നെഞ്ചോടു ചേർക്കേണ്ട പ്രചോദനകഥകൾ

SHARE

‘എല്ലാ പോരാട്ടങ്ങളും ആദ്യം ജയിക്കുന്നതും തോൽക്കുന്നതും മനസ്സിലാണ്’ എന്നു പറഞ്ഞതു ജോൻ ഓഫ് ആർക് ആണ്. പതിനഞ്ചാം നൂറ്റാണ്ടിൽ, ഇംഗ്ലണ്ടിനെതിരെയുള്ള യുദ്ധത്തിൽ ഫ്രാൻസിനെ ഐതിഹാസികമായി നയിച്ച ജോനിന്റെ ഈ വാക്കുകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നമ്മെ ഓർമിപ്പിക്കുന്ന ചില മനുഷ്യരുണ്ട്. മനുഷ്യശേഷിയുടെ ഫിനിഷിങ് ലൈൻ നിരന്തരം മെച്ചപ്പെടുത്തുന്ന ഇത്തരം ചിലയാളുകൾ അവരുടെ നേട്ടങ്ങൾക്കൊപ്പം, കടന്നുവന്ന വഴികൾ കൊണ്ടും നമ്മെ വിസ്മയിപ്പിക്കുന്നു. അക്കൂട്ടത്തിൽപെടുന്നു, ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കിളിമഞ്ചാരോ പർവതം ഒറ്റക്കാലിൽ കീഴടക്കിയ മലയാളി നീരജ് ജോർജ് ബേബിയും, മുംബൈയിൽ തെരുവിൽ പാനിപൂരിയും പഴവും വിറ്റുനടന്ന്, ഒടുവിൽ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി കുറിച്ച യശസ്വി ജയ്സ്വാളും. 

നീരജിന്റെയും യശസ്വിയുടെയും കർമമേഖലയും സാഹചര്യങ്ങളും വ്യത്യസ്തമാണെങ്കിലും രണ്ടുപേരെയും ഒന്നിപ്പിക്കുന്ന ഒരു കാര്യമുണ്ട് – സ്വപ്നം കാണുന്നത് ഏതു പ്രതിസന്ധികൾക്കിടയിലും നേടിയെടുക്കാനുള്ള സ്ഥിരോത്സാഹവും ഇച്ഛാശക്തിയും. 

പൂർണ ശാരീരികശേഷിയുള്ള ആളുകൾക്കു പോലും കീഴടക്കാൻ പ്രയാസകരമായ കൊടുമുടിയായിട്ടാണ് കിളിമഞ്ചാരോ വിശേഷിപ്പിക്കപ്പെടുന്നത്. 19,341 അടി (5895 മീറ്റർ) ഉയരമുള്ള, അഗ്നിപർവതക്കുന്നുകൾ ചേർന്ന ഈ കൊടുമുടി കയറാൻ ശ്രമിച്ചവരിൽ 25 പേരാണ് 1996 മുതൽ 2003 വരെയുള്ള ഏഴു വർഷ കാലയളവിൽ മാത്രം മരിച്ചത്. അത്യന്തം അപകടകരവും അതിസാഹസികവുമായ ഈ പർവതാരോഹണമാണ് ഒറ്റക്കാലിൽ, തന്റെ ക്രച്ചസ് ഉപയോഗിച്ചു നീരജ് നടത്തിയത്. 

അർബുദം മൂലം എട്ടാം വയസ്സിൽ ഇടതുകാൽ മുറിച്ചുമാറ്റിയ നീരജ്, ജീവിതം നൽകിയ എല്ലാ വെല്ലുവിളികളെയും  എതിരിട്ടു കൈവരിക്കുന്ന ഉത്തുംഗ നേട്ടമാണ് കിളിമഞ്ചാരോ കീഴടക്കൽ. മുൻപ് നൈനിറ്റാളിലെ നൈന കൊടുമുടി, കോയമ്പത്തൂരിലെ വെള്ളാങ്കിരി മല, വയനാട്ടിലെ ചെമ്പ്ര മല, പക്ഷിപാതാളം എന്നിവയുടെയും നെറുകയിൽ തൊട്ട നീരജിന്റെ ഹരങ്ങൾ പർവതാരോഹണത്തിൽ ഒതുങ്ങുന്നില്ല. സ്കൂബ ഡൈവിങ്, ട്രെക്കിങ്, ഹൈക്കിങ്, റോക്ക് ക്ലൈംബിങ് തുടങ്ങി ശാരീരിക വെല്ലുവിളികളില്ലാത്ത മനുഷ്യരെപ്പോലും അസൂയപ്പെടുത്തുന്നതാണ് ഈ മുപ്പത്തിരണ്ടുകാരന്റെ വഴികൾ.  

നീരജിന്റെ ജീവിതം ഇച്ഛാശക്തിയാണു നമുക്കു മുന്നിൽ തുറന്നിടുന്നതെങ്കിൽ യശസ്വിയുടെ ജീവിതം സ്ഥിരോത്സാഹത്തിന്റെ പാഠപുസ്തകമാണ്. ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിലെ ഗ്രാമത്തിൽ ഒരു ചെറുകിട കച്ചവടക്കാരന്റെ മകനായി ജയിച്ച യശസ്വിയെ 11–ാം വയസ്സിൽ കൂടുതൽ മെച്ചപ്പെട്ട ക്രിക്കറ്റ് പരിശീലന സൗകര്യങ്ങൾക്കു വേണ്ടി പിതാവ് ട്രെയിനിൽ മുംബൈയിലേക്കു കയറ്റിവിടുകയായിരുന്നു. ജീവിക്കാൻ കഷ്ടപ്പെട്ടപ്പോഴും ക്രിക്കറ്റ് മോഹം കൈവിടാതിരുന്ന യശസ്വി മുംബൈയിലെ തെരുവിൽ പാനിപൂരിയും പഴങ്ങളും വിറ്റാണ് ജീവിതവും ഒപ്പം ക്രിക്കറ്റും മുന്നോട്ടു കൊണ്ടുപോയത്.

മുംബൈ പോലെ ക്രിക്കറ്റിനെ ശ്വസിക്കുന്ന ഒരു നഗരത്തിൽ വന്നുപെട്ടത് പക്ഷേ യശസ്വിക്കു തുണയായി. ആദ്യം മുംബൈ അണ്ടർ 19 ടീമിലും പിന്നീട് ഇന്ത്യൻ അണ്ടർ 19 ടീമിലും ഇടംപിടിച്ച യശസ്വി അന്നേ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിവാഗ്ദാനങ്ങളിലൊരാളായി വാഴ്ത്തപ്പെട്ടിരുന്നു. ഇപ്പോഴിതാ, വിജയ് ഹസാരെ ട്രോഫിയിലെ ഇരട്ട സെഞ്ചുറിയിലൂടെ ലിസ്റ്റ് എ ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ലോക റെക്കോർഡും ഈ പതിനേഴുകാരനെ തേടിയെത്തിയിരിക്കുന്നു. 

നീരജും യശസ്വിയും ചരിത്രത്തിൽ ഒറ്റയ്ക്കു നിൽക്കുന്നവരല്ല. സഹജീവികളെ അദ്ഭുതപ്പെടുത്തിയും പ്രചോദിപ്പിച്ചും മുന്നേറുന്നവരുടെ നിരയിൽ ഏറ്റവും പുതിയ കണ്ണികളാണവർ. കുട്ടിക്കാലത്തു പോളിയോ ബാധിച്ചിട്ടും അതിനെ അതിജീവിച്ച് പിന്നീട് ഒളിംപിക്സിൽ മൂന്നു സ്വർണവും ഒരു വെങ്കലവും നേടിയ അമേരിക്കൻ അത്‌ലീറ്റ് വിൽമ റുഡോൾഫ് മുതൽ കഴിഞ്ഞ പാരാ ബാഡ്മിന്റൻ ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കു വേണ്ടി സ്വർണം നേടിയ മാനസി ജോഷി വരെ അക്കൂട്ടത്തിലുണ്ട്. 

ജീവിതം എന്നത് അലസമായി സഞ്ചരിക്കാവുന്ന ഒറ്റയടിപ്പാതയല്ലെന്ന് ആത്മവിശ്വാസത്തോടെ, വിജയസ്മിതത്തോടെ  ഇവർ നമ്മെ ഓർമപ്പെടുത്തുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA