ADVERTISEMENT

എതിർടീമിനെ വലിച്ചുവീഴ്ത്തും മുൻപു വടംവലി മത്സരത്തിലൊരു പൊസിഷനുണ്ട്. വടം പരമാവധി മുറുക്കി, ചുവടുകളുറപ്പിച്ചുള്ള നിൽപ്. എതിരാളിയുടെ ബലം വടത്തിന്റെ മുറുക്കത്തിലറിയാം. എതിർ ടീം ഒന്നയയുമ്പോൾ, ക്യാപ്റ്റന്റെ ചെറു കയ്യനക്കത്തിൽ ഒത്തുപിടിച്ചൊരു വലി. ആ കയ്യനക്കത്തിനു കാത്തിരിക്കുകയാണ് എറണാകുളം.  പൊന്നാപുരം കോട്ടയെന്നു യുഡിഎഫ് അഭിമാനത്തോടെ പറയുന്ന മണ്ഡലം. ചരിത്രവും ഭൂമിശാസ്ത്രവും പരിശോധിച്ചാൽ ആ ഉറപ്പിനു പാമ്പൻപാലത്തിന്റെ കരുത്തെന്നു പറയാം. 

പക്ഷേ, പാലാ കോട്ടയുടെ അത്ര കരുത്തുണ്ടോ ഇൗ പൊന്നാപുരം കോട്ടയ്ക്കെന്നാണ് എൽഡിഎഫിന്റെ ചോദ്യം. പ്രഫ. എം.കെ.സാനുവിനെ നിർത്തി എ.എൽ.ജേക്കബ് എന്ന വടവൃക്ഷത്തെ വീഴ്ത്തിയതും ഉപതിരഞ്ഞെടുപ്പിൽ ഡോ. സെബാസ്റ്റ്യൻ പോളിനെ ഇറക്കി വിജയം കണ്ടതും എറണാകുളത്താണ്.

രണ്ടും എൽഡിഎഫ് സ്വതന്ത്രരുടെ വിജയം. അതൊഴിച്ചാൽ എറണാകുളം എന്നും കോൺഗ്രസിനും യുഡിഎഫിനും ഒപ്പമായിരുന്നു. ഇക്കുറിയും സ്വതന്ത്ര പരീക്ഷണം മതിയെന്ന് എൽഡിഎഫ് തീരുമാനിക്കുകയും ചെയ്തു. ബിജെപിയുടെ ജനകീയമുഖമാണു സ്ഥാനാർഥി സി.ജി.രാജഗോപാൽ. പാർട്ടി വോട്ടുകൾക്കപ്പുറത്തേക്കു കടന്നുചെല്ലാൻ കഴിവുള്ളയാൾ. 

കോട്ട കാക്കുമോ തകർക്കുമോ? 

ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടുവ്യത്യാസം നോക്കിയാൽ എൽഡിഎഫിനു ജയിക്കാൻ കഠിനാധ്വാനം ചെയ്യണം. നിയമസഭാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് മികച്ച ലീഡ് നിലനിർത്തുന്ന മണ്ഡലം. അര നൂറ്റാണ്ടിലേറെ ഇങ്ങനെയൊക്കെയായിരുന്ന പാലായല്ലേ തങ്ങൾ പിടിച്ചതെന്ന് എൽഡിഎഫ് ചോദിക്കുന്നു. 

മണ്ഡലത്തിന്റെ ഭാഗമായ കൊച്ചി നഗരസഭയും ചേരാനല്ലൂർ പഞ്ചായത്തും യുഡിഎഫാണു ഭരിക്കുന്നത്. കാൽനൂറ്റാണ്ടിലേറെയായി കോർപറേഷൻ കൗൺസിലറും ഇപ്പോൾ ഡപ്യൂട്ടി മേയറുമാണു സ്ഥാനാർഥി ടി.ജെ.വിനോദ്. 

വിനോദിനെതിരെ, സ്വീകാര്യതയുള്ള സ്വതന്ത്ര സ്ഥാനാർഥിക്കു വേണ്ടിയുള്ള എൽഡിഎഫിന്റെ അന്വേഷണമാണ് പുതുമുഖമായ മനു റോയിയിൽ ചെന്നെത്തിയത്. ഇരുവർക്കും നിയമസഭയിലേക്ക് ആദ്യ മത്സരമാണെങ്കിൽ, ബിജെപിയുടെ സി.ജി. രാജഗോപാലിനു മുൻപു മത്സരിച്ചതിന്റെ അനുഭവപരിചയമുണ്ട്. 

 വികസനം ആരുടെ കുത്തക?

മെട്രോ നഗരത്തിൽ വികസനം തന്നെ മുഖ്യ പ്രചാരണ വിഷയം. എറണാകുളത്തിന്റെ വികസനമത്രയും തങ്ങളുടെ പ്രയത്നഫലമാണെന്നു യുഡിഎഫ് അവകാശപ്പെടുന്നു. മൂന്നര വർഷത്തെ തങ്ങളുടെ ഭരണവും തൊട്ടുമുന്നിലെ യുഡിഎഫ് ഭരണവും താരതമ്യം ചെയ്യൂ എന്ന് എൽഡിഎഫ് പറയുന്നു. 

കേന്ദ്ര സർക്കാർ കൊച്ചിക്ക് അനുവദിച്ച പദ്ധതികളുടെ പേരിലാണ് ഇരുമുന്നണികളും മേനി നടിക്കുന്നതെന്നും അവ പോലും സമയത്തു പൂർത്തിയാക്കാതെ നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഇരുകൂട്ടർക്കുമുണ്ടെന്നും പറഞ്ഞാണ് എൻഡിഎ പ്രചാരണം. 

ഒരു പാലവും കുറെ റോഡുകളും

പാലാരിവട്ടം എന്ന പഞ്ചവടിപ്പാലം എറണാകുളം മണ്ഡലത്തിന്റെ അതിരിലായതിനാൽ അക്കാര്യം തിരഞ്ഞെടുപ്പു ചർച്ചയാവുക സ്വാഭാവികം. കൊച്ചി നഗരത്തിലെ 80% റോഡുകളും നഗരസഭയുടേതായതിനാൽ അവയുടെ ശോച്യാവസ്ഥയും എൽഡിഎഫ് ചർച്ചയാക്കുന്നു.

റോഡ് നന്നാക്കാൻ 3 വർഷമായി സർക്കാർ നയാപൈസ നൽകിയിട്ടില്ലെന്നാണു യുഡിഎഫിന്റെ മറുപടി. പല റോഡുകളും ശുദ്ധജല പൈപ് ഇടാൻ കുഴിച്ചതാണ്. വാട്ടർ അതോറിറ്റി ജോലി തീർക്കാത്തതു നഗരസഭയുടെ കുറ്റമല്ലെന്നും വിശദീകരിക്കുന്നു. സംസ്ഥാനത്ത് എവിടെയൊക്കെ നല്ല റോഡുണ്ടെന്ന മറുചോദ്യവും ഉന്നയിക്കുന്നു. 

ശാന്തമെങ്കിലും... 

പുറമേ എറണാകുളം ശാന്തം. ഉപതിരഞ്ഞെടുപ്പുണ്ടോ എന്നുപോലും സംശയിക്കും. പല നാട്ടുകാർ വന്നുപോകുന്ന നഗരത്തിൽ റോഡിലൂടെയുള്ള പതിവു പ്രചാരണത്തിൽ വലിയ കാര്യമില്ലെന്നു മുന്നണികൾക്കറിയാം. അതിനാൽ വീടുകളിൽ കയറിയാണു പ്രചാരണം. ബഹളങ്ങളില്ല.

ഈയാഴ്ച മാത്രമാണു പരസ്യപ്രചാരണം തുടങ്ങിയത്. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ആഴ്ചകളായി എൽഡിഎഫിനു വേണ്ടി മണ്ഡലത്തിൽ താമസിച്ചു പ്രവർത്തിക്കുന്നു. യുഡിഎഫിന്റെ മുൻനിര നേതാക്കൾ ഭവനസന്ദർശനത്തിലും കുടുംബയോഗങ്ങളിലും സജീവം. എൻഡിഎ പ്രചാരണം നയിക്കാനും മുൻനിര നേതാക്കൾ രംഗത്തുണ്ട്. 

ഇതൊക്കെയാണെങ്കിലും, വോട്ടർമാരെ പരമാവധി പോളിങ് ബൂത്തിൽ എത്തിക്കുകയാണു മൂന്നു മുന്നണികളുടെയും വെല്ലുവിളി. മെട്രോ നഗരത്തിൽ പോളിങ് കുറയുമോ എന്നാണ് ആശങ്ക. 

എറണാകുളം നിയമസഭാ മണ്ഡലം 

ആകെ വോട്ടർമാർ: 1,55,306, പുരുഷന്മാർ: 76,184, സ്ത്രീകൾ: 79,119, ട്രാൻസ്ജെൻഡർ: 3 

ടി.ജെ. വിനോദ് (56) യുഡിഎഫ് 

എറണാകുളം ഡിസിസി പ്രസിഡന്റ്, കൊച്ചി ഡപ്യൂട്ടി മേയർ. നിയമസഭയിലേക്ക് ആദ്യ മത്സരം. 

മനു റോയ് (43) എൽഡിഎഫ്  സ്വത.

അഭിഭാഷകൻ, മുതിർന്ന പത്രപ്രവർത്തകൻ കെ.എം.റോയിയുടെ മകൻ. നിയമസഭയിലേക്ക് ആദ്യ മത്സരം. 

സി.ജി.രാജഗോപാൽ (46) എൻഡിഎ

ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്റ്. നിയമസഭയിലേക്ക് രണ്ടാം മത്സരം. 

എറണാകുളം 2016– നിയമസഭ

ആകെ വോട്ട്:  1,54,092

പോൾ ചെയ്ത വോട്ട്: 1,10,508

പോളിങ് ശതമാനം: 71.72%

ഹൈബി ഈഡൻ (കോൺഗ്രസ്) 57,819 (52.32%)

എം.അനിൽകുമാർ (സിപിഎം) 35,870 (32.46%)

എൻ.കെ.മോഹൻദാസ് (ബിജെപി) 14,878 (13.46%)

ഭൂരിപക്ഷം: 21,949 വോട്ട്

2019– ലോക്സഭ

ആകെ വോട്ട്: 1,52,401

പോൾ ചെയ്ത വോട്ട്: 1,11,699

പോളിങ് ശതമാനം:  73.29%

ഹൈബി ഈഡൻ (കോൺഗ്രസ്) 61,920 (55.43%)

പി.രാജീവ് (സിപിഎം) 30,742 (27.52%)

അൽഫോൻസ് കണ്ണന്താനം (ബിജെപി) 17,769 (15.91%)

ഭൂരിപക്ഷം: 31,178  വോട്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com