച്ചുനോക്കുമ്പോൾ ലോക്സഭയിൽ ബിജെപിക്കു റെക്കോർഡ് കുതിപ്പുണ്ടായ മണ്ഡലങ്ങളിലൊന്നാണു കോന്നി. വലിയ സ്വാധീനമൊന്നും അവകാശപ്പെടാനില്ലാത്ത പാലാ പോലെ ഇതു മൂന്നും കരുതാൻ വയ്യ. പാലായിൽ പോലും ബിജെപി വോട്ട് ചോർന്നതു പൊല്ലാപ്പായിരുന്നു. ഈ സ്വാധീനമണ്ഡലങ്ങളിൽ അത് ആവർത്തിച്ചാൽ കൈകഴുകൽ എളുപ്പമാകില്ല. 

2016ൽ കുമ്മനം രാജശേഖരൻ വട്ടിയൂർക്കാവിലും കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും മത്സരിച്ചപ്പോൾ ഉണ്ടായതു പോലെയുള്ള മുന്നേറ്റവും ആവേശവും ആ രണ്ടു മണ്ഡലങ്ങളിലും നിലവിൽ ദൃശ്യമല്ല. അതുകൊണ്ടുതന്നെ അവർ നേടിയ രണ്ടാം സ്ഥാനം നിലനിർത്താൻ കഴിയുമോ എന്നതു പാർട്ടിയാകെ ഉറ്റുനോക്കുന്നു. അഞ്ചിലൊന്നിൽ താമര വിടർന്നാൽ ഇരുമുന്നണികൾക്കും ഒപ്പംനിന്നു പൊരുതുന്ന മൂന്നാമത്തെ മുന്നണി എന്ന തലത്തിലേക്ക് എൻഡിഎ ഉയരുകയും ചെയ്യും.

കുമ്മനം എന്തുകൊണ്ടില്ല? 

ഈ അതീവ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പിലാണ് കോൺഗ്രസിലെ കെ.മുരളീധരന്റെ അസാന്നിധ്യത്തിൽ ബിജെപിക്ക് ഏറെ സാധ്യത കൽപിക്കപ്പെട്ട വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ ഒഴിവാക്കപ്പെട്ടത്. പകരം വന്ന എസ്.സുരേഷിന് എത്രമാത്രം മുന്നേറാൻ കഴിയുമെന്നത് ഈ തീരുമാനത്തിന്റെ വരാനിരിക്കുന്ന ന്യായാന്യായവിചാരത്തെ സംബന്ധിച്ചു നിർണായകമാണ്. 

കുമ്മനം എന്തുകൊണ്ടു സ്ഥാനാർഥി അല്ലാതായി എന്നതിനെക്കുറിച്ചു വ്യക്തവും ആധികാരികവുമായ ഉത്തരം ഇനിയും ലഭ്യമല്ല. അതേസമയം, ആ തീരുമാനത്തിലേക്കു വഴിതുറന്ന കാരണങ്ങൾ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ ഒരു ലക്ഷത്തോളം വോട്ടിന്റെ തോൽവി നേരിട്ടതിനെത്തുടർന്നു സജീവരാഷ്ട്രീയത്തോടു കുമ്മനം മടുപ്പു പ്രകടിപ്പിച്ചുവെന്നതാണ് ഇതിലൊന്ന്. ഒരുമാസത്തോളം നീണ്ട അമേരിക്കൻ സന്ദർശനത്തിലായിരുന്നതിനാൽ അദ്ദേഹം പാലായിൽ പ്രചാരണത്തിനുമെത്തിയില്ല. ‌‌‌

നദീതടങ്ങൾ സംരക്ഷിക്കുന്ന ഒരു പദ്ധതിക്കു രൂപം കൊടുത്ത കുമ്മനം തന്റെ പരിസ്ഥിതി പ്രവർത്തനങ്ങളുമായി  മുന്നോട്ടുപോകാൻ ആർഎസ്എസിനോട് അനുവാദം വാങ്ങി. ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്നും നേതൃത്വത്തെ അറിയിച്ചു. എന്നാൽ, പിന്നീടുണ്ടായ സമ്മർദത്തിൽ കുമ്മനത്തിനു മനംമാറ്റമുണ്ടായി, ഒരുകൈ നോക്കാമെന്നായി. തിരുവനന്തപുരത്തെ ആർഎസ്എസ് – ബിജെപി പ്രവർത്തകരാകെ അതോടെ ആവേശത്തിലായി.

പക്ഷേ, മത്സരിക്കാനില്ലെന്ന ആദ്യ തീരുമാനത്തിനു കുമ്മനത്തെ പ്രേരിപ്പിച്ച ഒരു കാരണം ഇതിനിടയിൽ നേതൃത്വം കണക്കിലെടുക്കുകയോ ചിലരെങ്കിലും അദ്ദേഹത്തിനെതിരെ ഉപയോഗിക്കുകയോ ചെയ്തു. താൻ മത്സരിക്കുകയും ജയിക്കുമെന്ന പ്രചാരണം മുറുകുകയും ചെയ്താൽ ഇടത്, വലതു മുന്നണികൾ ആ അട്ടിമറി ഒഴിവാക്കാൻ ഒരുമിക്കും എന്നാണു തലസ്ഥാനത്തെ അനുഭവമെന്ന് അദ്ദേഹം നേതൃത്വത്തോടു ചൂണ്ടിക്കാട്ടിയിരുന്നു. ഗവർണർപദവി രാജിവയ്പിച്ച് എംപിയും ശേഷം എംഎൽഎയുമാക്കാൻ നോക്കി അതിലെല്ലാം പരാജയപ്പെട്ടാലുള്ള നാണക്കേടും കേന്ദ്രനേതൃത്വം പരിഗണിച്ചു. എങ്കിൽ പട്ടികയിലുള്ള അടുത്തയാൾ എന്നതിലേക്ക് അവർ നീങ്ങി. 

പക്ഷേ, കുമ്മനത്തിന്റെ പോസ്റ്റർ ഫോട്ടോയ്ക്കുള്ള തയാറെടുപ്പ് അടക്കം നടന്നശേഷം പേരു വെട്ടുന്നത് മണ്ഡലത്തിലുണ്ടാക്കാവുന്ന പ്രതികരണങ്ങളെക്കുറിച്ച് ആ തീരുമാനമെടുത്തവർ ചിന്തിച്ചില്ല.

കോന്നിയിലേക്കു മാറിയ ശ്രദ്ധ 

കുമ്മനം ചൂണ്ടിക്കാട്ടിയ അതേ കാരണം തന്നെയാണു മഞ്ചേശ്വരത്തുനിന്ന് ഒഴിഞ്ഞുനിൽക്കാൻ കെ.സുരേന്ദ്രനും പറഞ്ഞത്. 2016ൽ 89 വോട്ടിനു മാത്രം തോറ്റ താൻ വീണ്ടും മത്സരിച്ചാൽ മുന്നണികൾ നേരത്തേതന്നെ ‘മാർക്ക്’ ചെയ്യുമെന്നും അതുകൊണ്ട് മറ്റൊരാളെ പരിഗണിക്കണമെന്നുമായിരുന്നു സുരേന്ദ്രന്റെ അഭിപ്രായം. ഉപതിരഞ്ഞെടുപ്പിൽ മാറിനിൽക്കാനുള്ള താൽപര്യം പ്രകടിപ്പിച്ച സുരേന്ദ്രനെ ആർഎസ്എസും ബിജെപി കേന്ദ്രനേതൃത്വവും മുൻകയ്യെടുത്തു കോന്നിയിൽ നിയോഗിക്കുകയായിരുന്നു.

അടൂർ പ്രകാശിന്റെ അസാന്നിധ്യമാണ് അതിനുള്ള കാരണമായി അവർ സുരേന്ദ്രനോടു വിശദീകരിച്ചത്. വട്ടിയൂർക്കാവിനെയും മഞ്ചേശ്വരത്തെയുംകാൾ പാർട്ടി കേന്ദ്രീകരിക്കുന്നത് ഇപ്പോൾ കോന്നിയിലാണ്. വിദേശത്തുള്ള കേന്ദ്രമന്ത്രി വി.മുരളീധരൻ ഇനി പ്രചാരണത്തിനെത്തുന്നതും ഉറ്റ അനുയായിയായ കെ.സുരേന്ദ്രനു വേണ്ടിത്തന്നെ. വട്ടിയൂർക്കാവിൽ കുമ്മനത്തെ ഒഴിവാക്കിയതിൽ പങ്കുണ്ടോയെന്നു ചോദിക്കുന്നവരോടുള്ള മുരളീധരന്റെ മറുചോദ്യം, കേന്ദ്രത്തിലേക്കു പ്രവർത്തനം പൂർണമായും മാറ്റിയ തനിക്ക് അദ്ദേഹം കേരള നിയമസഭയിലെത്തുന്നതിൽ എന്തു പ്രശ്നം എന്നാണത്രെ. 

‍ഡിസംബറിൽ പുതിയ സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കാനിരിക്കെ ഈ ജനവിധി നേതൃത്വത്തിനു   നിർണായകമാണ്. ലോക്സഭയിൽ അക്കൗണ്ട് തുറക്കാനോ ലക്ഷ്യമിട്ട മുന്നേറ്റത്തിനോ പാർട്ടിക്കു കഴിഞ്ഞില്ല. ന്യൂനപക്ഷങ്ങൾക്കു പാർട്ടിയോടുള്ള ഭയപ്പാടു നീങ്ങിയതിന്റെ തെളിവായി ഉപതിരഞ്ഞെടുപ്പു ഫലം മാറുമെന്ന സ്വന്തം വിശകലനം യാഥാർഥ്യമായാൽ പി.എസ്.ശ്രീധരൻപിള്ളയ്ക്കു മാരാർജി ഭവനിൽ ആത്മവിശ്വാസത്തോടെ ഇരിക്കാം. മറിച്ചെങ്കിൽ, ഗവർണർപദവി അടക്കം തന്നെ കാത്തിരിക്കുന്നുവെന്ന ഊഹാപോഹങ്ങൾക്ക് ഇപ്പോൾത്തന്നെ ചെവികൊടുത്തു തുടങ്ങാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com