ADVERTISEMENT

തോറ്റവരോട് അതിരു കടന്ന അനുകമ്പ കാണിക്കുന്ന പ്രസ്ഥാനമായി മാറിക്കഴിഞ്ഞിരിക്കുന്നു കേരളത്തിലെ ഉന്നതവിദ്യാഭ്യാസ വകുപ്പും സർവകലാശാലകളും. പത്രങ്ങളിലൂടെ പുറത്തുവരുന്ന വാർത്തകൾ – ഏറ്റവും ഒടുവിലത്തേത് എംജി സർവകലാശാലയിൽ നിന്ന് – അതാണു ചൂണ്ടിക്കാണിക്കുന്നത്. തോറ്റവർ അർഹിക്കുന്നതു കാരുണ്യമല്ല, മറിച്ച് വീണ്ടും പരിശ്രമിച്ചു വിജയം കൈവരിക്കാനുള്ള മനോബലം കിട്ടാനുള്ള പ്രോത്സാഹനമാണ്. അതിലൂടെ സ്വഭാവരൂപീകരണം നടക്കും. അതിനു പകരം പരീക്ഷയിലെ ജയപരാജയങ്ങൾക്ക് ഒരർഥവും ഇല്ലെന്നു വന്നാൽ ബുദ്ധിമുട്ടി പഠിച്ചു ജയിച്ച വിദ്യാർഥികൾ മണ്ടന്മാരാകുന്നു; ജയിച്ചവരായാലും തോറ്റവരായാലും തലമുറകൾ നശിക്കുന്നു. 

മോഡറേഷൻ കേരളത്തിൽ പുതിയ കാര്യമല്ല. അതു നല്ലതോ ചീത്തയോ ആകട്ടെ, അതിനായി വ്യക്തമായ ചട്ടങ്ങൾ നിലവിലുണ്ട്. അവയിൽ ഏറ്റവും പ്രധാനം, മോഡറേഷനായി എത്ര മാർക്ക് കൂടുതൽ നൽകണമെന്ന് ഫലം പുറത്തു വരുന്നതിനു മുൻപു തീരുമാനിക്കണം എന്നതാണ്. അതായത് മാർക്ക്ദാനം മുഖം നോക്കാതെ ആയിരിക്കണം. ഒരിക്കൽ ഫലം പുറത്തുവന്നാൽ പിന്നെ പുനർമൂല്യനിർണയത്തിലൂടെ മാത്രമേ മാർക്കിൽ വ്യത്യാസം വരുത്താൻ പാടുള്ളൂ. നിയമം അങ്ങനെയായിരിക്കെ എംജി സർവകലാശാലയിൽ ഫലം വന്നതിനു ശേഷം, ബിടെക് പരീക്ഷയിൽ തോറ്റ വിദ്യാർഥികളുടെ അപേക്ഷയിലാണു മാർക്ക്ദാനത്തിനു തീരുമാനമെടുത്തത്. 

അക്കാദമിക കാര്യങ്ങളിൽ സർവകലാശാലകൾക്ക് നിയമം പൂർണ സ്വാതന്ത്ര്യം അനുവദിക്കുന്നു. സർവകലാശാലകളുടെ സ്വാതന്ത്ര്യത്തിനു തുരങ്കം വയ്ക്കാൻ കേരളത്തിൽ കാണുന്ന ഒരു അനൗദ്യോഗിക ഏർപ്പാടാണ് അദാലത്തുകൾ. എംജി സർവകലാശാലയിൽ ഏറ്റവും ഒടുവിലത്തെ അദാലത്ത് നടക്കുന്നതിന്റെ തലേദിവസം ഒരു വിദ്യാർഥിക്ക് ഒരു മാർക്ക് കൂടുതൽ നൽകാൻ മന്ത്രി സമ്മതിച്ചുവെന്ന് വൈസ് ചാൻസലർ തന്നെ പറഞ്ഞതായി പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതിനു മുൻപ് മറ്റൊരു അദാലത്തിലൂടെ മന്ത്രിതലത്തിൽ മാർക്ക് പുനർനിർണയിക്കാനെടുത്ത തീരുമാനം തിരികൊളുത്തിയ വിവാദം കെട്ടടങ്ങിയിട്ടില്ല. രാഷ്ട്രീയനേതൃത്വം അക്കാദമിക കാര്യങ്ങളിൽ നുഴഞ്ഞു കയറാൻ ട്രോജൻ കുതിരയെപ്പോലെ ഉപയോഗിക്കുന്ന ഈ അദാലത്തുകൾ ഒന്നുകിൽ നിർത്തലാക്കുക അല്ലെങ്കിൽ അവയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ശക്തമായ ചട്ടങ്ങൾ ഉണ്ടാക്കുക.

1990കൾ തൊട്ട് കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചു പല പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. അവയിൽ പലതിലും ഭരണപരമായ കാര്യങ്ങളിലെ രാഷ്ട്രീയ ഇടപെടലുകൾ ഈ രംഗത്തെ എങ്ങനെ മോശമായി ബാധിച്ചുവെന്നു പരാമർശിക്കുന്നുണ്ട്. ഇപ്പോൾ സംഭവിക്കുന്നത് അതിലും ഗുരുതരമാണ്.

ഒരു സർവകലാശാലയുടെ പ്രാഥമിക ചുമതലയായ, ഒരു വിദ്യാർഥിക്കു ബിരുദം നൽകാനുള്ള യോഗ്യതയുണ്ടോ എന്നു പരീക്ഷിക്കുന്ന ശുദ്ധ അക്കാദമിക കാര്യത്തിലും രാഷ്ട്രീയ കടന്നുകയറ്റം നടക്കുന്നു. അതിന്റെ ഫലമായി ആറു സപ്ലിമെന്ററി പരീക്ഷകൾ തോറ്റ വിദ്യാർഥി, മാർക്ക്ദാനത്തിലൂടെ എൻജിനീയർ ആകുന്നു. അങ്ങനെ പല പല പാലാരിവട്ടം പാലങ്ങളുടെ കഥകൾ മുൻകൂട്ടി പറയപ്പെടുന്നു. ചാൻസലറും സർക്കാരും ഉന്നതവിദ്യാഭ്യാസരംഗത്തു നിന്നുയരുന്ന അപകടമണി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 

വിശക്കുന്ന ഇന്ത്യ ശ്രദ്ധിക്കേണ്ടത് 

സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ സ്മാരക സമ്മാനം സാധാരണ കൊടുക്കാറുള്ളത് ആ രംഗത്ത് എന്തെങ്കിലും വലിയ ആശയങ്ങൾ മുന്നോട്ടുവച്ചിട്ടുള്ള സാമ്പത്തികശാസ്ത്രജ്ഞർക്കാണ്. ഇത്തവണ സമ്മാനം പങ്കിട്ടിട്ടുള്ള മൈക്കേൽ ക്രമർ, അഭിജിത് ബാനർജി, എസ്തേർ ദഫ്ലോ എന്നിവർ ആശയങ്ങളെക്കാൾ മുൻതൂക്കം നൽകുന്നതു പരീക്ഷണങ്ങൾക്കാണ്. അഭിജിത് ബാനർജിയും അദ്ദേഹത്തിന്റെ പത്നി കൂടിയായ എസ്തേർ ദഫ്ലോയും ചേർന്നെഴുതിയ ‘പുവർ ഇക്കണോമിക്സ്’ എന്ന ബെസ്റ്റ് സെല്ലറിലൂടെ, ദാരിദ്ര്യം കുറയ്ക്കാൻ അവർ നടത്തുന്ന പരീക്ഷണങ്ങളെക്കുറിച്ച് വായനക്കാർ ബോധവാന്മാരാണ്. ഇപ്പോൾ, നൊബേൽ സ്മാരക സമ്മാനത്തിനു ശേഷം ബാനർജി, ദഫ്ലോ, ക്രമർ എന്നിവരും അവരുടെ പ്രവർത്തനങ്ങളും വ്യാപകമായി അറിയപ്പെടുന്നു. 

2016ലെ നോട്ട് നിരോധനത്തിനു ശേഷം യുപിയിലൂടെ ഞാൻ സഞ്ചരിക്കാനിടയായി. അതു വരുത്തിവച്ച ദുരിതവും സർക്കാരിനെതിരായ അമർഷവും യാത്രയ്ക്കിടയിൽ പലയിടത്തും ഞാൻ അനുഭവിച്ചു. എന്നാൽ, അദ്ഭുതമെന്നു തോന്നുമാറ്, നോട്ട് നിരോധനത്തിനു ശേഷം യുപിയിൽ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ ബിജെപി വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു.

നോട്ട് നിരോധനത്തിന്റെ വിമർശകർക്കെതിരായ ജനങ്ങളുടെ മറുപടിയാണ് യുപിയിലെ വിജയമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ജനങ്ങളെ പ്രത്യക്ഷത്തിൽ ബുദ്ധിമുട്ടിച്ച ഒരു സാമ്പത്തികനയത്തിന് ഭരണകക്ഷിക്കു രാഷ്ട്രീയമായി ഒരു വിലയും കൊടുക്കേണ്ടി വന്നില്ലെന്നു മാത്രമല്ല, ജനങ്ങൾ അവർക്കു പൂർവാധികം പിന്തുണ നൽകുകയും ചെയ്തു. യുപിയിലെ തിരഞ്ഞെടുപ്പു ഫലം ഒരു പ്രഹേളികയായിത്തന്നെ തുടർന്നു.

അഭിജിത് ബാനർജിയുടെ മനസ്സിലും ഇതേ സംശയങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹം മുൻവിധികൾ ഒന്നും കൂടാതെ പ്രശ്നത്തെ സമീപിച്ചു. ആദ്യത്തെ ചോദ്യം നോട്ട് നിരോധനം ജനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിച്ചോ എന്നതാണ്. ഇതറിയാനായി ബാനർജിയും സംഘവും യുപിയിലെ 131 ‘മണ്ഡികൾ’ (മൊത്തവ്യാപാര ചന്തകൾ) കേന്ദ്രീകരിച്ചു പഠനം നടത്തി. വിൽപന, വില, ചന്തകളിലേക്കുള്ള ചരക്കുകളുടെ വരവ്, മഴ തുടങ്ങിയ ഘടകങ്ങൾ ആസ്പദമാക്കി നടത്തിയ പഠനത്തിന്റെ ഫലമായി നോട്ട് നിരോധനത്തിനു ശേഷം വിൽപനയിൽ ശരാശരി 23% കുറവുണ്ടായതായി അനുമാനിച്ചു. ഒരോ ചന്തയിലും ഉണ്ടായ വിൽപനയിലെ കുറവ് വ്യത്യസ്തമായിരുന്നു. 

nobelabhijith
അഭിജിത് ബാനർജി, എസ്തേർ ദഫ്ലോ, മൈക്കേൽ ക്രമർ

അടുത്തതായി ബാനർജിയും കൂട്ടരും ചെയ്തത് വിൽപനയിലെ കുറവ്, മണ്ഡിയുടെ ഏറ്റവും അടുത്ത നിയോജകമണ്ഡലത്തിൽ ബിജെപിക്കു ലഭിച്ച വോട്ടിനെ എങ്ങനെ ബാധിച്ചു എന്നു പഠിക്കുകയായിരുന്നു. ഏറ്റവും അടുത്ത നിയോജക മണ്ഡലം തിരഞ്ഞെടുത്തത്, ദൂരം കൂടുന്തോറും നോട്ട് നിരോധനത്തിന്റെ ഫലത്തെക്കുറിച്ചുള്ള അറിവു കുറയും എന്ന് അനുമാനിച്ചതു കൊണ്ടാണ്.

അദ്ദേഹം കണ്ടെത്തിയത് വിൽപന പൂർണമായും നിലച്ചാൽ ബിജെപിക്കു കുറയാൻ പോകുന്ന വോട്ടിന്റെ പങ്ക് ഒരു ശതമാനം മാത്രമാണെന്നാണ്. വോട്ട് കുറയും, പക്ഷേ സാരമായി ബാധിക്കുന്നില്ല. നോട്ട് നിരോധനത്തിന്റെ കാര്യത്തിൽ തെറ്റായ സാമ്പത്തിക നയം വളരെ ചെറുതായിട്ടൊന്നു ശിക്ഷിക്കപ്പെടുന്നു. എന്നാൽ, മണ്ഡികളിലെ വിലയിടിയുന്നതു കൊണ്ട്, നോട്ട് നിരോധനം നേരിട്ടു ബാധിക്കാത്തവർ, ഒരുപക്ഷേ സന്തോഷിച്ചിരിക്കാം; അവർ ബിജെപിക്കു വോട്ട് ചെയ്തിരിക്കാം. നിഗമനങ്ങളിൽനിന്ന് ഏറെ വ്യത്യസ്തമാണ് തനിക്കു ലഭിച്ച ഫലങ്ങൾ എന്നു ബാനർജി തുറന്നു പറയുന്നു.

സാമ്പത്തികശാസ്ത്രജ്ഞർക്കു പൊതുവേ വലതുപക്ഷം, ഇടതുപക്ഷം തുടങ്ങി കടുപ്പിച്ച രാഷ്ട്രീയ നിലപാടുകളുണ്ട്. ബാനർജിക്കും മറ്റു നൊബേൽ ജേതാക്കൾക്കും അത്തരത്തിൽ വ്യക്തമായ രാഷ്ട്രീയമൊന്നുമില്ല. ബാനർജിതന്നെ മോദി സർക്കാരിനെ വിമർശിച്ചിട്ടുമുണ്ട്; പ്രശംസിച്ചിട്ടുമുണ്ട്. ദാരിദ്ര്യനിർമാർജനത്തിനുള്ള വലിയ ആശയങ്ങൾക്കു പകരം ചെറുതും ഫലപ്രദവുമായ വഴികൾ ബാനർജിയും സഹജേതാക്കളും തുറന്നിടുന്നു. വിശപ്പിന്റെ ആഗോളസൂചികയിൽ 102–ാം സ്ഥാനത്തുള്ള, അതായത് കടുത്ത വിശപ്പ് അനുഭവിക്കുന്ന ഇന്ത്യ, ബാനർജിയും കൂട്ടരും പറയുന്നതു ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 

സ്കോർപ്പിയൺ കിക്ക്: ഗാന്ധിജി എങ്ങനെ ആത്മഹത്യ ചെയ്തുവെന്ന് ഗുജറാത്തിൽ പരീക്ഷാചോദ്യം. 

സബ്കോ സൻമതി ദേ ഭഗ്‌വാൻ! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com