ADVERTISEMENT

ഗുരുവിനു കീഴിൽ ധർമം പരിശീലിക്കാൻ എത്തിയതാണു യുവാവ്. ഒരിക്കൽ ഗുരുവിനോട് അയാളൊരു സംശയം ചോദിച്ചു. അതുകേട്ട് ഉറക്കെ ചിരിച്ചുകൊണ്ടു ഗുരു അകത്തേക്കു പോയി. യുവാവ് അസ്വസ്ഥനായി. കുറച്ചു ദിവസത്തേക്ക് അയാൾക്ക് ഒരു കാര്യത്തിലും ശ്രദ്ധിക്കാനായില്ല.  

ദിവസങ്ങൾക്കു ശേഷം ഗുരുവിന്റെ അടുത്തെത്തി, അന്നത്തെ പ്രതികരണത്തിൽ താൻ അസ്വസ്ഥനാണ് എന്നു പറഞ്ഞു. ഗുരു മറുപടി കൊടുത്തു: നിങ്ങൾ ഒരു കോമാളിയെക്കാൾ തരംതാണവനാണ്. യുവാവിന്റെ സങ്കടം വർധിച്ചു. ഗുരു തുടർന്നു: ‘ഒരു കോമാളി മറ്റുള്ളവരുടെ ചിരി ആസ്വദിക്കുന്നു. നിങ്ങൾ മറ്റുള്ളവരുടെ ചിരിയിൽ അസ്വസ്ഥനാകുന്നു. അപ്പോൾ കോമാളിയാണു ഭേദം’. യുവാവിനു ചിരി വന്നു. 

സ്വയം പരിഹസിക്കാൻ മടിയില്ലാത്തവർക്കു രണ്ടു ഗുണങ്ങളുണ്ട്. ഒന്ന്, അവർ എന്തും ചെയ്യാൻ ധൈര്യം കാണിക്കും. രണ്ട്, മറ്റുള്ളവരുടെ ചിരിയിൽ പങ്കുചേരും. താൻ കെട്ടുന്ന വേഷങ്ങളുടെ വർണപ്പകിട്ട് കോമാളിയുടെ ജീവിതത്തിനുണ്ടാകില്ല. എങ്കിലും അയാൾ സ്വയം പരിഹസിച്ചു മറ്റുള്ളവരെ സന്തോഷിപ്പിക്കും. മറ്റുള്ളവരെ നിന്ദിച്ചു സ്വയം ആനന്ദിക്കുന്നത് വൈകൃതം; സ്വയം കളിയാക്കി മറ്റുള്ളവർക്ക് ആഹ്ലാദം പകരുന്നത് വിശുദ്ധി. മറ്റുള്ളവരുടെ സന്തോഷത്തിൽ അസ്വസ്ഥരാകുന്നവരുടെ മനസ്സും ചിന്തയും വികലമാണ്. ഒപ്പം ഓടുന്നവരുടെ മുന്നേറ്റത്തിലും ചിരിക്കാൻ കഴിയണം. അവരെ മറികടക്കണം എന്ന ചിന്തയോടൊപ്പം, അവരുടെ കൂടെ സന്തോഷിക്കാനും കഴിയണം. 

മറ്റുള്ളവരുടെ പ്രതികരണത്തിൽ മാത്രം വിശ്വാസമർപ്പിക്കുന്ന ഒരാൾക്കും സ്വന്തം പ്രതിഭയിൽ വിശ്വസിക്കാനാകില്ല. അവഗണിക്കപ്പെടുന്ന സംശയങ്ങൾക്കും ആശയങ്ങൾക്കും സ്വയം വളരാനുള്ള ശേഷിയുണ്ടാകും. വിദഗ്‌ധർ വകവയ്‌ക്കാതിരുന്ന പല പദ്ധതികളും പിന്നീടു ചരിത്രം സൃഷ്‌ടിച്ചിട്ടുണ്ട്. മനസ്സിൽ ഉയരുന്ന ക്രിയാത്മക ചോദ്യങ്ങളാണ് ഒരാളുടെ ഏറ്റവും വലിയ സമ്പത്ത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com