ഹരിയാനയിൽ രണ്ടാം പോരിന് ഖട്ടർ; പിടിച്ചുകെട്ടാനാര് ?

manohar-lal-khattar
മനോഹർ ലാൽ ഖട്ടർ
SHARE

ഹരിയാനയിൽ ഇപ്പോൾ രണ്ടു തിരഞ്ഞെടുപ്പാണ്. ഒന്ന് സംസ്ഥാന ഭരണത്തിനു വേണ്ടിയും മറ്റൊന്ന് ദേവിലാൽ കുടുംബത്തിന്റെ പിന്തുടർച്ചാവകാശത്തിനു വേണ്ടിയും. ഭരണത്തുടർച്ച തേടി ബിജെപി തികഞ്ഞ ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ, പഴയ പടക്കുതിരകളുടെ ബലത്തിൽ എത്രദൂരം മുന്നേറാനാവുമെന്ന പരീക്ഷണം മാത്രമാണു കോൺഗ്രസിന്റേത്. ഹരിയാനയുടെ ഭരണത്തിലും മുൻ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ രാഷ്ട്രീയ പാരമ്പര്യത്തിലും ഒരുപോലെ നോട്ടമിടുന്ന ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടി (ജെജെപി) ഇരു പാർട്ടികളുടെയും മോഹങ്ങൾക്കു ചെറുതല്ലാത്ത തലവേദന തീർക്കുന്നു. അപ്പോഴും വലിയ അദ്ഭുതങ്ങളില്ലാതെ, ബിജെപിയെ മറികടക്കാൻ ഹരിയാനയിൽ കോൺഗ്രസിനോ ജെജെപിക്കോ കഴിയുമെന്നു വിശ്വസിക്കുന്നവർ കുറവ്.

ഒരുകാലത്തു നിലംതൊടാൻ അവസരം കിട്ടാതിരുന്ന ബിജെപിക്ക് ഹരിയാന ഇപ്പോൾ കൈവെള്ളയിലാണ്. 2014ൽ, മോദി തരംഗത്തിന്റെ ബലത്തിലായിരുന്നു 90ൽ 47 സീറ്റ് നേടി ചരിത്രത്തിലാദ്യമായി അവർ അധികാരം പിടിച്ചത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും മോദി വിജയം ആവർത്തിച്ചതും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ സ്വീകാര്യതയും ബിജെപി ‌മോഹം 75 സീറ്റാക്കി ഉയർത്തിയിരിക്കുന്നു. മറ്റു പാർട്ടികൾ തിരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കും മുൻപുതന്നെ മോദിയും അമിത് ഷായുമെല്ലാം പ്രചാരണത്തിനിറങ്ങിയും മുഖ്യമന്ത്രി സ്ഥാനാർഥിയായി ഖട്ടറിനെത്തന്നെ പ്രഖ്യാപിച്ചും ബിജെപി തിരഞ്ഞെടുപ്പു കളം പിടിച്ചിരുന്നു.

modi
ഹരിയാനയിലെ ഹിസാറിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രവർത്തകർ ഹാരമണിയിക്കുന്നു.

വലിയ പരാജയങ്ങൾ ഏറ്റുവാങ്ങിയിട്ടും ഒത്തിണക്കത്തോടെ പോകാൻ മനസ്സുകാട്ടാത്ത കോൺഗ്രസ് ഇക്കുറിയും കാര്യമായ മാറ്റങ്ങൾക്കു വിധേയമായിട്ടില്ല. തിരഞ്ഞെടുപ്പു പടിവാതിലിൽ നിൽക്കെ പാർ‍ട്ടി വിടുമെന്നുവരെ തോന്നിച്ച മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയായിരുന്നു സംസ്ഥാനത്തു പാർട്ടിയുടെ മുഖ്യ പ്രചാരകൻ. സംസ്ഥാന അധ്യക്ഷപദവിയിൽ ഈയിടെ എത്തിയ കുമാരി ഷെൽജയും ദേശീയ വക്താവ് രൺദീപ് സിങ് സുർജേവാലയും ഭജൻലാലിന്റെ മകൻ കുൽദീപ് ബിഷ്ണോയിയും വരെയുള്ള നേതാക്കൾ രംഗത്തുണ്ടെങ്കിലും കാര്യമായ അനക്കമുണ്ടാക്കാൻ കോൺഗ്രസിനു കഴിഞ്ഞിട്ടില്ല. അധ്യക്ഷസ്ഥാനം നഷ്ടപ്പെട്ട യുവനേതാവ് അശോക് തൻവർ അവസാന നിമിഷം പാർട്ടി വിടുകകൂടി ചെയ്തതോടെ പ്രഹരം ഇരട്ടിയായി. ഇന്നലെ പ്രചാരണത്തിന് എത്തുമെന്നു പറഞ്ഞ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി അവസാന നിമിഷം വരാതിരുന്നത് പ്രവർത്തകരെ നിരാശപ്പെടുത്തി. പ്രചാരണരംഗത്ത് രാഹുലിന്റെ തിരിച്ചുവരവിലും കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ലെന്നാണ് കോൺഗ്രസ് ക്യാംപിലെ തന്നെ വിലയിരുത്തൽ.

rahul
ഹരിയാനയിലെ മഹേന്ദർഗഡിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷ കുമാരി ഷെൽജയും പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.

2014ൽ, ഹരിയാനയിൽ മുഖ്യ പ്രതിപക്ഷം വരെയായ ഇന്ത്യൻ നാഷനൽ ലോക്ദളിനെ (ഐഎൻഎൽഡി) വഴിപിരിച്ച്, അഭയ് ചൗട്ടാലയുടെ അനന്തരവൻ ദുഷ്യന്ത് ചൗട്ടാല രൂപം നൽകിയ ജെജെപിയാവട്ടെ, പ്രചാരണത്തിൽ ഒരുവേള കോൺഗ്രസിനെക്കാൾ മുന്നിലെത്തി. കോൺഗ്രസ് വിട്ട അശോക് തൻവർ ജെജെപിക്കു പിന്തുണ നൽകുകയും ചെയ്തു. മുതുമുത്തച്ഛൻ ദേവിലാലിന്റെയും മുത്തച്ഛനും ഹരിയാന മുഖ്യമന്ത്രിയുമായിരുന്ന ഓം പ്രകാശ് ചൗട്ടാലയുടെയും യഥാർഥ പിൻഗാമി താനാണെന്നു പ്രഖ്യാപിച്ചാണു ദുഷ്യന്തിന്റെ പ്രചാരണം. ഇപ്പോൾ ഫലമുണ്ടായില്ലെങ്കിലും ഭാവിയിൽ ആ പാരമ്പര്യത്തിന്റെ തണലിൽ ഹരിയാനയിൽ കളംപിടിക്കാമെന്ന കണക്കുകൂട്ടലാണു ദുഷ്യന്തിനും ജെജെപിക്കും. ആൾബലത്തിലടക്കം മെല്ലിച്ച ഐഎൻഎൽഡിയുടെ ശ്വാസം നിലനിർത്താനുള്ള ഓട്ടത്തിൽ ദുഷ്യന്തിന്റെ അമ്മാവൻ അഭയ് ചൗട്ടാലയുമുണ്ട്.

രാഷ്ട്രീയമായി ഏറെക്കുറെ ഏകപക്ഷീയമെന്നു തോന്നിച്ച തിരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം, ഹരിയാനയുടെ മാത്രം പ്രത്യേകതയായ ഒരുപിടി വിഷയങ്ങളിലാണു പാർട്ടികളുടെ നോട്ടം. കർഷകരുടെയും സൈനികരുടെയും സാധാരണക്കാരുടെയും നാട്ടിൽ ഭരണനേട്ടങ്ങൾക്കൊപ്പം പൗര റജിസ്റ്റർ, ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എന്നിവയടക്കം ദേശീയത വോട്ടാക്കി മാറ്റാനാണ് ബിജെപി ശ്രമം. സാമ്പത്തിക പ്രതിസന്ധിയും ഹരിയാനയിൽ വ്യവസായങ്ങൾ തകർന്നതും കർഷകപ്രശ്നങ്ങളും കോൺഗ്രസ് ഉയർത്തുന്നു. 

English Summary : Key factors in Haryana election

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA