ADVERTISEMENT

89 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിൽ വിധി നിർണയിച്ച മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു വന്നാൽ എന്താകും സ്ഥിതി? മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ ആധികാരിക ജയത്തോടെ മറുപടി നൽകാൻ യുഡിഎഫും കൈപ്പാടകലെ വിട്ടുപോയ വിജയം പിടിച്ചെടുക്കാൻ എൻഡിഎയും കിണഞ്ഞു ശ്രമിക്കുന്നു.

മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടാതെ 2006ലേതു പോലെ ജയം ലക്ഷ്യമിടുന്നു എൽഡിഎഫ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ലഭിച്ച 11,113 വോട്ടിന്റെ ലീഡിലാണു യുഡിഎഫിന്റെയും മുസ്‌ലിം ലീഗിന്റെയും പ്രതീക്ഷ. ആത്മവിശ്വാസത്തിന്റെ ആ ഏണി മറിച്ചിടാനാണു ബിജെപിയും സിപിഎമ്മും വിയർപ്പൊഴുക്കുന്നത്. മുസ്‌ലിം ലീഗിന്റെ എംഎൽഎ പി.ബി.അബ്ദുൽ റസാഖ് മരിച്ച് കൃത്യം ഒരു വർഷമാവുമ്പോഴാണ് ഉപതിരഞ്ഞെടുപ്പ്. കള്ളവോട്ട് ആരോപിച്ച് 2016ലെ ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രൻ നൽകിയ കേസ് അബ്ദുൽ റസാഖിന്റെ നിര്യാണത്തെത്തുടർന്നു പിൻവലിക്കുകയും ചെയ്തു. 

ആരെ തുണയ്ക്കും മഞ്ചേശ്വരം, വിഡിയോ സ്റ്റോറി കാണാൻ ക്ലിക്ക് ചെയ്യൂ....

ബഹുഭാഷാ  ഭൂമിയിൽ 

കേരളത്തിന്റെ വടക്കേ അറ്റത്തുള്ള മഞ്ചേശ്വരത്ത് എട്ടിലേറെ വൈവിധ്യമാർന്ന ഭാഷാവിഭാഗങ്ങളുണ്ട് - മലയാളത്തിനു പുറമേ തുളു, കന്നഡ, ഉറുദു, മറാഠി, കൊങ്കണി, ബ്യാരി, ഹിന്ദി എന്നിവ. മണ്ഡലത്തിലെ എട്ടിൽ ആറു പഞ്ചായത്തിലും മലയാളത്തെക്കാൾ മറ്റു ഭാഷകൾ സംസാരിക്കുന്നവരാണുള്ളത്.

ഈ ഭാഷാന്യൂനപക്ഷങ്ങൾ വിധി നിർണയിക്കുന്നതിൽ നിർണായകം. ഗായകനായ യുഡിഎഫ് സ്ഥാനാർഥി എം.സി.ഖമറുദ്ദീൻ പാട്ടു പാടിയും യക്ഷഗാന കലാകാരനായ എൽഡിഎഫിന്റെ ശങ്കർ റൈ ആ രീതിയിലും വോട്ട് പിടിക്കുന്നു. ഭാഷാന്യൂനപക്ഷങ്ങളോട് അവരുടെ തന്നെ ഭാഷയിൽ സംസാരിക്കാൻ എൻഡിഎ സ്ഥാനാർഥി രവീശ തന്ത്രി കുണ്ടാർ ശ്രദ്ധിക്കുന്നു.

ചർച്ചയായി ശബരിമല

ദേശീയപാതയുടെ തകർച്ച, ചികിത്സ തേടി മംഗളൂരുവിലേക്കു പോകേണ്ട അവസ്ഥ തുടങ്ങി ജനകീയ പ്രശ്നങ്ങളേറെയുണ്ടെങ്കിലും പ്രചാരണരംഗത്തു കൂടുതൽ ചർച്ചയായിരിക്കുന്നതു ശബരിമല. താൻ വിശ്വാസിയാണെന്നും ആചാരാനുഷ്ഠാനങ്ങൾ പാലിച്ചു ശബരിമലയിൽ പോയിട്ടുണ്ടെന്നുമുള്ള എൽഡിഎഫ് സ്ഥാനാർഥി ശങ്കർ റൈയുടെ പ്രസ്താവനയിലായിരുന്നു തുടക്കം.

വിശ്വാസികളുടെ വോട്ട് പിടിക്കാനുള്ള കാപട്യമെന്നാണു ബിജെപി തിരിച്ചടിച്ചത്. ശബരിമല വിഷയത്തിലടക്കം വിശ്വാസികൾക്കൊപ്പമുള്ള യഥാർഥ നിലപാട് സ്വീകരിച്ചതു കോൺഗ്രസ് ആണെന്നും ബിജെപി നാടകം കളിക്കുകയാണെന്നും യുഡിഎഫ് ആരോപിക്കുന്നു. 

യുഡിഎഫിന്റെ ആത്മവിശ്വാസം 

ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താൻ മഞ്ചേശ്വരത്ത് 42.39% വോട്ട് നേടിയതിലാണു യുഡിഎഫിന്റെ പ്രതീക്ഷയും ധൈര്യവും. എൻഡിഎ നേടിയത് 35.48%; എൽഡിഎഫിനു ലഭിച്ചതാകട്ടെ 20.38%. നിലവിൽ എട്ടിൽ ആറു പഞ്ചായത്തുകളിലും യുഡിഎഫ് ഭരണമാണെന്നതും അവർക്ക് ആത്മവിശ്വാസം പകരുന്നു. 

മണ്ഡലം കീഴടക്കാൻ ബിജെപി 

ബിജെപിക്കു പണ്ടേ നോട്ടമുള്ള മണ്ഡലമാണു മഞ്ചേശ്വരം. 1987 മുതലുള്ള ഏഴു തിരഞ്ഞെടുപ്പുകളിലും   രണ്ടാം സ്ഥാനം നേടി. 2009 ലോക്സഭാ തിരഞ്ഞെടുപ്പിൽ 31.28%, 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 33.08%, 2016ൽ 35.74% എന്നിങ്ങനെയാണ് ബിജെപിയുടെ വോട്ടിങ് ശതമാനത്തിലെ വളർച്ച. ഈ ക്രമാനുഗത മുന്നേറ്റം വിജയത്തിലെത്തിക്കാനാണ് ഇത്തവണത്തെ ശ്രമം. 

2006 ആവർത്തിക്കാൻ സിപിഎം 

ഇപ്പോൾ പതിവായി മൂന്നാം സ്ഥാനത്തായിപ്പോകുന്നുവെങ്കിലും 2006ൽ എൽഡിഎഫ് ജയിച്ച മണ്ഡലമാണിത്. സി.എച്ച്. കുഞ്ഞമ്പു അന്നു നേടിയ ജയത്തിന്റെ തുടർച്ചയാണു സിപിഎം ലക്ഷ്യമിടുന്നത്. എഴുപതുകളിലും എൺപതുകളിലും ഇടതുപക്ഷത്തിന് ഏറെ സ്വാധീനമുണ്ടായിരുന്ന മണ്ഡലവുമാണിത്. പാർട്ടി വോട്ടുകൾക്കു പുറമേ ഭാഷാന്യൂനപക്ഷ, വിശ്വാസി വോട്ടുകൾ കൂടി സമാഹരിക്കാനാണു ശ്രമം. 

വിധി നിർണയിക്കുക എന്തെല്ലാം?

ശക്തമായ ത്രികോണമത്സരത്തിൽ സ്വന്തം വോട്ടുബാങ്ക് കാര്യമായ ഇടിവില്ലാതെ കാക്കാൻ കഴിയുന്നതാണു മുൻ തിരഞ്ഞെടുപ്പുകളിൽ ലീഗിനെ തുണച്ചത്. ഇക്കുറി സിപിഎമ്മിന്റെ പുതിയ കരുനീക്കങ്ങൾ തങ്ങളുടെ വോട്ടുകൾ ചോർത്താതിരിക്കാൻ ബിജെപി ജാഗ്രത പുലർത്തുന്നു. 

രാഷ്ട്രീയവും വികസനവും സാമുദായിക നിലപാടുകളും ഭാഷാ വൈവിധ്യവും കൂടിക്കുഴഞ്ഞ മണ്ണിൽ സ്വന്തം വിജയത്തിനു പറ്റിയ ചേരുവ തേടുകയാണു മൂന്നു കൂട്ടരും. 

മഞ്ചേശ്വരം നിയമസഭാ മണ്ഡലം

ആകെ വോട്ടർമാർ: 2,14,779, പുരുഷന്മാർ: 1,07,851, സ്ത്രീകൾ: 1,06,928

എം.സി.ഖമറുദ്ദീൻ (59),യുഡിഎഫ്

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയർമാൻ, മാപ്പിളപ്പാട്ട് ഗായകൻ.  നിയമസഭയിലേക്ക് ആദ്യ മത്സരം.

ശങ്കർ റൈ (59), എൽഡിഎഫ്

സിപിഎം ജില്ലാ കമ്മിറ്റി അംഗം, അധ്യാപകൻ, യക്ഷഗാന കലാകാരൻ. നിയമസഭയിലേക്ക് ആദ്യ മത്സരം.

രവീശ തന്ത്രി കുണ്ടാർ (52), എൻഡിഎ

ബിജെപി സംസ്ഥാന കമ്മിറ്റിയംഗം,  പ്രസംഗകൻ. 2016ൽ നിയമസഭയിലേക്കും 2019ൽ ലോക്സഭയിലേക്കുംമത്സരിച്ചു.

മഞ്ചേശ്വരം 2016– നിയമസഭ

ആകെ വോട്ട്: 2,08,165

പോൾ ചെയ്ത വോട്ട്: 1,58,884

പോളിങ് ശതമാനം: 76.33%

പി.ബി.അബ്ദുൽ റസാഖ്

(മുസ്‍ലിം ലീഗ്) 56,870 (35.70%)

കെ.സുരേന്ദ്രൻ (ബിജെപി) 56,781(35.74%)

സി.എച്ച്.കുഞ്ഞമ്പു (സിപിഎം) 42,565 (26.75%)

2019– ലോക്സഭ

ആകെ വോട്ട്: 2,12,086

പോൾ ചെയ്ത വോട്ട്: 1,60,934

പോളിങ് ശതമാനം:  75.88%

രാജ്മോഹൻ ഉണ്ണിത്താൻ (കോൺഗ്രസ്) 68,217(42.39%)

രവീശ തന്ത്രി കുണ്ടാർ (ബിജെപി) 57,104 (35.48%)

കെ.പി.സതീശ്ചന്ദ്രൻ (സിപിഎം) 32,796 (20.38%)

ഭൂരിപക്ഷം: 11,113  വോട്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com